ഇന്നലെ രാത്രി, ഭയന്നത് പോലെ യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. സുഖമായി ഉറങ്ങി.
കോട്ട നഗരത്തിലെ കാഴ്ച്ചകൾക്ക് വേണ്ടിയാണ് ഇന്നത്തെ ദിവസം നീക്കിവെച്ചിരുന്നത്. അത് പക്ഷേ, കുറച്ച് കാഴ്ചകൾ ഒന്നുമല്ല. അഭേദ മഹൽ, ഹാങ്ങിംഗ് ബ്രിഡ്ജ്, കോട്ട കോട്ട, ജഗ് മന്ദിർ, ചമ്പൽ റിവർ ഫ്രണ്ട്, എന്നിങ്ങനെ പോകുന്നു ആ പട്ടിക.
പ്രേം ദാ ദാബയിൽ നിന്നും 8 കിലോമീറ്റർ ദൂരമുണ്ട് ഹാങ്ങിങ് ബ്രിഡ്ജിലേക്ക്. ഗോവയിലേയും പനവേലിലേയും പാലങ്ങളുടെ കണക്ക് വെച്ച് നോക്കിയാൽ അത്ര വലിയ തൂക്കുപാലം ഒന്നുമല്ല കോട്ടയിലേത്.
പാലത്തിൽ നിന്ന് അധികം ദൂരമില്ല അഭേദ മഹലിലേക്ക്. 1771 മുതൽ 1819 വരെ കോട്ട ഭരിച്ചിരുന്ന ഉമേദ് മഹാരാജ് ആണ് അഭേദ മഹൽ എന്ന കൊട്ടാരം അഥവാ വേനൽക്കാല വസതി ഉണ്ടാക്കിയത്. ഇതിനോട് ചേർന്ന് ഒരു തടാകം ഉണ്ട്. പണ്ട് കാലത്ത് ഈ തടാകത്തിൽ മുതലകളെ വളർത്തിയിരുന്നു. നന്നായി പരിപാലിച്ചു പോരുന്ന ഒരു പൂന്തോട്ടവും ചേർന്ന് നല്ലൊരു അന്തരീക്ഷമാണ് കൊട്ടാരത്തിന് ചുറ്റും ഉള്ളത്. ഫോട്ടോഷൂട്ടുകൾക്കും പിക്നിക്കലും മറ്റുമായി പൊതുജനം ഈ സ്ഥലം നന്നായി ഉപയോഗിക്കുന്നു. ഞാൻ ചെല്ലുമ്പോൾ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്.
കൊട്ടാരത്തിൽ നിന്ന് അധികം മാറിയല്ലാതെ അഭേദ ബയോളജിക്കൽ ഗാർഡൻ ഉണ്ട്. കാഴ്ചബംഗ്ലാവ് എന്ന് തന്നെ പറയാം. ഒരു കടുവ, വളച്ചു കെട്ടിയ ഒരേക്കർ സ്ഥലത്ത് കിടന്ന് ശ്വാസം മുട്ടുന്നത് കണ്ടതും ഞാൻ ചാടി പുറത്ത് കടന്നു.
ഇന്ന് ഏറ്റവും സന്തോഷം തന്ന ഒരു കാര്യം, നഗരത്തിലെ കാഴ്ച്ചകൾ കാണുന്നതിനൊപ്പം, കോട്ട എന്ന ഈ നഗരത്തിലെ കോട്ടയും കാണാനായി എന്നതാണ്.
* ബാദൽ മഹൽ എന്ന് പേരുള്ള കൊട്ടാരം ഈ കോട്ടയ്ക്ക് ഉള്ളിലാണ്.
* നിലവിൽ അതൊരു മ്യൂസിയമായാണ് വർത്തിച്ച് പോരുന്നത്.
* മ്യൂസിയം കാണാൻ 200 രൂപ ടിക്കറ്റ് എടുക്കണം. കൊട്ടാരത്തിന്റേയും കോട്ടയുടേയും മറ്റ് ഭാഗങ്ങൾ കൂടി കാണണമെങ്കിൽ 300 രൂപ ടിക്കറ്റ് എടുക്കണം.
* കോട്ടയുടെ വലിയൊരു ഭാഗം പ്രവേശനം ഇല്ലാതെ നീക്കിയിട്ടിരിക്കുന്നതിന് കാരണമുണ്ട്. അവിടെ ഇപ്പോൾ ഒരു സ്കൂളും കോളേജും പ്രവർത്തിച്ചു പോരുന്നു. ആദ്യമായിട്ടാണ് ഒരു കോട്ടയ്ക്കുള്ളിൽ ഒരു വിദ്യാലയം അല്ലെങ്കിൽ കലാലയം പ്രവർത്തിക്കുന്നത് കാണുന്നത്. ഭാഗ്യം ചെയ്ത കുട്ടികളാണ് അവിടത്തെ വിദ്യാർത്ഥികൾ.
