റൺ എ മൈൽ, ഷെയർ എ മീൽ


‘ഷെയർ എ മീൽ’  ‘ മീൽ ഓൺ വാൾ’‘ എന്നീ വാചകങ്ങൾ നമുക്കിപ്പോൾ അത്രയ്ക്കൊന്നും അന്യമല്ല. ഇത്തരം പദ്ധതികൾ വിദേശത്തെന്ന പോലെ ഇന്ത്യയിലെ പല നഗരങ്ങളിലും കുറെ വർഷങ്ങളായിട്ട് തന്നെ പ്രാവർത്തികമായിക്കഴിഞ്ഞിരിക്കുന്ന കാര്യമാണ്. നമ്മൾ ഒരു ഭോജനശാലയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അവസരത്തിൽ ഭക്ഷണമില്ലാതെ വലയുള്ള മറ്റൊരാളുടെ ഭക്ഷണത്തിനുള്ള പണം അവിടെ കൊടുക്കുകയും ആവശ്യക്കാർക്ക് അവർ ആ ഭക്ഷണം നൽകുകയും ചെയ്യുന്ന സമ്പ്രദായമാണ് ‘ഷെയർ എ മീൽ‘ അഥവാ ‘മീൽ ഓൺ വാൾ‘.

10

കോഴിക്കോട് നഗരത്തിൽ ആരും വിശന്ന് വലയരുതെന്ന ചിന്താഗതിയോടെ കളൿടർ പ്രശാന്ത് ബ്രോ ‘ഓപ്പറേഷൻ സുലൈമാനി’ എന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. എറണാകുളത്ത് പപ്പടവട എന്ന റസ്റ്റോറന്റിന്റെ ഉടമ മിനു പോളിൻ ഇതേ ആശയത്തിൽ നന്മമരം എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. റസ്റ്റോറന്റിന്റെ മുന്നിലുള്ള ഫ്രിഡ്ജിൽ ഭക്ഷണപദാർത്ഥങ്ങൾ നന്നായി പൊതിഞ്ഞ് ആർക്ക് വേണമെങ്കിലും കൊണ്ടുവെക്കാം. പപ്പടവടയിൽ നിന്ന് 80 – 100 മീലുകൾ മിനുവും സംഭാവന ചെയ്തുപോരുന്നു. അഭൂതപൂർവ്വമായ പ്രതികരണമാണ് പപ്പടവടയുടെ നന്മമരത്തിന് ലഭിച്ച് പോരുന്നത്. ദിവസം അൻപതോളം ആൾക്കാർക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം പൊതികെട്ടി വിതരണം ചെയ്യുന്ന ഒരു വീട്ടമ്മയേയും നിങ്ങളിൽ പലരും എറണാകുളം നഗരത്തിൽ കണ്ടിട്ടുണ്ടാകും.

110

എറണാകുളത്ത് വേറെയുമുണ്ട് ഇത്തരം ചില സംരംഭങ്ങൾ. അതിലൊന്നാണ് ജില്ലാ ജയിലിൽ നടപ്പിലാക്കിയിരിക്കുന്ന ‘ഷെയർ മീൽ‘. ജയിൽ‌ അന്തേവാസികൾ ഉണ്ടാക്കുന്ന ഭക്ഷണം സീ പോർട്ട് – എയർപ്പോർട്ട് റോഡിൽ SEZന് സമീപമുള്ള ജില്ലാ ജയിലിന് വെളിയിലെ കൌണ്ടറിൽ മിതമായ നിരക്കിൽ ലഭ്യമാണ്. ചപ്പാത്തിയും ജീര റൈസും വെജിറ്റബിൽ കറിയും മുട്ടക്കറിയും ചിക്കൻ കറിയുമൊക്കെ ഇവിടന്ന് കിട്ടും. ഭക്ഷണം വാങ്ങാൻ എത്തുന്നവർക്ക് 25 രൂപ മുടക്കി ഒരു മീൽ അവിടെയുള്ള നോട്ടീസ് ബോർഡിൽ പതിപ്പിക്കാം. അത് വിശന്ന് നടക്കുന്ന പോക്കറ്റിൽ പണമില്ലാത്ത ആർക്ക് വേണമെങ്കിലും എടുത്ത് ഭക്ഷണമായി കൈപ്പറ്റി കഴിക്കാം.

11

ഒരു ജയിലിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന സംരംഭം എന്ന നിലയ്ക്ക് ഇത് വളരെ പ്രശംസനീയവും സർക്കാരിന് തന്നെ അഭിമാനിക്കാൻ പോന്ന കാര്യവുമാണ്. എന്തായാലും ഇത് നടപ്പാക്കാൻ സന്മനസ്സും ഇച്ഛാശക്തിയും കാണിച്ച ജയിൽ അധികൃതർ പ്രത്യേകിച്ച് ജയിൽ സൂപ്രണ്ട് ശ്രീ. അനിൽ കുമാർ ഒരുപാട് പ്രശംസയർഹിക്കുന്നു.

