ജോലിക്കിടയിൽ മരണം ഒരു ഭാഗ്യമല്ലേ ?


77
രു തൊഴിലുമായി ബന്ധപ്പെട്ടയാൾ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെ വെച്ചുതന്നെ മരിക്കുന്നത് ആദ്യമായി കാണുന്നത്, എം. ടി. യുടെ തിരക്കഥയിൽ ഐ. വി. ശശി സംവിധാനം ചെയ്ത ‘രംഗം’ എന്ന സിനിമയിലാണ്. കീചകവധം കഥകളി തട്ടിൽ അവതരിപ്പിക്കുമ്പോൾ, കളിക്ക് വെളിയിലെ വില്ലനും കളിയിലെ കീചകനുമായ കഥാപാത്രത്തെ (രവീന്ദ്രൻ), കീചകവധത്തിൻ്റെ മറവിൽ നായകൻ (മോഹൻലാൽ) കൊലചെയ്യുന്നതാണ് ആ ചിത്രത്തിൻ്റെ ക്ലൈമാക്സ്.

പിന്നീട് ഏതാണ്ട് ഇതേ നിലയ്ക്കുള്ള ക്ലൈമാക്സ് ‘ചമയം’ എന്ന ഭരതൻ ചിത്രത്തിലും കണ്ടു. സിനിമയ്ക്കുള്ളിലെ നാടകത്തിൽ, മുരളി അവതരിപ്പിക്കുന്ന കഥാപാത്രം, തട്ടിൽ കയറുന്നത് സിനിമയിലെ വില്ലൻ്റെ കത്തിക്കുത്ത് ഏറ്റതിന് ശേഷമാണ്. നാടകത്തിലെ കഥാപാത്രത്തിൻ്റെ അന്ത്യരംഗം കൂടെയാണത്. നടനും കഥാപാത്രവും ഒരേസമയം മരിച്ച് വീഴുന്നതോടെയാണ് ആ രംഗം അവസാനിക്കുന്നത്.

അതൊക്കെ സിനിമകളിൽ. യഥാർത്ഥ ജീവിതത്തിലുള്ള അത്തരം മരണങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ ആലുമ്മൂടനേയും വിജയൻ മാഷിനേയുമാണ് ഓർമ്മ വരുന്നത്. ആലുമ്മൂടൻ മരിക്കുന്നത് അദ്വൈതം എന്ന പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. (ആ സമയത്ത് കൂടെയുണ്ടായിരുന്ന മോഹൻലാലിൻ്റെ മടിയിൽ കുഴഞ്ഞ് വീണാണ് മരിച്ചതെന്നും കേട്ടിട്ടുണ്ട്. നിജസ്ഥിതി അറിയില്ല.) എം. എൻ. വിജയൻ മാഷ് പത്രസമ്മേളനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കഥയിലും സിനിമകളിലും നാടകങ്ങളിലുമൊക്കെയായി ഇങ്ങനെ ആരൊക്കെ അവരുടെ ജോലിക്കിടയിൽ ജീവൻ കൈവെടിഞ്ഞു എന്നാലോചിക്കാൻ ഇടവരുത്തിയത് ഇക്കഴിഞ്ഞ ആഴ്ച്ച ഇതേ ശ്രേണിയിൽ ജീവിതത്തിൽ നിന്ന് വിട്ടുപിരിഞ്ഞ രണ്ട് കലാകാരന്മാരെപ്പറ്റിയുള്ള ചിന്തയാണ്.

അതിൽ ആദ്യത്തേത് ഇടവ ബഷീർ എന്ന ഗായകൻ തന്നെ. വേദിയിൽ ‘മാനാ ഹോ തും‘ എന്ന ഹിന്ദി ഗാനത്തിൻ്റെ, അവസാനവരി മാത്രം പാടാതെ അവശേഷിപ്പിച്ച് അദ്ദേഹം കുഴഞ്ഞ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ ഏറെ വിഷമത്തോടെയാണ് കാണേണ്ടി വന്നത്. എത്ര ഭാഗ്യം ചെയ്ത മനുഷ്യൻ എന്ന ചിന്തയും അതോടൊപ്പം തന്നെ ഉയർന്നുവന്നു. 73 – )ം വയസ്സിൽ ആശുപത്രിക്കിടക്കയിൽ അരമണിക്കൂർ പോലും ചിലവഴിക്കാതെ, നിന്നനിൽപ്പിൽ….. !

ഇപ്പോൾ ദാ കെ. കെ. എന്ന പ്രിയ ഗായകൻ്റെ മരണം. വേദിയിലല്ല മരിച്ച് വീണതെങ്കിലും അവസാനത്തെ ഗാനമേള പാടിയവസാനിപ്പിച്ച് ദിവസം തന്നെ ആദ്ദേഹവും വിടവാങ്ങി.

എത്രയോ മനുഷ്യർ അങ്ങനെ സ്വന്തം ജോലിക്കിടയിൽ മരിച്ചിരിക്കുന്നു. നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ്, അഥവാ ശ്രദ്ധിച്ചാലും അവർ സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആ നിലയ്ക്കുള്ള പരിഗണന നൽകാത്തതുകൊണ്ടാണ്. കെട്ടിടം പണിക്കിടയിൽ മരിക്കുന്നവർ, കാണകളും കിണറുകളും വൃത്തിയാക്കാനിറങ്ങി മരിക്കുന്നവർ, മത്സ്യബന്ധനത്തിന് പോയി കടലിലും കായലിലുമൊക്കെ അവസാനിക്കുന്നവർ, അങ്ങനെയങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്രയോ പേർ.

വെറുതെ ഒരു കണക്കെടുപ്പ് നടത്തി നോക്കിയതാണ്. പ്രശസ്തരെ അധികമാരെയും കിട്ടിയില്ലെന്ന് മാത്രമല്ല, പ്രശസ്തരല്ലാത്തവർ ധാരാളമുണ്ടല്ലോ എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. പ്രശസ്തരും അല്ലാത്തവരുമായി ഇതിൽക്കൂടുതൽ വ്യക്തികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഒരു സുഹൃത്തോ ബന്ധുവോ അത്തരത്തിൽ വിടപറഞ്ഞിട്ടുണ്ടാകാം. അവരൊക്കെയും ഭാഗ്യവാന്മാർ, ഭാഗ്യവതികൾ !

വാൽക്കഷണം:- ഒരു സഞ്ചാരിയുടെ മരണം എങ്ങനെയാകും രസകരമാകുന്നതെന്ന ചിന്തയിലാണിപ്പോൾ ഞാൻ. വാഹനത്തിൽ (സൈക്കിളോ, കാറോ, ബസ്സോ, തീവണ്ടിയോ, വിമാനമോ, കേബിൾ കാറോ, ഓട്ടോയോ എന്തുമാകട്ടെ) യാത്ര പൊയ്ക്കൊണ്ടിരിക്കുമ്പോൾ അത് പൂർത്തിയാക്കാതെ ഒരു മരണം. തൊട്ടടുത്തുള്ളവരോ, ആദ്യം കാണുന്നവരോ കുലുക്കി വിളിക്കുമ്പോൾ, ശരീരം നിശ്ചലമായി പ്രതികരിക്കുന്ന ആ രംഗം. ഹാ…. എത്ര മനോഹരമായിരിക്കുമത്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>