Monthly Archives: February 2016

ഏറ്റവും വലിയ മാഷ്, അപ്പുമാഷ്.


a
തെ, കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും വലിയ മാഷ് അപ്പുമാഷ് തന്നെയായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും മാഷ്‌മാരാണ്. അമ്മൂമ്മയും അപ്പൂപ്പനും അമ്മാവനും ഒക്കെ മാഷ്‌മാര്. എന്നാലും ‘കോവിൽ തെക്കേ വളപ്പിൽ’എന്ന അമ്മവീടിന്റെ കിഴക്കേ പുരയിടത്തിൽ താമസിക്കുന്ന അപ്പുമാഷിനെ ഇവരെക്കാളൊക്കെ വലിയ മാഷായിട്ടായിരുന്നു കണ്ടിരുന്നത്. വലിയ പല പല കോളേജുകളിലും പഠിപ്പിച്ചിട്ടുണ്ട്, പ്രിൻസിപ്പാളായിട്ട് ഇരുന്നിട്ടുണ്ട്. അത്രയും വലിയ മറ്റൊരു മാഷിനെ എനിക്കാ പ്രായത്തിൽ അറിയില്ല. അതുകൊണ്ടുതന്നെ അപ്പുമാഷാണ് എനിക്ക് ഏറ്റവും വലിയ മാഷ്.

ഇക്കാരണങ്ങൾകൊണ്ട് തന്നെ അദ്ദേഹത്തോട് കൂടുതൽ ബഹുമാനവും ആദരവും എന്നതുപോലെ നല്ല ഭയവുമുണ്ടായിരുന്നു. ആ വേലിക്കകത്തേക്ക് കടന്നുചെല്ലാൻ നല്ല പേടി തന്നെയാണ്. സരോജിനി അമ്മായിയുടെ (അപ്പുമാഷിന്റെ ഭാര്യ – അമ്മയും അമ്മാവന്മാരും വിളിക്കുന്നത് അമ്മായി എന്ന് ചേർത്താണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്കും അമ്മായി തന്നെ) മുന്നിൽ പലപ്പോഴും ചെന്ന് ചാടാറുണ്ട്. പക്ഷെ, ഒരിക്കലും ചെന്ന് പെടരുതെന്ന അതീവ ശ്രദ്ധയോടെ നടക്കുന്നതുകൊണ്ട് വിരളമായിട്ടാണ് അപ്പുമാഷിന്റെ മുന്നിൽ കുടുങ്ങിയിട്ടുള്ളത്.

അപ്പുമാഷ് മരിച്ചിട്ടിപ്പോൾ മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എല്ലാ വേനലവധിക്കും തൊട്ടപ്പുറത്തെ പുരയിടത്തിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന അപ്പുമാഷിനെപ്പറ്റി നന്നായി മനസ്സിലാക്കാൻ മുപ്പതിലധികം വർഷങ്ങളെടുത്തു എന്നുപറയുന്നതാവും കുറേകൂടെ ഉചിതം.

തൃശൂർ ജില്ലയിലെ കൈപ്പമംഗലം പഞ്ചായത്തിൽ കൂരിക്കുഴി എന്ന ഗ്രാമത്തിൽ അപ്പുമാഷിന്റെ ഓർമ്മയ്ക്കായി മൂന്നാമത്തെ തലമുറയിലെ ചെറുപ്പക്കാർ ഒരു വായനശാലയ്ക്ക് പദ്ധതിയിട്ടു. സത്യത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന തലമുറയോ അതിന് ശേഷം വന്ന തലമുറയോ ചെയ്യേണ്ട ജോലിയായിരുന്നു അത്. എന്റെ മച്ചുനൻ ശുഭേന്ദു മോഹനും ഉണ്ട് മൂന്നാം തലമുറയിലെ ഈ ചെറുപ്പക്കാരുടെ കൂട്ടത്തിൽ. വായനശാലയ്ക്ക് സ്ഥലം വേണം, പണം വേണം. പലരും ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങളാണെങ്കിലും പുതുതലമുറയ്ക്ക് 3 സെന്റ്  സ്ഥലം വിട്ടുനൽകാൻ അമ്മായി സസന്തോഷം തയ്യാറാകുകയും അപ്രകാരം കിട്ടിയ സ്ഥലത്ത് വായനശാല ഉയർന്നുവരുകയും ചെയ്തു.

