ranikkallu

മൂന്നാര്‍ – ഒരു കത്ത്


സുഹൃത്തേ ജോജീ…

മൂന്നാറില്‍ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് ചോദിച്ചുകൊണ്ടുള്ള താങ്കളുടെ ഇ-മെയില്‍ കിട്ടി. മറുപടി വൈകിച്ചതിന് ക്ഷമിക്കണം. ഞാന്‍ ഇന്നാണ് ഓഫ്‌ഷോറിലെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് തിരിച്ച് വന്നത്.

മൂന്നാറിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി കാണാനും കറങ്ങിനടക്കാനുമൊക്കെ ഒരുപാട് സ്ഥലങ്ങളുണ്ട്. ജോ‍ജി എത്ര ദിവസത്തേക്കാണ് പോകുന്നത് എന്നതിനെ ആശ്രയിച്ച് പോകാന്‍ താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചാല്‍ മതി. എനിക്കറിയാവുന്ന കുറച്ച് സ്ഥലങ്ങള്‍ ഞാനിവിടെ കുറിക്കാം.

വെറും ഒരു വിനോദയാത്ര എന്നതിനുപരി ചരിത്രമൊക്കെ മനസ്സിലാക്കി ഒരു യാത്ര നടത്താന്‍ തയ്യാറാണെങ്കില്‍ ഒരുപാടുണ്ട് മൂന്നാറിനെപ്പറ്റി പറയാന്‍.

എറണാകുളത്ത് നിന്നുള്ള യാത്രയില്‍ നേര്യമംഗലം പാലം കഴിയുമ്പോള്‍ റോഡിന്റെ ഇടതുവശത്ത് 1931-ല്‍ റാണി സേതുലക്ഷീഭായ് ഈ റോഡ് തുറന്നുകൊടുത്തതിന്റെ വിളംബരം എഴുതിവെച്ചിരിക്കുന്ന ‘റാണിക്കല്ല് ’ ആ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതുകഴിഞ്ഞാന്‍ മൂന്നാറിലേക്കുള്ള കയറ്റം തുടങ്ങുകയായി. മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം!

മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും.

മഴക്കാലത്താണെങ്കില്‍ നിറഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. വെള്ളച്ചാട്ടത്തിനടിയില്‍ നനയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് പാകത്തിനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നന്നായിരിക്കും.

മൂന്നാറിന്റെ കാണാനുള്ള സ്ഥലങ്ങളൊക്കെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പക്ഷെ ഒരു സ്ഥലത്തുനിന്ന് മറ്റ് സ്ഥലത്തേക്ക് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയാണ് മൂന്നാര്‍ യാത്രയുടെ മാറ്റ് കൂട്ടുന്നത്.പ്രത്യേകിച്ച് എങ്ങും പോയില്ലെങ്കിലും പുല്‍മേടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞ് ഒരു യാത്ര ചെയ്തുവന്നാല്‍ നമ്മളൊന്ന് ഫ്രഷായിട്ടുണ്ടാകും.

യാത്രയ്ക്കിടയില്‍ കൊളുന്തുനുള്ളുന്നവരെ കണ്ടാല്‍ വാഹനം നിറുത്തി ആ കാഴ്ച്ച കുറച്ചുനേരം നോക്കി നില്‍ക്കാന്‍ മറക്കരുത് കേട്ടോ ?

മൂന്നാറില്‍ പോകാനുള്ള സ്ഥലങ്ങള്‍ ടോപ്പ് സ്റ്റേഷനും, മാട്ടുപ്പെട്ടിയും, ദേവികുളം തടാകവുമൊക്കെയാണ്. പഴയ ഒരു പള്ളി കാണണമെങ്കില്‍ ഓള്‍ഡ് മൂന്നാറിലേ സി.എസ്സ്.ഐ. ചര്‍ച്ചില്‍ പോകാം.

ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ ആ പളളിയുടെ ചരിത്രം കൌതുകം ജനിപ്പിക്കുന്നതും അതേസമയം ചെറുതായി നൊമ്പരപ്പെടുത്തുന്നതുമാണ്. ഈ പള്ളി വരുന്നതിനും 17 വര്‍ഷത്തിന് മുന്‍പ് തന്നെ അവിടത്തെ സെമിത്തേരി വന്നിരുന്നു. അതാണ് ആ പള്ളിയുടെ കഥയിലെ കൌതുകരമായ ഭാഗം.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന ഹെന്‍‌റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ, 23 കാരിയായ ഭാര്യയായ എലനര്‍ ഇസബെല്‍ മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ ഭംഗി കണ്ടിട്ട് …

“ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം” എന്ന് പറയുന്നു.

അത് പറഞ്ഞ് മൂന്നാം ദിവസം എലനര്‍ ഇസബെല്‍ കോളറ വന്ന് മരിക്കുന്നു. അവരെ ആ കുന്നിന്റെ മുകളില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ പുറകിലായി അടക്കം ചെയ്യുന്നു. ആ ശവകുടീരം ഇന്നും അവിടെയുണ്ട്. പിന്നീട് 17 വര്‍ഷങ്ങള്‍ക്കുശേഷം കുന്നിന്‍ ചെരുവില്‍ പള്ളി വന്നു. സെമിത്തേരിയില്‍ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്കുകള്‍ നടക്കുകയും ചെയ്തു.

പലപ്രാവശ്യം പള്ളിവരെ പോയിട്ടും, അട്ടകളുടെ ശല്യം കാരണം എലനര്‍ ഇസബെല്ലിന്റെ കുഴിമാടം എനിക്കിതുവരെ കാ‍ണാ‍ന്‍ കഴിഞ്ഞിട്ടില്ല. പള്ളിയില്‍ നിന്ന് താഴെക്ക് നോക്കിയാല്‍ നിറയെ കോണ്‍‌ക്രീറ്റ് കെട്ടിടങ്ങളാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. മദാമ്മ കണ്ട സൌന്ദര്യം ആ സ്ഥലത്തിന് ഇപ്പോളുണ്ടോ എന്ന് സംശയമാണ്.


