വെളിച്ചം വീണാലുടൻ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചാൽ കിട്ടുന്ന സുഖമുണ്ടല്ലോ… എന്റെ സാറേ. മാത്രമല്ല, പകൽ മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കാൻ ആ ഒരു കുളി സഹായിക്കുന്നുണ്ട്.
കുളി വിശേഷമൊക്കെ അവിടെ നിൽക്കട്ടെ. നമുക്ക് കോട്ട വിശേഷങ്ങളിലേക്ക് കടക്കാം.
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ, അതായത് കൃത്യം 7 ദിവസത്തിൽ, 10 കോട്ടകൾ കണ്ടിരിക്കുന്നു. രണ്ടാഴ്ച്ച മുൻപ് ഇതുപോലെ ഒരു അവസരം ഒത്തു വന്നെങ്കിലും അന്ന് 9 കോട്ടയിൽ ആ യജ്ഞം പൊളിഞ്ഞു. 7 ദിവസത്തിൽ 10 കോട്ട തികയ്ക്കാൻ വേണ്ടി ഞാൻ ഓട്ടപ്പാച്ചിലൊന്നും നടത്തിയിട്ടില്ല. ആൽവാർ ഹബ്ബിൽ ധാരാളം കോട്ടകൾ ഉണ്ടായിരുന്നതാണ് തുണയായത്.
വീമ്പ് പറച്ചിൽ നിർത്തി, കോട്ടയുടെ കഥകളിലേക്ക് കടക്കാം.
രാവിലെ ചെന്ന് കയറിയത് 15 കിലോമീറ്റർ ദൂരത്തുള്ള ദധികർ കോട്ടയിലേക്ക്. അത് ഇന്നലെ ഞാൻ സന്ദർശിച്ച നീംറാണ ഹോട്ടലിനെപ്പോലെ ഒരു ഹെറിറ്റേജ് ഹോട്ടലാണ്. ആയതുകൊണ്ട് തന്നെ അവരുടെ നമ്പർ തപ്പിയെടുത്ത് പ്രവേശനം ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ₹236 പ്രവേശന ഫീസ് ഉണ്ട്. അതിലൊരു ചായ ഉൾപ്പെടും.
ഇത് മിതമായ നിരക്കും നല്ല സംവിധാനവും ആണ്. ഹോട്ടലുകളായി പരിവർത്തനം ചെയ്തിട്ടുള്ള എല്ലാ കോട്ടകളും ഇങ്ങനെ ആയിരുന്നെങ്കിൽ!
* 10-)ം നൂറ്റാണ്ടിലെ കോട്ടയാണ് ഇത്.
* അതുകൊണ്ടുതന്നെ ആകണം ആരുണ്ടാക്കി എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
* 18 മുറികളാണ് നിലവിൽ ഈ കോട്ടയിൽ ഉള്ളത്.
* കൂടുതൽ മുറികളുടേയും വലിയ ഒരു ഹാളിന്റേയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
* കല്യാണ ആവശ്യങ്ങൾക്കും മറ്റും ഇത് പൂർണ്ണമായും വിട്ടു കൊടുക്കാറുണ്ട്.
* രാജസ്ഥാനിലെ തനതായ പുരാവസ്തു മര ഉരുപ്പടികൾ ഇതിൽ നല്ല ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു.
* പഴയ കോട്ടയുടെ ഭാഗങ്ങൾ എന്ന് പറയുന്നത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. മിക്കവാറും എല്ലാം പുതിയ നിർമ്മിതിയാണ്.
* ആരവല്ലി മലയുടെ അടിവാരത്ത് വളരെ ഭംഗിയായ ഒരു ഇടത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്.
* കോട്ടയ്ക്ക് മുകളിൽ നിന്ന് ദധികർ ഗ്രാമത്തിന്റേയും കൃഷി സ്ഥലങ്ങളുടേയും നല്ല ദൃശ്യം സാദ്ധ്യമാണ്.
പ്രവേശന ഫീസ് പ്രകാരമുള്ള ചായ ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്ന് കുടിച്ചതിന് ശേഷം, 55 കിലോമീറ്റർ ദൂരത്തുള്ള ബാൻസുർ എന്ന രണ്ടാമത്തെ കോട്ടയിലേക്ക് നീങ്ങി. ഒന്നര മണിക്കൂറോളം യാത്രയുണ്ട് അങ്ങോട്ട്. ആരവല്ലി മലമടക്കുകൾക്ക് അപ്പുറത്തേക്ക് ഓടിച്ച് പോകണം.
വന്നുവന്ന് ദിവസത്തിൽ ഒരു പ്രാവശ്യം ആരവല്ലിയുടെ ഹെയർപിന്നുകൾ കയറിയിറങ്ങിയില്ലെങ്കിൽ ഒരു രസമില്ല എന്നായിരിക്കുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ വർഷം ആരംഭത്തിൽ കുംഭൽഗഡ് ഭാഗത്താണ് ആദ്യമായി ഞാൻ ആരവല്ലി ഹെയർപിന്നുകളിൽ ഭാഗിക്കൊപ്പം സഞ്ചരിച്ചത്. സാധാരണ ഹെയർപിന്നുകളിൽ ഡ്രൈവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാ ആശങ്കകളും അന്നുണ്ടായിരുന്നു. ഇന്നിപ്പോൾ അത്തരം ബേജാറുകൾ വളരെ കുറവാണ്. പരമാവധി 20 നിലയുള്ള ഒരു കെട്ടിടത്തിന്റെ ഉയരമാണ് ആരവല്ലി മലനിരകൾക്കുള്ളത്. പശ്ചിമഘട്ടത്തിന്റെ കണക്കുവച്ച് നോക്കിയാൽ തീരെ ചെറിയ ഉയരം.
ബാൻസുർ കോട്ടയിലേക്ക് സഞ്ചരിക്കുമ്പോൾ എനിക്ക് ശരിക്കും ബേജാർ ഉണ്ടായിരുന്നു. മലയ്ക്ക് മുകളിൽ കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ് ആ കോട്ടയെന്ന് ഇന്റർനെറ്റ് ചിത്രങ്ങളിൽ നിന്ന് തോന്നിയിരുന്നു. അങ്ങനെയാണെങ്കിൽ, ആ മല കയറാൻ പറ്റിയില്ലെങ്കിൽ ഒരാഴ്ച്ചയിൽ 10 കോട്ട എന്ന ലക്ഷ്യം തകരും. മുൻപും ഇതേ കാരണത്താൽ 9 കോട്ടയിൽ ആ റെക്കോർഡ് തകർന്നിട്ടുണ്ട്.
പട്ടണത്തിന്റെ നടുവിലേക്കാണ് ഗൂഗിൾ ഭൂപടം കൊണ്ടുചെന്നത്. അതെനിക്ക് പ്രതീക്ഷ നൽകി. അത്തരം ഇടങ്ങളിൽ കോട്ടകളിലേക്ക് കയറാൻ പറ്റിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് രാജ്ഗഡിലും അങ്ങനെയാണ് സംഭവിച്ചത്. ബാൻസുറിലും അങ്ങനെ തന്നെ സംഭവിച്ചു. ഭാഗിയെ പട്ടണത്തിന്റെ തെരുവിൽ ഒതുക്കിയ ശേഷം അവസാനത്തെ 100 മീറ്റർ ഇടുങ്ങിയ തെരുവിലൂടെ നടന്ന് കോട്ടയിലേക്കുള്ള വഴിയും പടികളും ഞാൻ കണ്ടുപിടിച്ചു.
കോട്ടയ്ക്ക് ഉള്ളിൽ ഒരു ശിവക്ഷേത്രം ഉണ്ട്. അതുകൊണ്ടുതന്നെ ഭക്തന്മാർ കോട്ടയിൽ കയറും. കോട്ട കുറച്ചെങ്കിലും ആളനക്കത്തോടെ നിൽക്കും, വൃത്തിയും വെടിപ്പും ഉണ്ടാകും, കാടും പടലും കുറയും. ദേവാലയങ്ങൾ ഉള്ള കോട്ടകളിൽ അത് എൻ്റെയൊരു സാമാന്യ നിരീക്ഷണമാണ്.
