Monthly Archives: January 2024

ചിത്തോട് ഗഡ്(കോട്ട #55)


ചിത്ത് – തോട് – ഗഡ് – (ഹിന്ദി)
മനം – തകർക്കുന്ന – കോട്ട – (മലയാളം)

ഇന്ന് ചിത്തോട്ഗഡിൽ രണ്ടാം ദിവസം ആയിരുന്നു. ചിത്തം നിറഞ്ഞ് കോട്ട കണ്ട്, ചരിത്രം പഠിച്ച്, പടങ്ങളും വീഡിയോയും എടുക്കാൻ മൂന്ന് ദിവസമെങ്കിലും വേണമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു.

ഇന്നിപ്പോൾ രാത്രി 8 മണിക്ക് ലൈറ്റ് & സൗണ്ട് ഷോ കഴിഞ്ഞ് കോട്ടയിലുള്ള ഫോർട്ട് ഹവേലി റൂഫ് ടോപ്പ് റസ്റ്റോറൻ്റിൽ വന്നിരുന്ന് ഇത് എഴുതുമ്പോൾ എൻ്റെ മനം തകർന്നോ എന്ന് ചോദിച്ചാൽ അതെ, സന്തോഷം കൊണ്ട് ചിത്തം വിതുമ്പുന്നുണ്ടോ എന്ന് ചോദിച്ചാൽ അതെ. സമ്മിശ്രവികാരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വിശദമാക്കാം.

34

33

കുംബൽഗഡിലേത് പോലെ, ലൈറ്റ് & സൗണ്ട് ഷോ നടക്കുമ്പോൾ കോട്ടയിലെ എല്ലാ നിർമ്മിതികളിലേക്കും ലൈറ്റ് എത്തിയാൽപ്പോലും, ചിറ്റോർഗഡിൽ കോട്ടയുടെ വിസ്തൃതി കാരണം കാണികൾക്ക് എല്ലായിടത്തേക്കും കണ്ണ് പായിക്കാൻ ആവില്ല.

പക്ഷേ, ഷോ നടക്കുന്ന സ്ഥലം, മഹാറാണ കുംഭയുടെ തകർക്കപ്പെട്ട കൊട്ടാരവും അതിനോട് ചേർന്നുള്ള ക്ഷേത്രസമുച്ചയവും എല്ലാം ചേർന്ന ഇടമാണ്. തൊട്ടപ്പുറത്ത് റാണി പത്മിനിയും കൂട്ടാളികളും സ്വയം തീയിലെരിച്ച് ആത്മാഹുതി (ജൗഹർ) നടത്തിയ ഭൂമിയാണ്. ഈ കെട്ടിടങ്ങൾക്കിടയിലൂടെ വെളിച്ചവും പ്രകാശവും കടന്ന് വരുമ്പോൾ മനസ്സ് കുറേയധികം പിന്നോട്ട് പായിച്ച് വേണം അവിടെ ഇരിക്കാൻ. അല്ലെങ്കിൽ നാടകത്തിന് വേണ്ടി താൽക്കാലികമായി നിർമ്മിച്ച രംഗസജ്ജീകരണം പോലെ തോന്നാൻ തുടങ്ങും നമ്മൾ കാണികൾക്ക്.

31

32

പക്ഷേ, അങ്ങനെയല്ലല്ലോ കാര്യങ്ങൾ! നാടകത്തിൻ്റെ രംഗസജ്ജീകരണത്തിൽ അല്ല ഈ ലൈറ്റും സൗണ്ടും വീഴുന്നത്. ചരിത്രത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു കോട്ട, അതുണ്ടാക്കാൻ രാപ്പകൽ പണിയെടുത്ത പതിനായിരങ്ങളുടെ വിയർപ്പ്, അതിൽ ജീവത്യാഗം ചെയ്ത അനേകായിരം മനുഷ്യരുടെ ചോര, തീയിൽച്ചാടി മാനം കാത്ത സ്ത്രീകളുടേയും കുട്ടികളുടേയും നിലവിളി, അവരുടെ വെന്ത മാംസത്തിൻ്റെ മണം, സ്വന്തം മകനെ ബലി കഴിച്ച് രാജകുമാരനെ രക്ഷിച്ച പന്നആധആയ് എന്ന ദാസിയുടെ ത്യാഗം, യുദ്ധങ്ങൾ, പിടിച്ചടക്കലുകൾ, പലായനം, തിരിച്ച് പിടിക്കൽ, തകർക്കപ്പെടൽ… അങ്ങനെയങ്ങനെ ഒട്ടനേകം ഘട്ടങ്ങളിലൂടെയും അവസ്ഥകളിലൂടെയും കടന്നുപോയ ഒരു മണ്ണിൽ, ബാക്കി നിൽക്കുന്ന ചരിത്ര ശേഷിപ്പിലാണ് ആ വെളിച്ചം വീഴുന്നതെന്ന് ചിന്തിച്ച് നോക്കിയാൽ, മനം തകർക്കുക തന്നെ ചെയ്യും, ഈ കോട്ട. സത്യത്തിൽ ഷോ കഴിഞ്ഞപ്പോൾ ഉള്ളം ശോകമായിരുന്നു.