ഒരിക്കള്‍ പള്ളിക്കകത്ത് കയറിയപ്പോള്‍ വളരെ പഴക്കമുള്ള ഒരു ബൈബിളും, പിയാനോയുമൊക്കെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്.


പള്ളിയുടെ അകം പഴമ വിളിച്ചോതുന്ന തരത്തിലുള്ളതാണ്. ചുമരിലൊക്കെ മണ്‍‌മറഞ്ഞുപോയ സായിപ്പന്മാടുടെയെല്ലാം പേരുകള്‍ കൊത്തിയ ലോഹത്തകിടുകള്‍ പിടിപ്പിച്ചിട്ടുണ്ട്.

മൂന്നാര്‍ ടൌണില്‍ നിന്ന് ഇടുക്കി റൂട്ടില്‍ പോയാല്‍ മാട്ടുപ്പെട്ടിയാണ്. അവിടെ മുന്‍‌കാലങ്ങളില്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിലൊക്കെ കടത്തിവിടുമായിരുന്നു. ഇന്തോ-സ്വിസ്സ് പ്രോജക്‍ടാണത്. പക്ഷെ ഇപ്പോള്‍ ആള്‍ക്കാരെ കടത്തിവിടുന്നില്ല എന്നാണ് കേള്‍ക്കുന്നത്. പോകുമ്പോള്‍ അന്വേഷിച്ച് നോക്ക്. കടത്തിവിടുന്നെങ്കില്‍ പോകണമെന്നാണ് എന്റെ അഭിപ്രായം. മാട്ടുപ്പെട്ടി തടാകത്തില്‍ ബോട്ട് യാത്ര നല്ലൊരു അനുഭവമായിരിക്കും. അവിടെപ്പോകുമ്പോള്‍ തടാകത്തിന്റെ മറുകരയിലേക്ക് കൂക്കിവിളിക്കാന്‍ മറക്കണ്ട. ഒരു എക്കോ പോയന്റ് കൂടെയാണത്. ഇതിനൊക്കെ പുറമെ മാട്ടുപ്പെട്ടി പരിസരം വളരെ മനോഹരമായ ഒരിടമാണ്. ലേയ്‌ക്കിലേക്കും നോക്കി എത്രനേരം വേണമെങ്കിലും ആ പച്ചപ്പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ തോന്നും.

ദേവികുളം തടാകവും നല്ലൊരു സ്പോട്ടാണ്. മഴപെയ്ത് തടാകം നിറഞ്ഞുനില്‍ക്കുന്നതുകാണാനാണ് കൂടുതല്‍ ഭംഗി.

പിന്നെയുള്ളത് ടോപ്പ് സ്റ്റേഷനാണ്. അത് മൂന്നാറില്‍ നിന്ന് 35 കിലോമീറ്ററോളം യാത്രയുണ്ട്. മൂന്നാറില്‍ ചെന്നാല്‍ എല്ലാവരും പോകുന്ന ഒരു സ്ഥലമാണത്. കുന്നിന്റെ മുകളില്‍ നിന്നുള്ള താഴ്‌വരക്കാഴ്ച്ചയാണ് ടോപ്പ് സ്റ്റേഷനില്‍ നിന്ന്‍ ആസ്വദിക്കാനുള്ളത്.
.
പറ്റുമെങ്കില്‍ കൊളുക്കുമലയിലേക്ക് കൂടെ പോകൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമാണത്. മൂന്നാറ് വരെ പോയിട്ട് കൊളുക്കുമലയില്‍ പോകാതെ മടങ്ങുന്നത് ഒരു വലിയ നഷ്ടമാണെന്നാണ് എന്റെ അഭിപ്രായം. മൂന്നാര്‍ പട്ടണത്തില്‍ നിന്നും ചിന്നക്കനാല്‍ റൂട്ടിലൂടെ സൂര്യനെല്ലിയിലെത്താം. അവിടന്ന് 15 കിലോമീറ്റര്‍ മാത്രമേ കൊളുക്കുമലയിലേക്കുള്ളൂ. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയിലാണ് കൊളുക്കുമലയുടെ സ്ഥാനമെങ്കിലും അവിടേയ്ക്ക് പോകാന്‍ ബോഡിനായ്ക്കനൂര് നിന്ന് റോ‍ഡ് മാര്‍ഗ്ഗമൊന്നും ഇല്ല.

മറ്റ് സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്.
ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് 15 കിലോമീറ്റര്‍.
രാജാമലൈ വന്യമൃഗസങ്കേതത്തിലേക്ക് 15 കിലോമീറ്റര്‍.
ആനമുടി പീക്കിലേക്ക് മൂന്നാറ് നിന്ന് 50 കിലോമീറ്റര്‍ പോകണം. ആനമുടിയാണ് പശ്ചിമഘട്ടത്തിലെ(വെസ്റ്റേണ്‍ ഗാട്ട്) തെക്കേ ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ഇടം. ട്രെക്കിങ്ങിന് താല്‍പ്പര്യം ഉള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അത്.

മറയൂര്‍ വളരെ നല്ല സ്ഥലമാണ്. മൂന്നാറ് നിന്ന് 40 കിലോമീറ്ററോളം പോകണം മറയൂരെത്താന്‍. മറയൂര്‍ക്ക് പോകുന്ന വഴിയിലാണ് കാന്തല്ലൂരും മന്നവന്‍ ചോലയും. 7800 അടി ഉയരത്തില്‍ വരെ 42 ല്‍പ്പരം ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന മന്നവന്‍ ചോലയിലെ ചോലക്കാടുകള്‍ ആനകളുടേയും പുലികളുടേയുമൊക്കെ വിഹാരകേന്ദ്രമാണ്.

