Monthly Archives: June 2013

y

വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം‘


ണ്ണൂര് പഠിക്കുന്ന കാലം. അവധിക്ക് വീട്ടിലേക്ക് വരുന്നതും പോകുന്നതുമൊക്കെ പരശുറാം എക്സ്പ്രസ്സിലാണ്. മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോൾ അങ്ങനെയൊരു അവധിക്കാലത്ത് ആലുവയിൽ നിന്നും വണ്ടി കയറി കണ്ണൂരേക്കുള്ള യാത്ര. ആറ് മണിക്കൂറിൽ അധികമെടുക്കുന്ന ആ യാത്രകൾ പലപ്പോഴും വിരസമായിരുന്നു. വായനയൊന്നും അക്കാലത്ത് കാര്യമായിട്ട് ഉണ്ടായിരുന്നില്ല. അച്ഛന്റെ പഴേ കുറേ പുസ്തകങ്ങൾ അലമാരയിൽ ഉള്ളത് അത്രയ്ക്കൊന്നും ദഹിച്ചിരുന്നില്ല. പിന്നെ ഉണ്ടായിരുന്നത് ഡി.സി.യുടെ മെമ്പർഷിപ്പ് വഴി എല്ലാ മാസവും കിട്ടുന്ന 3 പുസ്തകങ്ങളായിരുന്നു. അതിലുമുണ്ട് എനിക്ക് മനസ്സിലാകാത്തതും പിടിക്കാത്തതുമായ കുറേ പുസ്തകങ്ങൾ. ബാക്കിയുള്ളത് ചിലതൊക്കെ വായിക്കുമെന്നല്ലാതെ വലിയ വായനാശീലമൊന്നും (ഇന്നുമില്ല)ഇല്ലായിരുന്നു.

തീവണ്ടിയാത്രയിലേക്ക് തിരിച്ചുവരാം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ശ്രദ്ധിച്ച, കൈയ്യിലൊരു തടിയൻ പുസ്തകവും പിടിച്ച് നിൽക്കുന്ന മദ്ധ്യവയസ്ക്കൻ, വണ്ടിക്കകത്ത് എന്റെ തൊട്ടടുത്ത് തന്നെ വന്നിരുന്നു, പുസ്തകം സീറ്റിൽ വെച്ചു.

‘യന്ത്രം – മലയാറ്റൂർ‘

ആലുവ-കണ്ണൂർ യാത്രകൾ വിരസമായിരുന്നെന്ന് പറഞ്ഞല്ലോ ? ‘ഒന്ന് നോക്കട്ടേ?‘ എന്ന് അനുവാദം ചോദിച്ച് ‘യന്ത്രം’ ഞാൻ കൈയ്യിലെടുത്തു. അതിന് മുൻപ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ ചിലത് മാത്രമാണ് വായിച്ചിട്ടുള്ളത്. വണ്ടി ആലുവ സ്റ്റേഷൻ വിട്ടു. വെറുതെ നോക്കാൻ വാങ്ങിയ പുസ്തകത്തിന്റെ ആദ്യപേജ് മുതൽ ഞാൻ വായന തുടങ്ങി.

ഷൊർണൂരെത്തുമ്പോൾ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഷൊർണൂര് കഴിഞ്ഞത് അറിഞ്ഞതേയില്ല.. അതിന് മുന്നുള്ള സ്റ്റേഷനുകളും ഞാനറിഞ്ഞില്ല. ഇതിനിടയ്ക്ക് എപ്പോഴോ ‘യന്ത്ര‘ത്തിന്റെ ഉടമസ്ഥൻ ഇറങ്ങുന്നത് എവിടെയാണെന്ന് ഞാൻ തിരക്കി. തലശ്ശേരിയിൽ അദ്ദേഹമിറങ്ങും. അടുത്ത സ്റ്റേഷനിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്തായാലും തലശ്ശേരി വരെ സമയം കിട്ടും. അത്രയും നേരം വായിക്കാമല്ലോ ? കോഴിക്കോട് കഴിഞ്ഞാൽ‌പ്പിന്നെ അപ്പുറത്ത് നിന്ന് വരുന്ന വണ്ടികൾ കാത്തുകിടന്നും നിരങ്ങിനീങ്ങിയുമൊക്കെ പോകുന്ന വണ്ടിയാണ്. ഏറ്റവും ഇഴഞ്ഞ് നീങ്ങിയിരുന്ന ആ നിമിഷങ്ങൾ ശരവേഗത്തിൽ പായുന്നതായി എനിക്ക് തോന്നി. ആ വായന അത്രയ്ക്ക് ഹരം പിടിപ്പിച്ചിരുന്നു. തലശ്ശേരി എത്തുന്നതിന് മുന്നേ പുസ്തകം തീർക്കണം. വണ്ടി പക്ഷേ, കുതിച്ച് പായുന്നത് പോലെ.

ഇതിനിടയ്ക്ക് ഞാനൊരു കാര്യം മറന്നു, അല്ലെങ്കിൽ മനഃപ്പൂർവ്വം ഓർക്കണ്ട എന്നുവെച്ചു. ദീർഘദൂരയാത്രയിൽ ബോറടി മാറ്റാൻ ഉടമസ്ഥൻ കൈയ്യിൽ കൊണ്ടുവന്ന പുസ്തകമാണ്, വിട്ടുകൊടുക്കാതെ ഞാൻ കരണ്ടുതിന്നുന്നത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച്, സ്റ്റേഷനുകളിൽ വണ്ടി നിർത്തിയോ ഇല്ലയോ, ആരൊക്കെ കയറി കയറിയില്ല, എന്നതൊന്നും നോക്കാതെ, തലയുയർത്താതെ വായനയിൽ മുഴുകിയിരിക്കുന്ന എന്നെക്കണ്ടപ്പോൾ ‘ചെക്കൻ വായിച്ചോട്ടെ എനിക്കിനിയും വായിക്കാമല്ലോ‘ എന്ന് അദ്ദേഹം കരുതിക്കാണാതെ തരമില്ല.

വണ്ടി തലശ്ശേരി എത്താറായി. എന്റെ ആക്രാന്തം കണ്ടിട്ട് അദ്ദേഹം ചിലപ്പോൾ എനിക്ക് പുസ്തകം തന്നിട്ട് പോയ്ക്കളയാനും സാദ്ധ്യതയുണ്ട്. അതുമോശമല്ലേ ? വണ്ടി നിർത്തുന്നതിന് മുന്നേ, നന്ദി പറഞ്ഞ് പുസ്തകം ഞാൻ തിരിച്ചുകൊടുത്തു.

“തീർന്നോ ?”

“ഇല്ല. 99 അദ്ധ്യായമേ തീർന്നുള്ളൂ. ഇനീം പത്തിരുപത് പേജുകൂടെ ഉണ്ടെന്ന് തോന്നുന്നു.”

“എന്നാപ്പിന്നെ വെച്ചോളൂ. തീർത്തിട്ട് തന്നാമ്മതി.”

“അയ്യോ… അത് വേണ്ട, നമ്മളിനി എവിടന്ന് കാണാനാ?”

“അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം. എന്റെ വീട് എടവനക്കാടാണ്. മുനമ്പത്ത് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുള്ളതാ.”

ഇദ്ദേഹത്തിന് എന്നെ അറിയാമെന്നോ ?!!!! ഞാൻ കണ്ണുതള്ളി നിന്നു.

“അച്ഛനേം അമ്മയേം ഞാനറിയും. എടവനക്കാട്ടെ വിശ്വനാഥൻ എന്ന് പറഞ്ഞാൽ മതി.”

“പക്ഷെ, എന്നെ എങ്ങനെ മനസ്സിലായി ?”

“അതൊക്കെ മനസ്സിലായി. എന്നാലും, ഭക്ഷണം പോലും കഴിക്കാത ഇങ്ങനുണ്ടോ ഒരു വായന. ഞാൻ ശരിക്കും നോക്കിയിരുന്നുപോയി. കൊള്ളാം, ഇങ്ങനെ തന്നെ വായിക്കൂ. ഞാനിറങ്ങുന്നു. പിന്നെപ്പോഴെങ്കിലും കാണാം.”

വണ്ടി തലശ്ശേരി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. യന്ത്രത്തിന്റെ പല്ലുകൾക്കിടയിൽ കിടന്ന് ഉരുണ്ടുപിരുണ്ടതിന്റെ ത്രില്ല് ഒട്ടും വിട്ടുമാറുന്നതിന് മുൻപ് വേറൊരു ത്രില്ല് കൂടെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി.

“…..ഇല്ല… എനിക്കുടൻ പോകണം. എനിക്ക് ആനിയെ കാണണം. ബൈ ദി വേ… എന്നെ ഇമ്മട്ടിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ അവരുദ്ദേശിക്കുന്നുവെന്ന് ഏത് സോർസിൽ നിന്നാണറിഞ്ഞത് ?”

“ബാലചന്ദ്രനാണ് പറഞ്ഞത്. രണ്ടുദിവസം മുൻപ് ജയശങ്കർ ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാവണം ബാലചന്ദ്രനറിഞ്ഞത്…“ ജെയിംസ് കാറിൽ കയറി.

ജവഹർനഗറിലേക്കുള്ള തിരിവ് കടന്നപ്പോൾ ഒരു വലിയ ചോദ്യമുയർന്നു. ആനിയോടെല്ലാം പറയണോ? ഇപ്പോൾ കേട്ടതെല്ലാം അവളെ അറിയിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?

തൊണ്ണൂറ്റി ഒൻപതാം അദ്ധ്യായം അങ്ങനെയാണ് അവസാനിക്കുന്നത്. വലിയ സസ്പെൻസോ വഴിത്തിരിവോ ഒന്നും നോവലിൽ ഇനിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും, കഥാപാത്രങ്ങളെല്ലാം ചുറ്റും വട്ടമിട്ട് നിൽക്കുന്നു. അവസാനത്തെ ചാപ്റ്റർ അടക്കം വായിച്ചുതീർക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല. കണ്ണൂര് എവിടെയൊക്കെയാണ് ലൈബ്രറിയുള്ളതെന്ന് മനസ്സ് തിരഞ്ഞു. പൊലീസ് ഗ്രൌണ്ടിന്റെ മൂലയ്ക്ക് കക്കാട് ഭാഗത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്താണ് പബ്ലിക്ക് ലൈബ്രറി. പക്ഷെ അംഗത്വമില്ല. ഉണ്ടെങ്കിലും പുസ്തകം അവിടെ റാക്കിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. പിന്നെന്ത് ചെയ്യും ? എന്തുചെയ്യണമെങ്കിലും വണ്ടിയൊന്ന് കണ്ണൂരെത്തണമല്ലോ.

നാശം പിടിച്ച വണ്ടി തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക്, മണിക്കൂറുകൾ എടുക്കുന്നത് പോലെ ! ‘യന്ത്രം‘ കൈയ്യിലുണ്ടായിരുന്ന സമയമത്രയും ഇതേ വണ്ടി, കുതിച്ചുപായുന്നതുപോലെയാണല്ലോ തോന്നിയിരുന്നത്.

ഞാനാകെ പരവശനായിരുന്നു. വണ്ടി കണ്ണൂരെത്തിയപ്പോൾ ചാടിയിറങ്ങി, ധൃതിയിൽ നടന്ന് പ്ലാറ്റ്ഫോമിന് വെളിയിൽ കടന്നു. ഫോർട്ട് റോഡ് തുടങ്ങുന്ന കവലയിൽ NBS ന്റെ ബുക്ക് സ്റ്റാൾ ഒരെണ്ണം എപ്പോഴോ കണ്ടിട്ടുണ്ട്. ഇപ്പോൾ ഉണ്ടോന്നറിയില്ല. നേരെ അങ്ങോട്ട് വിട്ടു. ഭാഗ്യം ആ സ്റ്റാൾ അവിടെത്തന്നെയുണ്ട്, യന്ത്രവും സ്റ്റോക്കുണ്ട്. പക്ഷെ 55 രൂപ കൊടുത്ത് വാങ്ങണമെന്ന് വെച്ചാൽ, ഹോസ്റ്റൽ ഫീസടക്കം ഒരുമാസത്തെ ചിലവിനായി എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരിക്കുന്ന നാലഞ്ച് നോട്ടുകളിൽ ഒരെണ്ണം തീർന്നുകിട്ടും. നിന്നനിൽ‌പ്പിൽ അവിടെ വെച്ച് തന്നെ വായിക്കാമെന്ന് വെച്ചാൽ, ചിലപ്പോൾ കടക്കാരന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരും.

വരുന്നിടത്ത് വെച്ച് കാണാം. 55 രൂപ കൊടുത്ത് പുസ്തകം വാങ്ങി. ഇനിയെന്ത് ?! ഹോസ്റ്റലിലേക്ക് ചെന്നാൽ തുടർ‌വായന നടക്കില്ല. അത് വേറൊരു ലോകമാണ്. 25 ദിവസം കഴിഞ്ഞാലും 25 പേജ് വായിച്ച് തീർക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ വെച്ച് വല്ലതും വായിച്ചിരുന്നെങ്കിൽ ഇന്നെവിടെ എത്തേണ്ടതാണ്.) ഇന്ന് വായിച്ച് തീർത്തില്ലെങ്കിൽ 55 രൂപ ചിലവാക്കിയതിന് ഒരർത്ഥവുമില്ല.

നേരെ തൊട്ടടുത്തുള്ള കോഫി ഹൌസിലേക്ക് നടന്നു. ഓർഡർ എടുക്കാൻ വിശറിത്തൊപ്പിവെച്ച വെയ്റ്റർ വന്നപ്പോഴേക്കും പേജുകൾ പിന്നേയും മറിഞ്ഞിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ‘യന്ത്രം‘ അവസാനിച്ചു. എന്തോ ഒന്ന് വെട്ടിപ്പിടിച്ച പോലെ ഞാനൊന്ന് നിവർന്നിരുന്നു.

അതുപോലൊരു വായനാദിനം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്നെങ്കിലുമൊക്കെ ഉണ്ടാകണേ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.

വായനയിലേക്ക് പിടിച്ചടുപ്പിച്ചത്, മികച്ച മൌലിക കൃതിക്കുള്ള 1979ലെ വയലാർ അവാർഡ് നേടിയ യന്ത്രവും, മലയാറ്റൂരുമാണെന്ന് നിസംശയം പറയാൻ എനിക്കാവും. പിന്നീടങ്ങോട്ട് മലയാറ്റൂരിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിച്ചിട്ടുണ്ട്. യന്ത്രം വായിച്ചതിനുശേഷം നോവലിസ്റ്റിന്റെ ‘എന്റെ IAS  ദിനങ്ങൾ‘ വായിക്കുന്നത് വളരെ നല്ല ഒരു അനുഭവം തന്നെയാണ്. ‘യന്ത്ര‘ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും, ‘എന്റെ IAS ദിനങ്ങളിൽ‘, വ്യക്തികളും കഥാകൃത്തിന്റെ അനുഭവങ്ങളുമായി മുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു വായനാനുഭവമാണ് ഉണ്ടാകുന്നത്.

ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഒരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.