അന്നലെ രാത്രി എലിക്കെണിയിൽ മൂഷികൻ വീണില്ല. അതിനകത്ത് വെച്ച ഭക്ഷണം അവൻ കഴിച്ച് പോയത് ഞാൻ അറിയുകയും ചെയ്തു. സാരമില്ല, അധികം വൈകാതെ ഈ മൂഷിക യുദ്ധം ഒരു തീരുമാനത്തിലെത്തും.
രാവിലെ ഡുണ്ട്ലോഡ് കോട്ടയിൽ നിന്നും മൂന്ന് കിലോമീറ്ററോളം മാറിയുള്ള കുതിര ഫാമിലേക്ക് തിരിച്ചു. കുതിരകൾക്ക് പാസ്പോർട്ട് ഉണ്ടാക്കി വിസയെടുത്ത് വിദേശത്തേക്ക് അയക്കുന്ന ഇന്ത്യയിലെ ഏക വ്യവസായി ആണ് ഡുണ്ട്ലോഡ് കോട്ടയിൽ ഇപ്പോൾ താമസിക്കുന്ന ബോണി ബന്ന എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന താക്കൂർ രഘുവേന്ദ്ര സിങ്ങ്. രാജാവിൻ്റേതായ യാതൊരു തലക്കനമോ പെരുമാറ്റമോ ഇല്ലാത്ത ഒരു ഗംഭീര മനുഷ്യൻ.
അദ്ദേഹത്തിന്റെ കുതിര ഫാമിൽ 40 കുതിരകൾ ഉണ്ട്. സവാരി നടത്തുന്നതിന് മുൻപ് ഒരു കുതിരയെ മെരുക്കുന്നതും കടിഞ്ഞാൺ അടക്കമുള്ള സംവിധാനങ്ങൾ പിടിപ്പിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കി. കുതിരയുടെ പേര് വിളിച്ച് അതിനെ തഴുകിത്തലോടി ബ്രഷ് ചെയ്ത് പൊടി തട്ടി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കണം ആദ്യം. ഒരു കാരണവശാലും കുതിരയുടെ പിറകിലോ മുന്നിലോ പോയി നിൽക്കരുത്. കുതിര ഒന്ന് തൊഴിച്ചാൽ 9 അടി അപ്പുറം വരെ ചെന്ന് വീഴുമെന്നാണ് കണക്ക്. ഫിസിക്സിലും കണക്കിലും പഠിച്ച ഹോഴ്സ് പവർ ഒന്നുമായിരിക്കില്ല നേരിട്ട് കിട്ടുമ്പോൾ അനുഭവിക്കുക.
മാർവാടി കുതിരകൾക്ക് ലോകമെമ്പാടും ധാരാളം ആവശ്യക്കാരുണ്ട്. അത്തരത്തിൽ പ്രശസ്തിയുള്ള കുതിരകളാണ് മാർവാടി കുതിരകൾ. മാർവാടി കുതിരകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റും. അവറ്റകളുടെ ചെവി കുത്തനെ മുകളിലോട്ട് ആയിരിക്കും. രണ്ട് ചെവികളും തമ്മിൽ പരസ്പരം മുട്ടുകയും ചെയ്യും. പേര് വിളിക്കുമ്പോൾ കുതിര ചെവി അനക്കി പ്രതികരിക്കുന്നത് രസമുള്ള കാഴ്ച്ചയാണ്.
ഡുണ്ട്ലോഡ് കൊട്ടാരത്തിൽ തിരികെ ചെന്ന് രഘുവേന്ദ്ര താക്കൂറിനൊപ്പം സെൽഫിയെടുത്ത് വിട പറഞ്ഞു. രാജസ്ഥാനിൽ എന്ത് പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ ശരിയാക്കാം, എന്നുള്ള വാഗ്ദാനമാണ് അദ്ദേഹം തന്നിരിക്കുന്നത്.
രണ്ട് ദിവസം പോയിട്ടും കാണാൻ പറ്റാതെ മടങ്ങിയ ബാദൽഗഡ് കോട്ടയുടെ ഉടമസ്ഥനാണ് ഈ പറയുന്നത്. ഇന്ന് ഞാൻ ചെന്ന് കോട്ട കണ്ട് പോകുന്നത് വരെ പൂജാരിയോട് അവിടുന്ന് അനങ്ങാൻ പാടില്ല എന്ന് കൊട്ടാരത്തിൽ നിന്ന് ഓർഡർ പോയിട്ടുണ്ട്.
