ബാംഗ്ലൂർ ഡെയ്സ്

കണ്ട കോട്ടകൾ എത്രയോ തുച്ഛം


77
ത്ര പ്രാവശ്യം ബാംഗ്ലൂർക്ക് യാത്ര ചെയ്തിരിക്കുന്നു! രണ്ട് തവണയായി എത്രയോ നാൾ ബാംഗ്ലൂരിൽ ജീവിച്ചിരിക്കുന്നു! എന്നിട്ടും ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബാംഗ്ലൂർ കോട്ട കാണാനായത്.

ബാംഗ്ലൂർ നഗരത്തോളം പഴക്കമുള്ള കോട്ട. പക്ഷേ ഇന്നത് പൂർണ്ണരൂപത്തിൽ ഇല്ല. 4 % മാത്രമാണ് ബാക്കി എന്നാണ് പറയപ്പെടുന്നത്. ചില ഭാഗങ്ങൾ ഇടിഞ്ഞ് വീണതുകൊണ്ടും സന്ദർശകരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടും, കോട്ടയുടെ പല ഭാഗങ്ങളിലേക്കും സന്ദർശനം തടയപ്പെട്ട് തുടങ്ങിയിരിക്കുന്നു. നാളെ പ്രവേശനം തന്നെ തടയാനും മതി. ആയതിനാൽ ഇതുവരെ ബാംഗ്ലൂർ കോട്ട കാണാത്ത ബാംഗ്ലൂർ നിവാസികളും ഇതരദേശ സഞ്ചാരികളും ഇനി വൈകിക്കേണ്ട.

ഹംപി എന്ന തലസ്ഥാനത്തെച്ചുറ്റി വിജയനഗരം എന്ന സാമ്രാജ്യം ഉണ്ടായിരുന്നത് പോലെ, ഈ പ്രദേശത്ത് ഒരു കോട്ടയും അതിന്റെ പരിസരത്ത് ഒരു അങ്ങാടിയും അതിൽ നിന്ന് പടർന്ന് കിടക്കുന്ന ഒരു നഗരവും ഉണ്ടാക്കണമെന്നുള്ള കെമ്പഗൗഡയുടെ ആഗ്രഹത്തിന്റെ ഫലമാണ് ബാംഗ്ലൂർ കോട്ടയും ബാംഗ്ലൂർ നഗരവും. എന്നിട്ടും നമ്മളാ കോട്ട കാണാതെ നഗരത്തിന്റെ തിരക്കുകളിൽ കാലങ്ങളോളം ജീവിക്കുന്നു ! മുറ്റത്തെ മുല്ലയ്ക്ക് നല്ല മരണമാണെന്ന് രണ്ട് ദിവസം മുൻപ് മനസ്സിലാക്കിയ ഒരുവൻ്റെ ജൽപ്പനമായി കണ്ടാൽ മതി.

അങ്ങനെയിരിക്കെ, ഇന്ത്യയിലുള്ള 1000ലേറെ കോട്ടകളിൽ എത്രയെണ്ണം കണ്ടിട്ടുണ്ട് എന്നൊരു കണക്കെടുപ്പ് നടത്തി. ആ ലിസ്റ്റ് താഴെ ചേർക്കുന്നു.

1. ഫോർട്ട് ഇമ്മാനുവൽ – കൊച്ചി
2. പള്ളിപ്പുറം കോട്ട – എറണാകുളം
3. കോട്ടപ്പുറം കോട്ട – തൃശൂർ
4. ചേറ്റുവ (വില്ല്യം) കോട്ട – തൃശൂർ
5. പാലക്കാട് കോട്ട – പാലക്കാട്
6. തലശ്ശേരി കോട്ട – തലശ്ശേരി
7. സെൻ്റ് ആഞ്ചലോ കോട്ട – കണ്ണൂർ
8. ബേക്കൽ കോട്ട – കാസർഗോഡ്
9. ചന്ദ്രഗിരിക്കോട്ട – കാസർഗോഡ്
10. മിർജാൻ കോട്ട – കർണ്ണാടക
11. കബൊഡ രാമ കോട്ട – ഗോവ
12. ചപ്പോറ കോട്ട – ഗോവ
13. അഗ്വാഡ കോട്ട – ഗോവ
14. മേറങ്കർ കോട്ട – രാജസ്ഥാൻ
15. ഗോൾഡൻ ഫോർട്ട് – രാജസ്ഥാൻ
16. ചെങ്കോട്ട – ഡൽഹി
17. ഗോൾക്കൊണ്ട കോട്ട – തെലുങ്കാന
18. ഭോങ്കിർ കോട്ട – തെലുങ്കാന
19. വാറങ്കൽ കോട്ട – തെലുങ്കാന
20. എലഗണ്ടൽ കോട്ട – തെലുങ്കാന
21. നിസ്സാമാബാദ് കോട്ട – തെലുങ്കാന
22. കില രാമാലയം – തെലുങ്കാന
23. ദോമകൊണ്ട കോട്ട – തെലുങ്കാന
24. നിർമ്മൽ കോട്ട – തെലുങ്കാന
25. രാമഗിരി കോട്ട – തെലുങ്കാന
26. ശ്രീരംഗപട്ടണം കോട്ട – കർണ്ണാടക
27. ദേവനഹള്ളി കോട്ട – കർണ്ണാടക
28. ചിത്രദുർഗ്ഗ കോട്ട – കർണ്ണാടക
29. ബാംഗ്ലൂർ കോട്ട – കർണ്ണാടക

താഴെയുള്ള 3 കോട്ടകൾ കൂടെ വേണമെങ്കിൽ ഉൾപ്പെടുത്താം.

1. വെട്ടി മുറിച്ച കോട്ട – തിരുവനന്തപുരം
2. ഈസ്റ്റ് ഫോർട്ട് – തിരുവനന്തപുരം
3. നെടുങ്കോട്ട – തൃശൂർ

അടുത്ത 5 വർഷത്തിനുള്ളിൽ, 250 ഇന്ത്യൻ കോട്ടകളെയെങ്കിലും ബക്കറ്റിൽ നിന്ന് പുറത്താക്കണമെന്നാണ് ആഗ്രഹം. അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നില്ല. 143 കോട്ടകൾ കർണ്ണാടകയിൽത്തന്നെ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 16 എണ്ണം ഗോവയിലും.

വാൽക്കഷണം:- തുടർന്ന് കാണുന്ന ഓരോ കോട്ടകളുടെ പേരും പടവും, അതാത് സമയത്ത് ഈ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്ത് വെറുപ്പിക്കുന്നതാണ്.