Monthly Archives: November 2021

ഗർഭപാത്രം ഉപേക്ഷിച്ച് മധുരം വിളയിക്കുന്നവർ


66
ബോൺസായ് മരങ്ങൾ വളർത്തിയിരുന്നു ഒരു കാലത്ത്. ഇന്നും ആ ഏർപ്പാട് ഉപേക്ഷിച്ചിട്ടില്ല. സമയം കുറവായതുകൊണ്ട് താൽക്കാലികമായി നിന്നിരിക്കുന്നു എന്ന് മാത്രം.

അക്കാലത്ത് ബോൺസായ് മരങ്ങളുടെ പടങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചപ്പോൾ, മരങ്ങളെ കുള്ളനാക്കി വളർത്തുന്നതിന് ഏറെ വിമർശനം നേരിട്ടിരുന്നു. വലിയ മരമായി വളരേണ്ട ഒന്നിനെ നെഞ്ചൊപ്പം പൊക്കത്തിൽ ബോൺസായി ആക്കി വെട്ടി നിർത്തി അതിൻ്റെ ഇലയെടുത്ത് പൊടിച്ച് ചായയാക്കി മാലോകർക്ക് മുഴുവൻ കുടിക്കാമെങ്കിൽ ഫ്ലാറ്റിൽ മരങ്ങൾ വളത്താൻ പറ്റാത്ത ഒരാൾ കുറച്ച് ബോൺസായി മരങ്ങൾ വളർത്തുന്നതിൽ തെറ്റില്ല എന്നാണ് അതിന് സ്വയം കണ്ടെത്തിയ ന്യായീകരണം.

അങ്ങനെ നോക്കാൻ പോയാൽ ആട്, പോത്ത്, കോഴി എന്നിങ്ങനെ ഒന്നിനേയും ഒരാൾക്കും വളർത്താനാവില്ല. മീൻ കൃഷി പറ്റില്ല. അക്വേറിയങ്ങൾ ഉണ്ടാക്കാനോ വിൽക്കാനോ പറ്റില്ല. വളർത്തുമൃഗങ്ങളെ പൂട്ടിയിട്ടും കൂട്ടിലിട്ടും കെട്ടിയിട്ടും വളർത്താനാവില്ല. ശരി തെറ്റുകൾ സ്വയം തീരുമാനിക്കേണ്ട അവസ്ഥ. മറ്റുള്ളവരുടെ ശരി നമുക്ക് ശരിയാകണമെന്നില്ല എന്ന സ്ഥിതി.

ഇത്രയും പറയാൻ കാരണം ഇന്ന് കണ്ട ഒരു പത്രവാർത്തയാണ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ‘ബിറ്റർ സ്വീറ്റ് ‘ എന്ന സിനിമയെപ്പറ്റി ആദ്യമായി അറിഞ്ഞത് ആ വാർത്തയിലൂടെയാണ്. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ബിറ്റർ സ്വീറ്റ് പറയുന്നത് ജീവിക്കാൻ വേണ്ടി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീകളെപ്പറ്റിയാണ്.

കരിമ്പിൻ തോട്ടങ്ങളിൽ മിക്കവാരും 6 മാസത്തോളം തുടർച്ചയായി വിളവെടുപ്പ് നടക്കും. ലോകവിപണിയിൽ ബ്രസീലിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടാനുള്ള തിരക്കിൽ, നിശ്ചിത അളവിൽ ജോലി ചെയ്യാനായില്ലെങ്കിൽ പല സ്ത്രീ ജോലിക്കാർക്കും പിഴയൊടുക്കേണ്ടി വരും. ആർത്തവം കാരണം മാസത്തിൽ നാലഞ്ച് ദിവസങ്ങളിൽ സ്ത്രീകൾക്ക് പലർക്കും ജോലിയിൽ കൃത്യതയോ മികവോ പുലർത്താൻ പറ്റണമെന്നില്ല. ഇതിൽ നിന്ന് രക്ഷപ്പെടാനായി ഗർഭപാത്രം തന്നെ നീക്കം ചെയ്യുന്നവരാണ് കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ അധികവും. അതിപ്പോൾ ഒരു ആചാരമായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമ കടന്നുപോകുന്നത് ഇത്തരം സ്ത്രീകളുടെ ജീവിതത്തിലൂടെയും മാനസ്സിക സംഘർഷങ്ങളിലൂടെയുമാണ്.

