മാദ്ധ്യമങ്ങൾ

കുട്ടിക്കാനം കൊട്ടാരം തിരിച്ചുപിടിക്കാനാവുമോ ?


2018 മാർച്ച് 26ന് മാധ്യമം പത്രത്തിൽ വന്ന ഒരു വാർത്തയിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കാൻ പറ്റിയ സമയമാണിതെന്ന് തോന്നുന്നു. അമ്മച്ചിക്കൊട്ടാരം എന്ന് വിളിക്കുന്ന കുട്ടിക്കാനം കൊട്ടാരം സർക്കാരിന് നഷ്ടപ്പെട്ടു എന്നായിരുന്നു ആ വാർത്ത. ആ കൊട്ടാരം ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. പക്ഷെ എങ്ങനെയത് സ്വകാര്യ വ്യക്തികളിലേക്ക് എത്തിച്ചേർന്നു എന്നതിന് റവന്യൂ വകുപ്പിൽ ഒരു രേഖകളുമില്ല. സാക്ഷാൽ ജില്ലാ കളൿടർ അന്വേഷിച്ചിട്ട് പോലും രേഖകളൊന്നും കിട്ടിയില്ല എന്നാണ് പത്രവാർത്തയിൽ പറയുന്നത്. എന്തൊരു പരിതാപകരമായ അവസ്ഥയാണ് ഈ സംസ്ഥാനത്തിന്റേതെന്ന് നോക്കൂ.

88

സർക്കാർ വക ഭൂമി പണമുള്ളവർക്ക് തീറെഴുതിക്കൊടുത്ത് കീശവീർപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, പാർട്ടിക്കാരും ഉദ്യോഗസ്ഥരും ഇടനിലക്കാരുമടങ്ങിയ ഒരു മാഫിയ സംസ്ഥാനത്തുണ്ടെന്ന കാര്യത്തിൽ ആർക്കുമിനി സംശയമില്ലാത്ത സാഹചര്യത്തിൽ, ഈ കൊട്ടാരമെങ്ങനെ സ്വകാര്യ വ്യക്തികളിലേക്കെത്തിച്ചേർന്നെന്ന് അന്വേഷിക്കാൻ ഇടത് സർക്കാരിനെക്കൊണ്ട് കഴിയുമോ ? എന്നിട്ടത് തിരിച്ച് പിടിക്കാൻ സാധിക്കുമോ ?

ഇടുക്കിയിൽ നിന്ന് അസിസ്റ്റന്റ് കലൿടർ ശ്രീറാം വെങ്കിട്ടരാമനെ പറഞ്ഞുവിട്ട് എല്ലാം ഭൂമാഫിയയ്ക്ക് തന്നെ അടിയറവ് വെച്ചെന്നല്ലാതെ പ്രത്യേകിച്ചൊന്നും ശരിയാക്കാൻ കഴിഞ്ഞില്ല. വയനാട്ടിലും വിശേഷിച്ചെന്തെങ്കിലും ശരിയാക്കുമെന്ന വിശ്വാസം, നിലവിൽ പൊയ്ക്കൊണ്ടിരിക്കുന്ന രീതി കണ്ടിട്ട് തോന്നുന്നില്ല. എല്ലാമൊന്നും ശരിയാക്കിയില്ലെങ്കിലും ഇങ്ങനെ ചിലതെങ്കിലും ശരിയാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥനയുണ്ട്. നമ്മുടെ പൈതൃകസ്വത്തുക്കളാണിതെല്ലാം. വെറുതെ കിടന്നിരുന്ന മിച്ചഭൂമിയൊന്നുമല്ല.

മറ്റാരുടെയെങ്കിലും കാലത്ത് നടന്ന തട്ടിപ്പാണെങ്കിൽ ധൈര്യമായി കുത്തിപ്പൊക്കാമല്ലോ ? ആ നിലയ്ക്കെങ്കിലും ഒന്ന് നടപടിയെടുക്കൂ. ചിലപ്പോൾ വയനാട് വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള ഒരു കച്ചിത്തുരുമ്പ് ഇതാണെങ്കിലോ ?

വാൽക്കഷണം:- കോവളം കൊട്ടാരം കൈവിട്ട് പോയ കഥയൊന്നും മറന്നിട്ടല്ല ഈ പറയുന്നത്. എന്നാലും വെറുതെയൊന്ന് ആഗ്രഹിച്ചുപോകുന്നു.