വായനശാലയുടെ ഉത്ഘാടനത്തിന് ഈ നാട്ടിൻ‌പുറത്ത് എത്തിച്ചേർന്നത് സാംസ്ക്കാരിക പരിപാടികളിൽ കാര്യമായിട്ടൊന്നും പ്രത്യക്ഷപ്പെടാത്ത സാക്ഷാൽ എം.ടി.വാസുദേവൻ നായർ. തന്റെ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരം, നിറയെ പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി നൽകിക്കൊണ്ടാണ് എം.ടി. നിർവ്വഹിച്ചത്.

ഈ മാസം 20ന് അപ്പുമാഷിന്റെ വീടിനോടും ലൈബ്രറിയോടും ചേർന്നുള്ള, ഇപ്പോൾ കൊയ്ത്തും മെതിയുമൊന്നുമില്ലാത്ത പാടത്ത് സ്റ്റേജ് കെട്ടിയുയർത്തി ‘അപ്പുമാഷ് ഒരോർമ്മപ്പുസ്തകം‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രൊഫസർ എം.കെ.സാനു മാസ്റ്റർ നിർവ്വഹിച്ചപ്പോൾ അതിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. സാനുമാഷിനെക്കൂടാതെ പ്രൊഫസർ സാവിത്രി ലക്ഷ്മണൻ, ജസ്റ്റിസ് കെ. സുകുമാരൻ, പ്രൊഫസർ രവീന്ദ്രൻ, ടി.എൻ.പ്രതാപൻ എം.എൽ.എ. സംവിധായകനും ചിത്രകാരനുമായ അമ്പിളി, എന്നിങ്ങനെ നിരവധി പേർ ചടങ്ങിൽ സംസാരിച്ചു. സാവിത്രിട്ടീച്ചർക്ക് അപ്പുമാഷ് പാടുമായിരുന്ന നാടൻ പാട്ടിലെ വരികൾ പോലും ഇപ്പോഴും ഓർമ്മയിലുണ്ട്.

രസതന്ത്രം അദ്ധ്യാപകനായിരുന്നു അപ്പുമാഷ്. പക്ഷേ സംഗീതത്തിൽ അടക്കം സൂര്യന് കീഴെയുള്ള എന്തിനെപ്പറ്റിയും അഗാധ പാണ്ഢിത്യം. സാധാരണക്കാരെപ്പോലും പിടിച്ചിരുത്തി ശാസ്ത്രവിഷയങ്ങൾ രസകരമായി മനസ്സിലാക്കിക്കൊടുക്കുമാറ് ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തി. ശാസ്ത്രം സാധാരണക്കാരിലേക്ക് എത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ. പ്രസംഗകലയിൽ മിടുമിടുക്കൻ. അപ്പുമാഷിന്റെ പ്രസംഗമില്ലാത്ത ഒരു പരിപാടിയും അന്നാട്ടിലെങ്ങും അക്കാലത്ത് ഉണ്ടാകില്ലായിരുന്നത്രേ! കാര്യപരിപാടി ഏതെങ്കിലും പ്രൊഫഷണൽ നാടകമാണെങ്കിലും അതിന് മുന്നേ അരമണിക്കൂർ അപ്പുമാഷിനുള്ളതാണ്. ചിലപ്പോൾ അത് 2 മണിക്കൊർ വരെ നീണ്ടുപോകാറുമുണ്ട്. ബോറടിപ്പിക്കാതെ പ്രസംഗവും പാട്ടുമൊക്കെയായി അത്രയും സമയം അപ്പുമാഷ് കൈകാര്യം ചെയ്യും. അപ്പുമാഷിന്റേത് സത്യത്തിൽ ഒരു കഥാപ്രസംഗം തന്നെയായിരുന്നെന്ന് പലരും സ്മരിക്കുന്നു. നാടകത്തിൽ അഭിനയിക്കുന്ന പ്രധാനനടി വരാൻ വൈകുന്ന അത്രയും സമയമായിരിക്കും അപ്പുമാഷ് തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരെ പിടിച്ചിരുത്തുന്നത്. പ്രസംഗം മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിനും അപ്പുമാഷിന് വഴങ്ങുമായിരുന്നെന്ന് സഹപ്രവർത്തകരെല്ലാം സാക്ഷ്യപ്പെടുത്തുന്നു പുസ്തകത്തിൽ. അപ്പുമാഷിന്റെ മലയാള ഭാഷയിലുള്ള അറിവും പ്രസംഗപ്രാവീണ്യവും എല്ലാം കണക്കിലെടുത്ത് അദ്ദേഹം മലയാളം അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് പലരും.

