ചില സൈക്കിളിങ്ങ് വിവരങ്ങൾ


സൈ ക്കിളിങ്ങിന് പോകുന്ന ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുമ്പോൾ ആ വിഷയത്തിൽ ഒരുപാട് പേർ സംശയം ചോദിക്കുന്നത് പതിവാണ്. അങ്ങനെയുള്ളവർക്കെല്ലാം വേണ്ടി തയ്യാറാക്കിയ ഒരു ചെറു കുറിപ്പാണിത്.

ഓട്ടത്തിനൊപ്പം ക്രോസ് ട്രെയിനിങ്ങ് എന്ന നിലയ്ക്കാണ് ഞാൻ സൈക്കിളിങ്ങ് ആരംഭിച്ചത്. സോൾസ് ഓഫ് കൊച്ചിന്റെ ഓട്ടക്കാർക്കൊപ്പവും കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിലെ അംഗങ്ങൾക്കൊപ്പവും സൈക്കിളിങ്ങ് ചെയ്യാറുണ്ട്. 50 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയുള്ള സമയ ബന്ധിതമല്ലാത്ത റൈഡുകളാണ് അതിൽ നല്ലൊരു പങ്കും. പക്ഷേ 200 കിലോമീറ്ററിന് മുകളിലുള്ള കൃത്യമായ സംഘടനാ സ്വഭാവമുള്ള റൈഡുകളും ഗൌരവത്തോടെ ഈ കായിക ഇനത്തെ കാണുന്നവർക്കായി കേരളത്തിൽ നടക്കുന്നുണ്ട്. അതേപ്പറ്റിയാണ് മുഖ്യമായും സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

as6

ഏറ്റവും അവസാനം ഞാൻ ചെയ്ത ദീർഘദൂര സൈക്കിളിങ്ങ് ‘BRM 200 – ചിമ്മിണി ഡാം’ ആയിരുന്നു. അതിന് മുൻപ് ചെയ്തത് ‘BRM 200 നിലമ്പൂർ’ ആയിരുന്നു. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യമാണ് ‘എന്താണ് BRM’ ?

ഫ്രാൻസിൽ നിന്നുള്ള Audax Club Parisien ക്ലബ്ബ് നടത്തുന്ന സൈക്കിളോട്ട പരിപാടിയാണ് BRM (Brevets Randonneures Mondiaux).  ഇന്ത്യയിൽ അവരുടെ ഇടനിലക്കാരായി നിന്ന് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത് AIR (Audax India Randonnerurs) ആണ്.   ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, പൂനെ എന്നിങ്ങനെ ഒരുപാട് വലിയ നഗരങ്ങളിൽ BRM എന്ന ഈ ദീർഘദൂര സൈക്കിളോട്ട പരിപാടികൾ നടക്കുന്നുണ്ട്.

കേരളത്തിൽ എന്റെ അറിവിൽ പ്രധാനമായും നാല് ബൈക്കിങ്ങ് ക്ലബ്ബുകളാണുള്ളത്.

1. കൊച്ചിൻ ബൈക്കേർസ് ക്ലബ്.
2. പറവൂർ ബൈക്കേർസ് ക്ലബ്ബ്.
3. ട്രിവാൻഡ്രം ബൈക്കേർസ് ക്ലബ്ബ്.
4. കാലിക്കറ്റ് പെഡലേർസ്

എല്ലാ ക്ലബ്ബുകളും അവരവരുടെ നിലയ്ക്ക് ദീർഘദൂര സവാരികൾ സംഘടിപ്പിക്കുന്നു. പറവൂർ ബൈക്കേർസ് ക്ലബ്ബിന്റെ ശബരിമല സൈക്കിളിങ്ങ് ഈയിടെ ടീവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

