കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ അഞ്ച് മണിക്കൂറോളമാണ് തിരുവനന്തപുരത്തെ പൊതുജനം വലഞ്ഞത്. ആംബുലൻസുകൾക്ക് പോലും നീങ്ങാൻ പറ്റാത്ത തരത്തിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാക്കിക്കൊണ്ടായിരുന്നു ഈ സമരാഭാസം. ഒരു ജീവൻ ആ കുരുക്കിനിടയിൽ പൊലിയുകയും ചെയ്തു. ബസ്സുകൾ റോഡിന് നടുക്ക് ഉപേക്ഷിച്ച് മറ്റ് വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാകാത്ത തരത്തിൽ റോഡ് പൂർണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു ഈ മിന്നൽപ്പണിമുടക്ക്.
സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ അത് മറ്റ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശത്തേയും ഹനിച്ചുകൊണ്ട് ആകരുതെന്ന് മാത്രം. ഈയൊരു കാര്യം മാത്രം എത്ര പറഞ്ഞാലും കേരളത്തിലെ സമരക്കാർക്ക് മനസ്സിലാകില്ല.
അവരെ സമരം ചെയ്യാൻ പഠിപ്പിച്ചിട്ടുള്ളത് തന്നെ ചോരപ്പുഴ ഒഴുക്കിക്കൊണ്ടാണ്. മാറ്റി പഠിപ്പിക്കാൻ പറ്റാത്ത തരത്തിൽ വഷളായി പോയ ഒന്നാണ് അന്യന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെയുള്ള മലയാളിയുടെ ഈ സമരശീലങ്ങൾ. നോക്കുകൂലി പോലെ തന്നെ നിർത്തലാക്കാനോ തിരുത്താനോ പറ്റാത്ത തരത്തിൽ അധഃപ്പതിച്ച് പോയ ഒന്ന്.
കുറച്ച് മനുഷ്യത്വവും വീണ്ടുവിചാരവും സഹജീവിസ്നേഹവും മനുഷ്യാവകാശങ്ങളുമൊക്കെ ഏതെങ്കിലും പാർട്ടി നേതാക്കന്മാർ പഠിപ്പിക്കുന്നുണ്ടോ തങ്ങളുടെ അണികളെ. എത്ര പാർട്ടി നേതാക്കന്മാർക്കുണ്ട് ഇപ്പറഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള മിനിമം അവബോധം ?
മിന്നൽ പണിമുടക്ക് നടത്തണമെങ്കിൽ അതായിക്കൊള്ളൂ. പക്ഷേ, മറ്റുള്ളവരുടെ ജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ആകരുതെന്ന് മാത്രം. ഒരുപാട് ഹർത്താലുകളെ നേരിട്ടിട്ടുള്ള കേരളസമൂഹത്തിന് പെട്ടെന്ന് അൽപനേരം വാഹനഗതാഗതം നിലച്ചു പോയാൽ എന്താണ് ചെയ്യേണ്ടതെന്ന് നന്നായറിയാം. പക്ഷേ, സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാൽ ആരായാലും പെട്ടുപോകും.
മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. കളക്ടർ അന്വേഷണം ആരംഭിച്ചു. കർശന നടപടി എടുക്കുമെന്നും പറയുന്നുണ്ട്.
അതിനിടയ്ക്ക്, അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേർ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി സ്വീകരണങ്ങൾ ഏറ്റുവാങ്ങി നെഞ്ചുവിരിച്ച് നടന്നുപോയി. അന്വേഷണം കഴിയുമ്പോൾ, കൂടി വന്നാൽ കുറച്ചു ദിവസത്തെ സസ്പെൻഷൻ കിട്ടിയേക്കാം. അതിനപ്പുറം ഒരു പിണ്ണാക്ക് നടപടിയും ഉണ്ടാകാൻ പോകുന്നില്ല.
ഇത്തരം തോന്ന്യാസങ്ങൾക്ക് കടിഞ്ഞാൺ ഇടണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ, ഇന്നീ മിന്നൽ പണിമുടക്കിനിടയിൽ മരിച്ച സുരേന്ദ്രന്റെ ചിതയിലെ തീ അണയുന്നത് മുൻപേ, ഈ സമരത്തിന്റെ നേതാക്കന്മാരേയും ഇതിന് കാരണഭൂതരായവരേയും സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടുകൊണ്ടുള്ള ഒരു നടപടിയാണ് വേണ്ടത്. അല്ലെങ്കിൽ കൊലപാതകക്കുറ്റം ചുമത്തി ഒന്നോ രണ്ടോ കൊല്ലം അകത്തിടാനെങ്കിലും പറ്റണം. ഇനി ഏതെങ്കിലും പുംഗവന്മാർക്ക് ഇതുപോലെ സമരം ചെയ്യണമെന്ന് തോന്നുമ്പോൾ ഈ ശിക്ഷ ഒരു പാഠമായി മനസ്സിൽ ഓടിയെത്തണം.
പക്ഷേ അങ്ങനെയുള്ള ശിക്ഷകളൊന്നും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. യൂണിയനും യൂണിയൻ നേതാക്കന്മാരും, അവരെയൊക്കെ സമയാസമയത്ത് കൃത്യമായി പ്രയോജനപ്പെടുത്തുന്ന കക്ഷി രാഷ്ട്രീയക്കാരും പാർട്ടി നേതാക്കന്മാരുമൊക്കെ ഉള്ളയിടത്തോളം കാലം അങ്ങനെയൊരു നടപടിയൊന്നും ആരും പ്രതീക്ഷിക്കേണ്ട.
പകരം മനസ്സിലാക്കേണ്ടത്, ഏത് സമയത്തും പൊതുനിരത്തിൽ അനിശ്ചിതത്വത്തിലായി പൊലിഞ്ഞ് പോയേക്കാവുന്ന ഒരു ജീവിതം മാത്രമാണ് ഏതൊരു സാധാരണക്കാരന്റേയും എന്നാണ്. മറ്റൊരു സുരേന്ദ്രൻ മാത്രമാണ് ഏതൊരു സാധാരണക്കാരനും.
വാൽക്കഷണം:- ഒരർത്ഥത്തിൽ, ഡൽഹിയിൽ കലാപം അഴിച്ചുവിട്ട നരാധമന്മാരും ഇവരും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല.