വായിച്ചപ്പോൾ വലിയ സങ്കടം തോന്നിയ ഒരു വാർത്ത. ബാബുരാജ് എന്ന തെരുവ് ഗായകന് നിരത്തുകളിൽ പാടാനാവുന്നില്ല. പൊലീസ് അയാളെ തടയുന്നു. കാരണം, പാട്ട് കേട്ട് ആള് കൂടുന്നത് കാരണം സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നത്രേ!
കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിൽ കക്ഷിരാഷ്ട്രീയക്കാരുടേത് അടക്കം ആരുടേയും പൊതുസമ്മേളനങ്ങൾ നടത്താൻ പാടില്ലെന്നാണ്. നിരത്തുകളിൽ തിരക്കൊഴിവാക്കാനും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാനും വേണ്ടിയാണ് ആ ഉത്തരവ് ഇറക്കിയത്. എന്നിട്ടെന്തായി? റോഡരുകിൽ മൈക്ക് വെച്ച് സംസാരിക്കുന്നതിന് പകരം സമീപത്തുള്ള ഏതെങ്കിലും ഒരു കെട്ടിടത്തിൻ്റെ വരാന്തയിൽ നേതാക്കന്മാർ നിരന്നിരുന്ന് മൈക്ക് വെച്ച് പ്രസംഗിക്കാൻ തുടങ്ങി. ഈ പ്രസംഗം കേൾക്കണമെങ്കിൽ റോഡിൽത്തന്നെ തടിച്ച് കൂടണം ജനങ്ങൾക്ക്. കോടതി നടപടിക്ക് കാൽക്കാശ് വിലയില്ലാതാക്കിക്കൊണ്ടുള്ള പ്രകടനം. ഇങ്ങനെ ജനങ്ങൾ തടിച്ച് കൂടുമ്പോൾ ഇല്ലാത്ത സുരക്ഷാപ്രശ്നങ്ങളാണോ ഒരു തെരുവ് ഗായകൻ്റെ പാട്ട് കേട്ട് ആള് കൂടിയാൽ ഉണ്ടാകുന്നത്?
രണ്ടാഴ്ച്ച മുൻപ് എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് നടക്കുന്ന ഒരു കക്ഷിരാഷ്ട്രീയ പാതയോര പ്രസംഗം കാണാനും കേൾക്കാനും ഇടയായി. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാല്യങ്കര ഭാഗത്തേക്ക് തിരിക്കുന്ന റൗണ്ട് എബൗട്ട് എന്ന് വേണമെങ്കിൽ പറയാവുന്ന റോഡിൻ്റെ ഒത്ത നടുക്കാണ് മൈക്ക് കെട്ടിയുള്ള പ്രസംഗവും അത് കേൾക്കാൻ വേണ്ടിയുള്ള ആൾക്കൂട്ടവും. കോടതിയലക്ഷ്യം ആയിട്ട് പോലും അതൊന്നും പൊലീസ് തൊടില്ല. പഞ്ചപുച്ഛമടക്കി സല്യൂട്ട് ചെയ്ത് നിൽക്കും. വയറ്റിൽ പിഴപ്പിന് വേണ്ടി ആരെങ്കിലും നിരത്തുകളിൽ പാടുമ്പോൾ മാത്രം നിയമം സടകുടഞ്ഞെഴുന്നേറ്റ് അതിൻ്റെ വഴിക്ക് നീങ്ങും.
ബാബുരാജ് കളക്ടറെ കണ്ട് പരാതി ബോധിപ്പിച്ചപ്പോൾ തെരുവിൽ പാടിക്കോളാൻ പറഞ്ഞു, പക്ഷേ എഴുതിത്തരാനാവില്ലെന്ന് കളക്ടർ. ബാബുരാജ് വീണ്ടും പാടി. വീണ്ടും പൊലീസ് പൊക്കി. കളക്ടറുടെ അനുമതി ഉണ്ടെന്ന് പറഞ്ഞപ്പോൾ രേഖയുണ്ടോ എന്നായി ചോദ്യം. ഒരു പാവത്തിൻ്റെ ഇങ്ങനെ ബ്യൂറോക്രസിയുടെ ബൂട്ടണിഞ്ഞ് പന്ത് തട്ടുമ്പോൾ എന്ത് സുഖമാണ് ഹേ നിങ്ങൾക്കൊക്കെ ലഭിക്കുന്നത്?
വിദേശരാജ്യങ്ങളിൽ പോയിട്ടുള്ളവർക്കറിയാം, കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അവിടത്തെ നിരത്തുകളിലും ചത്വരങ്ങളിലും. അവരെ ആരും തടയാറില്ല. അവർക്ക് ചുറ്റും ആ കലാപ്രദർശനമോ പ്രകടനമോ ആസ്വദിച്ച് ആൾക്കാർ തടിച്ച് കൂടുകയും പണം നൽകുകയുമൊക്കെ ചെയ്യും. എത്രയോ പേർ അങ്ങനെ അവിടെ ജീവിച്ച് പോകുന്നു. ഫുട്ട്പാത്തുകൾ പോലും സ്ഥിരം കച്ചവടകേന്ദ്രങ്ങളായി മാറിയിട്ടുള്ള ഇന്നാട്ടിൽ കുറച്ച് നേരം പാട്ടുപാടി ചില്ലറത്തുട്ടുകൾ സമ്പാദിച്ച് എഴുന്നേറ്റ് പോകുന്ന ഒരു ഗായകന് മാത്രം വിലക്ക്.
ആള് കൂടുന്നിടത്തെല്ലാം സുരക്ഷാപ്രശ്നം ഉണ്ടാകുമെങ്കിൽ ആൾക്കൂട്ടം തന്നെ നിരോധിക്കണം ഹേ. നിത്യവും 144 പ്രഖ്യാപിച്ചാൽ എല്ലാ പ്രശ്നവും തീർന്നില്ലേ ?
ചില മനുഷ്യസ്നേഹികൾ ബാബുരാജിന് പാടാനുള്ള വേദിയൊരുക്കി സഹായിച്ചു. പക്ഷേ, അവർക്കത് എന്നും ചെയ്യാനാവില്ലല്ലോ ? ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട് കോഴിക്കോട്ടുകാർക്ക്. അവിടെയും കാണില്ലേ ചെറുതെങ്കിൽ ചെറുത് ചില സൂപ്പർ മാർക്കറ്റുകൾ. അതിനകത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ നിത്യേന നിശ്ചിത സമയം പാടാൻ അനുവദിക്കുക. പാട്ട് കേൾക്കാൻ വരുന്നവർ അത്യാവശ്യമല്ലാത്ത ഷോപ്പിങ്ങ് നടത്തിയാൽ മാളുകാർക്ക് അത് മെച്ചമല്ലേ ?