കഥ പറയുന്ന കോട്ടകൾ – (നിരക്ഷരൻ)


11

ഞാനാകുന്ന നിരക്ഷരൻ എഴുതിയ ‘കഥ പറയുന്ന കോട്ടകൾ’ എന്ന യാത്രാവിവരണത്തിൻ്റെ ആസ്വാദനം അരുൺ ഗാന്ധിഗ്രാം എഴുതിയത് താഴെ വായിക്കാം.
———————————————————————————————————————————————

ജൂലൈ ആറാം തീയതി ഞായറാഴ്ച ബോബി ടീച്ചറുടെ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ചു നടത്തിയ ചർച്ചയിൽ പങ്കെടുക്കാനാണ് മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. യാത്രകളെക്കുറിച്ചായിരുന്നു ചർച്ച. ഇനേർഷ്യയുടെ ചരടുപൊട്ടിയ മറ്റൊരു സഞ്ചാര പട്ടക്കാരൻ ശൈലനും ചർച്ചയ്ക്ക് കൂടെയുണ്ടായിരുന്നു.

അതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ്, യാത്ര എന്ന വിഷയത്തിൽ സംസാരിക്കാൻ ആളുകൾ ഉണ്ടോ എന്ന് ബോബി ടീച്ചർ എന്നോട് ചോദിച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്ന് മറുപടി കൊടുത്തു. ആലോചിച്ചിട്ടാണെങ്കിൽ ഒരു പേര് പോലും കിട്ടിയതും ഇല്ല.

നൂറു നൂറു യാത്രകൾ എഴുതിയ ശൈലൻ എന്നൊരാൾ വരാമെന്നേറ്റിട്ടുണ്ട് എന്ന് ടീച്ചർ പറഞ്ഞു, അത് 11 വർഷങ്ങൾക്കു മുൻപ് മടിച്ചിയുടെ പ്രകാശനത്തിൽ പങ്കെടുത്ത് വിവാഹവാർഷികത്തിന്റെ കേക്കും കഴിച്ച് അർമാദിച്ച് തിരിച്ചുപോയ നമ്മുടെ ആൾ തന്നെയാണ് എന്ന് ഞാനും.

ഇൻസ്റ്റഗ്രാമിൽ പോപ്പുലർ ആയ കേരള ഫുഡ്ഡി എന്ന പേജ് നടത്തുന്ന ഗോവിന്ദ് എന്ന ഒരു പയ്യൻ കൂടി വരുമെന്ന് ടീച്ചർ പിന്നീട് പറഞ്ഞു. ടീച്ചറുടെ സ്റ്റുഡൻറ് കൂടിയാണ്.

ഇനി ഒരാൾ കൂടി വേണം. ആലോചിച്ചാലോചിച്ച് രണ്ടുമൂന്നു ദിവസം അങ്ങനെ പോയി. പതിവുപോലെ ഒരു ദിവസം സഹധർമ്മിണി വിദ്യയെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്ന് പിക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴി കാപ്പി കുടിക്കാൻ ഒരു സ്റ്റോപ്പ് എടുത്തു.

അവിടെയിരുന്ന് യാത്രകളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളുകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ആലോചനയുടെ വിഷയം മനസ്സിലായപ്പോൾ നിരക്ഷരനെ വിളിച്ചുകൂടെ എന്ന് വിദ്യ ചോദിച്ചു. ഇത്രനാൾ എൻറെ സൗഹൃദ ലിസ്റ്റിൽ ഉണ്ടായിട്ടും ആ പേര് എന്നെ ഓർമിപ്പിക്കാൻ വിദ്യ വേണ്ടിവന്നു. ഉടനെ തന്നെ എഫ്ബി മെസഞ്ചറിൽ മെസ്സേജ് അയച്ച് ഫോൺ നമ്പർ ചോദിച്ചു. സമ്മതം വാങ്ങി. നമ്പർ ബോബി ടീച്ചർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

അങ്ങനെ നിരക്ഷരനും ശൈലനും ബോബി ടീച്ചറും ഗോവിന്ദും യാത്രകളെക്കുറിച്ച് പറഞ്ഞും കേട്ടും ഒരു വേദിയിൽ ഒന്നിച്ചു.

ഒന്നരമണിക്കൂർ ചർച്ച നീണ്ടു. കേട്ടിരുന്ന് അസൂയയുടെ കെട്ടുപൊട്ടി.

തൃശ്ശൂർ, എറണാകുളം, അതിരപ്പിള്ളി, ഏറ്റവും അടുത്ത പടിഞ്ഞാറൻ കടൽത്തീരം… ഇതൊക്കെയാണ് എൻറെ യാത്രയുടെ റേഡിയസ്. ഇവർക്കാണെങ്കിൽ പോകാത്ത ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണമെടുക്കാൻ ഒരു കയ്യിലെ വിരലുകൾ മുഴുവൻ വേണ്ട.

പിന്നാമ്പുറക്കഥ എന്തൊക്കെയായാലും ജൂലൈ 6, 2025, ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നിരക്ഷരനിൽനിന്ന് എനിക്ക് ഈ പുസ്തകം കിട്ടിയത്.

കഥ പറയുന്ന കോട്ടകൾ.

എന്തിൻറെയെല്ലാം കഥ?