കൊച്ചിയുടെ സ്വന്തം ഓട്ടക്കാരുടെ ക്ലബ്ബായ Soles of Cochin നിലെ ഒരംഗമായ ജോബി പോൾ ഇതേപ്പറ്റി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ഒരുപാട് പേർ ഇതേപ്പറ്റി ബോധവാന്മാരാകുകയും ചെയ്തു. എന്നിരുന്നാലും നമ്മുടെ സമൂഹം ഇത്തരം കാര്യങ്ങളെപ്പറ്റി ഇപ്പോൾ പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ. ഈ അവസ്ഥ ഒഴിവാക്കാനായി ജയിൽ അധികൃതരുമായി സംഘടിച്ച് ഈ വരുന്ന 19ന് രാവിലെ 6 മണിക്ക് 10 കിലോമീറ്റർ ഓട്ടം സംഘടിപ്പിച്ചിരിക്കുകയാണ്  സോൾസ് ഓഫ് കൊച്ചിൻ. ഇതിന് വേണ്ടിയുള്ള ലോഗോ ഇക്കഴിഞ്ഞ് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആഷാ സനിൽ ജയിൽ കൌണ്ടറിന് മുന്നിൽ വെച്ച് പ്രകാശനം ചെയ്തു.

17ലോഗോ പ്രകാശനം ചെയ്യുന്നു.

12

സോൾസ് ഓഫ് കൊച്ചിൻ ക്ലബ്ബ് അംഗങ്ങൾ ജയിലിന് പുറത്ത്

ഇനി ചെയ്യാനുള്ളത് ഇത്തരം നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനായി പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയും അന്നേദിവസം കഴിയുന്നത്ര ജനങ്ങൾ ഓടുക എന്നതുമാണ്. 10 കിലോമീറ്റർ ഓടാനാകാത്തവർക്ക് വേണ്ടി 5 കിലോമീറ്റർ ഓട്ടവും ഉണ്ട്. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഒരു ടീഷർട്ടും മെഡലും ഓടുന്നവർക്ക് ലഭിക്കും. ബാക്കിയുള്ള പണം ഷെയർ എ മീൽ പദ്ധതിയിലേക്ക് വകയിരുത്തും. കൂടുതൽ വിവരങ്ങൾക്ക് 9746948155 / 9447313147 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. രജിസ്ട്രേഷന് http://tinyurl.com/ramsam എന്ന സൈറ്റിൽ പോകുക.

18റൺ എ മൈൽ, ഷെയർ എ മീൽ പോസ്റ്റർ

15

മലയാള മനോരമ വാർത്ത

ബോർഡിൽ 100ൽ അധികം കൂപ്പണുകൾ നിറയുമ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് ചില വൃദ്ധസദനങ്ങളിലും അത്രയും കൂപ്പണുകൾക്ക് തുല്യമായ ഭക്ഷണം വിതരണം ചെയ്യലും പതിവുണ്ട് ഇവിടെ. അത്തരം നല്ല കാര്യങ്ങൾ തുടർന്നും നന്നായി നടന്ന് പോകണം. അതിനായി ജനങ്ങൾ ഓരോരുത്തരുടേയും സഹകരണമുണ്ടാകണം. കഴിയുന്ന ആൾക്കാർ രജിസ്റ്റർ ചെയ്യുക, പങ്കെടുക്കുക. നിങ്ങൾക്ക് ഓടാൻ കഴിയുന്നില്ലെങ്കിലും രജിസ്റ്റർ ചെയ്യുക, ഓട്ടം തുടങ്ങുന്ന സമയത്ത് സാന്നിദ്ധ്യം കൊണ്ട് സഹകരിക്കുക. വിശന്നിരിക്കുന്ന ഒരാൾക്ക് ഒരുനേരത്തെ ഭക്ഷണം നൽകുക എന്നത് ഒരു പുണ്യപ്രവർത്തിയാണ്. തിരക്കുകൾക്കിടയിൽ നമുക്ക് അത്തരം ആൾക്കാരെ കണ്ടെത്താനാകണമെന്നില്ല. അത്തരം സന്ദർഭങ്ങളിലാണ് ഇതുപോലുള്ള സംരംഭങ്ങൾ വഴികാട്ടിയും മാതൃകയുമാകുന്നത്.

വാൽക്കഷണം:- 19ന് നടക്കാൻ പോകുന്ന ഓട്ടത്തിലെ പ്രധാന ആകർഷണം ജയിൽ ഐ.ജി.യായ സാക്ഷാൽ ഋഷിരാജ് സിംങ്ങ് ആണ്. അദ്ദേഹത്തിന് ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശയങ്ങൾ ഉണ്ടാകാം. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി കൂടെയാണ് ഞാൻ ഓടുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>