ഭാഗിയുടെ പ്രശ്നം ഗുരുതരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് തീർപ്പുണ്ടാക്കാതെ യാത്ര തുടരുന്നത് ബുദ്ധിമോശമാണ്.
പ്രശ്നം എന്താണെന്ന് കണ്ടുപിടിക്കാൻ ആദ്യത്തെ വർഷോപ്പ്കാരൻ പരാജയപ്പെട്ട നിലയ്ക്ക് രണ്ടാമതൊരു വർക്ക് ഷോപ്പ് കണ്ടെത്തി അങ്ങോട്ടുപോയി. അവിടത്തെ മെക്കാനിക്ക് ഭാഗിയെ ഓടിച്ച് പോലും നോക്കാതെ പ്രശ്നം കണ്ടെത്തി 10 മിനിറ്റിനുള്ളിൽ അത് പരിഹരിച്ചു. പണി അറിയുന്നവരും അറിയാത്തവരും തമ്മിലുള്ള വ്യത്യാസം അതാണ്.
ആ പ്രശ്നം പരിഹരിച്ചെങ്കിലും ഭാഗിയുടെ നാല് ചക്രങ്ങളുടേയും സസ്പെൻഷൻ ക്ഷീണിച്ചിട്ടുണ്ട് എന്നാണ് മെക്കാനിക്കിൻ്റെ വിലയിരുത്തൽ. അടുത്ത 30 ദിവസം കൂടെ എങ്ങനെയെങ്കിലും വലിച്ച് നീട്ടണം. അത് കഴിഞ്ഞാൽ ഭാഗി2 ഇറങ്ങുന്നതായിരിക്കും.
വർക്ക്ഷോപ്പിൽ നിന്ന് നേരെ 75 കിലോമീറ്റർ ഓളം ദൂരത്തുആ ബാലസിനോർ കോട്ടയിലേക്ക് പോയി. ഒന്നര മണിക്കൂർ യാത്രയുണ്ട്.
ഇതുവരെ കണ്ട കോട്ടകളിൽ, പൊതുജനങ്ങൾ ജീവിക്കുന്ന ഏറ്റവും വൃത്തിഹീനമായ കോട്ട ഏതെന്ന് ചോദിച്ചാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ ബാലസിനോർ കോട്ട എന്ന് ഞാൻ പറഞ്ഞിരിക്കും.
മൂക്ക് തുളക്കുന്ന ദുർഗന്ധം കാരണം, പലയിടത്തും മൂക്ക് പൊത്തിപ്പിടിച്ചാണ് ഞാൻ നടന്നത്. പന്നികളും പട്ടികളും കുട്ടികളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒരുപോലെ ഓടിക്കളിക്കുന്നു. പലയിടത്തും നടവഴികളിൽ മലിന ജലം പൊട്ടിയൊലിക്കുന്നു. വീടുകളിൽ നിന്ന് പാത്രം കഴുകിയ വെള്ളം നേരെ തെരുവിലേക്ക് ഒഴിക്കുന്നതും കാണാം.
ഒരു വിധത്തിലാണ് ഞാൻ അതിനകത്തെ തെരുവുകളിലൂടെ നടന്ന് തീർത്തത്. പലയിടത്തും കോട്ടയുടെ ഭാഗമായിരുന്ന പഴയ കെട്ടിടങ്ങൾ കാണാം. നല്ല തോതിൽ കൈയേറ്റം നടന്നിട്ടുണ്ട് കോട്ടയിൽ. ഈ കോട്ട ഒരിക്കലും പുനരുദ്ധരിച്ച് സഞ്ചാരികൾക്ക് യഥേഷ്ടം വന്നിറങ്ങി കാണാൻ പാകത്തിന് ആക്കരുത്. വല്ല വിദേശികളും മറ്റും അകത്തേക്ക് വന്ന് കയറിയാൽ തീരെ ഗുണം ചെയ്യില്ല.
* പതിനെട്ടാം നൂറ്റാണ്ടിൽ നവാബ് സലാം ഖാൻ ആണ് ഈ കോട്ട ഉണ്ടാക്കിയത്.
* വലിയൊരു തടാകം കോട്ടയ്ക്ക് അകത്തുണ്ട്.
* കോടതി കെട്ടിടങ്ങളും നിരവധി പഴയ മോസ്ക്കുകളും ഇതിനകത്ത് കാണാനാകും.
* നൂറുകണക്കിന് വീടുകളിലായി ആയിരക്കണക്കിന് ആൾക്കാർ ഇതിനകത്ത് താമസിക്കുന്നു.
അതിലേറെയും കടന്നുകയറ്റമാണ്. സുൽത്താന്റെ കാലത്തു മുതലുള്ളവരുടെ പുതിയ തലമുറ വളരെ ചുരുക്കമേ കാണൂ
* കോട്ടയ്ക്ക് അകത്ത് ഒരു ക്ഷേത്രം ഉള്ളത് പുതിയ നിർമ്മിതിയാണ്.
അവിടെ താമസിക്കുന്ന പുതുതലമുറയിലെ കുട്ടികൾ നല്ല വിദ്യാഭ്യാസം ഉണ്ടാക്കി മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ പോയി വൃത്തിയുള്ള ജീവിത സാഹചര്യങ്ങൾ എന്താണെന്ന് കണ്ട് മനസ്സിലാക്കിയിരുന്നെങ്കിൽ!
ബാലാസിനോറിൽ നിന്ന് അജ്മാവത് കോട്ടയിലേക്ക് 52 കിലോമീറ്റർ ആണ് ദൂരം. ഒരു മണിക്കൂർ കൊണ്ട് ഞാനവിടെ എത്തി.
* പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ചാലൂക്യ രാജവംശമാണ് ഈ കോട്ട ഉണ്ടാക്കിയത്.
* ഇടിഞ്ഞ് കിടക്കുന്ന കോട്ടയുടെ പ്രധാന കവാടവും അതിനോട് ചേർന്നുള്ള കുറച്ചു ഭാഗങ്ങളും മാത്രമാണ് പൂർണ്ണമായും നശിക്കാതെ ബാക്കിയുള്ളത്.
* കോട്ടയുടെ തൊട്ടടുത്തായി ഒരു സ്കൂൾ ഉണ്ട്.
* ഒരു വശത്ത് വറ്റി വരണ്ട മാച്ചു നദി കാണാം.
മണൽ വാരലും കൈയേറ്റവും ഭംഗിയായി നടക്കുന്നുണ്ട് കോട്ടയുടെ പരിസരത്ത്. 25 വർഷങ്ങൾക്ക് ശേഷം വന്നു നോക്കിയാൽ, ചിലപ്പോൾ ഈ കോട്ടയുടേതായി ഒന്നും ഇവിടെ അവശേഷിക്കുന്നുണ്ടാവില്ല. കുറച്ചധികം ചിത്രങ്ങളും വീഡിയോകളും എടുത്ത് ഞാൻ കോട്ടയിൽ നിന്ന് ഇറങ്ങി.
ഇരുട്ട് വീണിരുന്നു തിരികെ അഹമ്മദാബാദിൽ എത്തിയപ്പോൾ.നാളെ അഹമ്മദാബാദിനോട് വിട പറഞ്ഞ്, കച്ചിലേക്ക് യാത്ര തിരിക്കുകയാണ്.
ശുഭരാത്രി.