ചില ചക്ക നിർദ്ദേശങ്ങൾ


88

ന്ന് ചക്കയെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്ന ദിനമാണ്. നമുക്കാവശ്യത്തിനുള്ളതിനേക്കാളും പത്തിരട്ടി ചക്കകൾ സ്വാഭാവികമായി കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് മുഴുവൻ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിക്കുന്നത് വെറുതെ കടലാസ്സിൽ മാത്രം ഒതുങ്ങുന്ന ഒരു ആദരവായി മാറരുത്.

ആയതിനാൽ, ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാര്യമായും പിന്നൽ‌പ്പം കളിയായും, ഒരു ചക്കപ്രേമിയെന്ന നിലയ്ക്ക് എനിക്ക് രണ്ട് ഡസൺ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുണ്ട്. അതിൽ പത്തെണ്ണമെങ്കിലും കേരള സർക്കാർ നടപ്പിലാക്കിയാൽ ഈയുള്ളവൻ ധന്യനായി.

നിർദ്ദേശങ്ങൾ

1. ഒരു ചക്ക പോലും ഉപയോഗശൂന്യമായി വീണുപോകാതെ സംരക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.

2. ഒരു പഞ്ചായത്തിൽ ഒന്നെന്ന തോതിൽ സ്ഥിരം ചക്ക സംഭരണകേന്ദ്രങ്ങളും  സ്ഥിരം ചക്കവിപണികളും ചക്ക ഉൽ‌പ്പന്ന വിൽ‌പ്പന പ്രദർശനകേന്ദ്ര ങ്ങളും സർക്കാർ തലത്തിൽ ആരംഭിക്കുക.

3. പ്ലാവുകളെ സംരക്ഷിക്കുക. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റേയും ജില്ലാ ഭരണസമിതിയുടേയും അനുവാദമില്ലാതെ സ്വന്തം പുരയിടത്തിലെ പ്ലാവുകൾ പോലും മുറിക്കാൻ പാടില്ലെന്ന് നിയമം കൊണ്ടുവരിക.

4. ചക്കതീറ്റ മത്സരങ്ങൾ സംഘടിപ്പിക്കുക.

5. ചക്ക സെമിനാറുകൾ സംഘടിപ്പിക്കുക. അതുവഴി ചക്കയുടെ ഗുണഗണങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുക.

6. ചക്കസംബന്ധമായ വ്യാപാരങ്ങൾ ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുക.

7. കായ്ക്കുന്ന പ്ലാവുള്ള വീട്ടിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസ സംവരണവും തൊഴിൽ സംവരണവും ഏർപ്പെടുത്തുക.

8. ഉയരമുള്ള പ്ലാവിൽ കയറി ചക്ക പറിക്കാൻ ബുദ്ധിമുട്ടുള്ള പുരയിടങ്ങളിൽ ജീവിക്കുന്നവർക്ക് ടോൾ ഫ്രീ നമ്പർ വഴി ചക്ക പറിക്കാനുള്ള മാനവശേഷി വാഗ്ദാനം ചെയ്യുക, ആ സേവനം ഉറപ്പുവരുത്തുക.

9. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ അജർജികൾ കാരണമോ ചക്ക കഴിക്കാത്തവരുണ്ടെങ്കിൽ അവർക്ക് സൌജന്യ ചികിത്സ ഏർപ്പെടുത്തി ആ രോഗത്തിൽ നിന്ന് മുക്തരാക്കുക.

10. പച്ചച്ചക്ക തിന്ന് മലബന്ധമടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം സൌജന്യ ചികിത്സ ഉറപ്പാക്കുക.

11. ചക്കപ്പശയിൽ നിന്ന് ചൂയിംഗം പോലുള്ള മിഠായികൾ സംസ്ക്കരിച്ചെടുക്കുക.

12. അത്യാവശ്യക്കാരൻ ഒരു ചക്ക മോഷ്ടിക്കുന്നത് നിയമപരമായി കുറ്റമല്ലാതാക്കുക.

13. സംസ്ഥാനത്തെ കായ്ക്കുന്ന എല്ലാ പ്ലാവുകളുടേയും കനേഷുമാരി തയ്യാറാക്കുക. ചക്ക തീറ്റക്കാരുടെ സൌകര്യാർത്ഥം അതിനെ, കൂഴ, വരിക്ക, തേൻ‌വരിക്ക, സിന്ധൂരവരിക്ക എന്നിങ്ങനെ ഇനം തിരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുക.

