ചിത്രങ്ങൾ

ബാലവിവാഹവും പോക്സോയും


11
വംബർ 3ന് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാനായ ഞെട്ടിപ്പിക്കുന്നതും ഒരുപാട് വിഷമം ഉണ്ടാക്കിയതുമായ ഒരു കാര്യമാണ് വിഷയം.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ പലരും കേരളത്തിലെ ജയിലുകളിൽ ഉണ്ട്. അവർ ചെയ്തിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള മോഷണങ്ങൾ, അടിപിടികൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ ആയിരിക്കാം അവരുടെ ജയിവാസം എന്ന് നമുക്ക് ഊഹിക്കാം.

പക്ഷേ അതല്ലാതെയും ഒരുപാട് ഇതര സംസ്ഥാനക്കാർ നമ്മുടെ ജയിലുകളിൽ ചെന്ന് പെട്ടിട്ടുണ്ട്. അതാണ് പറയാൻ ഉദ്ദേശിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിപ്പിക്കുന്നത് സർവ്വസാധാരണമാണ്. ഒരു തരത്തിൽ ബാലവിവാഹം തന്നെ.

നമ്മുടെ നാട്ടിലും അത്തരം സംഭവങ്ങൾ ഇല്ലെന്നല്ല. പണ്ട് മുതൽക്കേ ഉണ്ട്. (പക്ഷേ, തുലോം കുറവാണ്.) പഴയ കരുണാകരൻ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകൾ പ്രായപൂർത്തി ആകുന്നതിന് മുന്നേ വിവാഹം കഴിച്ചു എന്ന് കാണിച്ച് നവാബ് രാജേന്ദ്രൻ കൊടുത്ത ഒരു കേസ് അക്കാലത്ത് ശ്രദ്ധേയമായിരുന്നു.

പഴയ കാലത്തേത് പോലെയല്ല ഇക്കാലം. ജീവിതം ജയിലിൽ ചെന്ന് അവസാനിക്കാൻ ഇതൊക്കെ ധാരാളം മതി.

പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 14 – 15 വയസ്സുകളിൽ പെൺകുട്ടികളുടെ കല്യാണം കഴിഞ്ഞിരിക്കും. പ്രത്യേകിച്ചും, വലിയ പഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമവാസി പെൺകുട്ടികളുടേത്. അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ ഒരു കുട്ടിയുടെ അമ്മയും ആയിരിക്കും.

പിന്നീട് അവർ ഭർത്താവിനൊപ്പം ജോലി തേടി കേരളത്തിൽ എത്തുന്നു, ഇവിടെ ജോലി ചെയ്യുന്നു. അതിനിടയ്ക്ക് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്നു. ഗർഭവും പ്രസവവും സംബന്ധിച്ച ചികിത്സാ കാര്യങ്ങൾക്കായി ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നു. അവിടന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

പെൺകുട്ടിക്ക് അപ്പോളും 18 വയസ്സ് ആയിട്ടില്ല. ആശുപത്രി രേഖകളിൽ വയസ്സ് രേഖപ്പെടുത്തുമ്പോൾ ഡോക്ടർ അത് മനസ്സിലാക്കുന്നു. പെൺകുട്ടി minor ആണ്. അക്കാര്യം മനസ്സിലാക്കിയാൽ ഉടനെ പൊലീസിനെ അറിയിച്ചില്ലെങ്കിൽ കുഴപ്പം ഡോക്ടർക്ക് ആണ്. അദ്ദേഹത്തിന്റെ പണി പോയെന്നിരിക്കും. ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുന്നു.

രണ്ട് കുടുംബങ്ങളും ചേർന്ന് ആലോചിച്ച് ഉറപ്പിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നു എങ്കിലും, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഈ പെൺകുട്ടിയുടെ ഭർത്താവ് പോക്സോ കേസ് ചാർത്തപ്പെട്ട് ജയിലിൽ ആകുന്നു. കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിന് കുട്ടികളുടെ ജയിലിലേക്ക് പോകേണ്ടി വരുന്നു. ഗർഭിണിയായ പെൺകുട്ടി തെരുവിലാകുന്നു. ആ കുടുംബം ശിഥിലം. നിയമം എന്താണെന്ന് അറിയാത്തത് കൊണ്ടും അത് പാലിക്കാത്തത് കൊണ്ടും ഉണ്ടായ അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പറ്റിപ്പോയ ഗതികേട്. മറ്റെന്ത് പറയാൻ?!