ഇത്രയൊക്കെയാണ് മൂന്നാറും പരിസരപ്രദേശവുമൊക്കെയായി എനിക്കറിയാവുന്ന സ്ഥലങ്ങള്‍.ഇതില്‍ പല സ്ഥലങ്ങളിലും ഞാനിനിയും പോയിട്ടില്ല. ഒരുപാട് സ്ഥലങ്ങള്‍ ഇനിയും കണ്ട് തീര്‍ക്കാനുണ്ട്. ഓരോ മൂന്നാര്‍ യാത്രയിലും ഓരോരോ സ്ഥലങ്ങളില്‍ പോയി നല്ലവണ്ണം സമയമെടുത്ത് കാഴ്ച്ചകള്‍ കണ്ടുനടക്കുക എന്നതാണ് എന്റെ പോളിസി.

നീലക്കുറുഞ്ഞി പൂക്കാന്‍ ഇനിയും 10 കൊല്ലമെടുക്കും. രണ്ട് കൊല്ലം മുന്‍പ് പൂത്തെന്നാണ് എന്റെ ഓര്‍മ്മ. 12 കൊല്ലത്തിലൊരിക്കലാണ് നീലക്കുറുഞ്ഞി പൂക്കുന്നത്. ഞാനിതുവരെ ആ കാഴ്ച്ച കണ്ടിട്ടില്ല. കഴിഞ്ഞ പ്രാവശ്യം പോകാന്‍ തയ്യാറെടുത്തപ്പോഴേക്കും നീലക്കുറുഞ്ഞിയെല്ലാം കരിഞ്ഞുതുടങ്ങിയിരുന്നു. അല്ലെങ്കിലും നീലക്കുറുഞ്ഞി പൂക്കുന്ന കാലത്ത് മൂന്നാറില്‍ പോകാന്‍ തോന്നില്ല. അത്രയ്ക്ക് തിരക്കായിരിക്കും ആ സമയത്തൊക്കെ.അധികം തിരക്കുള്ളിടത്ത് കറങ്ങാന്‍ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കഴിഞ്ഞ പ്രാവശ്യം നീലക്കുറുഞ്ഞി കാണാന്‍ സ്ക്കൂളില്‍ നിന്ന് കുട്ടികളുമായി മൂന്നാറില്‍ പോയ ചില അദ്ധ്യാപകരുടെ അനുഭവം കേട്ടപ്പോള്‍ വിഷമം തോന്നി. മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിന്ന് കുറെ കരിഞ്ഞ നീലക്കുറുഞ്ഞികള്‍ മാത്രം കണ്ട് മടങ്ങേണ്ടി വന്നു അവര്‍ക്ക്.

ഞാന്‍ മൂന്നാറ് പോകുമ്പോളെല്ലാം ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടിലാണ് താമസിക്കാറ്. ചിന്നക്കനാല്‍ റൂട്ടിലാണ് ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ട്. അവിടന്ന് സൂര്യനെല്ലിയിലേക്ക് രണ്ടരക്കിലോമീറ്ററേയുള്ളൂ. ആ റൂട്ടില്‍ത്തന്നെയാണ് മഹീന്ദ്ര, സ്റ്റെര്‍ലിങ്ങ്, ഫോര്‍ട്ട് മൂന്നാര്‍ തുടങ്ങിയ ഒരുവിധം വലിയതും നല്ലതുമായ റിസോര്‍ട്ടുകളെല്ലാം. മൂന്നാര്‍ ലേയ്‌ക്ക് ആ റൂട്ടിലായതുകൊണ്ടാകണം ആ വഴിയില്‍ വേറേയും കുറേയധികം റിസോര്‍ട്ടുകള്‍ ഉണ്ട്. ഹോം സ്റ്റേ പോലുള്ള സംവിധാനങ്ങള്‍ ആ റൂട്ടില്‍ അല്ലെങ്കില്‍ മൂന്നാറില്‍ത്തന്നെ എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയില്ല.

ബ്ലൂ മോണ്‍‌ഡില്‍ ഒരു ഗുണം ഉണ്ട്. 2 ബെഡ്ഡ് റൂമും ഒരു ലിവിങ്ങ് റൂമും ചേര്‍ന്ന കോട്ടേജുകള്‍ ഉണ്ട് അവിടെ. ഒന്നിലധികം ഫാമിലി ഉണ്ടെങ്കില്‍ അത് സൌകര്യം ചെയ്യും. സാധാരണ മുറികളും ഉണ്ട്. ഒരുവിധം പോക്കറ്റില്‍ ഒതുങ്ങുന്ന താരിഫാണവിടെ. മുന്‍പ് പറഞ്ഞ മറ്റ് ഹോട്ടലുകളില്‍ എല്ലാം ഇതിന്റെ ഇരട്ടി പണം ചിലവാകും. അവിടത്തെ ബുക്കിങ്ങിന് 9447131710 എന്ന മൊബൈല്‍ നമ്പറില്‍ വൈകീട്ട് 5 മണിക്ക് ശേഷം വിളിച്ചാല്‍ മതി. ലേയ്‌ക്കിന്റെ ഏറ്റവും മനോഹരവും അടുത്തുള്ളതുമായ വ്യൂ ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടില്‍ നിന്നാണ്.

മൂന്നാറിലിപ്പോള്‍ പൂജ്യം ഡിഗ്രിയിലാണ് താപമാനമെന്ന്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു. കോടമഞ്ഞുവീഴുന്ന ഈ മാസങ്ങളില്‍ മൂന്നാര്‍ യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയായിരിക്കും.

