മാതൃമലയാളം ടോസ്റ്റ്മാസ്‌റ്റേർസ്


56

ടോസ്‌റ്റ്മാസ്‌റ്റേർസ്(Toastmasters) എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കുമല്ലോ ? കേട്ടിട്ടില്ലാത്തവർക്ക് വേണ്ടി അതേപ്പറ്റി ചില വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ആഗോളതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സംഘടനയാണ് ടോസ്‌റ്റ്മാസ്‌റ്റേർസ് ഇന്റർനാഷണൽ (TI / TM). ലോകമെമ്പാടുമുള്ള തങ്ങളുടെ ക്ലബ്ബുകളിലൂടെ അംഗങ്ങളുടെ നേതൃത്വപാടവം, ആശയവിനിമയം, പൊതുവിടങ്ങളിൽ സംസാരിക്കാനുള്ള കഴിവ്, എന്നതൊക്കെ വർദ്ധിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ടോസ്‌റ്റ്മാസ്‌റ്റേർസിന്റെ ലക്ഷ്യം.

1905 മാർച്ച് 24 ന് ആണ് ആദ്യത്തെ അനൌദ്യോഗിക ടോസ്‌റ്റ്മാസ്‌റ്റേർസ് മീറ്റിങ്ങ് നടന്നത്. അമേരിക്കയിലെ ബ്ലൂമിങ്ങ്ട്ടണിൽ വെച്ച് YMCA യുടെ വിദ്യാഭ്യാസ ഡയറൿടർ ആയിരുന്ന റാൽഫ് സി.സ്‌മെഡ്‌ലി (Ralph C.Smedley) സംഘടിപ്പിച്ച നിരവധി പ്രസംഗ ക്ലബ്ബുകളുടോടെയാണ് ടോസ്‌റ്റ്മാസ്‌റ്റേർസിന്റെ തുടക്കം. കാലിഫോർണിയയിലെ സാന്ത അന(Santha Ana) യിൽ 1924 ഏപ്രിൽ മാസത്തിൽ തന്റെ സഹപ്രവർത്തകർക്ക് ടോസ്‌റ്റ്മാസ്‌റ്റേർസ് എന്ന ആശയം പകർന്നുകൊടുക്കാനും അങ്ങനെ ആദ്യത്തെ ടോസ്‌റ്റ്മാസ്‌റ്റേർസ് ക്ലബ്ബ് അവിടെ സംഘടിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യത്തെ മീറ്റിങ്ങ് സംഘടിപ്പിക്കപ്പെട്ടത് 1924 ഓൿടോബർ 22നാണ്. 1930 ആയപ്പോഴേക്കും ബ്രിട്ടീഷ് കൊളംബിയയിലും കാനഡയിലുമൊക്കെയായി 30ൽ‌പ്പരം ക്ലബ്ബുകൾ സംഘടിപ്പിക്കപ്പെട്ടു. സ്മെഡ്‌ലി തന്നെ സക്രട്ടറിയും എഡിറ്ററുമായിക്കൊണ്ട് രണ്ട് വർഷത്തിന് ശേഷം, അതായത് 1932 ടോസ്റ്റ്മാസ്റ്റേർസ് ഇന്റർനാഷണൻ സ്ഥാപിതമായി. 1941 ൽ YMCA സക്രട്ടറി എന്ന സ്ഥാനത്തുനിന്ന് സ്‌മെഡ്‌ലി വിരമിക്കുകയും കൂടുതൽ സമയം ടോസ്‌റ്റ്മാസ്‌റ്റേർസിനായി നീക്കിവെക്കുകയും ചെയ്തു. 1962 വരെ തെക്കൻ കാലിഫോർണിയയിലെ വാടകക്കെട്ടിടങ്ങളിലാണ് ടോസ്‌റ്റ്മാസ്‌റ്റേർസ് ഇന്റർനാഷണൽ പ്രവർത്തിച്ച് പോന്നിരുന്നതെങ്കിലും പിന്നീട് തങ്ങളുടെ ആദ്യത്തെ മീറ്റിങ്ങ് നടന്ന സാന്ത അനയ്ക്ക് അടുത്ത് റാഞ്ചോ സാന്ത മാർഗറീറ്റയിലെ ആഗോള ആസ്ഥാന കെട്ടിടത്തിലേക്ക് മാറുകയും അവിടെ തുടർന്ന് പോരുകയും ചെയ്യുന്നു. 142 രാജ്യങ്ങളിലായി 345000 അംഗങ്ങൾ ഉൾപ്പെടുന്ന 15900ൽ‌പ്പരം ടോസ്‌റ്റ്മാസ്‌റ്റേർസ് ക്ലബ്ബുകളാണ് ഇന്ന് നിലവിലുള്ളത്.

