2023 ജൂൺ 8ന് Great Indian Expedition യാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചത് കാരവാനിൽ ആണ്. പക്ഷേ, തീയതി 12 ആയിട്ടും അതിൽ ഉറങ്ങാനുള്ള സമയം ഒത്തുവന്നില്ല. എല്ലാ ദിവസവും സുഹൃത്തുക്കളുടെ വീടുകളിലാണ് അന്തിയുറങ്ങിയത്.
ഇന്നലെ, അതായത് ജൂൺ 12 ന് കാരവാനിൽ ഉറങ്ങാനുള്ള സമയമെത്തി. ഗോവയിലേക്ക് പുറപ്പെടുന്നതിന് മുൻപ്, സുഹൃത്ത് ശോഭയാണ് Shobha Menon ഗോവക്കാരിയായ ബേർണിയുമായി പരിചയപ്പെടുത്തി തന്നത്. ബേർണിക്ക് മീരാമാറിലുള്ള വീട്ടിൽ എന്നെയവർ സസന്തോഷം അതിഥിയാക്കി, ഭക്ഷണം തന്ന് വീടിനകത്ത് തന്നെ കിടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി.
ബേർണിക്ക് സാൻ്റ് എസ്തവം എന്ന ദ്വീപിൽ അവരുടെ കുടുംബ വീടുണ്ട്. ആൾത്താമസം ഇല്ലാത്തതുകൊണ്ട് ആ വീട് അത്രയ്ക്ക് താമസ യോഗ്യമല്ല. അതിനടുത്ത് തന്നെ സാൻ്റ് എസ്തവം കോട്ടയുമുണ്ട്. ബേർണി എന്നെ അങ്ങോട്ട് കൂട്ടികൊണ്ടു പോയി.
കോട്ട സന്ദർശനം കഴിഞ്ഞ് വന്നപ്പോൾ, വാഹനം ബേർണിയുടെ കുടുംബവീടിൻ്റെ റോഡിന് എതിർവശത്തുള്ള പൊന്തക്കാട്ടിൽ ഒതുക്കി, അതിനകത്ത് *ആദ്യരാത്രി ആഘോഷമാക്കാൻ ഞാൻ തീരുമാനിച്ചു. ശോചനീയ അവസ്ഥയാണെങ്കിലും, അവിടവിടെ ചോർച്ചയുള്ള സ്വന്തം വീട്ടിൽത്തന്നെ തങ്ങാൻ ബേർണിയും ഉറപ്പിച്ചു.
ഇടയ്ക്കിടെ മഴ ചാറുന്നുണ്ടായിരുന്നു. എന്നിരുന്നാലും, എറണാകുളം മുതൽക്കുള്ള നാല് ദിവസത്തെ മുഷിഞ്ഞ വസ്ത്രങ്ങൾ കുനിഞ്ഞിരുന്ന് കുത്തിത്തിരുമ്മിയ ശേഷം ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിട്ടാണ്, രാത്രി 9 മണിയോടെ ഞാൻ കിടപ്പറയിലേക്ക് കടന്നത്.
ഡയറി പൂരിപ്പിച്ചും ഫേസ്ബുക്കിൽ ചുറ്റിയടിച്ചും 10 മണി വരെ ഉറക്കം നീട്ടി. വല്ലപ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിന് പുറമേ റോഡിലെ പോസ്റ്റിൽ നിന്നുള്ള വെളിച്ചവും അപരിചിതമായ സ്ഥലത്തെ കന്നി മോട്ടോർ ഹോം ഏർപ്പാടും ഉറക്കം എളുപ്പമാക്കിയില്ല.
ഇടയ്ക്ക് തെരുവ് നായ്ക്കൾ കൂട്ടത്തോടെ, വാഹനത്തിനെ ഒന്ന് ചുറ്റി കുരച്ച് ബഹളം വെച്ച് കടന്നുപോയി. അൽപ്പനേരം കഴിഞ്ഞപ്പോൾ കറുത്ത ചില രൂപങ്ങൾ വാഹനത്തിലെ ബെഡ്ഡിൻ്റെ ഉയരത്തിനൊപ്പം അനങ്ങുന്നത് പോലെ തോന്നി. ചാടിയെഴുന്നേറ്റ് നോക്കിയപ്പോൾ ഒരു പറ്റം പശുക്കളാണ്. അതോടെ ഉറക്കം പൂർണ്ണമായും പോയിക്കിട്ടി.
കുറച്ച് കഴിഞ്ഞപ്പോൾ ഗ്രാമവാസികളിൽ ഒരാളാകാം, സംശയത്തോടെ വാഹനത്തിൻ്റെ പരിസരത്ത് കറങ്ങാനും ടോർച്ച് അടിച്ച് നോക്കാനും തുടങ്ങി. ഞാനയാളോട് സംസാരിച്ച്, സാഹചര്യം വിശദമാക്കി, എൻ്റെ സുരക്ഷ ഉറപ്പാക്കാം എന്ന് ചിന്തിച്ചപ്പോഴേക്കും വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിൻ്റെ ഒരു ഫോട്ടോ എടുത്ത് അയാൾ സ്ഥലം വിട്ടു.