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ചോദിച്ചാല്‍ മതി. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞ് തരുന്നതില്‍ സന്തോഷമേയുള്ളൂ. നല്ലൊരു യാത്ര പോയി വരൂ. മടങ്ങി വന്നിട്ട് പറ്റുമെങ്കില്‍ ഒരു യാത്രാവിവരണം എഴുതാനും ശ്രമിക്കണേ.

ആശംസകളോടെ.

-നിരക്ഷരന്‍

(അന്നും, എന്നും, എപ്പോഴും)
————————————————————————–
’ചില യാത്രകള്‍ ‘ സ്ഥിരമായി വായിക്കുന്ന ജോജീ ഫിലിപ്പ് എന്ന സൌദി പ്രവാസി സുഹൃത്തിന്റെ കത്തിന് എഴുതിയ മറുപടി കുറച്ച് പരിപോഷിപ്പിച്ച്, മേമ്പൊടിക്ക് ഇത്തിരി പടങ്ങളൊക്കെ ചേര്‍ത്ത് ഒരു കത്തിന്റെ രൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നു.

Comments

comments

47 thoughts on “ മൂന്നാര്‍ – ഒരു കത്ത്

  1. ’ചില യാത്രകള്‍ ‘ സ്ഥിരമായി വായിക്കുന്ന സൌദി പ്രവാസിയായ ജോജീ ഫിലിപ്പ് എന്ന ഒരു സുഹൃത്തിന്റെ കത്തിന് എഴുതിയ മറുപടി കുറച്ച് പരിപോഷിപ്പിച്ച്, മേമ്പൊടിക്ക് ഇത്തിരി പടങ്ങളൊക്കെ ചേര്‍ത്ത് ഒരു കത്തിന്റെ രൂപത്തില്‍ത്തന്നെ പോസ്റ്റുന്നു. മൂന്നാറിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍….

    അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ.. :)

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

  2. ഹാവൂ…ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു…
    നിരച്ചരന്‍ മൂന്നാറിന്റെ ഒരു ഭാഗവും ബാക്കി വച്ചിട്ടില്ല ഇല്ലെ..:)

  3. മൂന്നാറില്‍ ഇപ്പോള്‍ കൊടും തണുപ്പാണ്. മാട്ടുപ്പെട്ടിയിലാണെങ്കില്‍ പുറത്തിറങ്ങാനെ പറ്റില്ല എന്നു പറഞ്ഞു എന്റെ സുഹൃത്ത്.

    വളരെ മനോഹരമായ സ്ഥലമാണ്, എത്ര പോയാലും മതിയാവില്ല.

    പതിവുകാഴ്ചകളിലേക്കുള്ള ലിങ്കിനു നന്ദി.
    :)

  4. പുതുവര്‍ഷപ്പുലരിയില്‍ മൂന്നാര്‍ പോകാന്‍ പ്ലാനിട്ടതായിരുന്നു. മോള്‍ക്ക് പനിയായതിനാല്‍ പോകുവന്‍ സാധിച്ചില്ല.
    ഇപ്പോള്‍ -3 ഡിഗ്രീ തണുപ്പാണെന്നാണു പറയുന്നത്!!!
    കാമെറ കൊണ്ടുപോയിട്ട് കാര്യമുണ്ടോ എന്നറിയില്ല..
    ഏതായാലും രണ്ടാഴ്ചക്കുള്ളില്‍ മൂന്നാറിലെ കാഴ്ചകളുമായി ഞാന്‍ വരും..

  5. നീരു,
    ഒരിക്കല്‍ കൂടി മൂന്നാറില്‍ പോയ അനുഭവം. വളരെ ഭംഗിയായ വിവരണം.
    കൊതി വരുന്നു,ഒന്നും കൂടി പോകാന്‍ . തേയിലത്തൊട്ടത്തില്‍ കൂടെയുള്ള യാത്രകള്‍ ഒരിക്കലും മറക്കില്ല…
    പോസ്റ്റ്നു നന്ദി

    സുഖമായും സന്തോഷമായും സുരക്ഷിതമായും
    യാത്രകള്‍ തുടരുക പ്രാര്‍ത്ഥനയോടെ
    പുതുവത്സരാശംസകള്‍ നേരുന്നു…

  6. മൂന്നാറിനെക്കുറിച്ചുള്ള ഇത്രയും വിശദമായ വിവരണത്തിനു ഞാനും നന്ദി അറിയിക്കട്ടെ. മൂന്നാറിൽ അനേകം തവണ ഞാൻ പോയിട്ടുണ്ടെങ്കിലും അതിൽ ഒന്നു പോലും ഒരു വിനോദസഞ്ചാരിയായിട്ടല്ല. എല്ലാം ജോലിയുടെ ഭാഗമായ യാത്രകൾ മാത്രം. അതു കൊണ്ടുതന്നെ സൗകര്യമായി മൂന്നാറിൽ നടക്കാനും കാഴ്ചകൾ കാണാനും സാധിച്ചിട്ടില്ല. മൂന്നറിനെക്കുറിച്ചുള്ള അറിവുകൾ ഇങ്ങനെ ബൂലോകകാഴ്ചകളിൽ ഒതുങ്ങുന്നു. എന്നാലും മൂന്നാറിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങൾ കൂടിയുണ്ട്.
    മൂന്നാറിൽ ഒരു റെയിൽ‌വേസ്‌റ്റേഷൻ ഉണ്ടായിരുന്നു എന്ന പറഞ്ഞുകേട്ടിട്ടുണ്ട്. ടോപ് സ്‌റ്റേഷന്റെ സമീപത്ത് ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ടത്രേ. 1928 ലെ ശക്തമായ മഴയിൽ റെയിൽ പാളങ്ങൾ ഒലിച്ചുപോയതോടെയാണ് ഈ സ്‌റ്റേഷന്റെ പ്രവർത്തനം നിലച്ചത്.
    പിന്നീടുള്ളത് അടിമാലിയിൽ നിന്നും തോക്കുപാറ, ആനച്ചാൽ, ചിത്തിരപുരം വഴി (എൻ എച്ച് വഴിഅല്ലാതെ) മൂന്നാറിനുവരുമ്പോൾ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിക്കു മുൻപിലായി ഒരു പിയാത്തയുണ്ട് (മൈക്കൾ ആഞ്ചലോയുടെ പ്രശസ്തമായ ഒരു ശില്പമാണ് പിയാത്ത. കുരിശിൽ നിന്നും ഇറക്കിയ യേശുദേവന്റെ മൃതദേഹം ശുശ്രൂഷിക്കുന്ന മാതാവിന്റെ ശില്പം). ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ പിയാത്തയാണത്രേ ഇതു. ഇതും ഒന്നുകാണണം. രണ്ടും എന്നെങ്കിലും സാധിക്കും എന്നു വിശ്വസിക്കുന്നു.