ഇത്രനാൾ നമ്മളിൽ പലരും പിന്നാമ്പുറ കഥകൾ അറിയാതെ രുചിച്ചിരുന്ന മധുരത്തിൻ്റെ പിന്നിലുള്ള വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ സിനിമ രൂപത്തിൽ പുറത്തെത്തിച്ച ആനന്ദ് മഹാദേവനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ !! ഏറെ ബുദ്ധിമുട്ടിയാണ് ആനന്ദ് മഹാദേവൻ ഇക്കഥ സിനിമയാക്കിയത്. സിനിമയാക്കാനാണ് ചെന്നിരിക്കുന്നതെന്ന് അറിഞ്ഞാൽ ചിലപ്പോൾ ജീവനോടെ അവിടന്ന് പുറത്ത് കടക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ബിറ്റർ സ്വീറ്റ് എന്ന സിനിമ എത്രയും പെട്ടന്ന് കാണണമെന്നും ഈ സിനിമ അംഗീകാരങ്ങൾ നേടിയെടുക്കുന്നതിനപ്പുറം അധികാരികളുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാക്കാൻ വഴിയൊരുക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ജോലിപ്രശ്നം കാരണം ഗർഭപാത്രം നീക്കം ചെയ്യാൻ ഒരു സ്ത്രീയ്ക്ക് ഇടവരുന്നുണ്ടെങ്കിൽ ജോലിദാതാവിനെതിരെ നടപടിയുണ്ടാകുമെന്ന അവസ്ഥ വരണം, അതിനായുള്ള നിയമനിർമ്മാണം വരണം.

നമ്മളനുഭവിക്കുന്ന അല്ലെങ്കിൽ ആർഭാടമാക്കുന്ന ഓരോന്നിനും പിന്നിൽ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ അല്ലെങ്കിൽ ജീവികളുടെ യാതനയുണ്ടെന്ന് ഈയിടെയായി കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പട്ടുനൂൽപ്പുഴുവിൻ്റെ ജീവത്യാഗം ഇല്ലെങ്കിൽ നമുക്ക് പട്ടുവസ്ത്രങ്ങൾ ഉടുക്കാനാവില്ലെന്ന് നേരത്തേ ധാരണയുണ്ടായിരുന്നെങ്കിലും, ആ വ്യവസായത്തിൽ മനുഷ്യൻ്റേയും ത്യാഗങ്ങൾ ധാരാളമുണ്ടെന്ന് കഴിഞ്ഞ വർഷം കർണ്ണാടകത്തിലെ സിദ്ലഘട്ട എന്ന പട്ട്നൂൽ വ്യവസായ ഗ്രാമത്തിൽ ചെന്നപ്പോളാണ് മനസ്സിലാക്കിയത്. പ്യൂപ്പയിൽ നിന്ന് പുറത്ത് വരുന്ന ദിവസത്തിന് തൊട്ട് മുന്നുള്ള ദിവസങ്ങളിലാണ് പ്യൂപ്പ ചൂടുവെള്ളത്തിലിട്ട് പുഴുവിനേയും നൂലിനേയും വേർതിരിക്കുന്നത്. പുഴു വെന്ത് ചാകുന്നതോടൊപ്പം, ആ നൂലുണ്ടകളെ ചൂടുവെള്ളത്തിൽ നിന്നെടുത്ത് ചുരുളഴിക്കാനായി യന്ത്രങ്ങളിലേക്ക് ഇട്ട് കൊടുക്കുന്ന മനുഷ്യരുടെ വെന്ത് വീർത്ത കൈകൾ പട്ടിൻ്റെ പൊലിമയ്ക്ക് പോലും മറച്ച് പിടിക്കാനാവുന്നതല്ല. (വീഡിയോ ഇവിടെ കാണാം.)

മറ്റ് വികസിത രാജ്യങ്ങളിൽ ഇത്തരം ജോലികൾ എങ്ങനെയാണ് നടക്കുന്നതെന്ന് അറിയില്ല. പക്ഷേ ഇന്ത്യയിൽ ഇമ്മാതിരി ജോലികൾ ഇനിയും ഒരു 25 വർഷമെങ്കിലും ഇതേ നിലയ്ക്ക് തുടർന്ന് പോകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് ഈ ജോലികൾ ചെയ്യുന്ന ഗ്രാമങ്ങളിലെ മനുഷ്യരുടെ ദാരിദ്യം സാക്ഷ്യപ്പെടുത്തുന്നു. ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഒന്നുകിൽ ശരീരം വെന്ത് പൊള്ളണം, അല്ലെങ്കിൽ ഗർഭപാത്രം പോലുള്ള ആന്തരികാവയവങ്ങൾ നീക്കം ചെയ്യണം.

ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴെങ്കിലും ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുമോ? ഇന്ത്യ തിളങ്ങുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഇതിനെയാണോ തിളക്കമെന്ന് പറയുന്നത് ? ഇത് കൂരിരുൾ അല്ലേ?

വാൽക്കഷണം:- ചായ കുടിക്കുമ്പോൾ പലപ്പോഴും ആദ്യം പറഞ്ഞ ബോൺസായ് വിഷയം ഓർമ്മയിലെത്താറുണ്ട്. പഞ്ചസാരപ്പാത്രം കാണുമ്പോളൊക്കെ ഇനിയോർമ്മ വരുന്നത് കരിമ്പിൻ തോട്ടങ്ങളിലെ നിസ്സഹായരായ ഒരുപാട് സ്ത്രീകളെ ആയിരിക്കും. എന്നിട്ട് നമ്മളിനിയും മധുരമിട്ട് തന്നെ ചായ ആസ്വദിക്കും.