അത് പ്രകാരം, ഞാൻ ചെല്ലുമ്പോൾ പൂജാരി ഗോവിന്ദ് രാം പണ്ഡിറ്റ് എന്നെ കാത്ത് നിൽപ്പുണ്ട്. കോട്ടയുടെ എല്ലാ ഭാഗങ്ങളും അദ്ദേഹം കൊണ്ട് നടന്ന് കാണിച്ച് വിശദീകരിച്ചു തന്നു. ഞാൻ കോട്ടമതിലിൽ വലിഞ്ഞ് കയറിയപ്പോൾ മാത്രം അദ്ദേഹം മാറിനിന്നു. 70 വയസ്സ് കഴിഞ്ഞ ആളാണ്, ഒപ്പം കയറാൻ ആവില്ല എന്ന ക്ഷമാപണത്തോടെ.
* ദീർഘചതുരാകൃതിയിലുള്ള ഒരു കോട്ടയാണിത്. കഷ്ടി 20,000 ചതുരശ്ര അടി വിസ്തീർണ്ണം കാണും.
* കോട്ടയുടെ ഒരു ഭാഗത്ത് ഹനുമാൻ ക്ഷേത്രവും കോട്ട വാതിലിന് എതിർവശത്ത് ദുർഗ്ഗാദേവി ക്ഷേത്രവും ഉണ്ട്.
* ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുള്ള മതിലിന്റെ എതിർവശത്ത് ഒരു മസ്ജിദ് നിലകൊള്ളുന്നു. അഥവാ, ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും അമ്പലവും മസ്ജിദും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ പ്രവർത്തിച്ചു പോരുന്നു.
* പതിനാറാം നൂറ്റാണ്ടിൽ ഷേഖാവത്ത് ഭരണാധികാരികളാണ് ബാദൽഗഡ് കോട്ട ഉണ്ടാക്കിയത്.
* സ്വാതന്ത്ര്യത്തിന് ശേഷം എപ്പോഴോ ഈ കോട്ട, ബിർള കുടുംബം വാങ്ങി. ഗുലാം കിഷോർ ബിർളയുടെ ഒരു അർദ്ധകായ പ്രതിമ കോട്ടയ്ക്കുള്ളിൽ കാണുന്നത് അതുകൊണ്ടാണ്.
* ബിർളയിൽ നിന്ന് രഘുവേന്ദ്ര താക്കൂർ കോട്ട തിരികെ വാങ്ങി. ഇന്നലെ രാത്രി തീൻമേശയിൽ അദ്ദേഹം ആ കഥ പറയുകയുണ്ടായി. ഒരേ ഒരു മീറ്റിങ്ങിൽ ഉടമസ്ഥാവകാശം തിരികെ എടുക്കുന്ന ആ ചടങ്ങ് കഴിഞ്ഞു പോലും!
11 മണിക്ക് ബാദൽ ഗഡ് കോട്ട സന്ദർശനം കഴിഞ്ഞിരിക്കുന്നു. കോട്ടകളുടെ ലിസ്റ്റ് പ്രകാരം കാണിക്കുന്നത് മണ്ടാവ കോട്ട ആണ്. പക്ഷേ, മണ്ടാവ കോട്ട എന്ന് ഗൂഗിളിൽ പരതിയാൽ അത് കിട്ടില്ല. മണ്ടാവ കാസിൽ എന്ന് വേണം തിരയാൻ. വെറും 25 കിലോമീറ്റർ ദൂരം മാത്രം ബാദൽഗഡ് കോട്ടയിൽ നിന്ന്. ഒരു മണിക്കൂറിനുള്ളിൽ ഞാൻ മണ്ടാവയിൽ എത്തി.
മണ്ടാവ കോട്ട എന്ന മണ്ടാവ കാസിലിലേക്കുള്ള വഴി തിരയുമ്പോൾ ദിലീപ് എന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു.
തുടർന്നങ്ങോട്ട് എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് തന്ന് ഇരുട്ടുന്നത് വരെ അയാൾ എൻ്റെ കൂടെ നിന്നു. ആൽക്കമിസ്റ്റിന്റെ ഗൂഢാലോചന ലിസ്റ്റിലേക്ക് ഇതാ പുതിയ ഒരാൾ കൂടെ.