  7. എഴുത്ത് രീതി വളരെ ഇഷ്ടപ്പെട്ടു. ഇതു വരെ മൂന്നാര്‍ പോയിട്ടില്ല. ഇനി പോകുമ്പോള്‍ ഒന്നു കൂടി ഇവിടെ വന്നു നോക്കി പ്ലാന്‍ ചെയ്യാം :-)

  8. യാത്രകള്‍..ഇഷ്ടമില്ലാതിരുന്ന ആദര്‍ശിനെ ഇതൊക്കെ കാണിച്ചു ‘ബ്രെയിന്‍ വാഷിംഗ്’ ആണ് ഇപ്പോള്‍..
    പക്ഷെ,ഞങ്ങള്‍ മൂന്നാറില്‍ പോയത് അക്കിടിയായി.നീലക്കുറിഞ്ഞി പൂത്ത സമയത്തു പോയത് കൊണ്ടു,സ്ഥലങ്ങലെക്കാള്‍ കൂടുതല്‍ ആളുകളെയാ കണ്ടത്.
    നല്ല പോസ്റ്റ് നിരൂ..

  9. ഒരു വിനോദസഞ്ചാരിയായിട്ടോ അല്ലെങ്കിൽ ചരിത്രാന്വേഷിയായിട്ടോ മൂന്നാറിൽ പോകാൻ താല്പര്യമുള്ളവർക്ക് നല്ലൊരു മാർഗ്ഗനിർദ്ദേശിയായിരിക്കും ഈ പോസ്റ്റ്. മണിയുടെ കമന്റും ശ്രദ്ധേയമാണ്.

    മൂന്നാറിൽ പോയി കുറേ ചുറ്റിക്കറങ്ങിയിട്ടുണ്ടെങ്കിലും, ഒരു സുഖവാസകേന്ദ്രം എന്ന കാഴ്ചപ്പാടിനപ്പുറമുള്ള ഒരു തേടൽ ഇതുവരെ ഞാൻ നടത്തിയിട്ടില്ല. ടോപ് സ്റ്റേഷനിൽ പോകുമ്പോൾ പഴയ റെയിൽ‌വേ പാളത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്! അതിനുപിന്നിലെ കഷ്ടപ്പാടും, ആ കഷ്ടപ്പാടിനെ തോല്‍പ്പിച്ച ഇച്ഛാശക്തിയും ഓർത്ത്! റ്റീ ഫാക്ടറിയിൽ പോയതും നല്ലൊരു അനുഭവമായിരുന്നു.

  10. മനസ്സിൽ കുളിർകോരിയിടുന്ന യാത്രാ വിവരണം.
    ഇനി നേരിൽകണ്ട് കണ്ണുകളെ കുളിരണിയിക്കുവാനുള്ള മോഹം ബാക്കി..!!

  11. ഇതെന്നാ ആശാനേ എണ്ണപ്പാടത്ത്..28 & 28 ആണോ വർക്ക് ഷെഡ്യൂൾ ? ഇത്രയധികം സമയം നാട്ടിലെ യാത്രകൾക്ക് ചിലവഴിക്കുന്നത് കാണുമ്പോൾ ഒരു പൊടിക്കനസൂയ..:)

    ബൈദവേ മി.പെരേര വായിച്ച ചില യാത്രകളൊക്കെ വിജ്ഞാനപ്രദമൻ.അടുത്ത വെക്കേഷന് ഇവിടുത്തെ ഒരോ പോസ്റ്റിന്റേയും പിഡിഫ് പ്രിന്റൗട്ടുമായിറങ്ങാം..!

  12. വളരെ വിശദമായ ഈ വിവരത്തിന് നന്ദി. തീർച്ചയായും അടുത്ത ലീവിന് പോണം മൂന്നാറിലേക്ക്.

    എവിടെയൊക്കെയാ പോകാനുള്ളത്… ഈ ബൂലോഗം കൊതിപ്പിച്ച ഒരുപാട് സ്ഥലങ്ങളുണ്ട്. എവിടെയൊക്കെ എത്തുമോ ആവോ…

  13. കഴിഞ്ഞ തവണ നീലക്കുറിഞ്ഞി പൂത്ത സമയത്തു മൂന്നാറില്‍ പോയി. മാട്ടുപട്ടി ഫാമില്‍ വര്‍ക്ക് ചെയ്യുന്ന ചങ്ങാതിയുടെ സഹായത്തില്‍ ഫാമിലും കയറി. ടോപ്പ് സ്റ്റേഷനിലും പോയി..

    പക്ഷെ പോയതെയുള്ളു, പോയി കണ്ടിട്ടു തിരിച്ചു വന്നു.