അധിനിവേശത്തിന്റെ, സംസ്കാരസമന്വയങ്ങളുടെ, പൊളിച്ചുനീക്കലുകളുടെ, പുനർനിർമാണങ്ങളുടെ, തകർന്നടിയലുകളുടെ, തകർക്കപ്പെടലുകളുടെ, നഷ്ടപ്പെട്ട ചരിത്രങ്ങളുടെ, രക്തച്ചൊരിച്ചിലിന്റെ, ക്രൂരതകളുടെ, നിർദയത്വങ്ങളുടെ, വിജയികളുടെ, പരാജയപ്പെട്ട് ചരിത്രത്തിൽ നിന്നും മാഞ്ഞുപോയവരുടെ… അങ്ങനെ എത്രയെത്ര കഥകൾ!

2009ൽ നടത്തിയ ഒരു യാത്രയെ 14 വർഷങ്ങൾക്ക് ശേഷം കുറിച്ചിടുകയാണ് ഈ പുസ്തകത്തിൽ. 2023 ലാണ് പുസ്തകം ഇറങ്ങുന്നത്. അപ്പോഴേക്കും കാലം കുറെ മാറി. സ്ഥലങ്ങൾ കണ്ടു പിടിക്കാൻ ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. ജിപിഎസ് ഉണ്ട്. വഴികളെല്ലാം വലുതായി.

കൊച്ചിയിൽ നിന്ന് ഗോവയിലേക്ക്. ഇപ്പോഴത്തെ ജിപിഎസ് സംവിധാനങ്ങളുടെ മുൻഗാമിയായ നാവിഗേറ്റർ എന്ന ഉപകരണം ഉപയോഗിച്ചുകൊണ്ട് കുടുംബത്തോടൊപ്പം നടത്തിയ യാത്രയുടെ വിവരണമാണ് കഥ പറയുന്ന കോട്ടകൾ.

2009ലെ യാത്രയിൽ എടുക്കാൻ സാധിക്കാതിരുന്ന ചിത്രങ്ങളെടുക്കാൻ 2018ൽ ക്യാമറാമേനോടൊപ്പം വീണ്ടും അതേ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട് എഴുത്തുകാരൻ.

ചിട്ടയായ പ്ലാനിങ്ങും, കൃത്യമായ ദിശാബോധവും ഉള്ള രസകരമായ യാത്ര.

ഇതൊരു മൾട്ടിമീഡിയ പുസ്തകമാണ്. പുസ്തകം വായിക്കുന്നതോടൊപ്പം അതിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ യാത്രയുടെ വീഡിയോ ദൃശ്യങ്ങളും ലഭിക്കും.

പോരാത്തതിന് ഇടയ്ക്കിടയ്ക്ക് ഓരോ കോട്ടകളുടെയും മറ്റും കളർചിത്രങ്ങളും പുസ്തകത്തിലുണ്ട്.
മുഴങ്ങോടിക്കാരിയും (ഭാര്യ) നേഹയുമാണ് (മകൾ) സഹയാത്രികർ.

നേഹ കൂടെയുള്ളത് കൊണ്ട് തന്നെ ഇത് കോട്ടകളുടെ മാത്രം പുസ്തകമല്ല. കടൽത്തീരങ്ങളുടെയും, റസ്റ്റോറന്റുകളുടെയും, ആരാധനാലയങ്ങളുടെയും, ലോഡ്ജുകളുടെയും, ഗോവൻ രാത്രിയുടെയും എല്ലാം വിവരണങ്ങൾ ഇതിലുണ്ട്.

ഒരു ഉദാഹരണം:-

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രണ്ടര മണിക്കൂർ ക്യൂ നിന്ന് തളർന്നവശയായി നടക്കലെത്തി പ്രാർത്ഥിച്ച നേഹയോട് അമ്മ ചോദിച്ചു.

“എന്താണ് പ്രാർത്ഥിച്ചത്?”

“മതിൽക്കെട്ടിനു പുറത്തിട്ടിരിക്കുന്ന എൻറെ ചെരുപ്പ് ആരും എടുക്കാതെ കാക്കണേ ദേവി എന്നാണ് ഞാൻ പ്രാർത്ഥിച്ചത്”

ചരിത്രാന്വേഷികൾക്കു മാത്രമല്ല എല്ലാത്തരം വായനക്കാർക്കും ഗംഭീരമായ ഒരു വായനാനുഭവം സമ്മാനിക്കും ഈ പുസ്തകം എന്ന കാര്യം ഉറപ്പാണ്.

ഇതിൽ ഏതെങ്കിലുമൊക്കെ കോട്ടകൾ ചിലപ്പോൾ ഭാവിയിൽ ഇല്ലാതായേക്കാം.

എങ്കിലും മെന്റർ മീഡിയ പുറത്തിറക്കിയ ഈ പുസ്തകം അവയുടെ എല്ലാം കഥ പറഞ്ഞുകൊണ്ട് ഇവിടെ ബാക്കിയുണ്ടാകും.
———————————-
ഈ പുസ്തകം വാങ്ങിയേ തീരൂ എന്നുള്ളവർക്ക് മെൻ്റർ മീഡിയയുമായി ബന്ധപ്പെടാം.
Mentor Media, Power House Junction, Viyoor P.O. Thrissur – 680010.
Mentor Media, HDFC Bank, Viyyur Branch, Thrissur,
Current Ac no :- 50200079411433
IFSC code :- HDFC0001600
എന്ന അക്കൗണ്ടിലേക്ക് പണമയക്കാം. അതല്ലെങ്കിൽ….
9645084365 എന്ന UPI നമ്പർ വഴി പണമയച്ച ശേഷം നിങ്ങളുടെ ഫോൺ നമ്പറും പിൻകോഡും അടക്കമുള്ള അഡ്രസ്സ് അതേ നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്താൽ, പുസ്തകം തപാലിൽ എത്തുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>