നിലവിൽ കേരളത്തിൽ Brevets ഓർഗനൈസ് ചെയ്യുന്നത് കൊച്ചിൻ ബൈക്കേർസ് ക്ലബ്ബും കാലിക്കറ്റ് പെഡലേർസും ട്രിവാൻഡ്രം ബൈക്കേർസ് ക്ലബ്ബുമാണ്. അജിത്ത് വർമ്മ, പോൾ മാത്യു, ഷെൿസിൽ ഖാൻ, എബ്രഹാം ക്ലാൻസി എന്നിവരാണ് കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിന്റെ ഭാരവാഹികൾ. ACP അല്ലെങ്കിൽ AIR – നോട് ബന്ധപ്പെട്ട് BRM അറേഞ്ച്മെന്റ് നടത്തുന്നത് ഷെൿസിൽ ഖാൻ ആണ്. റൂട്ട് റസ്‌പോൺസിബിൾ എന്ന ഉത്തരവാദിത്തം അഥവാ ടൈറ്റിൽ കൂടെ ഷെൿസിൽ ഖാൻ നിർവ്വഹിക്കുന്നു. കേരളത്തിൽ ഇതുവരെ 400ൽ‌പ്പരം Randonneures നെ കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ് മാത്രം സൃഷ്ടിച്ചിട്ടുണ്ട്. Randonneures എന്നാൽ Brevet പൂർത്തിയാക്കിയ റൈഡർ എന്നാണ് അർത്ഥമാക്കുന്നത്.

എല്ലാ Brevets ഉം സമയബന്ധിതമായിട്ടുള്ളതാണ്.

BRM 200 കിമീ – 13.5 മണിക്കൂറിനകം തീർക്കണം.
BRM 300 കിമീ – 20 മണിക്കൂറിനകം തീർക്കണം.
BRM 400 കിമീ – 27 മണിക്കൂറിനകം തീർക്കണം.
BRM 600 കിമീ – 40 മണിക്കൂറിനകം തീർക്കണം.

സൈക്കിൾ പഞ്ചറായാൽ അതൊട്ടിക്കലും ട്യൂബ് മാറ്റണമെങ്കിൽ അതും എല്ലാം പങ്കെടുക്കുന്ന വ്യക്തി സ്വയം ചെയ്യണം. സവാരിക്ക് പോകുന്നവരുടെ കിറ്റിൽ പഞ്ചറൊട്ടിക്കാനുള്ള സംവിധാനങ്ങളും എൿട്രാ ട്യൂബും മറ്റ് ഉപകരണങ്ങളും അത്യാവശ്യം കാറ്റടിക്കാനുള്ള ചെറിയ പമ്പും ഉണ്ടാകും. സൈക്കിളോട്ടത്തിൽ പങ്കെടുക്കുന്നവരൊഴികെ മറ്റാരുടേയും സഹായം കൈക്കൊള്ളരുത് എന്നാണ് നിബന്ധന.

ss (2) റൈഡിനിടയിൽ പഞ്ചറൊട്ടിക്കുന്ന സൈക്കിളിസ്റ്റ്.

സൈക്കിളിസ്റ്റിന് ഹെൽമറ്റ്, റിഫ്ലൿറ്റർ ജാക്കറ്റ് എന്നിവ നിർബന്ധമാണ്. റൂട്ടിൽ പലയിടങ്ങളിലും ചെക്ക് പോയന്റുകൾ ഉണ്ടാകും. അവിടെയെല്ലാം സമയബന്ധിതമായിത്തന്നെ എത്തുകയും റൈഡറുടെ കൈവശമുള്ള Brevet  കാർഡിൽ സമയം രേഖപ്പെടുത്തുകയും വേണം.  ചെക്ക് പോയന്റുകൾ കടന്നശേഷം നിർദ്ദിഷ്ട റൂട്ടിൽ നിന്ന് മാറി റൈഡർ ഷോർട്ട് കട്ടുകൾ എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ  സംഘാടകർ സീക്രട്ട് ചെക്ക് പോയന്റുകൾ ഉൾപ്പെടുത്തുന്നതും പതിവാണ്.   വഞ്ചന ആരും നടത്തില്ല എന്ന വിശ്വാസത്തിലാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. ഒരാൾക്ക് വേണമെങ്കിൽ കുറച്ച് ദൂരം സൈക്കിൾ ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോകുകയോ റോഡിലൂടെ പോകുന്ന ഏതെങ്കിലുമൊരു വാഹനത്തിൽ പിടിച്ച് നീങ്ങുകയോ ചെയ്യാമല്ലോ?. സ്പോട്ട്സ്മാൻ സ്പിരിട്ടുള്ള ആരും അത് ചെയ്യില്ല എന്ന് വിശ്വസിച്ച് ഇത് നടത്തപ്പെടുന്നു.