    നന്‍‌ട്രി നിരക്ഷരന്‍ജി..:)

  14. വായിച്ചു എന്തു പറയണം എന്ന് അറിയില്ല…. അത്രയ്ക്ക് നന്നായി ഈ വിവരണം…. 2007 വരെ ഞാന്‍ മൂന്നാറിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു….. അന്നൊക്കെ അതിനും കാരണം ഉണ്ടായിരുന്നു….. ഇനിയും അവിടെയൊക്കെ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്…. കഴിയുമെങ്കില്‍ എത്രയും വേഗം…..

  15. മൂന്നാറില്‍ ഒരു അഞ്ചുസെന്‍റ് കിട്ടിയിരുന്നെങ്കില്‍. അവിടെ ഒരു ഫയര്‍പ്ലേസുള്ള ഹോട്ടലും നടത്തി, തണുത്തു വിറച്ച്, ചെവി കൊട്ടിയടച്ച്, ബാഹ്യലോകബന്ധമില്ലാതെ അങ്ങനെ, ഓക്സിജന്‍ കുറവാകുന്ന സമയത്ത് അകൃത്രിമമായ സൈക്കഡലിക് സ്വപ്നങ്ങളും കാണാം…ഹഹഹ… മൂന്നാറില്‍ പോകാത്തവരുടെ മൂന്നിലൊന്ന് ജന്മം പാഴ്…

  16. നിരക്ഷരന്‍ (അന്നും ഇന്നും എപ്പോഴും) കൊതിപ്പിച്ചു. മൂന്നാറില്‍ ഞാന്‍ പതിനാലുദിവസങ്ങള്‍ തങ്ങിയിട്ടും ഈ വഴിയോരപ്രധാനയിടങ്ങള്‍ എനിക്ക് കാണുവാനോ സന്ദര്‍ശിക്കാനോ ഭാഗ്യം കിട്ടിയില്ല.

    കാരണം എറണാകുളത്തു നിന്നും കോതമംഗലം എത്തിയപ്പോള്‍ അര്‍ദ്ധരാത്രി. പിന്നെ കിട്ട്യ ഒരു പാണ്ടിലോറിയില്‍ വലിഞ്ഞുകേറി അണ്ണാച്ചി ഡ്രൈവറും കിളിയുമൊത്ത് തമിഴ് പേശി കുശങ്കള്‍ ശൊല്ലി മുന്നാറില്‍ ലാന്റിയപ്പോള്‍ പുലര്‍ച്ചെയായി!
    തിരിച്ച് മൂന്നറിറങ്ങി വന്നതും ഒരു അര്‍ദ്ധരാത്രി തന്നെ.

    ഇനി പോകുന്നെങ്കില്‍ പട്ടാപകല്‍ തന്നെ പോകും. നീരു കൂടെയുണ്ടെങ്കില്‍ കെങ്കേമം. :)

  17. നിരക്ഷരാ..അ..ആ..ആ.. യു ആര്‍ റോക്കിംഗ്..
    വായിപ്പിച്ച് കൊതിപ്പിച്ചു കളഞ്ഞു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇടുക്കി – വെള്ളപ്പാറയില്‍ ആണെന്ന് തോന്നുന്നു ഒരു നേച്ചര്‍ ക്യാമ്പിനു പോയപ്പോള്‍ മൂന്നാറിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തിയിട്ടുണ്ട്. മടങ്ങാന്‍ തിരക്കായതിനാല്‍ പകുതി കയറി മാഷന്മാര്‍ പറഞ്ഞു ഇതൊക്കെയാണ് മൂന്നാര്‍. കണ്ടത് മതീന്ന്. :)

    ഇതിപ്പോ വായിക്കുമ്പോള്‍ ഒന്നവിടെ എത്തിയാല്‍ മതീന്ന് തോന്നുന്നു. അവതരണത്തിന്റെ പുതുമ കലക്കി.

    തുഷാരഗിരിയാത്ര വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ടിരുന്നു… വളരേന്ന് വച്ചാല്‍ വളരെ വളരെ :)

    Thank you so much ‘n Keep blogging.. :)

  18. ചാണക്യന്‍ :- മൂന്നാറിലെ ചില സ്ഥലങ്ങളില്‍‍ ഞാനിനിയും പോയിട്ടില്ല. അതില്‍ പോകണമെന്ന് വളരെ ആഗ്രഹമുള്ളത് മന്നവന്‍ ചോലയാണ്. എന്താ കൂടെ പോരുന്നോ ?

    ആഷ്‌ലി എ.കെ. :- നന്ദി.

    അനില്‍@ബ്ലോഗ് :- നന്ദി.

    ശ്രീനി ശ്രീധരന്‍ :- പോകണം മാഷേ. നന്ദി :)

    മാറുന്ന മലയാളി :- നന്ദി.

    അനിരുദ്ധ് ഇന്ദുചൂടന്‍ :- നന്ദി.

    ഹരീഷ് തൊടുപുഴ :- പെട്ടെന്ന് വരൂ‍ മൂ‍ന്നാര്‍ പോസ്റ്റുമായി. കാത്തിരിക്കുന്നു.

    പാമരന്‍ :- നന്ദി പാമൂ.

    മാണിക്യേച്ചീ :- ഇനീം പോകണേ മൂന്നാറ്.

    മണികണ്ഠന്‍ :- മണികണ്ഠന് പ്രത്യേകം നന്ദിയുണ്ട്. ഈ കത്തിലില്ല്ലാത്തെ കുറച്ച് സ്ഥലങ്ങള്‍ കൂടെ പരിചയപ്പെടുത്തിയതിനാണ് അത്. പഴയ റെയില്‍‌വേ സ്റ്റേഷനും, തോക്കുപാറ പള്ളിക്ക് മുന്നിലെ പിയാത്തയും എന്റെ അടുത്ത മൂന്നാര്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്ദി മണീ.