സന്തോഷം കൊണ്ട് മനസ്സ് തുളുമ്പുന്നതിൻ്റെ കാരണം കൂടെ കൈയോടെ പറഞ്ഞേക്കാം.

29

30

ഉച്ചഭക്ഷണം കഴിഞ്ഞ് തെരുവിൽ ഒരു കടയുടെ പടിയിൽ അലക്ഷ്യമായി ഇരിക്കുമ്പോൾ സുജ ടീച്ചറുടെ Suja Tp ശബ്ദ സന്ദേശം വന്നു. കൂടെ ചില ചിത്രങ്ങളും ഉണ്ട്. ഒരു കുട്ടി സ്ക്കൂളിൽ ചിറ്റോർഗഡ് കോട്ടയെപ്പറ്റി ചെറുവിവരണം അവതരിപ്പിക്കുന്നതിൻ്റെ പടമായിരുന്നു. അത്. ഞാൻ കോട്ട സന്ദർശിക്കുന്ന അതേ ദിവസം തന്നെ വിദ്യാർത്ഥി അത് സ്ക്കൂളിൽ അവതരിപ്പിക്കുന്നത് യാദൃശ്ചികമായി സംഭവിക്കുന്നു. ദിവസവും ഞാനെഴുതുന്നത് വായിച്ച് പോകുന്ന സുജ ടീച്ചർ കോട്ടയെപ്പറ്റി കൂടുതൽ കാര്യങ്ങൾ ക്ലാസ്സിൽ പറയുന്നു. കൂട്ടത്തിൽ ഇങ്ങനെയൊരാൾ യാത്ര നടത്തി ഇപ്പോൾ ആ കോട്ടയിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് അതേപ്പറ്റി കൂടുതൽ അറിയണം. ടീച്ചർ ഓർത്തെടുത്ത് പറഞ്ഞപ്പോൾ അവർക്ക് ഞാനെഴുതിയ വരികൾ തന്നെ കേൾക്കണമെന്നായി. ടീച്ചറത് ഫേസ്ബുക്ക് തുറന്ന് വായിക്കുന്നു, പിന്നീട് ഇംഗ്ലീഷിൽ തർജ്ജിമ ചെയ്യുന്നു. കുട്ടികൾക്ക് അതിലെ ഓരോ വരിയിലും സംശയങ്ങൾ, ആകാംക്ഷ, ചോദ്യങ്ങൾ. ഭാഗിയെപ്പറ്റിയാണ് അവർക്ക് കൂടുതലും അറിയേണ്ടത്. എനിക്കുള്ള ആശംസാ സന്ദേശങ്ങളും നന്ദിയും അറിയിച്ചുകൊണ്ടാണ് എറണാകുളത്തെ ചോയ്സ് സ്ക്കൂളിലെ ആ ക്ലാസ്സ് ഇന്ന് പിരിയുന്നത്. നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ എന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ ഇന്നത് എനിക്ക് പറയാനുള്ളത് സുജ ടീച്ചറോടും കുട്ടികളോടുമാണ്.

ഒരു ദിവസം ധന്യമാകാൻ ഇതിൽക്കൂടുതലെന്ത് വേണം എന്ന് ചോദിച്ചാൽ, ഇതിലും കൂടുതൽ ഈ ദിവസം തരുന്നുണ്ട്. അതറിയാൻ അവസാനം വരെ വായിക്കുക.

