ഗോവയുടെ ടൂറിസം ചിത്രങ്ങളിൽ എപ്പോഴും ശ്രദ്ധിച്ചിരുന്ന, കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു വലിയ കൊത്തളത്തിൻ്റെ കാഴ്ച്ചയുണ്ട്.
അര ഡസണിലേറെ തവണ ഗോവ സന്ദർശിച്ചിട്ടുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ പോലും, അറബിക്കടൽ നിരന്തരം തിരകളടിച്ച് ചിതറുന്ന ആ കൊത്തളത്തിൻ്റെ ഭാഗത്തേക്ക് എത്തിപ്പെട്ടിട്ടില്ല. കടലമ്മ മുത്തമിടുന്ന ബേക്കൽ കോട്ടയുടെ കൊത്തളത്തിൻ്റെ ഇരട്ടിയിലേറെ വലിപ്പമുണ്ട് ഈ കൊത്തളത്തിന്.
അവസാനത്തെ രണ്ട് പ്രാവശ്യവും ചിത്രത്തിന്റെ സഹായത്തോടെ ലക്ഷ്യം കണ്ടെത്താൻ ശ്രമിച്ചു നോക്കി. പക്ഷേ പരാജയപ്പെട്ടു. പടം പറയുന്നത് അഗ്വാഡ കോട്ട എന്നാണ്. അഗ്വാഡ എനിക്കറിയാത്ത കോട്ടയല്ല. മൂന്ന് പ്രാവശ്യം ഞാനത് സന്ദർശിച്ചിട്ടുണ്ട്. ‘കഥ പറയുന്ന കോട്ടകൾ’ എൻ്റെ പുതിയ പുസ്തകത്തിലെ ഒരദ്ധ്യായവും പുറചട്ടയും *അഗ്വാഡ കോട്ടയാണ്.
ചിത്രത്തിൽ കാണുന്ന കൊത്തളം ഒരു സമസ്യയായി തുടർന്നു.
ലക്ഷ്യമില്ലാത്ത യാത്രകൾ ചിലപ്പോൾ, തേടി നടന്ന ചിലയിടങ്ങളിലേക്ക് അവിചാരിതമായി കൊണ്ടെത്തിക്കും. അങ്ങനെ ഇന്നത് സംഭവിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം, പനാജിയിൽ നിന്ന് ഏതോ വഴികളിലൂടെ വെറുതെ ഇറങ്ങിത്തിരിച്ചതാണ്.
ചെന്നെത്തിയത് ‘ലോവർ അഗ്വാഡ’ എന്ന കോട്ടയുടെ പരിസരത്ത്. അഗ്വാഡയുടെ തന്നെ ഭാഗമാണത്. അഗ്വാഡയിൽ നിന്ന് 3.5 കിലോമീറ്റർ മാത്രം ദൂരം; 10 മിനിറ്റ് സഞ്ചാരം.
ഒരു കാര്യം ഉറപ്പാണ്. പിടിതരാതെ നിൽക്കുന്ന എല്ലാ കോട്ടകളുടേയും ഒളിച്ചു കളി ഇതോടെ തീരുകയാണ്.
* അഗ്വാഡ എന്നാൽ, പറങ്കി ഭാഷയിൽ ‘ജലമുള്ള ഇടം’. കപ്പലുകൾക്ക് ജലം നിറയ്ക്കുന്ന കേന്ദ്രമായും ജയിൽ ആയിട്ടും അഗ്വാഡ കോട്ട പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
#greatindianexpedition
#fortsofgoa
#gie_by_niraksharan
#boleroxl_motor_home