    ശ്രീവല്ലഭന്‍ :- നന്ദി. എവിടാണ് മാഷേ ? കാണാനില്ലല്ലോ ഇപ്പോള്‍ ? ജനീവയില്‍ നല്ല തണുപ്പാണോ ഇപ്പോള്‍ ?

    ചങ്കരന്‍ :- നന്ദി.

    കാപ്പിലാന്‍ :-നന്ദി.

    സ്മിതാ ആദര്‍ശ് :- ബ്രയിന്‍ വാഷിങ്ങ് ആഞ്ഞുപിടീച്ചോളൂ. ആള്‍ ദി ബെസ്റ്റ് :)

    ബിന്ദു കെ.പി. :- അത്യാവശ്യം കറക്കമൊക്കെ നടത്തിയിട്ടുണ്ടല്ലേ മൂന്നാറില്‍ ? ഇനിയും പോകണേ.

    ജെ..പി. :- നന്ദി.

    തൂലികാ ജാലകം :- നന്ദി.

    കിരണ്‍‌സ് :- 28/28 അല്ല. 36/34 ആണ്. 36 ദിവസം പണി, 34 ദിവസം അവധി. ഇപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടിയില്ലേ ? നന്ദി മാഷേ.

    പകല്‍ക്കിനാവന്‍ :- നന്ദി.

    നരിക്കുന്നന്‍ :- നന്ദി.

    യാരിദ് :- നന്ദി. എവിടാണ് മാഷേ ? കാണാനില്ലല്ലോ ?

    ശിവ :- നന്ദി.

    ആചാര്യന്‍ :- നല്ല ഒന്നാന്തരം ആഗ്രഹം മാഷേ. എനിക്കുമുണ്ട് ഇങ്ങനൊരു ആഗ്രഹം. പക്ഷെ ജോര്‍ജ്ജൂട്ടി ഇല്ല :)

    രജ്ഞിത്ത് ചെമ്മാട് :- നന്ദി.

    പ്രിയ ഉണ്ണികൃഷ്ണന്‍:- നന്ദി. തിരിച്ചെത്തിയോ അമേരിക്കാവില്‍ ?

    ഏറനാടന്‍ :- ഏറൂ നമൂക്കൊരുമിച്ച് ആകാം ഒരു മൂന്നാര്‍ യാത്ര. ശാന്തന്‍പാറ എന്നൊരിടമുണ്ട് അവിടടുത്ത്. അങ്ങോട്ടായിക്കളയാം, എന്താ ?
    പിന്നെ ഏറു പറഞ്ഞ ആ തമിഴ് ലോറിയില്‍ക്കയറി അറിയാത്ത തമിഴൊക്കെ പറഞ്ഞ് പാതിരാത്രി ഏതെങ്കിലും ഒരു തട്ടുകടയില്‍ നിറുത്തി ദോശയും, കട്ടന്‍ ചായയുമൊക്കെ കുടിച്ച്…അങ്ങനൊരു യാത്ര എന്റെ സ്വപ്നമാണ്. യാത്രകള്‍ക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്തതകള്‍ വേണ്ടേ ?

    ശ്രീലാല്‍ :- നന്ദി മാഷേ. തിരക്കിലാണോ ? ഈയിടെ കാണാനില്ലല്ലോ ?

    മൂന്നാര്‍ കത്ത് വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  19. പലവട്ടം പോയിട്ടുണ്ടെങ്കിലും കാണാത്ത സ്ഥലങ്ങൾ മൂന്നാറിൽ ഇനിയുമുണ്ട് എന്ന് പോസ്റ്റ് കണ്ടപ്പോൾ മനസ്സിലായി.

    നീരുവിനും കുടുംബത്തിനും പുതുവത്സരാശംസകൾ

  20. മൂന്നാറിലേയ്ക്കൊരു യാത്രയ്ക്കു തയ്യാറെടുക്കുന്ന ഏവര്‍ക്കും ഉപകാരപ്പെടുന്ന പോസ്റ്റ്.

    നന്നായി.

  21. കഴിഞ്ഞ ആഴ്ച ഒരു കൂടുകാരന്‍ വിളിച്ചപോള്‍ പറഞ്ഞു . പകുതി വഴിക്ക് വെച്ചു തന്നെ കണ്ണിന്റെ പീലിയില്‍ പോലും മഞ്ഞു പിടിച്ചു . അത് കൊണ്ടു തിരികെ പോന്നു എന്ന് . കഴിഞ്ഞ തവണ നീലകുറിഞ്ഞി ഉള്ളപോള്‍ ഞാന്‍ പോയി . ഭയങ്കര തിരക്ക് . കുറച്ചു മലയാടിന്ടെ പടം കിട്ടിയത് മാത്രം ആണ് ഒരു ഗുണം ഉണ്ടായതു

  22. കലക്കന്‍ വിവരണമണ്ണാ..സൂപ്പര്‍
    എന്തിരായാലും കിടിലങ്ങള് തന്ന കേട്ടാ..