25

26

രാവിലെ 08:30ന് ഞാൻ കോട്ടയുടെ ആദ്യഗേറ്റ് കടന്നിരുന്നു. അവിടെ നിന്നുകൊണ്ട് ഗൈഡ് ദേവേന്ദ്ര പ്രതാപിനെ വിളിച്ചു. ഇന്നലെ ഞാൻ കണ്ടെത്തിയ ഏറ്റവും മിടുക്കനായ ഗൈഡാണ് ദേവേന്ദ്ര. എങ്ങനെയാണ് കണ്ടെത്തിയതെന്ന് പറയാം. ഇന്നലെ കോട്ടയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ, ഗൈഡുമായി സഞ്ചരിക്കുന്ന ജനങ്ങൾക്കരുകിൽ പടമെടുക്കാനെന്ന വ്യാജേനയോ മറ്റോ നിന്ന് അവരുടെ ഗൈഡിൻ്റെ വിവരണം ഞാൻ ശ്രദ്ധിച്ചുപോന്നു. പത്തോളം ഗൈഡുകളെ അത്തരത്തിൽ ഞാനിന്നലെ വീക്ഷിച്ചിരുന്നു. ദേവേന്ദ്ര, ഇംഗ്ലീഷിലും ഹിന്ദിയിലും ഗംഭീരമായി കാര്യങ്ങൾ പറയുന്നുണ്ടെന്ന് മാത്രമല്ല, ഒരു ടീച്ചറെപ്പോലെ അയാൾ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് (ഉദാ:- രാജാവിൻ്റേയോ സംഭവം നടന്ന വർഷമോ) ഇടയ്സക്കിടെ സഞ്ചാരികളോട് തിരിച്ച് ചോദിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അവർക്ക് അയാൾ പറയുന്നത് ശ്രദ്ധിച്ചേ പറ്റൂ എന്ന അവസ്ഥ. പോരാത്തതിന് തൻ്റെ സഞ്ചാരികൾക്ക് അയാൾ വീഡിയോ റീൽസ് വരെ ഷൂട്ട് ചെയ്ത് കൊടുക്കുന്നുണ്ട്. അത്രയ്ക്ക് ഗംഭീരനായ ഒരു ഗൈഡ് വേറെ കിട്ടില്ലെന്ന് തോന്നിയതുകൊണ്ട് ഇന്നലെത്തന്നെ അദ്ദേഹത്തിൻ്റെ നമ്പർ ഞാൻ വാങ്ങിയിരുന്നു. ഇന്ന് രാവിലെ അയാൾ മറ്റ് സഞ്ചാരികൾക്കൊപ്പം പോകുന്നതിന് മുൻപ് പിടികൂടണമെന്ന് ഉറപ്പിച്ചാണ് എട്ടര മണിക്ക് ഞാൻ കോട്ടയിൽ എത്തിയത്.

ഇനി ദേവേന്ദ്രയിൽ നിന്ന് മനസ്സിലാക്കിയതും അല്ലാത്തതുമായി കുറച്ച് കോട്ട ചരിതം പറയാം.

27

28

* ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചിറ്റോർഗഡ് കോട്ട യുനസ്ക്കോയുടെ ലോക പൈതൃക സൈറ്റിൽ ഇടം നേടിയിട്ടുണ്ട്.

* ചിത്രകൂട് നഗർ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ചിറ്റോർഗഡ് ആയി. അല്ലാവുദ്ദീൻ ഖിൽജി കോട്ട കീഴടക്കിയപ്പോൾ കീസരഗഡ് എന്ന് പേര് മാറ്റി. കാരണം, അദ്ദേഹത്തിന്റെ മകൻ്റെ പേര് കീസർ ഖാൻ എന്നായിരുന്നു. വീണ്ടും ചിറ്റോർഗഡ് ആയി. പിന്നീട് അക്ബറാബാദ് ആയി. വീണ്ടും ഇപ്പോൾ ചിറ്റോർഗഡ്.

* 700 അധികം ഏക്കറുകളിലായി നില കൊള്ളുന്ന കോട്ട, ഏഷ്യയിലെ ഏറ്റവും വലിയ ‘ലിവിങ്ങ് ഫോർട്ട്‘ (ആൾത്താമസമുള്ള കോട്ട) ആണ്. ഏഷ്യയിലെ ഏറ്റവും വലിയ കോട്ട എന്ന് വെറുതെ പറഞ്ഞാൽ തർക്ക സാദ്ധ്യതയുണ്ട്.

