കൊച്ചി മെട്രോ

കൊച്ചി മെട്രോ അറിയാൻ


11
ഴിഞ്ഞ 2 ദിവസങ്ങളിൽ കൊച്ചി മെട്രോയിൽ ധാരാളമായി യാത്ര ചെയ്തു. വർഷങ്ങൾക്ക് മുൻപ് മെട്രോ തുടങ്ങിയപ്പോൾ യാത്ര ചെയ്തശേഷം പിന്നീട് ഇപ്പോഴാണ് അവസരമുണ്ടായത്.

മെട്രോ നിറയെ സഞ്ചാരികളുണ്ട്. ഒരിക്കൽപ്പോലും ഇരിക്കാൻ ഇടം കിട്ടിയില്ല. അതിൽ സന്തോഷമുണ്ട്. യാത്രയ്ക്ക് ആളുണ്ടെന്നത് നല്ല ലക്ഷണമാണല്ലോ?

പക്ഷേ, മൊത്തത്തിൽ നിരാശയായിരുന്നു. കാരണങ്ങൾ പലതാണ്.

അകത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്ലാറ്റ്ഫോമിൽ കൃത്യമായി അടയാളങ്ങൾ ഉണ്ട്. പക്ഷേ, വണ്ടി നിന്നതും കയറാനുള്ളവർ മൊത്തത്തിൽ ഇടിച്ച് കയറുന്നു. ഇറങ്ങാനുള്ളവർ ബുദ്ധിമുട്ടുന്നു. അവർ ഇറങ്ങീട്ട് കയറാം എന്ന് കരുതി മാറി നിന്നതും വാതിൽ അടഞ്ഞ് ഒരു വണ്ടിയങ്ങ് പോയിക്കിട്ടി. ചെറുപ്പക്കാരാണ് ഇങ്ങനെ ചെയ്യുന്നത് എന്നത് പ്രതീക്ഷ തല്ലിക്കെടുത്തുന്നു. ഞാനടക്കമുള്ള കിഴവൻ ബാച്ചുകൾ ചത്തടിയുന്നതോടെ എല്ലാം ശരിയായിക്കോളും, ചെറുപ്പക്കാർ ആഗോള പൗരന്മാരാണ്, അവർ ലോകവിവരം പലതരത്തിലും ആർജ്ജിച്ചിട്ടുണ്ട് എന്നൊക്കെ കരുതിയത് അസ്ഥാനത്തായി. കൊച്ചി മെട്രോ വഴി ഒരു വ്യത്യസ്ത സംസ്ക്കാരം മലയാളിക്ക് ഉണ്ടാകുമെന്ന് കരുതിയത് വെറുതെയായി. പ്ലാറ്റ് ഫോമിലെ മഞ്ഞ വര കടന്ന് നിൽക്കുന്നവരെ നിയന്ത്രിക്കാനായി വിസിൽ ഊതിക്കൊണ്ട് ഒരു ജീവനക്കാരി/രൻ സദാ സമയം അവിടെയുണ്ട്. അവർ വിചാരിച്ചാൽ മേൽപ്പറഞ്ഞ കാര്യം കൂടെ നടപ്പിലാക്കാൻ ആവില്ലേ?

ഇനി ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം പറയാം. കൗണ്ടറിൽ ഒരേയൊരു ജീവനക്കാരി മാത്രം. പക്ഷേ അവർ ഒരാൾക്ക് മെട്രോ കാർഡ് ഉണ്ടാക്കുന്ന തിരക്കിലാണ്. അതവർ പറയുകയും വെൻഡിങ്ങ് മെഷീനിൽ നിന്ന് ടിക്കറ്റെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വെൻഡിങ്ങ് മെഷീനിൽ ചെന്നപ്പോൾ അവിടെ രണ്ട് പേർ അത് പഠിച്ച് ടിക്കറ്റെടുക്കുന്നതിൻ്റെ കാലതാമസം. അവരുടെ ഊഴം കഴിഞ്ഞതും മെഷീൻ ഔട്ട് ഓഫ് ഓർഡർ. വീണ്ടും ക്യൂവിലേക്ക് ചെന്നു. അവിടെ അപ്പോഴും കാർഡ് നിർമ്മാണം നടക്കുകയാണ്. അപ്പോഴേക്കും അവിടെ 10 പേരുടെ ക്യൂ വന്നുകഴിഞ്ഞു.

അതിനിടയ്ക്ക് ഒരു പെൺകുട്ടി ഓടിക്കിതച്ച് ക്യൂവിന് മുന്നിലേക്ക് വന്ന് 10 പേരോടും, “എനിക്ക് അത്യാവശ്യമായി പോകേണ്ടതുണ്ട്; ഞാൻ ആദ്യം ടിക്കറ്റ് എടുത്തോട്ടേ“ എന്ന് ക്ഷമാപണം നടത്തുന്നു. പക്ഷേ, കാർഡ് നിർമ്മാണം കഴിയാതെ ആർക്കും ടിക്കറ്റ് എടുക്കാൻ പറ്റാത്ത അവസ്ഥ.