* ബുന്ദിയിലെ രാജാവായിരുന്ന ജയ് സിംഗ് CE 1264 ലാണ് ഈ കോട്ടയുടെ തറക്കല്ല് ഇടുന്നത്.
* പതിമൂന്നാം നൂറ്റാണ്ടിലെ കോട്ടയാണെങ്കിലും വളരെ നല്ല രീതിയിൽ ഇത് സംരക്ഷിച്ചു പോരുന്നു.
* ഏതൊരു വലിയ കൊട്ടാരത്തിലേയും പോലെ ശീഷ്മഹൽ ഈ കൊട്ടാരത്തിലും ഉണ്ട്.
* മൂന്നാം നിലയിൽ രാജാവിൻെറ കിടപ്പറയുള്ള ഭാഗത്തിനെ ബഡാ മഹൽ എന്ന് വിളിക്കുന്നു.
* ആയുധങ്ങളുടേയും രാജകീയ വസ്ത്രങ്ങളുടേയും പല്ലക്കുകളുടേയും ഒക്കെ വലിയ ശേഖരം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
* പഴയകാലത്തെ വാഷിംഗ് മെഷീൻ ആണ് ആക്കൂട്ടത്തിൽ എന്നെ കൂടുതൽ ആകർഷിച്ചത്.
* രാജാക്കന്മാർ വേട്ടയാടി കൊന്ന മൃഗങ്ങളുടെ കൊമ്പും തോലും തലയോട്ടിയും എല്ലാം സ്റ്റഫ് ചെയ്ത് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും യാതൊരു കേടുപാടുകളും കൂടാതെ അത് സംരക്ഷിച്ചിരിക്കുന്നതിന്റെ സാങ്കേതികവിദ്യ അഭിനന്ദനീയം തന്നെ.
കോട്ടയുടെ നേരെ എതിർവശത്താണ് ചമ്പൽ റിവർ ഫ്രണ്ട്. ഇന്നലെ നഗരത്തിൽ ചുറ്റിയടിച്ച് നടന്നപ്പോൾ പലയിടത്തും റിവർ ഫ്രണ്ട് എന്ന ബോർഡ് ഞാൻ കണ്ടിരുന്നു. 145 കോടി രൂപ ചിലവഴിച്ച് 2023 ലാണ് റിവർ ഫ്രണ്ട് പണി തീർത്തിരിക്കുന്നത്.
ചമ്പൽ നദിക്കരയുടെ ഇരുവശവും ഏതാണ്ട് ഒരു കിലോമീറ്ററിൽ അധികം ദൂരം വളച്ചുകെട്ടി സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിൽ വലിയൊരു ഇടമാക്കി മാറ്റിയിരിക്കുന്നതാണ് റിവർ ഫ്രണ്ട്.
നദിയിലേക്ക് നോക്കിയിരുന്ന് ഒരുപാട് സമയം ചിലവഴിക്കാൻ പറ്റുന്ന ഒരു ഇടമാണിത്. രാജ്യത്തിന്റേയും ലോകത്തിന്റേയും പല ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ കെട്ടിടങ്ങളുടെ ചെറിയ രൂപം (മിനിയേച്ചർ) ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കിടക്ക്, ഭക്ഷണം കഴിക്കാനുള്ള കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും ഉണ്ട്. തീരത്ത് കൂടെ നിരനിരയായി പോകുന്ന ഒട്ടകങ്ങളുടേയും നദിയിലേക്ക് നോക്കിയിരിക്കുന്ന സിംഹങ്ങളുടേയും ആനകളുടേയും പ്രതിമകൾ, ചമ്പൽ മാതയുടെ 200 അടിയിൽ അധികം ഉയരം വരുന്ന വലിയ ഒരു പ്രതിമ, ആംഫി തീയറ്റർ, ധാരാളം ശൗചാലയങ്ങൾ എന്നിങ്ങനെ ഗംഭീര കാഴ്ച്ചയും സൗകര്യങ്ങളുമാണ് റിവർ ഫ്രണ്ട് നൽകുന്നത്.