കുടുംബത്തിനെ ഒരു കരപറ്റിക്കുന്നതിനിടയിൽ അപ്പുമാഷ് വിവാഹം കഴിക്കാൻ തന്നെ മറന്നു. വിവാഹിതനായത് വയസ്സ് 49 ആയപ്പോളാണ്. അപ്പുമാഷ്-സരോജിനി അമ്മായി ദമ്പതികൾക്ക് മക്കളില്ല. അനുജൻ ഡോ:ഗുഹരാജിനെ പഠിപ്പിച്ച് നല്ല നിലയിലാക്കിയത് അപ്പുമാഷാണ്. ‘എന്നെ ഞാനാക്കിയ എന്റെ അപ്വേട്ടൻ‘ എന്ന അദ്ധ്യായത്തിൽ ഡോ:ഗുഹരാജ് അക്കാലം സ്മരിക്കുന്നുണ്ട്.

s

ഓർമ്മപ്പുസ്തകം വായിച്ച് ഞാൻ സ്തബ്ദ്ധനായിരുന്നു. അൽ‌പ്പം കൂടെ മുതിർന്നതിന്ശേഷം അപ്പുമാഷെ കാണാൻ പറ്റാതെ പോയതിൽ അതീവ വ്യസനവും തോന്നി. ഞാൻ ജനിച്ചുവളർന്ന വൈപ്പിൻ കരയിലെ മുനമ്പം എന്ന ഗ്രാമത്തിലാണ് അദ്ദേഹവും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് മറ്റൊരു വലിയ അറിവുതന്നെയായിരുന്നു എനിക്ക്.

എം.ടി.അടക്കമുള്ള അപ്പുമാഷിന്റെ പ്രഗത്ഭരായ വിദ്യാർത്ഥികളും സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമൊക്കെ അദ്ദേഹത്തെ സ്മരിക്കുന്നു പുസ്തകത്തിൽ.
പ്രൊഫസർ എം.കെ.സാനു, ജസ്റ്റിസ് കെ.സുകുമാരൻ, ബാലചന്ദ്രൻ വടക്കേടത്ത്, പ്രൊഫസർ സാവിത്രി ലക്ഷ്മണൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ഡോ:പി.വി.കൃഷ്ണൻ നായർ, എം.പി.പരമേശ്വരൻ, പ്രൊഫസർ എം.കെ.പ്രസാദ്, സംവിധായകൻ അമ്പിളി, കെ.ബി.രാജു, ദേവദത്ത് ജി.പുറക്കാട്, പ്രൊഫസർ കെ.യു.അരുണൻ, മദർ മേരി ബെനീഷ്യ, ഡോ:കെ.എസ്.പുരുഷൻ, ഡോ:സി.പി.അരവിന്ദാക്ഷൻ, പ്രൊഫസർ സി.എ.നാരായണപ്പണിക്കർ, എ.എ.ബോസ്, ഫാത്തിമാ അബ്ദുൾ ഖാദർ, ഒ.എ.സുകുമാരൻ കൊടുങ്ങല്ലൂർ, പി.ആർ.കറപ്പൻ, ടി.കെ.അബ്ദുറഹിമാൻ, കെ.വി.ഭാനുജൻ(I.A.S.), ഡോ:പി.വി.ഗുഹരാജ്, പ്രൊഫസർ പി.കെ.രവീന്ദ്രൻ, ദിനേശ് പള്ളത്ത്, ഗീത, ആശാലത കെ.വി, വൃന്ദാദേവി കെ.വി, കെ.വി.സുധാംശു മോഹൻ, കെ.ബി.അനിൽകുമാർ എന്നിങ്ങനെ നീളുന്നു അപ്പുമാഷുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നവരുടെ നീണ്ടനിര.