14. ഓൺലൈനിൽ ഏറ്റവും കൂടുതൽ ചക്കസംബന്ധിയായ പോസ്റ്റുകൾ ഇടുന്നവർക്കും ചക്കയെ പ്രമോട്ട് ചെയ്യുന്നവർക്കും എല്ലാ വർഷവും പാരിതോഷികങ്ങളും ‘ചക്കശിരോമണി‘ എന്ന ബഹുമതിയും പ്രഖ്യാപിക്കുക. (ആദ്യത്തെ 10 കൊല്ലം മാത്രം എന്നെ പരിഗണിച്ചാൽ മതി.) :)

15. ഏതെങ്കിലും തരത്തിൽ ചക്കയേയോ പ്ലാവിനേയോ ഉപദ്രവിക്കുന്നവർക്കും കേടുവരുത്തുന്നവർക്കും കൊള്ളാവുന്ന ഒരു IPC നമ്പർ വെച്ച് കനത്ത ശിക്ഷ നൽകുക.

16. വിദേശത്ത് ലഭ്യമായ ഡ്യൂറിയാൻ അടക്കമുള്ള മറ്റ് ചക്ക വൈവിദ്ധ്യങ്ങൾ ഇറക്കുമതി ചെയ്ത് കുറഞ്ഞചിലവിൽ ജനങ്ങളിലേക്കെത്തിക്കുക.

17. വിദേശരാജ്യങ്ങളിൽ കനത്ത തുക കൊടുത്ത് ചക്ക വാങ്ങിക്കഴിക്കുന്നവർ നാട്ടിൽ ലീവിന് വരുമ്പോൾ, ആ ബില്ല് ഹാജരാക്കിയാൽ സർക്കാർ ഖജനാവിൽ നിന്ന് ആ തുക തിരികെ നൽകുക.

18. ‘കുട്ടൻ‌പിള്ളയുടെ ശിവരാത്രികൾ‘ എന്ന സിനിമയിലെ ചക്കപ്പാട്ടിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചക്കപ്പാട്ടായി പ്രഖ്യാപിക്കുക.

19. ഏറ്റവും കൂടുതൽ ചക്ക വിളയുന്ന പുരയിടത്തിന് സംസ്ഥാന ചക്കപ്പുരയിടം എന്ന പദവി നൽകി ആദരിക്കുക.

20. നിർദ്ദിഷ്ട ചക്കഗവേഷണകേന്ദ്രം തൃക്കാക്കരയിലെ വള്ളത്തോൾ ജങ്ഷനിൽ സ്ഥാപിക്കുക.

21. ഹർത്താൽ ദിനങ്ങളിൽ‌പ്പോലും ചക്കയുമായിപ്പോകുന്ന (ഒരു ചക്കയോ ധാരാളം) വാഹനങ്ങളെ ഹർത്താലുകാർ തടയുകയോ ആക്രമിക്കുകയോ ചെയ്യാൻ പാടില്ല. അഥവാ അങ്ങനെയുണ്ടായാൽ യു.എ.പി.എ. യുടെ പരിധിയിൽ പെടുത്തി കനത്ത ശിക്ഷ ഉറപ്പാക്കുക. അത്തരം പാർട്ടികളേയും സംഘടനകളേയും നിരോധിക്കുക.

22. ചക്കയുമായി KSRTC ബസ്സിൽ കയറുന്നവർക്ക് സീറ്റ് സംവരണം ഉറപ്പാക്കുക.

23. ഓട്ടോ, ടാക്സി, ലോറി എന്നിവയ്ക്ക് പ്രത്യേക ചക്ക നിരക്കുകൾ പ്രഖ്യാപിക്കുക.

24. വിവാഹസദ്യകളിൽ കുറഞ്ഞത് രണ്ട് ചക്കവിഭവങ്ങളെങ്കിലും വിളമ്പാത്തവരുടെ വിവാഹരജിസ്ട്രേഷൻ വെച്ച് താമസിപ്പിക്കുക.

Comments

comments

One thought on “ ചില ചക്ക നിർദ്ദേശങ്ങൾ

  1. 4. ചക്കതീറ്റ മത്സരങ്ങൾ സംഘടിപ്പിക്കുക.
    Point noted :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>