as4 പഞ്ചറൊട്ടിക്കൽ പരിശീലനത്തിനിടയിൽ

BRM 200, 300, 400, 600 കിലോമീറ്ററുകൾ ഒരു കൊല്ലത്തിൽ പലപ്പോഴായി സംഘടിപ്പിക്കപ്പെടാറുള്ളതാണ്. ഇന്ത്യയിൽ പല നഗരങ്ങളിലും ഇത് നടക്കുന്നുണ്ട്. ഒരു സീസണിൽ അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ  ഈ നാല് ദൂരങ്ങളും ചെയ്യുന്ന വ്യക്തിക്ക് SR (Super Randonneures) ടൈറ്റിൽ നൽകുന്നു. ഒരു സീസണിൽ 500 രൂപ അടച്ച് രജിസ്റ്റർ ചെയ്താൽ ഇന്ത്യയിൽ എവിടെ പോയി വേണമെങ്കിലും ഒരാൾക്ക് ഈ റൈഡുകളിൽ പങ്കെടുക്കാം. ഒരു റൈഡിന് മാത്രം രജിസ്റ്റർ ചെയ്യണമെങ്കിൽ 150 രൂപ ചിലവാക്കണം. കൂടുതൽ റൈഡുകൾ ചെയ്യുന്നവർക്ക് സീസൺ രജിസ്ട്രേഷൻ ആണ് ലാഭം.

കേരളത്തിൽ ശരിയായ സൈക്കിളിങ്ങ് ഗിയർ എല്ലാം (വേഷം, ഹെൽമറ്റ് ഇത്യാദി) ധരിച്ച് ഗിയറുള്ള പുതുപുത്തൻ തലമുറയിൽ‌പ്പെട്ട സൈക്കിളുകൾ ചവിട്ടുന്ന പലരേയും ഈയിടെയായി നമ്മൾ റോഡുകളിൽ കാണുന്നുണ്ടാകാം. ഇവരിൽ പലരും ചിലപ്പോൾ ഒരു Bravet യിൽ പങ്കെടുത്ത് പോകുന്നവരാകാം. റോഡിൽ അവരെ കാണുന്നവരാരും  പക്ഷെ അത് തിരിച്ചറിയുന്നില്ല എന്നുമാ‍ത്രം.

as2

1000 കിലോമീറ്റർ റൈഡും വിരളമായി നടത്തപ്പെടാറുണ്ട്. 75 മണിക്കൂറിനുള്ളിലാണ് ഇത് തീർക്കേണ്ടത്. ആഗസ്റ്റ് 20 ന് കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ് കൊച്ചിയിൽ നിന്ന് 1000 കിലോമീറ്ററിന്റെ ഒരു Brevet സംഘടിപ്പിച്ചിരുന്നു. മദ്രാസുകാരിയായ സുഭദ്ര ജയറാം എന്ന വനിതയടക്കം അഞ്ച് പേർ അതിൽ പങ്കെടുക്കുകയും നാല് പേർ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. വളരെ പരിചയ സമ്പന്നരായ ദീർഘദൂര സൈക്കിൾ സവാരിക്കാർക്ക് മാത്രമായുള്ള ഒന്നാണ് 1000 കിലോമീറ്റർ റൈഡ്. കേരളത്തിലെ ആദ്യത്തെ 1000 കിലോമീറ്റർ റൈഡായിരുന്നു അത്.

as3 BRM – 1000 ടീം അംഗങ്ങൾ.

