പാലൻപുർ കോട്ട & റാണി കി വാവ് (കോട്ട # 143) ദിവസം # 129 – രാത്രി 09:31)


2
ജ്ഞാത വാസക്കാലത്ത്, തന്നെ ശല്യം ചെയ്യാൻ വന്ന കീചകനെ പാഞ്ചാലി ശപിച്ചിട്ടുണ്ടായിരുന്നുത്രേ! രാജ്യത്ത് പിന്നീട് ഉണ്ടാക്കാൻ പോകുന്ന കൊട്ടാരങ്ങളുടേയും പടിക്കിണറുകളുടേയും കോട്ടകളുടേയും മറ്റ് നിർമ്മിതികളുടേയുമെല്ലാം മേൽക്കൂര താങ്ങി നിൽക്കാനായിരുന്നു ശാപം.

പുരാണത്തിലെ ഇത്തരം കൊച്ചുകൊച്ച് ഉപകഥകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്, എം.ടി. വാസുദേവൻ നായർക്കു വിഭാണ്ഡകന്റേയും മകൻ ഋഷ്യശൃംഗന്റെയും കഥ ഗംഭീര തിരക്കഥ ആക്കിയതോടെയാണ്.

പറഞ്ഞ് വന്നത് ഒരു ശിൽപ്പവേലയുടെ കാര്യമാണ് അത് അവസാനം വിശദമാക്കാം.
രാവിലെ ശർമിഷ്ട്ട തടാകക്കരയിൽ നിന്ന് പാലൻപുരിലേക്ക് യാത്ര പുറപ്പെട്ടു. കണക്ക് പ്രകാരം അവിടെ ഒരു കോട്ടയുണ്ട്. പക്ഷേ, ഒരു മണിക്കൂർ യാത്ര ചെയ്ത് അവിടെ ചെന്നപ്പോൾ ആകെ കാണാനൊത്തത് മീര ഗേറ്റ് എന്ന കവാടം മാത്രമാണ്. ആ കവാടത്തിന്റെ രണ്ട് വശങ്ങളിലേക്കും കോട്ടമതിൽ നീളുന്നുണ്ട്. മതിലിന്റെ ഇരുവശവും ഗംഭീര കയ്യേറ്റം നടന്നിരിക്കുന്നു.

കവാടത്തിന്റെ വലത് വശത്തുള്ള തെരുവിലൂടെ നടന്നാൽ വീടുകൾക്കിടയിലൂടെ ചെറുതായി കോട്ടമതിൽ കാണാം. ക്യാമറ എടുത്ത് അതിന്റെ ഫോട്ടോകൾ എടുക്കാനോ വീഡിയോ പിടിക്കാനോ ഞാൻ ഭയന്നു. അങ്ങനെ ചെയ്തപ്പോൾ ഹരിയാനയിൽ ഒരു മോശം അനുഭവം ഉണ്ടായിട്ടുള്ളതാണ്. കയ്യേറ്റക്കാർ പെട്ടെന്ന് ചെറുത്ത് നിൽപ്പിന് തയ്യാറെടുക്കും. നാട് കാണാൻ എത്തിയ വരുത്തൻ സഞ്ചാരിയുടെ തടി കേടാവും.

മീര കവാടത്തിലൂടെ ഉള്ളിലേക്ക് കടന്ന്, നഗരത്തിന്റെ എല്ലാ വഴികളിലൂടെയും ഞാനൊന്ന് ചുറ്റിയടിച്ചു. മറ്റൊരിടത്തും കോട്ടയുടെ ലക്ഷണങ്ങൾ ഉള്ള ചുമരുകളോ മതിലുകളോ കെട്ടുകളോ കാണാനില്ല. പക്ഷേ ഗൂഗിൾ മാപ്പിൽ ഡൽഹി ഗേറ്റ് എന്ന് പറയുന്നുണ്ട്. ആ ഭാഗത്ത് ചില പഴയ കെട്ടിടങ്ങൾ ഉണ്ട്. പക്ഷേ കവാടം മുഴുവനായി പൊളിച്ചു നീക്കപ്പെട്ടിരിക്കുന്നു.

