വാർത്ത 1:- അയോദ്ധ്യയിലെ പള്ളി നിര്‍മാണചടങ്ങില്‍ പങ്കെടുക്കില്ല; ഞാനൊരു യോഗിയാണ്:- യോഗി ആദിത്യനാഥ്.
കമന്റ് 1:- അതെ ഇദ്ദേഹം ഒരു യോഗി മാത്രമാണ്. മുഖ്യമന്ത്രി എന്നാൽ വലിയ അർത്ഥതലങ്ങളുടെ മുഴുവൻ ജനങ്ങളുടേയും തലവൻ എന്ന അധികാരപദവിയാണ്.
വാർത്ത 2:- രാമക്ഷേത്ര നിര്‍മാണം തുടങ്ങുമ്പോൾ കോവിഡ് ഇല്ലാതാകുമെന്ന് മദ്ധ്യപ്രദേശ് പ്രോട്ടേം സ്പീക്കര്‍.
കമന്റ് 2:- ഈ എപ്പിസോഡിലേക്കുള്ള ചാണക പ്രസ്താവനയായി.
വാർത്ത 3:- രാമക്ഷേത്രത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പേടകത്തിലാക്കി 2000 അടി താഴ്ചയില്‍ സ്ഥാപിക്കും.
കമന്റ് 3:- ഒരു എണ്ണക്കിണറിന്റെ ആഴത്തിൽ സ്ഥാപിക്കുന്നത്, ഒരാവശ്യത്തിന് എടുക്കാനോ ഒരു കാലത്തും എടുക്കാതിരിക്കാനോ ?
വാർത്ത 4:- കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബെല്ലി ഡാൻസ് നടത്തിയ ക്വാറി മുതലാളി തന്റെ പുതിയ ബെന്‍സ് നാട്ടുകാരെ കാണിക്കാൻ റോഡ് ഷോ നടത്തി.
കമന്റ് 4:- അരിപ്രാഞ്ചിയേക്കാളും വലിയ ക്വാറിപ്രാഞ്ചി.
വാർത്ത 5:- മദ്യലഹരിയില്‍ കിടന്നുറങ്ങിയ അമ്മയ്ക്ക് അടിയില്‍ പെട്ട് കുട്ടി മരിച്ചു; അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി.
കമന്റ് 5:- തള്ള ചവിട്ടിയോ, മദ്യപിച്ച തള്ളക്കടിയിൽപ്പെട്ടോ പിള്ള കേടായാലും കുഴപ്പമില്ലെന്ന് !
വാർത്ത 6:- ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകെന്ന് കോടിയേരി. എസ്.രാമചന്ദ്രന്‍പിള്ള ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ജന്മഭൂമി.
കമന്റ് 6:- എല്ലാ കക്ഷിരാഷ്ട്രീയക്കാരുടേയും അന്തർധാര സജീവമാണെന്ന് ജനം.
വാർത്ത 7:- അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററിപാഡ്.
കമന്റ് 7:- മാലിന്യസംസ്ക്കരണത്തിന് ഭീഷണിയാകുന്ന സാനിറ്ററി നാപ്‌കിന് പകരം മെനസ്‌ട്രൽ കപ്പുകൾ വന്നെന്ന് പ്രധാനമന്ത്രി ഇനിയെന്നാണാവോ അറിയുക ?
വാർത്ത 8:- രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍; വിതരണത്തിനുള്ള പദ്ധതി തയ്യാർ
കമന്റ് 8:- തോട്ടി റെഡി. ഇനി ആനയെ വാങ്ങിയാൽ മതി.
വാർത്ത 9:- നാൽപ്പത്തെട്ട് പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കി: ഉത്തരവിറങ്ങുമ്പോള്‍ പലരും വിമാനം പറത്തുകയായിരുന്നു.
കമന്റ് 9:- പൈലറ്റുമാർ അപ്പത്തന്നെ ഇട്ടെറിഞ്ഞ് പോകാതിരുന്നത് യാത്രക്കാരുടെ ഭാഗ്യം.
വാർത്ത 10:- പാക് ക്രിക്കറ്റിനെ നശിപ്പിച്ചത് ഇമ്രാന്‍; എതിര്‍ക്കാന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് മിയാന്‍ദാദ്.
കമന്റ് 10:- അധികാരം കറുപ്പിനേക്കാൾ വലിയ ലഹരിയാണെന്നതിൽ ആർക്കാണ് തർക്കം ? അതിനിങ്ങനെ റിവേർസ് സ്വീപ്പ് (വളഞ്ഞ് മൂക്ക് പിടിക്കൽ) ചെയ്യുന്നതെന്തിനാ മിയാൻദാദാ ?