മണ്ടാവ കാസിൽ എന്ന സ്വകാര്യ ഹോട്ടൽ കാണണമെങ്കിൽ 250 രൂപയുടെ ടിക്കറ്റ് എടുക്കണം. പക്ഷേ അത് ഒരിക്കലും നഷ്ടമല്ല. ഒരു ജീവനക്കാരൻ എല്ലാ ഇടങ്ങളും കൊണ്ടുനടന്ന് കാണിച്ചുതരും. അതിൻ്റെ ചരിത്രവും വിശദീകരിക്കും. ഒരുപാട് ഹിന്ദി സിനിമകളിൽ വന്നിട്ടുള്ള ഗംഭീര കൊട്ടാരമാണ് കോട്ടയ്ക്ക് അകത്തുള്ളത്.
* മണ്ടാവ കോട്ട സത്യത്തിൽ ഒരു അപൂർണ്ണമായ കോട്ടയാണ്.
* താക്കൂർ നവൽ സിംഗ് ബഹാദൂർ ആണ് മണ്ടാവാകോട്ട നിർമ്മിച്ചത്.
* രാജസ്ഥാൻ സർക്കാർ ടൂറിസം വകുപ്പാണ് ഇപ്പോൾ മണ്ടാവ കോട്ട നടത്തുന്നത്.
* 80ൽ പരം മുറികളാണ് മണ്ടാവ കോട്ടയിൽ ഉള്ളത്.
മണ്ടാവയിൽ പിന്നെ കാണാനുള്ളത് തൊട്ടടുത്ത തന്നെയുള്ളതും പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ജ്വല്ലറി ഉടമ നിർമ്മിച്ചതുമായ മണ്ടാവ ഹാവേലി ആണ്. നിലവിൽ അതിന്റെ ഉടമ ദിനേശ് ധബായ് എന്ന ധനാഢ്യനാണ്. 1984 ലാണ് അദ്ദേഹം ഈ മനോഹര ഹവേലി വാങ്ങിയത്.
ദിലീപിന്റെ പരിചയത്തിൽ അവിടെ സൗജന്യ പ്രവേശനം ലഭിച്ചു. 12 ഓളം മുറികൾ ഉള്ള ഗംഭീര ഹവേലിയാണ് അത്.
സമയം നാലുമണി. ഉച്ചഭക്ഷണം കഴിക്കാൻ ‘രാജസ്ഥാനി’ എന്ന റസ്റ്റോറന്റിലേക്ക് ദിലീപ് എന്നെ കൊണ്ടാക്കി.
രണ്ട് കോട്ടകളാണ് ഒറ്റദിവസം കണ്ടിരിക്കുന്നത്. പോരാത്തതിന് ഒരു ഗംഭീര ഹവേലിയും. ഇനി എങ്ങോട്ട് പോകാൻ? ഈ ഗംഭീര കോട്ടകളുടെ ദൃശ്യങ്ങൾ മനസ്സിൽ കോറിയിടാനും അയവിറക്കാനും എനിക്കൽപ്പം സമയം വേണമല്ലോ. രാജസ്ഥാനി റസ്റ്റോറന്റിന്റെ മുന്നിൽ ഇന്ന് ഭാഗിയുമായി കൂടുന്നതിന് വിരോധമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉടമസ്ഥന് പൃർണ്ണസമ്മതം ദിലീപിന്റെ സുഹൃത്തു കൂടിയാണ് അദ്ദേഹം.
ഒരു മദ്യ സൽക്കാരത്തിന് ദിലീപ് വല്ലാതെ നിർബന്ധിക്കുന്നുണ്ട്. ഇന്നലെ സാക്ഷാൽ ശേഖാവത്ത് രാജാവ്, മേശപ്പുറത്ത് മുന്തിയ മദ്യ ഇനങ്ങൾ നിരത്തി വെച്ചിട്ട്, അത് കണ്ട ഭാവം കാണിച്ചില്ല. പിന്നല്ലേ ദിലീപിന്റെ പ്രലോഭനം.
ഇന്ന് രാത്രി മൂഷികനെ പിടിച്ചേ തീരൂ. എലിക്കെണി നേരത്തെ തന്നെ ശരിയാക്കി വെച്ചിട്ടുണ്ട്. ഇന്നലെ ഡുണ്ട്ലോഡ് കോട്ടയിൽ വലിയ തണുപ്പ് തോന്നിയില്ലെങ്കിലും ഇവിടെ മണ്ടാവയിൽ സാമാന്യം നല്ല തണുപ്പുണ്ട്.
ശുഭരാത്രി.