12

13

* 2200 വീടുകളിലായി 5000ൽപ്പരം ജനങ്ങൾ ഈ കോട്ടയിൽ ജീവിക്കുന്നു. അതിൽ സിംഹഭാഗവും ഈ കോട്ടയിലെ ടൂറിസത്തിനെ ആശ്രയിച്ച് ജീവിക്കുന്നു.

* ചെറുതും വലുതുമായി 1013ൽപ്പരം ക്ഷേത്രങ്ങൾ ഈ കോട്ടയിൽ ഉണ്ടായിരുന്നു. അതിൽ പലതും നശിപ്പിക്കപ്പെട്ടു. ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ പൂജയും കാര്യങ്ങളും ഉള്ളത്.

* സൂര്യദേവൻ്റെ ഒരു ക്ഷേത്രം കോട്ടയിൽ ഉണ്ടായിരുന്നെങ്കിലും ഇന്നത് മഹാകാളി ക്ഷേത്രമാണ്.

* ചെറുതും വലുതുമായി 84ൽപ്പരം തടാകങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ 22 എണ്ണം മാത്രമാണുള്ളത്. അതിലെ വെള്ളം മലിനമായതിനാൽ കുടിക്കാൻ എടുക്കുന്നില്ല.

14

15

* തടാകത്തിന് നടുക്കുള്ള റാണി പത്മാവതിയുടെ (റാണി പത്മിനി തന്നെ) കൊട്ടാരവും അതിന് ചുറ്റുമുള്ള ഗാർഡനും കോട്ടയിലെ പ്രധാന ആകർഷണമാണ്. ഇപ്പോൾ അതിൽ വെള്ളം കുറവാണ്.

* റാണി പത്മിനി നേതൃത്വത്തിൽ ആദ്യത്തെ ജൗഹർ നടന്നപ്പോൾ അഗ്നിയിൽ സ്വയം ഒടുങ്ങിയത് 13000 രജപുത്ര വനിതകൾ, പിന്നീട് നടന്ന ജൗഹറുകളിൽ 21000ഉം 16000ഉം സ്ത്രീകൾ അഗ്നിയിൽ ജീവത്യാഗം ചെയ്തു. ജൗഹർ നടന്ന സ്ഥലമെന്ന് കരുതിപ്പോരുന്ന ഇടം വിജയസ്തംഭത്തിന് കീഴെയായി കാണാം.

* ഏറ്റവും വലിയ കൃഷ്ണഭക്തയായി നമുക്കറിയുന്ന മീരാഭായ് പൂജയും ഭജനയുമൊക്കെ നടത്തിയിരുന്ന മീരാമന്ദിർ ഈ കോട്ടയിലുണ്ട്.

* മീരാമന്ദിറിന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കൃഷ്ണക്ഷേത്രമാണ് കുംഭശ്യാം.

16

17

* ശിവലിംഗം അല്ലാത്ത, ശിവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രവും കോട്ടയിലുണ്ട്.

* മാൽവ സുൽത്താന് എതിരെയുള്ള യുദ്ധം ജയിച്ചതിൻ്റെ ആഘോഷത്തിൻ്റേയും ഓർമ്മയ്ക്കുമായി മഹാറാണ കുംഭ നിർമ്മിച്ച വിജയസ്തംഭമാണ് കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണം. 10 വർഷമെടുത്തു 9 നിരകളും 37 മീറ്റർ കിളരവുമുള്ള ആ സ്തംഭം ഉണ്ടാക്കാൻ. കോവിഡിന് ശേഷം അതിന് മുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.

* വിജയസ്തംഭം പോലെ തന്നെ 5 നിലയുള്ള മറ്റൊരു സ്തംഭവും കോട്ടയിൽ ഉണ്ട്. അത് പക്ഷേ, ജൈനദിഗംബരനായ ആദിനാഥിൻ്റെ പേരിലുള്ള കീർത്തിസ്തംഭമാണ്. അതിൻ്റെ തൊട്ടടുത്ത് തന്നെ ജൈനക്ഷേത്രവും ഉണ്ട്.

* പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച മറ്റൊരു ജൈന ക്ഷേത്രവും കോട്ടയിലുണ്ട്. അവിടെ സത്രവും അന്നദാനവും ഉണ്ട്.

18

19

* മീരാക്ഷേത്രത്തിനോട് ചേർന്നുള്ള കാട്ടിൽ നിറയെ സീതാഫൽ വൃക്ഷങ്ങളാണ്. ടെൻഡർ വിളിച്ചാണ് അതിലെ കായ്കൾ പറിപ്പിക്കുന്നത്.