ഇതാണ് പാലൻപുർ കോട്ടയുടെ നിലവിലെ അവസ്ഥ. 10 വർഷം കഴിഞ്ഞാൽ ഈ കവാടവും അവിടെ ഉണ്ടാകണമെന്നില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം സഞ്ചരിക്കാൻ പറ്റുന്നില്ല എന്ന കാരണത്താൽ കവാടം പൊളിച്ച് നീക്കപ്പെട്ടേക്കാം.

പാലൻപുർ കോട്ട സന്ദർശനം അങ്ങനെ വളരെ പെട്ടെന്ന് കഴിഞ്ഞു. ഇനി പോകാനുള്ളത് പാഠൺ എന്ന സ്ഥലത്തേക്കാണ്. ഒന്നേകാൽ മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. റാണി കി വാവ് എന്ന പടിക്കിണർ കാണുകയാണ് ലക്ഷ്യം.

ഞാൻ ഇതുവരെ കണ്ടിട്ടുള്ള പടിക്കണറുകളിൽ ഏറ്റവും ഗംഭീരമായ കിണർ ഇതാണ്. ₹100 കറൻസിയുടെ പിന്നിൽ അച്ചടിച്ചിരിക്കുന്ന ചിത്രവും ഇതുതന്നെ.

സത്യത്തിൽ അഞ്ച് നിലയുള്ള ഒരു കൊട്ടാരമോ ക്ഷേത്രമോ ഭൂമിക്ക് അടിയിലേക്ക് പണിതിരിക്കുകയാണ് എന്ന് പറയാം. ബേലൂരും ഹാളേബീഡുവിലും ഒക്കെ ഉള്ളതുപോലുള്ള സങ്കീർണമായ കൽവേലകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ചുമരുകൾ.

* സോളങ്കി രാജവംശത്തിലെ ഭീംദേവ ഒന്നാമൻ്റെ രാജ്ഞിയായ ഉദയമതിയാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഈ പഠിക്കണർ ഉണ്ടാക്കിയത്.

* 64 മീറ്റർ നീളം, 20 മീറ്റർ വീതി, 27 മീറ്റർ ആഴം. ഇതാണ് ഈ കിണറിന്റെ അളവുകൾ. ഇത് അത്രയും നിലവിലെ ഭൂനിരപ്പിന് താഴെയാണ് നിൽക്കുന്നത്.
* സരസ്വതി നദിയുടെ ഇടത് കരയിലാണ് ഈ പടിക്കിണർ ഉള്ളത്.

* പാഠൺ എന്നാൽ 8 -14 നൂറ്റാണ്ടുകൾക്കിടയിൽ, 600 വർഷത്തോളം ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന അൻഹിലവാട എന്ന സ്ഥലമാണ്.

* ദശാവതാരം അടക്കം പുരാണത്തിലെ പല രംഗങ്ങളും ഇവിടെ കൊത്തിയിട്ടുണ്ട്. ദശാവതാരത്തിലെ ബലരാമൻ എന്ന വിഷ്ണുവിന്റെ അവതാരത്തിന് പകരം, ബുദ്ധൻ എന്നാണ് ഇവരുടെ രേഖകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

‘മത്സ്യ കൂർമ്മ വരാഹശ്ച.
നരസിംഹശ്ച വാമന.
രാമോ രാമശ്ച രാമശ്ച
കൃഷ്ണ കൽക്കിർ ജനാർദ്ദന’ ……
എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അതായത് ബലരാമൻ, പരശുരാമൻ, ശ്രീരാമൻ. ബുദ്ധൻ എങ്ങനെ ഹിന്ദു പുരാണത്തിൽ കടന്നുകൂടി എന്ന് മനസ്സിലാകുന്നില്ല.

* കൂടാതെ, ഭൈരവനും ഗണേശനും സൂര്യനും കുബേരനും ലക്ഷ്മിനാരായണനും അഷ്ടപാലകരും അപ്സരസുകളും നാഗകന്യകകളും യോഗിനികളും എല്ലാം ഈ കിണറിനകത്ത് സമ്മേളിച്ചിരിക്കുന്നു.

