ഓർമ്മക്കുറിപ്പുകൾ

കമ്പിളികണ്ടത്തെ കൽഭരണികൾ. (ഒരു കഥയുണ്ട്)


11
24 ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ.

മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, ‘ഒരു കഥയുണ്ട് ‘ എന്ന പരിപാടിയിലൂടെ ഇന്ന് പ്രിയൻ പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. ശ്രീ.ബാബു അബ്രഹാമും മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്.

കുട്ടേട്ടനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ എടുത്തു പറഞ്ഞാൽ, “വായിച്ചുതീർത്ത്, പുസ്തകം അടച്ച് വെച്ചാലും ബാബു അബ്രഹാമിന്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം.”

ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു താളിൽ കണ്ണീർ വീഴ്ത്താതെ വായന പൂർത്തിയാക്കുക, വായനക്കാരനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്റെ കാര്യത്തിലും അനുഭവം മറിച്ചല്ല. അതുകൊണ്ടുതന്നെ ‘ഒരു കഥയുണ്ട് ‘ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ എനിക്കൽല്പം ആശങ്ക ഉണ്ടായിരുന്നു. സിനിമാ തീയറ്ററിൽ ആണെങ്കിൽ ഇരുട്ടിൽ കണ്ണ് തുടക്കാം. സ്റ്റുഡിയോയിലെ നിറഞ്ഞ വെളിച്ചത്തിന് കീഴെ അത് പറ്റില്ലല്ലോ. ഈ കഥ പറഞ്ഞ് തുടങ്ങിയാൽ പ്രിയൻ കരയിപ്പിച്ചിരിക്കും എന്നൊരു ബോധ്യവും എനിക്കുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രിയന്റെ കണ്ഠമിടറി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽത്തന്നെ ഞാൻ കണ്ണ് തുടച്ചു. എന്തിനധികം പറയുന്നു, കഥാകൃത്ത് പോലും പല സന്ദർഭങ്ങളിലും ഗദ്ഗദകണ്ഠനായി; കണ്ണ് തുടച്ചു. ഒളികണ്ണിട്ട് പോലും കാണികളിൽ മറ്റാരേയും ഞാൻ നോക്കിയില്ല.

പുസ്തകത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായിക്കുക. കാരണം ഇതിന്റെ റോയൽറ്റി മുഴുവൻ പോകുന്നത്, ഷീബ അമീറിൻ്റെ സന്നദ്ധസംഘടന വഴി ക്യാൻസർ രോഗികളുടെ ചികിത്സയിലേക്കാണ്.

കഥയ്ക്ക് ശേഷം കഥാകൃത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. അതിനു മുൻപ്, അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന എന്റെ ആഗ്രഹം അവിടെ വെച്ച് തന്നെ സാധിച്ചു. എഴുത്തുകാരനെക്കൊണ്ട് പുസ്തകത്തിൽ തുല്ല്യം ചാർത്തിച്ചു. ഒപ്പം നിന്ന് പടമെടുത്തു. ആ പടം കണ്ടാൽ തോന്നും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെപ്പൊലെ ഏതോ ഹാസ്യസാഹിത്യകാരൻ്റെ പുസ്തകത്തിൻ്റെ കഥയാണ് അവിടെ പറഞ്ഞതെന്ന്.

കടന്നു പോന്നത് മുൾവഴികളിലൂടെ ആയതുകൊണ്ടാവാം, അതെല്ലാം വിട്ടുപിടിച്ച് ഗംഭീര നർമ്മമാണ് ശ്രീ.ബാബു അബ്രഹാം സംസാരത്തിൽ ഉടനീളം ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റേതായ ചില പദപ്രയോഗങ്ങളും നർമ്മത്തിൽ ചാലിച്ച് ഗ്രന്ഥകർത്താവ് മലയാളത്തിന് നൽകുന്നുണ്ട്.

ബാല്യകാലത്ത് മലം ചുമക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടി, അനാഥാലയത്തിൽ ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു ബാലൻ,
പത്താം തരം കഴിച്ച് നേരിട്ട് തുടർ പഠനത്തിലേക്ക് കടക്കാതെ ജീവിക്കാൻ വേണ്ടി പലപല ജോലികൾ ചെയ്തിട്ടുള്ള ഒരു യുവാവ്. പിന്നീട് പടിപടിയായി പിടിച്ചു കയറി, എംഫില്ലും ഡോക്ടറേറ്റും പോരാഞ്ഞ് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ഡിഗ്രി വരെ സമ്പാദിച്ച ഒരു മനുഷ്യൻ. ഫ്രാൻസിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു. നിലവിൽ ഫ്രാൻസിൽത്തന്നെ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസർ ആയി ജോലി നോക്കുന്നു. അതും പോരാഞ്ഞ് സോഷ്യോളജിയിൽ ഗവേഷണം ചെയ്യുന്നു.

പക്ഷേ ഇതിനെല്ലാം വഴി വെട്ടിയ അമ്മ മേരിയാണ് പുസ്തകത്തിലെ നായിക, അഥവാ നായകൻ. അങ്ങനെയൊരു പുരുഷനെയോ സ്ത്രീയെയോ അതിന് മുൻപും ശേഷവും കണ്ടിട്ടില്ലെന്ന് ശ്രീ ബാബു അബ്രഹാം ആവർത്തിച്ച് പറയുന്നു.

എന്നെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് ഡോ: ബാബു അബ്രഹാം. പക്ഷേ അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങളുടെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല; നമ്മളിൽ പലരും അനുഭവിച്ചിട്ടില്ല. 28 എഡിഷൻ വിറ്റഴിച്ച് ഈ പുസ്തകം മുന്നേറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ ആടുജീവിതത്തിനൊപ്പം ഈ പുസ്തകത്തിൻ്റെ പ്രതികൾ വിറ്റ് പോയാൽ അതിശയപ്പെടാനില്ല.

വാൽക്കഷണം:- പ്രിയന്റെ ‘ഒരു കഥയുണ്ട് ‘ പരിപാടി നാൾക്കുനാൾ ജനപ്രീതി ആർജ്ജിച്ച് വരുകയാണ്. അധികം വൈകാതെ ഈ പരിപാടി ടിക്കറ്റ് വെച്ച് നടത്തിയാലും തെറ്റ് പറയാനാവില്ല. അതിന് മുന്നേ ഒരിക്കലെങ്കിലും പോയി ഒരു ലൈവ് ഷോ കണ്ടോളൂ.