അവരുടെ സംസ്ഥാനത്ത് തന്നെ ജീവിക്കുകയായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അന്നാട്ടിൽ ഇങ്ങനെ തന്നെയാണ് സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. അത് അവിടത്തെ ഡോക്ടർക്കും അറിയാം, പൊലീസുകാർക്കും അറിയാം. അവരാരും അത് റിപ്പോർട്ട് ചെയ്യാനും കേസ് ആക്കാനും പോകില്ല. അങ്ങനെ ചെയ്താൽ അന്നാട്ടിൽ ജയിലുകൾ തികയാതെ വരും.

ഒരു വശത്ത്, രാജ്യത്തിന് കൃത്യമായ ഒരു നിയമസംഹിത നിലനിൽക്കുന്നുണ്ടെന്നും അത് പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും ഇരിക്കെ, സാമാന്യ വിദ്യാഭ്യാസം ഇല്ലെങ്കിൽ അത് പാലിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്.

ഇത്തരം പ്രശ്നങ്ങൾക്ക് പക്ഷേ എന്താണ് പരിഹാരം?

വിദ്യാഭ്യാസത്തിന് പ്രായമാകാത്ത 3 വയസ്സുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അത് ക്രിമിനൽ സ്വഭാവമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കുട്ടികളുടെ ജയിലിൽ കഴിയുന്നത്. ഗർഭത്തിലുള്ള കുഞ്ഞ് എന്ത് പിഴച്ചു? നാളെ അത് തെരുവിൽ പിറന്ന് വീഴേണ്ടി വന്നേക്കാം. പട്ടിണി കിടക്കേണ്ടി വന്നേക്കാം. അവരുടെ മനുഷ്യാവകാശത്തിന് ഒരു വിലയുമില്ലേ?

എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്തെ മുഴുവൻ പ്രജകൾ സ്കൂളിൽ പോയി പഠിച്ച് വിവരം ഉണ്ടാക്കി, നിയമം അനുസരിച്ച് ജീവിക്കുന്ന ഒരു കിനാശ്ശേരി അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. നിയമവും നിയമപാലകരും മറുവശത്ത് പാറ പോലെ ഉറച്ച് നിൽക്കും. അല്ലെങ്കിൽ അവരുടെ പണി പോകും.

പിന്നെന്താണ് ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം? പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും. എന്നിരുന്നാലും ഒരു നിർദേശം പറയാൻ നിങ്ങൾക്കും എനിക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

എന്റെ നിർദ്ദേശം താഴെപ്പറയുന്ന പ്രകാരമാണ്.

എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇതിന് പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതൊക്കെ അവരുടെ സംസ്ക്കാരത്തിന്റേയും ഭാഗമാണ്. വിദ്യാഭ്യാസം ഉണ്ടായാലും ഇതൊക്കെ തുടരും. ആയതിനാൽ, ഓരോ വിവാഹവും നടക്കുന്നതിന് മുൻപ് അതാത് പോലീസ് സ്റ്റേഷനുകളിൽ ചെന്ന് അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിയമം വരണം. പ്രായപൂർത്തി വിവാഹമാണോ നടന്നത് എന്ന് കണ്ടെത്താൻ ആദ്യമേ തന്നെ ഒരു അവസരം ഇതിലൂടെ പോലീസിന് ലഭിക്കുകയാണ്. പൊലീസും ചേർന്ന് ഒത്തു കളിച്ച് ഒരു ബാലവിവാഹം നടത്തുകയാണെങ്കിൽ പിന്നീട് ഒരു കേസ് ആകുമ്പോൾ അതാത് സ്റ്റേഷനിലെ പോലീസുകാരും പെടുന്ന അവസ്ഥ വരണം. ചുരുക്കിപ്പറഞ്ഞാൽ, എഴുതിവെച്ചിരിക്കുന്ന നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പൊലീസിന്റെ ജോലി, കൃത്യമായി അവരെക്കൊണ്ട് ചെയ്യിക്കണം.

ഇനി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയൂ. നമ്മുടെ നിർദ്ദേശങ്ങൾ ആണ് ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് നിയമങ്ങളായി രൂപാന്തരപ്പെടേണ്ടത്.

വാൽക്കഷണം:- ഇത്തരം കേസുകളിലൂടെ ജയിലിൽ എത്തിപ്പെട്ട പുരുഷന്മാരുടേയും വെളിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകളുടേയും കുട്ടികളുടെ ജയിലിൽ ആയിപ്പോയ കുഞ്ഞുങ്ങളുടെയും കേസുകൾ എങ്ങനെയാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. നാലാം തൂണുകാർ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, അന്വേഷണാത്മകമായ ഒരു റിപ്പോർട്ടിങ്ങിനുള്ള വകുപ്പുണ്ട്.

PC:- AI

#ബാലവിവാഹം
#POCSOAct
#POCSO
#childmarriage
#പോക്സോ