കുറച്ച് കാലങ്ങൾക്ക് മുന്നേ, അഥവാ അപ്പുമാഷിന്റെ രണ്ടാം തലമുറയ്ക്ക് ഈ പുസ്തകം തയ്യാറാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒ.വി.വിജയൻ അടക്കമുള്ള അപ്പുമാഷിന്റെ പ്രഗത്ഭരായ മറ്റ് പല വിദ്യാർത്ഥികളുടേയും ജസ്റ്റിസ് കൃഷ്ണയ്യർ അടക്കമുള്ള സഹപാഠികളുടേയുമൊക്കെ അനുഭവങ്ങൾ കൂടെ വായനക്കാരിലേക്കും പുതുതലമുറകളിലേക്കും എത്തുമായിരുന്നു. വൈകിയ വേളയിലാണെങ്കിലും അപ്പുമാഷിന് വേണ്ടി ഇങ്ങനെയൊരു മനോഹരമായ ചരിത്രസ്മാരക ഗ്രന്ഥം തന്നെ പുറത്തിറക്കിയ ഇഴ സാംസ്ക്കാരിക വേദിയും പ്രൊഫസർ പി.വി.അപ്പുമാസ്റ്റർ വായനശാലയും അഭിനന്ദനമർഹിക്കുന്നു.

ഇങ്ങനെയൊരു ഗ്രന്ഥമില്ലായിരുന്നെങ്കിൽ ചിലപ്പോൾ അപ്പുമാസ്റ്റർ എന്ന അദ്ധ്യാപകനെ, ശാസ്ത്രജ്ഞനെ, സംഗീതജ്ഞനെ, സാധാരണക്കാരിൽ സാധാരണക്കാരനെ, മലയാളം അറിയാതെ പോകുമായിരുന്നു. അപ്പുമാഷ് എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളായിരുന്നെന്ന് പുതുതലമുറയിലെ എത്ര മഹാരാജാസ് വിദ്യാർത്ഥികൾക്ക് അറിയാം? പഴയതലമുറയിലെ എത്രപേർക്കറിയാം? പാലക്കാട് വിൿറ്റോറിയ കോളേജിൽ അദ്ദേഹം അദ്ധ്യാപകനായിരുന്നെന്ന് എത്രപേർക്കറിയാം? (എം.ടി.യും. ഓ.വി.വിജയനുമെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരാകുന്നത് വിൿറ്റോറിയാ കോളേജിലാണ്.) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അപ്പുമാഷ് അദ്ധ്യാപകനായിരുന്നെന്ന് ആർക്കൊക്കെ അറിയാം? കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിലും അപ്പുമാഷ് പ്രിൻസിപ്പാളായി ജോലി ചെയ്തിട്ടുണ്ടെന്ന് എത്രപേർക്കറിയാം.