    വൈകിയ പുതുവത്സരാശംസകള്‍..:)

  23. മൂന്നാറിനെക്കുറിച്ച് ഇത്ര വിശദമായി എഴുതിയത് നന്നായി. ഇനീ പോവുമ്പോള്‍ ഇതിന്റെ പ്രിന്റ് എടുത്തിട്ട് പോണം :-)

  24. Anno…
    Iraqil ethiyappozha blogokke onhu vaayikkan samayam kitiyath.abudabiyil namukk niraye joli alle rathriyum pakalum enhillathe ellum pallum naavum muriye pani, pakshe ivide swastham sugam randu divasayit standby ayathond ithoru pani aakiyatha. wife vilichapo avalkum onhu andennam vaayich koduthu. pinne ente chetayi oru blog thudangeetund angu Behrinil pulliyodum parnju veruthe oru nerambokkaavate lle…
    moonharu njan oru thavana poyatha pakshe ee paranja sthalangalil pakuthi polum kanditilla chilathonhum ketitupolumilla. trucking nammade master piece anu pakshe ini ippo athonhum nadakkoonh thonhanilla, peenu mala kayaroonh thonhanilla. ethayalum adutha vacation Thusharagiri urappichu athinaduthath moonharakkanam matu PRASAnangal onhum undayillenkil, ethayalum ingane oru blogundayath nanahayi nammale pole valiya sancharamonhum nadathan kazhiyathavark nalloru vazhi kaatiyaayi “Chilayathrakl” print adich kayyil vecha mathiyallo oru 10-20 vacation theerkanullathayi, Thanks enh paranja formal ayi pokum athond KIDU annaaaaaaaaaaaaa…

  25. Have you ever heard of SitaDevi Lake? This is another wonderful view @ Munnar. The lake is near by Devikulam…U can see the same in some movies like Udayanaanu Thaaram (Song : Parayathe Ariyathe..) Amrutham etc.. Lake is still a virgin… Nothing other than nature there…Try that also next time…

  26. മൂന്നാറിനെക്കുറിച്ചുള്ള യാത്രാവിവരണം ഒരു കഥ പോലെ അനുഭവപ്പെട്ടു.എല്ലാ സ്ഥലങ്ങളും വളരെ വിശദമായി പറഞ്ഞിരിക്കുന്നതിനാല്‍ മൂന്നാര്‍ കാണാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇതു സഹായകമാകും.മുന്‍പ്‌ 2001 ലാണ്‌ ഈയുള്ളവന്‍ മൂന്നാറില്‍ പോയത്‌ .കഴിഞ്ഞ മാസം വീണ്ടും പോയി. മൂന്നാര്‍ ഒരു നാഗരിക സ്വഭാവം കൈവരിക്കുന്നുണ്ട്‌.മൂന്നാര്‍ സിഎസ്‌ ഐ പള്ളിയിലെ എലേനര്‍ ഇസബെല്‍ മേയുട കല്ലറ കാണാന്‍ കഴിഞ്ഞില്ല എന്നെഴുതിക്കണ്ടു. കല്ലറ കുന്നിന്റെ ഏറ്റവും മുകളില്‍ ഇപ്പോഴുമുണ്ട്‌. കല്ലറയ്‌ക്കു ചുറ്റും വേലി കെട്ടി തിരിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ സെമിത്തേരി മുഴുവന്‍ കാട്‌ നിറഞ്ഞിരിക്കുന്നു. എങ്കിലും മുന്‍പു പോയപ്പോള്‍ കണ്ട ഓര്‍മവച്ചു വീണ്ടും കല്ലറയുടെ ചുവട്ടില്‍ പോകാനായി.ഇനി പോകുമ്പോള്‍ എലേനര്‍ ഇസബെല്‍മേയുടെ ചരിത്രപ്രസിദ്ധമായ കല്ലറ കൂടി സന്ദര്‍ശിക്കുമല്ലോ. എല്ലാ ആശംസകളും.

  27. In a boring day at office wen network cnnction was down, searched for a blog from where got this blog’s link..cliked it.i felt like wen am in a desert n cmpltly tired, sme1 poring heaps of snow into me..read ur blog, me too love to travel a lot.. i hav been to munnar but one thing i hav to say is u have just mentioned abt marayoor,, i hav gone to munnar nt thru the usuall ernakulam-munnar route but via uthumalpett, marayooy.. i hav realised 1thng munnar s nt just tea estate,in that journey.. it was raining also.. there were lot of beatiful places to see.. n i hav stayed in a jungle resort naturezone in munnar i dont say its reasonable but it was another unforgettable exp we have stayed in treehouse there.im a malayalee, but i dnt know hw to type malayalam here thats y used eng..

  28. എന്റെ ബിരുദ പഠനം ഞാന്‍ മൂന്നാറില്‍ ആണ് ചെയ്തത്
    നിരക്ഷരെട്ടന്റെ വിവരണം വെച്ച് നോക്കുമ്പോള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ വളരെ കുറവാണ് ….
    വഴി വളരെ പരിചിതം ആണ് …
    അടുത്ത് തന്നെ ഒന്ന് പോവണം

  29. സി എസ്ഐ പള്ളി പുതിയ അറിവാണ് .കേട്ടപ്പോള്‍ അല്പം നൊമ്പരം തോന്നി .എല്ലാ ആഗ്രഹങ്ങളും പെട്ടന്ന് സാധികുന്നത് നല്ലത് തന്നെ .പക്ഷെ ആ വനിതയുടെ ആഗ്രഹം അത്ര വേഗം സാധികരുതായിരുന്നു എന്ന് തോന്നി .17.07.2011 ല്‍ ഒരു മുന്നാര്‍ യാത്ര ആലോചിക്കുന്നു .ആ പള്ളിയില്‍ പോകണം .നന്ദി …

  30. മുന്നാറില്‍ നിന്നും തെക്കടിയിലെക്കുള്ള യാത്രയും പരിഗണിക്കാവുന്നതാണ്, ആ റോഡിലൂടെ വളരെ പതുക്കെ വണ്ടിയോടിച്ചു പോയത് മറക്കാനാവാത്ത അനുഭൂതിയാണ്…

  31. Etta,I had gone to Munnar yesterday.But iam not lucky because i was not able to visit the places which you had posted.I shall visit all places near Munnar on the next journey.Thanks from my heart.
    Balu 7th std.Bharatiya Vidya Bhavan Valanchery.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>