ഇന്ത്യയിലുമുണ്ട് നിരവധി ടോസ്‌റ്റ്മാസ്‌റ്റേർസ് ക്ലബ്ബുകൾ. മാദ്ധ്യമം ഇംഗ്ലീഷായിട്ടുള്ള ആ ക്ലബ്ബുകളിൽ നിങ്ങളിൽ പലരും അംഗങ്ങളുമായിരിക്കാം. അതിനൊക്കെ പുറമേ മലയാള ഭാഷയിൽ ടോസ്‌റ്റ്മാസ്‌റ്റേർസിന്റെ സേവനം ലഭ്യമാക്കണമെന്നുള്ള ലക്ഷ്യത്തോടെ മലയാളത്തിൽ ആദ്യമായി ഒരു ടോസ്‌റ്റ്മാസ്‌റ്റേർസ് ക്ലബ്ബ് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നു. കൊച്ചിയിൽ ആരംഭിച്ചിരിക്കുന്ന ആ ക്ലബ്ബിന്റെ ചരിത്രമുഹൂർത്തം എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യമീറ്റിങ്ങ്, 2017 ജനുവരി 17ന് കാക്കനാടുള്ള RECCAA ക്ലബ്ബിലാണ് നടന്നത്.

57

സുഹൃത്ത് രമേഷ് കുറുപ്പത്തിന്റെ ക്ഷണമനുസരിച്ചാണ് എനിക്കതിൽ പങ്കെടുക്കാനായത്. ഇങ്ങനെയൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അതെങ്ങനെയാണ് നടക്കുന്നതെന്ന് യാതൊരു ധാരണയും ഇല്ലാതിരുന്നതുകൊണ്ട് ആ അവസരം ഞാൻ വിനിയോഗിക്കുക തന്നെ ചെയ്തു.

55

ആദ്യ മാതൃമലയാളം ടോസ്‌റ്റ്‌മാസ്‌റ്റേർസ് പരിപാടി

പ്രധാനമായും എന്നെ ആകർഷിച്ചത് സമയബന്ധിതമായി പറയാനുള്ള കാര്യങ്ങൾ പറയുക അല്ലെങ്കിൽ പ്രസംഗിക്കുക എന്ന കാര്യമാണ്. അപ്പോൾത്തന്നെ നമ്മൾ വിഷയത്തിലൂന്നി അതിന്റെ സാരാംശങ്ങൾ ആലോചിച്ചുറപ്പിച്ച് സംസാരിക്കാൻ തുടങ്ങും. കേട്ടിരിക്കുന്നവർക്ക് മടുപ്പുളവാകുന്നില്ല, മൊത്തം പരിപാടിയുടെ സമയക്രമം അട്ടിമറിക്കപ്പെടുന്നില്ല. ഈ ചിട്ട തുടർന്നാൽത്തന്നെ ഒരു മീറ്റിങ്ങിന് നിശ്ചിതസമയത്ത് എത്തിച്ചേരുക എന്ന കാര്യം സ്വാഭാവികമായും സംഭവിക്കാൻ തുടങ്ങും. അത് ജീവിതത്തിന്റെ തന്നെ ഒരു സ്വഭാവവിശേഷമായാൽ അതിൽ‌പ്പരം ഗുണകരമായ കാര്യം മറ്റൊന്നില്ല.