‘അപ്പുമാഷ് ഒരോർമ്മപ്പുസ്തകം‘ വെറുമൊരു ഓർമ്മപ്പുസ്തകം മാത്രമല്ല. ഒരു അദ്ധ്യാപകന്റെ കാലഘട്ടത്തെ, അന്നത്തെ സാമൂഹികവ്യവസ്ഥയെ, അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ, ഗുരുശിഷ്യബന്ധങ്ങളെ, ശാസ്ത്രഗതിയെ ഒക്കെയും അടയാളപ്പെടുത്തിയിട്ടുള്ള ഒരു ചരിത്രഗ്രന്ഥം എന്ന സ്ഥാനത്തേക്കാണ് ഒരു കൊച്ചുവായനശാല പ്രവർത്തകർ കാലമേറെ എടുത്ത് സംഘടിപ്പിച്ച പ്രഗത്ഭനായ ഒരു അദ്ധ്യാപകനെപ്പറ്റിയുള്ള ഈ ഗ്രന്ഥം സ്ഥാനം പിടിച്ചിരിക്കുന്നത്.

പ്രൊഫസർ പി.കെ. രവീന്ദ്രൻ പുസ്തകപ്രകാശന ചടങ്ങിൽ അഭ്യർത്ഥിച്ചതുപോലെ, അപ്പുമാഷ് മാതൃഭൂമി അടക്കമുള്ള ഒരുപാട് വാരികകളിൽ എഴുതിയിട്ടുള്ള ശാസ്ത്രലേഖനങ്ങൾ കൂടെ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ കഴിയാൻ ഈ കൂട്ടായ്മയ്ക്ക് ആകുമെങ്കിൽ അത് ആ അദ്ധ്യാപകനോട് നാട്ടുകാരെന്ന നിലയ്ക്ക് ഇഴ എന്ന കൂട്ടായ്മയ്ക്കും വായനശാലയ്ക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ആദരവാകും.

ഓർമ്മപ്പുസ്തകം വായിച്ച് തീർന്നപ്പോൾ, ആ മഹാനായ അദ്ധ്യാപകന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നല്ലോ എന്ന സന്തോഷത്തിനുമപ്പുറം വേലിക്കെട്ടിനപ്പുറത്ത് നിന്ന് ആദരവോടെയും ഭയഭക്തി ബഹുമാനത്തോടെയും അദ്ദേഹത്തെ ഇടയ്ക്കിട കാണുവാനും സാധിച്ചിട്ടുണ്ടല്ലോ എന്ന ആഹ്ലാദവും എനിക്കിപ്പോഴുണ്ട്.

രസതന്ത്രത്തിന്റെ വളർച്ചയെപ്പറ്റി രസതന്ത്ര അദ്ധ്യാപകനായ അപ്പുമാഷിന്റെ കാഴ്ച്ചപ്പാട് ബാലചന്ദ്രൻ വടക്കേടത്തിന്റെ ലേഖനത്തിൽ നിന്ന് എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം.

” ഏത് രാജ്യത്തും രസതന്ത്രം വളരുന്നത് കൃത്രിമസ്വർണ്ണം ഉണ്ടാക്കുവാനും ഹീനലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുവാനും പറ്റിയ ദാർശനികശിലയെ (Philosophers Stone) കണ്ടെത്തുവാൻ ചെയ്ത പരിശ്രമങ്ങളിൽക്കൂടെയാണ്. ഓരോ നിർമ്മാണപ്രക്രിയകളും രസതന്ത്രത്തെ പോറ്റിവളർത്തി. ഭാരതത്തിൽ ഔഷധനിർമ്മാണ പ്രക്രിയകൾ രസതന്ത്രത്തെ വളർത്തുന്നതിന് മുൻ‌കൈ എടുത്ത് പ്രവർത്തിച്ചു.”

—————————————————————————
പുസ്തകത്തിന്റെ കോപ്പികൾക്കായി കെ.ബി.അനിൽകുമാർ
(ഫോൺ:- 9446352465) നെ ബന്ധപ്പെടുക.