മേൽപ്പറഞ്ഞത് ഒറ്റപ്പെട്ട സംഭവം ആകാം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. കാർഡ് കൊടുക്കാൻ പതിവിൽക്കൂടുതൽ സമയം ആവശ്യമുണ്ട്. ആ സമയത്ത് ടിക്കറ്റ് വിതരണം മുടങ്ങാതിരിക്കാൻ കൊച്ചി മെട്രോ Kochi Metro എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതാണ്.

കുറ്റം മാത്രം പറഞ്ഞാൽപ്പോരല്ലോ ? ഉപയോഗിച്ച ടിക്കറ്റ് കളനായുള്ള ബോക്സിൽ അത് നിക്ഷേപിക്കുന്നവരെ നല്ലയളവിൽ കണ്ടു. കുറഞ്ഞ പക്ഷം അവരത് സ്റ്റേഷനകത്ത് ഉപേക്ഷിക്കുന്നില്ല. ഈ സംസ്ക്കാരമാണ് പുറത്തേക്കും വ്യാപിപ്പിക്കേണ്ടത്. മാലിന്യം കുപ്പയിൽ നിക്ഷേപിക്കണമെന്ന് ജനങ്ങൾക്ക് തോന്നിയാൽ മാത്രം പോര; കുപ്പത്തൊട്ടി പൊതുവിടങ്ങളിൽ ഉണ്ടാകുക കൂടെ വേണം.

കർശന നടപടി വന്നതുകൊണ്ട്, മെട്രോ പില്ലറിൽ കക്ഷി രാഷ്ട്രീയക്കാരുടെ പോസ്റ്റർ ഒട്ടിക്കുന്നില്ല എന്ന്, കഴിഞ്ഞ ദിവസം, വന്ദേ ഭാരതിൽ പോസ്റ്ററൊട്ടിച്ചതിൻ്റെ ചർച്ചയ്ക്കിടയിൽ അഹങ്കാരത്തോടെ ഞാൻ സൂചിപ്പിച്ചിരുന്നു.

പക്ഷേ അതല്ല യാഥാർത്ഥ്യം. കക്ഷിരാഷ്ട്രീയക്കാർ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി കൊച്ചി നഗരത്തിൽ വരുന്നത് പ്രമാണിച്ച് അണികൾ തൂണ് നമ്പർ 978ൽ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. മറ്റ് ചില്ലറ പോസ്റ്ററുകളും അതേ പില്ലറിൽ കാണാനാകുന്നുണ്ട്. തൂണ് നമ്പർ 973Lലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ പോസ്റ്ററുകാരേയും ‘വീട് വാടകയ്ക്ക് ‘ എന്ന് പോസ്റ്റർ ഒട്ടിച്ചവരേയും കണ്ടെത്താൻ എളുപ്പമാണ്. നല്ല കനത്ത പിഴ ഈടാക്കാൻ AI ക്യാമറകൾ തന്നെ തെളിവ് നൽകണമെന്നില്ലല്ലോ ? മുടക്കമില്ലാതെ പിടികൂടി ശിക്ഷിച്ചില്ലെങ്കിൽ മെല്ലെ മെല്ലെ മെട്രോ തൂണുകൾ മുഴുവൻ അനധികൃത പരസ്യക്കാർ കൈയടക്കിയെന്നിരിക്കും.

മെട്രോ പില്ലറിൽ പരസ്യങ്ങൾ പതിക്കപ്പെടുമ്പോൾ പടമെടുത്ത് കൊച്ചി മെട്രോയ്ക്ക് പരാതി നൽകി അത് നീക്കം ചെയ്യിക്കുന്ന മനുഷ്യരുണ്ട് ഇന്നാട്ടിൽ. എൻ്റെ ഓൺലൈൻ സുഹൃത്ത് ഉണ്ണികൃഷ്ണൻ അക്കൂട്ടത്തിൽ ഒരാളാണ്. പരാതി കിട്ടിയാൽ കൊച്ചി മെട്രോ നടപടി സ്വീകരിക്കാറുണ്ടെന്നും ഉണ്ണികൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ഒന്നോ രണ്ടോ പേർ മാത്രം വിചാരിച്ചാൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മെട്രോ എന്ന സൗകര്യം പ്രയോജനപ്പെടുത്തുന്ന എല്ലാവരും വിചാരിക്കണം. എന്ത് പോസ്റ്ററും അച്ചടിച്ച്, പശയില്ലെങ്കിൽ മഴവെള്ളം വെച്ചായാലും, എവിടെ വേണമെങ്കിലും പതിക്കാം എന്ന് കരുതുന്നവർ നാടിന് അപമാനമാണ്. മറുനാട്ടിൽ പോയാൽ മാത്രമേ മലയാളി ചട്ടം പാലിക്കൂ എന്നതും മാനക്കേട് തന്നെയാണ്.