ചില അംഗങ്ങൾ മുൻകൂട്ടി അറിയിച്ചത് പ്രകാരം തയ്യാറാക്കി വന്ന പ്രസംഗങ്ങൾ കാഴ്ച്ചവെക്കുന്നു. മറ്റ് ചിലർ തൽ‌സമയം നൽകുന്ന വിഷയങ്ങളിൽ പ്രസംഗിക്കുന്നു. ടോസ്‌റ്റ്മാസ്റ്റേർസിന്റെ മറ്റ് ഗുണങ്ങളായി ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഒരു വിഷയം തന്നാൽ അതേപ്പറ്റി പഠിച്ച് തയ്യാറെടുത്ത് വന്ന് പ്രസംഗിക്കുക എന്ന കാര്യത്തിൽ നാം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ തുടങ്ങുന്നു. നിന്ന നിൽ‌പ്പിൽ അപ്പോൾക്കിട്ടിയ ഒരു വിഷയത്തെപ്പറ്റി പ്രസംഗിക്കാനുള്ള ആത്മവിശ്വാസവും കഴിവും നമ്മൾക്കുണ്ടാകുന്നു.

അദ്ധ്യക്ഷന്റേത് അടക്കം ഓരോ പ്രസംഗങ്ങൾക്കും സമയക്രമമുണ്ട്. അതെല്ലാവർക്കും നോട്ടീസായി നൽകുന്നുമുണ്ട്. ഈ സമയമെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനും സമയം അധികരിച്ചെങ്കിൽ അപ്പപ്പോൾ അറിയിക്കാനും സമയ നിരീക്ഷകന്റേയും ഉപകരണത്തിന്റേയും സേവനമുണ്ട്. പരിപാടിയുടെ അന്ത്യത്തിൽ അദ്ദേഹം ഈ സമയമെല്ലാം വെളിപ്പെടുത്തുകയും ചെയ്യുന്നു. സമയബന്ധിതമായി സംസാരിക്കാനുള്ള പരിശീലനം അതുവഴി നമുക്ക് ലഭിക്കുന്നു.

കൂടാതെ പ്രസംഗത്തിലെ വ്യാകരണം നിരീക്ഷിക്കാൻ, വ്യാകരണ നിരീക്ഷകൻ എന്ന പേരിൽ ഒരംഗത്തിന്റെ സേവനമുണ്ട്. കുറ്റം കണ്ടുപിടിക്കുന്ന ഒരു സേവനമേയല്ല ഇത്. പ്രസംഗത്തിൽ ഉടനീളം വന്നിട്ടുള്ള നല്ല പദങ്ങൾ, പുതിയ പദങ്ങൾ എന്നിവയൊക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നതോടൊപ്പം വ്യാകരണപ്പിശകുകളും സൂചിപ്പിക്കുന്നെന്ന് മാത്രം. ഓരോ ദിവസത്തേയും വാക്കും ചിന്തയും നേരത്തെ അറിയിച്ചിട്ടുണ്ടാകും. പ്രസംഗത്തിൽ ആ വാക്കും ചിന്തയുമൊക്കെ കടന്ന് വരുമ്പോൾ കൈയ്യടിച്ച് പ്രോത്സാഹിക്കപ്പെടുന്നു.