* കോട്ടയ്ക്ക് മുകളിലേക്ക് കയറാൻ നഗരത്തിന്റെ രണ്ട് വശങ്ങളിൽ നിന്ന് പടികളുണ്ട്.
* കോട്ട ജീർണ്ണാവസ്ഥയിലാണ്. പലയിടത്തും ചുമരുകളും കൊത്തളങ്ങളും ഇടിഞ്ഞ് വീണിട്ടുണ്ട്.
* കോട്ടയ്ക്കുള്ളിൽ ഒരു ജലസംഭരണി ഉള്ളതും മോശമായി കിടക്കുന്നു.
* മേൽക്കൂര ഇല്ലാത്ത അവസ്ഥയിലാണ് കോട്ടയ്ക്കുള്ളിലെ കെട്ടിടങ്ങൾ.
* കോട്ടയ്ക്കുള്ളിലെ ശിവക്ഷേത്രം മാത്രം ആധുനിക രീതിയിൽ ഉണ്ടാക്കി ഗ്രില്ലിട്ട് സംരക്ഷിച്ചിട്ടുണ്ട്.
* എന്നുണ്ടാക്കി? ആരുണ്ടാക്കി? തുടങ്ങിയ വിവരങ്ങൾ ഒന്നും കോട്ടയെപ്പറ്റി ലഭ്യമല്ല. ആൽവാറിന്റെ അതിർത്തിയായി നിന്നിരുന്ന കോട്ടയാണെന്ന് മാത്രം പറയുന്നുണ്ട്.
വൈകിട്ട് 5 മണിയോടെ ബാൻസുറിൽ നിന്ന് തിരിച്ച് ആൽവാറിൽ എത്തി.
എറണാകുളത്ത് നിന്ന് പുറപ്പെടുമ്പോൾ ആവശ്യത്തിന് സ്വറ്ററുകൾ കരുതിയിരുന്നു എന്നാണ് ധാരണ. പക്ഷേ കിടക്കയുടെ അടിയിൽ പരിശോധിച്ചപ്പോൾ സ്വറ്ററുകൾ കാണുന്നില്ല. തണുപ്പ് ആയതുകൊണ്ട് 70% വരെ വിലക്കുറവിൽ മിക്കവാറും കമ്പനികളെല്ലാം discount sale തുടങ്ങിക്കഴിഞ്ഞു.
തണുപ്പ് മുഴുവൻ പ്രതിരോധിക്കുന്ന ജാക്കറ്റുകളെക്കാൾ എനിക്കിഷ്ടം തണുപ്പ് അരിച്ചരിച്ച് ഉള്ളിലേക്ക് കടക്കുന്ന സ്വറ്ററുകൾ ആണ്. അങ്ങനെയൊന്ന് വാങ്ങി.
തിജാര എന്ന കോട്ട മാത്രമാണ് ആൽവാർ ഹബ്ബിൽ അവശേഷിക്കുന്നത്. മിക്കവാറും തിങ്കളാഴ്ച്ച ആൽവാർ വിടേണ്ടി വരും. പിന്നെ ഭരത്പൂർ. അവിടെ ഒരാഴ്ച്ച സഞ്ചരിക്കാനുണ്ട്. അതോടെ രാജസ്ഥാനിലെ എൻ്റെ ദിനങ്ങൾ കഴിയുകയാണ്.
കേരളത്തിന് വെളിയിൽ ഞാൻ ഏറ്റവും കൂടുതൽ സഞ്ചരിച്ചിട്ടുള്ള സംസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ, ഉത്തരം രാജസ്ഥാൻ എന്ന് തന്നെ. ഗോവയും തെലുങ്കാനയും ചെറിയ സംസ്ഥാനങ്ങൾ ആയതുകൊണ്ട് അവിടത്തെ സഞ്ചരിച്ച ദൂരവും കുറവാണ്.
ശുഭരാത്രി.