* വെളിയിലുള്ള ഭാഗം ചുടുകട്ടകൾ കൊണ്ട് കെട്ടി അതിന് മേൽ കല്ലിൽ കൊത്തിയ ഈ പ്രതിമകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കിണറിന്റെ വട്ടത്തിലുള്ള ഭാഗത്ത് കൽപ്രതിമകൾ അടർന്നുവീണ് ഇഷ്ടികകൾ വെളിയിൽ വന്നിട്ടുണ്ട്.

* കിണറിന്റെ അടിത്തട്ടിലെ കവാടത്തിൽ നിന്ന് 30 കിലോമീറ്റർ മാറിയുള്ള സിദ്ദ്പൂർ പട്ടണത്തിലേക്ക് ഒരു രഹസ്യ തുരങ്കം ഉള്ളതായി പറയുന്നു. പക്ഷേ പടികളുടെ അവസാന ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.

* നൂറ്റാണ്ടുകളോളം ചെളിയും മണ്ണും വെള്ളവും നിറഞ്ഞ് ഈ പടിക്കിണർ ഭൂമിക്ക് അടിയിൽ കിടന്നു. അങ്ങനെയാണ് ചിത്രവേലകൾ ചെയ്ത കല്ലുകൾക്ക് തേയ്മാനവും ഇളക്കവും സംഭവിച്ചത്. സരസ്വതി നദിയിൽ ഉണ്ടായ വെള്ളപ്പൊക്കമാണ് പടിക്കിണറിനെ മൂടിക്കളഞ്ഞത് എന്നാണ് കരുതപ്പെടുന്നത്.

* സ്വാതന്ത്ര്യത്തിന് ശേഷം ഇത് ASI യുടെ കീഴിൽ വരികയും ഇപ്പോൾ കാണുന്ന വിധത്തിൽ സംരക്ഷിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു.

* ലോക പൈതൃക സ്ഥാനങ്ങളുടെ കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട് റാണി കി വാവ് ഇപ്പോൾ.
ഒരുപാട് സമയം ഞാൻ ആ പടികളിൽ ഇരുന്നു. ഇതിനിടയ്ക്ക് സുരക്ഷാ ജീവനക്കാരിൽ ഒരാൾ ലോഹ്യം കൂടി. അയാൾക്ക് തെറ്റില്ലാത്ത തരത്തിൽ ഇതിന്റെ ചരിത്രവും ഹിന്ദു പുരാണവും പിടിയുണ്ട്. രേഖകളിൽ വന്നിട്ടുള്ള മഹാവിഷ്ണുവിന്റെ ‘ബുദ്ധൻ അവതാര’ത്തിന്റെ പിഴവ് അദ്ദേഹവും ആവർത്തിക്കുന്നുണ്ട്.

ഈ കുറിപ്പിൻ്റെ തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച കീചകന്റെ കഥ അദ്ദേഹമാണ് പറഞ്ഞു തന്നത്. പടിക്കിണറിൻ്റെ മിക്കവാറും തൂണുകൾ താങ്ങി നിൽക്കുന്നത് കീചകനാണ്. രാജസ്ഥാനിലെ കുമ്പൽഗഡ് കോട്ടയിലെ ജൈന ക്ഷേത്രങ്ങളിലാണ് ആദ്യമായി ഞാൻ കീചകന്റെ ഈ ചുമട് താങ്ങിയുള്ള നിൽപ്പ് ശ്രദ്ധിക്കാൻ തുടങ്ങിയത്. എനിക്ക് ഭീമനോടുള്ള ആരാധന മാറി കീചകനോട് അനുകമ്പ തോന്നാൻ തുടങ്ങിയിരിക്കുന്നു. എക്കാലവും അയാൾ ഈ ഭാരവും താങ്ങി നിൽക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്.

ആറ് മണിയോടെ ശർമിഷ്ട്ട വട്നഗറിലെ തടാകക്കരയിൽ മടങ്ങിയെത്തി. ഇന്ന് രാത്രി കൂടെ വട്നഗറിൽ തങ്ങും. നാളെ അരമണിക്കൂർ ദൂരത്തുള്ള ഇടർ എന്ന സ്ഥലത്തേക്കാണ് യാത്ര. അവിടന്ന് വീണ്ടും അഹമ്മദാബാദിലേക്ക്. പിന്നെ സൗരാഷ്ട്ര. ഗുജറാത്ത് പര്യടനവും ഈ ശൈത്യകാലത്തെ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷനും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>