11:30 ആയപ്പോൾ നാല് ബൈക്കുകളിലായി ആറ് ചെറുപ്പക്കാർ സ്ഥലത്തെത്തി വെള്ളമടി തുടങ്ങി. അങ്ങനൊരു പരിപാടി രാത്രികാലങ്ങളിൽ അവിടെ നടക്കുന്നുണ്ടെന്നും, ഒഴിഞ്ഞ മദ്യക്കുപ്പികളും കച്ചറയും ആ ഭാഗത്ത് വലിയ ശല്ല്യമാണെന്നും ബേർണി നേരത്തേ സൂചിപ്പിക്കുകയും വലിയ മാലിന്യക്കൂമ്പാരം എൻ്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു. അതിൻ്റെ കാരണക്കാരിൽ ചിലരാണ്, ഞാനൊരാൾ ഈ വാഹനത്തിനകത്ത് ഉണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ വെള്ളമടി തകർക്കുന്നത്. ലഹരി മൂത്തശേഷം അവർ എനിക്കെതിരെ തിരിയരുതെന്നേ എനിക്കുള്ളൂ.
വൈകാതെ ശക്തമായി മഴ പെയ്തു. അഴയിൽ കിടക്കുന്ന എൻ്റെ തുണികളുടെ കാര്യം തീരുമായിക്കാണും! ചെറുക്കന്മാർ മേൽവസ്ത്രം അഴിച്ച് കളഞ്ഞ് മഴയത്ത് നൃത്തം ചവിട്ടാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്കാശ്വാസമായി. അവര് അപകടകാരികളല്ല. ജീവിതം ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മാത്രം.
വെളുപ്പിന് ഒന്നര മണി വരെ അവരവിടെ ഉണ്ടായിരുന്നു. പിന്നെപ്പോഴോ ഞാനുറങ്ങിപ്പോയി. വെളുപ്പിന് വീണ്ടും ശക്തമായി മഴ പെയ്തു.
അഞ്ചര മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ അഴയിലെ തുണികൾ മഴ കുടിച്ച് വീർത്ത അവസ്ഥയിൽ. “തെണ്ടികളായ സഞ്ചാരികൾ നനയ്ക്കാറില്ല കുളിക്കാറില്ല” എന്നൊക്കെ ഒരു ഓളത്തിന് ആദ്യ ദിവസം ഞാൻ പറഞ്ഞെങ്കിലും, തുണി നനയ്ക്കലും ഉണക്കലും ഈ മോട്ടോർ വാഹന ജീവിത്തിൽ വലിയ കടമ്പ ആകുമല്ലോ എന്ന ചിന്തയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രശ്ന പരിഹാരം മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
നനഞ്ഞിറങ്ങിയാൽ കുളിച്ച് കയറുക തന്നെ. വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക. ഇന്ന് അതിനുള്ള ദിവസമാണ്. ആഴ്ച്ചയിൽ ഒരിക്കൽ അങ്ങനെയൊരു ബ്രേക്ക് എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
ബ്രേക്ക് ഫാസ്റ്റ് ഒരു ചെറിയ ചായക്കടയിൽ നിന്ന് കഴിച്ചശേഷം വാഹനം നേരേ സാൻ്റ് എസ്തവം കോട്ടയിരിക്കുന്ന കുന്നിന്റെ മുകളിലേക്ക് ഓടിച്ചു കയറ്റി. അവിടെ നല്ല കാറ്റും വെയിലും ഉണ്ടെന്ന് ഇന്നലെ ശ്രദ്ധയിൽ പെട്ടിരുന്നു. അവിടെയുള്ള വാച്ച്മാനോട് കാര്യം പറഞ്ഞു. രണ്ട് മരങ്ങൾക്കിടയിൽ അഴ വലിച്ച് കെട്ടിയ ശേഷം തുണികൾ വിരിച്ചു.
ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം കൈയിലുണ്ട്. 3 മണിക്ക് ശേഷം, സാധാരണ നിലയ്ക്ക് വാഹനം ഓടിക്കില്ല എന്നതാണ് ഈ യാത്രയിലെ തീരുമാനം. ചുരുക്കിപ്പറഞ്ഞാൽ, ഇന്ന് രാത്രി മോട്ടോർ ഹോമിലെ അടുപ്പ് പുകയാൻ സാദ്ധ്യതയുണ്ട്. വാച്ച്മാനോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഭക്ഷണം പങ്കുവെച്ചും ഈ രാത്രി സാൻ്റ് എസ്തവം കോട്ടയുടെ കെട്ടിന് താഴെ തന്നെ അന്തിയുറക്കം.
ഇടിവെട്ടി ഇറങ്ങാറുണ്ടോ എന്ന് മാത്രമേ വാച്ച്മാനോട് തിരക്കേണ്ടതുള്ളൂ. അങ്ങനുണ്ടെങ്കിൽ അതിനുള്ള പ്രതിവിധിയും കണ്ടെത്തണം.
*ആദ്യരാത്രി എന്നാൽ എന്താണെന്ന്, കല്ല്യാണ സൽക്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു ടീനേജർ സ്വന്തം അമ്മയോട് ചോദിച്ചു. ‘ഇന്ന് പകൽ അവർ വിവാഹിതരായ ശേഷം ഒരുമിച്ചുള്ള ആദ്യത്തെ പകലല്ലേ? അവർ ഒരുമിച്ചുള്ള ആദ്യത്തെ രാത്രിയാണ് ഇന്നത്തെ രാത്രി. അതുകൊണ്ടതിനെ ആദ്യരാത്രി എന്ന് വിളിക്കുന്നു’ എന്നായിരുന്നു മറുപടി.