എല്ലാ പ്രസംഗങ്ങളും വിലയിരുത്താൻ അവലോകകർ ഉണ്ട്. പരിപാടിയുടെ അന്ത്യത്തിൽ അവർ ആ കർത്തവ്യം നിർവ്വഹിക്കുകയും അതോടൊപ്പം തന്നെ പങ്കെടുത്തവർ എല്ലാവരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന  പ്രസംഗകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

ശ്രേഷ്ഠമലയാളം പദവി കൈവന്നെങ്കിലും ഇംഗ്ലീഷ് പദങ്ങൾ ആവശ്യമായി കുത്തിത്തിരുകി പ്രസംഗങ്ങൾ കേൾക്കേണ്ടി വരുകയും പ്രസംഗിക്കേണ്ടി വരുകയും ചെയ്യുന്ന ഇക്കാലത്ത് മാതൃമലയാളം ടോസ്‌റ്റ്മാസ്‌റ്റേർസ് പ്രയോജനപ്രദമായ ഒരു കാര്യമാണെന്ന് പറയാതെ വയ്യ. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും ചൊവ്വാഴ്ച്ചകളിലാണ് മാതൃമലയാളം ടോസ്‌റ്റ്മാസ്‌റ്റേർസ് നടത്തപ്പെടുന്നത്.  മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഇത് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വലിയൊരു പ്രസംഗകൻ ആകാനോ പ്രസംഗങ്ങൾ കാഴ്ച്ച വെക്കാനോ കഴിഞ്ഞില്ലെങ്കിലും ഏറ്റവും കുറഞ്ഞത് സഭാകമ്പമെങ്കിലും ഇല്ലാതാക്കാൻ ടോസ്‌റ്റ്മാസ്‌റ്റേർസ് കൊണ്ട് പറ്റുമെന്ന് ഉറപ്പാണ്.

ടോസ്‌റ്റ്മാസ്‌റ്റേർസിനെപ്പറ്റിയുള്ള പൂർണ്ണവിവരണങ്ങൾ ഞാനിവിടെ പങ്കുവെച്ചിട്ടില്ലെന്ന് മാത്രമല്ല സ്വയം പഠിച്ചുകൊണ്ടിരിക്കുകയുമാണ്. ചരിത്രമുഹൂർത്തം എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തെ മലയാളം ടോസ്‌റ്റ്മാസ്‌റ്റേർസിന്റെ കാര്യക്രമം താഴെ ചേർക്കുന്നു. കുറേക്കൂടെ എളുപ്പത്തിലും ഒറ്റയടിക്കും കാര്യങ്ങൾ അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയെന്ന് വരും.

59

എന്റെ വക പ്രസംഗപരമായ മുന്നറിയിപ്പ് കൂടെ തന്നുകൊണ്ട് ഈ പരിചയപ്പെടുത്തൽ അവസാനിപ്പിക്കാം. സഭാകമ്പമില്ലാതെ സദസ്സിനെ അഭിമുഖീകരിക്കാനും നല്ല രീതിയിൽ പ്രസംഗിക്കാനും ഒക്കെ സഹായിക്കുകയാണ് ടോസ്‌റ്റ്മാസ്‌റ്റേർസ് ചെയ്യുന്നത്. പ്രസംഗിക്കാനുള്ള വിഷയത്തിൽ കഴിവ് ഉണ്ടാക്കുന്നതിൽ വായനയ്ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ല വായനയുണ്ടെങ്കിലേ നന്നായി എഴുതാനും നന്നായി പ്രസംഗിക്കാനും കഴിഞ്ഞെന്ന് വരൂ. നേതൃത്വപാടവത്തിന്റെ കാര്യത്തിലും ഇപ്പറഞ്ഞത് വളരെ വലിയൊരു ഘടകമാണ്.

————————————————————————————————–
മാതൃമലയാളത്തിലോ ഇംഗ്ലീഷിലോ ടോസ്‌റ്റ്മാസ്‌റ്റേർസ് ക്ലബ്ബ് അംഗത്വം ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

ശ്രീ ജോജി വർഗീസ് – 98477 70087
ശ്രീ നാരായണൻ എം. – 94950 05010
ശ്രീ രമേഷ് കുറുപ്പത്ത് – 94959 88369

ഫേസ്ബുക്ക് പേജ് - https://www.facebook.com/Mathru-Malayalam-Toastmasters-140628443104190/

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>