പറവൂരിൽ പെരുമ്പടന്ന കവലയിൽ റസ്റ്റോറന്റ് നടത്തുന്ന ലെനിൻ ഒരു SR (Super Randonneur) ആണ്.  1000 കിലോമീറ്റർ വിജയകരമായി ആദ്യം പൂർത്തിയാക്കിയത് ലെനിൻ ആയിരുന്നു. സാധാരണക്കാരന്റെ ജീവിതം നയിക്കുന്നതുകൊണ്ടാകാം ഒരുപക്ഷേ ലെനിന്റെ ഈ നേട്ടം മാദ്ധ്യമങ്ങളിലൂടെ പൊതുജനം അറിയപ്പെടാതെ പോയത്. എന്നിരുന്നാലും BRM ന്റെ അന്ന് ഹിന്ദു ദിനപത്രത്തിൽ ലെനിനെക്കുറിച്ച് വന്ന വാർത്ത അൽ‌പ്പമെങ്കിലും ആശ്വാസം നൽകുന്നു.

സാധാരണക്കാരിൽ സാധാരണക്കാരനായ പലരും ഇത്തരം കായിക ഇനങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അത് ജനങ്ങളിലേക്ക് എത്തിപ്പെടാതെ പോകുന്നത് വേദനാജനകമാണ്. ഒരുപക്ഷേ സൈക്കിളിങ്ങ് എന്ന കായിക ഇനത്തിന് കേരളത്തിൽ വേണ്ടത്ര വേരോട്ടമില്ലാത്തതുകൊണ്ടുള്ള പ്രശ്നമാകാം. പക്ഷെ, മാറ്റത്തിന്റെ കാലം വന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഫേസ്ബുക്കിലെ ചിത്രങ്ങൾ കണ്ട് ആകർഷിക്കപ്പെട്ട പലരും സൈക്കിൾ വാങ്ങി നല്ല എണ്ണം പറഞ്ഞ സൈക്കിളോട്ടക്കാരായത് എന്റെയനുഭവത്തിലുണ്ട്. ‘BRM 200 നിലംബൂരിൽ’ പങ്കെടുത്തപ്പോൾ പരിചയപ്പെട്ട സുഭാഷ് എന്ന ഒരു കൈ മാത്രമുള്ള റൈഡറെപ്പറ്റി ഞാനൊരിക്കൽ എഴുതിട്ടുള്ളത് ഈ ലിങ്കിലുണ്ട്.

222 തമിഴ്നാട്ടുകാരി സുഭദ്ര ജയറാം 1000 കി.മീ. ഫിനിഷ് ചെയ്യുന്നു.

സൈക്കിളിങ്ങിന് കിലോമീറ്ററുകളോളം പ്രത്യേക ട്രാക്ക് തന്നെയുണ്ട് വിദേശരാജ്യങ്ങളിൽ. നടവഴിപോലും നേരെ ചൊവ്വേ ഇല്ലാത്ത, ഉള്ള വഴി ആഢംബര കാറുകൾ മുതൽ സ്ക്കൂട്ടറുകൾ വരെയും ടിപ്പറ് മുതൽ ഓട്ടോറിക്ഷ വരെയുള്ളതുമായ വാഹനങ്ങൾക്ക് പോകാൻ തന്നെ തികയാത്ത ഇന്നാട്ടിൽ സൈക്കിളിങ്ങ് അപകടം പിടിച്ച ഒന്നല്ലേ എന്നതാണ് പ്രധാനമായി കേൾക്കുന്ന മറ്റൊരു സംശയം.

സൈക്കിളിലായാലും ഓട്ടോയിലായാലും കാറിലായാലും കാൽനടയായാലും അപകടം കൂടെത്തന്നെയുണ്ട്. നമുക്കുള്ള സൌകര്യത്തിലല്ലേ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കാനാവൂ. സൈക്കിളിങ്ങിനായി വിദേശത്ത് പോകണമെന്ന് വെച്ചാൽ നടപ്പുള്ള കാര്യമല്ലല്ലോ ?!
—————————-
ജിൿസൺ തയ്യാറാക്കിയ ബ്രിവേ വീഡിയോ ഇവിടെ കാണാം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>