വലിയ ഒരു ഷോപ്പിംഗ് മാളിന്റെ എത്രയോ ഇരട്ടി വരുന്ന കടകൾക്കുള്ള സൗകര്യമാണ് ഇതിനകത്ത് നിർമ്മിച്ചിരിക്കുന്നത്. പക്ഷേ, അതൊന്നും ആരും പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടില്ല. 200 രൂപ പ്രവേശന ഫീസും 50 രൂപ പാർക്കിങ്ങ് ഫീസും കൊടുത്ത് ഇതിനകത്ത് വന്ന് എത്രപേർ ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ഈ സംരംഭത്തിന്റെ വിധി നിർണ്ണയിക്കപ്പെടും എന്ന് ഉറപ്പാണ്.
പണ്ട് ഇവിടെ ഒരു വലിയ കോട്ട ഉണ്ടായിരുന്നതായി പുതിയ റിവർ ഫ്രണ്ട് നിർമ്മിതികളുടെ ഇടയിലൂടെ കാണാൻ സാധിക്കുന്നുണ്ട്. ഉയരമുള്ള ചുറ്റ് മതിലുകൾക്ക് പിന്നിലായി പഴയ നഗരത്തിന്റെ ഭാഗങ്ങളും കാണാൻ സാധിക്കും.
ചമ്പൽ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ നരഗരത്തിലെ നദിയിലെ മാലിന്യം മുഴുവൻ പുതിയ നിർമ്മിതിയുടെ പടവുകളിൽ അടിഞ്ഞുകൂടി ഇരിക്കുന്നത് ഒരു മോശം കാഴ്ച്ചയാണ്. സന്ദർശകർ വന്നാലും ഇല്ലെങ്കിലും ഈ റിവർ ഫ്രണ്ട് പദ്ധതി സംരക്ഷിക്കാനും പരിപാലിക്കാനും ഭീമമായ തുക ചെലവാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഒരുപാട് സമയം റിവർ ഫ്രണ്ടിൽ ഞാൻ ചിലവഴിച്ചു. 300 രൂപ ടിക്കറ്റ് എടുത്താൽ ബഗ്ഗി പോലുള്ള ചെറിയ വാഹനത്തിൽ ഇതിനകത്ത് ചുറ്റി നടക്കാം. ഞാൻ ഒരു വശത്തേക്ക് ബഗ്ഗിയിൽ പോകുകയും തിരിച്ച് നടക്കുകയും ചെയ്തു. കേരളത്തിൽ ഒരു നദീതടത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയാൽ അതേത് നദിയുടെ കരയിലായിരിക്കും സാദ്ധ്യമാകുക എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
റിവർ ഫ്രണ്ടിൽ നിന്ന് ഇറങ്ങി ജഗ് മന്ദിർ കാണാനാണ് പോയത്. ജയ്പൂരിൽ ഉള്ളതുപോലെ രാജാവിന്റെ സമ്മർ പാലസ് തടാകത്തിന് നടുവിൽ സൃഷ്ടിച്ചിരിക്കുന്നതാണ് ജഗ് മന്ദിർ.
ഇത്രയും ആയപ്പോഴേക്കും വൈകീട്ട് അഞ്ച് മണിയായി. നഗരത്തിലെ വഴികൾ ഇതിനകം എനിക്ക് നല്ല പരിചയമായിക്കഴിഞ്ഞു. വലിയ തിരക്കൊന്നും ഈ നഗരത്തിൽ ഇല്ല.
കഴിഞ്ഞ കുറെ ദിവസമായി ടൂത്ത് പേസ്റ്റ് അന്വേഷിച്ച് നടക്കുന്നു. ലോറിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിന് മൂന്ന് ദിവസത്തേക്കുള്ള ടൂത്ത് പേസ്റ്റുകൾ ട്യൂബുകൾ ആണ് മിക്കവാറും ധാബകളിൽ കിട്ടുക. കോട്ടയിൽ ഒരു ഡി-മാർട്ട് സൂപ്പർ മാർക്കറ്റ് ഞാൻ നോക്കി വെച്ചിരുന്നു. അതിൽ കയറി ടൂത്ത്പേസ്റ്റും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി.
പ്രേം ദാ ധാബയിൽത്തന്നെ ഇന്നും തങ്ങുന്നു. അജ്മീറിനേയും പാലിയേയും അപേക്ഷിച്ച് കോട്ടയിൽ തണുപ്പ് കുറവാണ്. ഭാഗിയിൽ ഇനിയും എലി(കൾ) വിഹരിക്കുന്നുണ്ട്. എന്റെ ചെടിയുടെ കട വീണ്ടും ഇളക്കി മറിച്ചിരിക്കുന്നു. കർണ്ണിമാത എന്നേയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്.
ശുഭരാത്രി.