Monthly Archives: April 2020

ജപ്തി


11
രിടത്തൊരിടത്ത് ഒരു സർക്കാർ അദ്ധ്യാപകൻ ഉണ്ടായിരുന്നു. ഏകദേശം മൂന്ന് വ്യാഴവട്ടങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ കുറച്ച് ഭൂസ്വത്ത്, സർക്കാർ ആവശ്യത്തിലേക്കായി ഏറ്റെടുക്കപ്പെട്ടു. ആ സ്ഥലത്ത് സർക്കാർ അവരുടെ നിർമ്മിതികളും പ്രവർത്തനവും ആരംഭിച്ചു.

പക്ഷേ, ഭൂസ്വത്തിന് പകരം സർക്കാർ നിശ്ചയിച്ച, ‘പൊന്നും വില’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തുക പൂർണ്ണമായും അദ്ദേഹത്തിന് കിട്ടിയില്ല. ഇടയ്ക്കിടയ്ക്ക് ചില ഗഡുക്കൾ കിട്ടും. ബാക്കിയുള്ള തുക നീണ്ട് നീണ്ട് പലിശയും കൂട്ടുപലിശയും അതിനും മുകളിൽ പലിശയുമായി പെരുകിക്കൊണ്ടേയിരുന്നു.
അദ്ധ്യാപകൻ കോടതിയെ സമീപിച്ചു. കേസിന്റെ അവസാനം ലാൻഡ് ട്രിബ്യൂണലിൽ നിന്ന് അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു.

സർക്കാരിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് തുക ഒറ്റയടിക്ക് ഈടാക്കുകയാണ് അടുത്ത നടപടി. സർക്കാരോ ബാങ്കുകളോ വ്യക്തികളെ ജപ്തി ചെയ്യുന്നത് പോലെ തിരിച്ച് സർക്കാരിനെ ജപ്തി (R.R. – റവന്യൂ റിക്കവറി) ചെയ്യാനും വകുപ്പുണ്ട്.

ഇത്തരം കേസുകൾ വാദിക്കുന്ന വക്കീലന്മാർക്ക്, പതിവിന് വിപരീതമായി, നഷ്ടപരിഹാര തുകയുടെ നിശ്ചിത ശതമാനമാണ് വക്കീൽ ഫീസ്. അതുകൊണ്ടുതന്നെ സർക്കാരിനെ ജപ്തി ചെയ്യാൻ വക്കീലിന് വലിയ ഉത്സാഹമായിരുന്നു.

പക്ഷേ…..

“ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഇത്രയും കാലം എനിക്ക് അന്നം തന്നത് സർക്കാരാണ്. അതുകൊണ്ടുതന്നെ സർക്കാരിനെ ജപ്തി ചെയ്യുന്ന പരിപാടിക്ക് ഞാനില്ല. അത് സാദ്ധ്യമല്ല. സർക്കാരിന് പണം ഉണ്ടാകുമ്പോൾ തരട്ടെ. അതുവരെ കാത്തിരിക്കാം.”….. എന്ന്, കഥാനായകനായ അദ്ധ്യാപകൻ കടുപ്പിച്ച് പറഞ്ഞു. വക്കീൽ നിരാശനായി മടങ്ങി. അങ്ങനെ കളക്ടറേറ്റ് ജപ്തി ചെയ്യുന്ന ഒരു രംഗം ഒഴിവായി. വ്യക്തികൾ തന്നെയാണ് സർക്കാർ. സ്വയം ജപ്തി ചെയ്യുന്നത് സാമാന്യം കഠിനമായ മാനസ്സിക പ്രക്രിയ തന്നെയാണ്.

സർക്കാരുകൾ പലതും മാറി മാറി വന്നു. ഒന്നുരണ്ട് ഗഡുക്കൾ പിന്നെയും അദ്ധ്യാപകന് കിട്ടി. പക്ഷേ, വർഷങ്ങൾ നീണ്ടിട്ടും തുക പൂർണ്ണമായും കിട്ടിയില്ല. അതിനിടയ്ക്ക്, എല്ലാ മനുഷ്യരേയും പോലെ മേൽപ്പടി അദ്ധ്യാപകനും ഒരു ദിവസം കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു.

35 വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത ഭൂമിയുടെ വിലയുടെ ബാക്കിയായി, ആറ് കൊല്ലം മുന്നുള്ള കണക്ക് പ്രകാരം 70,000+ രൂപ(കരമടച്ചത്) ഇനിയും സർക്കാരിൽ നിന്ന് അദ്ധ്യാപകന് കിട്ടാനുണ്ട്. അതിപ്പോൾ പലിശ പെരുകി ഒരു ലക്ഷത്തിന് മുകളിൽ ആയിക്കാണും.

കാലചക്രം തിരിയുന്നത് സാമാന്യം നല്ല വേഗത്തിലാണല്ലോ ? അദ്ധ്യാപകന്റെ മൂന്ന് മക്കളും ഇന്ന് മദ്ധ്യവയസ്ക്കരായിരിക്കുന്നു. അവരിൽ രണ്ട് പേർ അദ്ധ്യാപകരാണ്. മൂന്നാമത്തെയാൾ സാക്ഷരനുമല്ല. അച്ഛൻ ചെയ്യാത്ത കാര്യങ്ങൾ മക്കളും ചെയ്യുമെന്ന് തോന്നുന്നില്ല. കുടിശ്ശികപ്പണം മൂന്നാമത്തെ തലമുറയിലേക്ക് നീണ്ടുപോയെന്നിരിക്കാം. സർക്കാരിന് പണമുണ്ടാകുമ്പോൾ കൊടുക്കുമായിരിക്കും. ഇല്ലാത്തതുകൊണ്ടാണെന്ന് അറിയിച്ചാൽ, ആ തുക എഴുതിത്തള്ളാനുള്ള നടപടികൾക്ക് മക്കൾ തയ്യാറായെന്നുമിരിക്കും.

വാൽക്കഷണം:- എല്ലാത്തരം വ്യക്തികളും ചേർന്നതാണ് സമൂഹം. ഒന്നോ രണ്ടോ വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ, ഒരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത്, ഇതുവരെ അവരിൽ അർപ്പിച്ച മുഴുവൻ ആദരവും സ്നേഹവും വിശ്വാസവും ജപ്തി ചെയ്യുന്നതിന് തുല്യമാണ്.