* സീതാഫലിൻ്റെ മരത്തിന്റെ തണ്ടിൽ നിന്ന് നൂലുണ്ടാക്കി അത് വെച്ച് സാരി നിർമ്മിക്കുന്ന ആദിവാസികൾ കോട്ടയുടെ പരിസരത്തുണ്ട്. കോട്ടയ്കത്ത് അല്ലാതെ ഇന്ത്യയിൽ മറ്റെങ്ങും ഈ സാരി കിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു. സാരിയുടെ നിറം പോലും ജൈവികമായാണ് നൽകുന്നത്.

* ദീപാവലി സമയത്താണ് കോട്ടയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്. അക്കാലത്ത് കോട്ടയിലേക്കുള്ള റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറയും.

* കോട്ടയ്ക്കുള്ളിലെ മൊത്തം റോഡുകളുടെ ദൈർഘ്യം 18 കിലോമീറ്റർ ആണ്. 4 കിലോമീറ്റർ ഒറ്റനീളത്തിലുള്ള റോഡും കോട്ടയിൽ ഉണ്ട്.

20

21

* മാനുകളുടെ പാർക്ക് ഉള്ളത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

* കോട്ടയിൽ നിന്ന് നോക്കിയാൽ ഹിന്ദുസ്ഥാൻ സിങ്ക് ഫാക്ടറിയും ബിർല സിമന്റ് കമ്പനിയും ദൂരെയായി കാണാം.

* ഭരണത്തിൽ ഉണ്ടായിരുന്ന അവസാനത്തെ മേവാർ രാജാവ് താമസിച്ചിരുന്ന കൊട്ടാരം ഇപ്പോൾ മ്യൂസിയമാണ്. യുദ്ധസാമഗ്രികളും മേവാറിൻ്റെ ചരിത്രവുമെല്ലാം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

* സ്വാതന്ത്ര്യത്തിന് ശേഷം ചിറ്റോർഗഡ് അല്ലെങ്കിൽ ഉദയ്പൂർ സ്വന്തമാക്കി വെച്ചശേഷം മറ്റേത് സർക്കാറിന് വിട്ട് നൽകണമെന്ന് വന്നപ്പോൾ മേവാർ രാജവംശം ഉയദ്പൂർ കൈയിൽ വെച്ച് ചിറ്റോർഗഡ് സർക്കാരിന് വിട്ടുനൽകി.

22

23

നല്ല ഓർമ്മക്കുറവ് ഉണ്ട്. കൂടുതൽ കാര്യങ്ങൾ ഓർമ്മവരുന്ന മുറയ്ക്ക് എഴുതിച്ചേർക്കാം.

കോട്ടയിൽ ഗോപ്രോ വീഡിയോകൾ മാത്രമാണ് ഇന്നെടുക്കാൻ സാധിച്ചത്. ബാക്കി ഷൂട്ട് നാളെ നടത്തും. മറ്റന്നാളേ ചിറ്റോർഗഡ് വിടാൻ കഴിയൂ.

ഇനി അവസാനം പറയാൻ നീട്ടിവെച്ച ആ വലിയ സന്തോഷ വർത്തമാനം പറയാം.

24

ഞാനിന്ന് ചിറ്റോർഗഡ് കോട്ടയിലാണ് ഉറങ്ങുന്നത്. ഭാഗിക്ക് പാർക്ക് ചെയ്യാനുള്ള സുരക്ഷിതമായ സ്ഥലം ഫോർട്ട് ഹവേലിയിലെ ജീവനക്കാരനായ മഹേന്ദർ മീന സംഘടിപ്പിച്ചു തന്നു. ഇന്നലെ എന്നെ പുറത്താക്കിയ അതേ കോട്ടയിൽ ഇന്ന് ഞാൻ ഉറങ്ങുന്നു. ഉണരുമ്പോൾ രണ്ട് മീറ്റർ അടുത്തായി കോട്ടമതിൽ കാണാൻ പറ്റുന്ന വിധത്തിലാണ് ഭാഗി കിടക്കുന്നത്. ഇത് ഏതെങ്കിലും ഒരു കോട്ടയിൽ എൻ്റെ ‘ആദ്യരാത്രി’.

ആയതിനാലും, ചിറ്റോർഗഡ് കോട്ടയിൽ നിന്ന് എല്ലാവർക്കും ശുഭരാത്രി.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome