അമൃതാനന്ദമയിയോട് ഒരപേക്ഷ


zzz

സ്നേഹം നിറഞ്ഞ അമൃതാനന്ദമയി മാഡം* അറിയുന്നതിന്

ഈ മാസം 17, 18 തീയതികളിൽ മാഡം എറണാകുളത്ത് വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.

മാഡത്തിന്റെ സന്ദർശന വിവരം വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള ബൈപ്പാസ് പാതയോരത്തെ മരങ്ങളിൽ കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന നേർത്ത കമ്പികൾ ഉപയോഗിച്ച് മരങ്ങളിൽ വരിഞ്ഞ് കെട്ടി നിർത്തിയിരിക്കുന്ന നിരവധി (60 വരെ എണ്ണി. പിന്നെ എണ്ണൽ നിർത്തി) പരസ്യബോർഡുകളിൽ നിന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിന്റെ ചിത്രങ്ങളാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്നത്.

ഈ പരസ്യബോർഡുകൾ ഹൈക്കോടതി ശാസന പ്രകാരം നിയമവിരുദ്ധമാണെന്ന കാര്യം മാഡത്തിന് അറിയില്ലെങ്കിൽ, മാഡത്തിന്റെ അനുയായികൾക്ക് അറിയില്ലെങ്കിൽ, ഇപ്പോഴെങ്കിലും മനസ്സിലാക്കുക. കോടതി നിരോധിച്ചിരിക്കുന്നത് ഫ്ലക്സ് ബോർഡുകൾ ആണെന്നുള്ള മിഥ്യാധാരണയുടെ പുറത്താണ് ഈ ബോർഡുകളെല്ലാം 100 % കോട്ടൺ ആണെന്ന് ആ ബോർഡുകളിൽത്തന്നെ പ്രിന്റ് ചെയ്ത് വെച്ചിരുക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കോട്ടണിൽ ചെയ്ത പരസ്യബോർഡുകൾ തൂക്കിയാൽ അത് നിയമവിരുദ്ധമാകാതിരിക്കുന്നില്ല എന്ന് മനസ്സിലാക്കുക. കോടതി പറഞ്ഞിരിക്കുന്നത് അനധികൃത ബോർഡുകൾ പാടില്ല എന്നാണ്. അതിൽ ഫ്ലക്സും കോട്ടണും എല്ലാം പെടും.  അതെല്ലാം ഒരുവിധം നീക്കം ചെയ്ത് കഴിഞ്ഞപ്പോൾ പാർട്ടിക്കാർ അടക്കമുള്ളവർ വീണ്ടും ബോർഡുകൾ സ്ഥാപിച്ചു. കോടതി വീണ്ടും ഇടപെട്ടു. അങ്ങനെ ഈ വിഷയത്തിൽ ചൂരലുമായി കോടതി പിന്നാലെ തന്നെ നിൽക്കുമ്പോൾ, കോടതി എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനും അതനുസരിച്ച് സ്വയം പ്രവർത്തിക്കാനും, അണികളെക്കൊണ്ട് പ്രവർത്തിപ്പിക്കാനുമുള്ള ബാദ്ധ്യത സ്വന്തമായി ഒരു ചാനൽ ഉള്ള മാഡത്തിനെപ്പോലുള്ള ഒരു വ്യക്തിയ്ക്കുണ്ട്.

മാഡം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടേയും കഷ്ടപ്പെടുന്നവരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും അവർക്ക് സാന്ത്വനം നൽകാനുമായി നിലകൊള്ളുന്ന വ്യക്തിയും പ്രസ്ഥാനവുമാണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അത്രയുമൊക്കെ ചെയ്യുന്ന ഒരാൾ തീർച്ചയായും രാജ്യതാൽ‌പ്പര്യവും സമൂഹനന്മയുമൊക്കെ ആരും പറയാതെ തന്നെ പ്രവർത്തികളിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്; നിയമം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കാൻ ബാദ്ധ്യതയുമുണ്ട്.

ഈ പരസ്യപ്പലകൾ തൂക്കാൻ വേണ്ടി കമ്പി ചുറ്റിക്കെട്ടാനായല്ല പാതയോരത്ത് മരങ്ങൾ നട്ട് പിടിപ്പിച്ചിരിക്കുന്നത്. മാഡത്തിനെപ്പോലുള്ള ഒരാൾ പ്രകൃതി എന്താണെന്ന് മനസ്സിലാക്കി അതിന് വിഘ്നം നിൽക്കുന്ന കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ ?

കൊല്ലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഒരാൾ രണ്ട് ദിവസം എറണാകുളത്ത് വരുമ്പോൾ ഇത്രയ്ക്കധികം കൊട്ടിഘോഷിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ് എന്റെ എളിയ അഭിപ്രായം. ഒരു പത്രവാർത്തയിലൂടെയോ പത്രസമ്മേളനത്തിലൂടെയോ ജനങ്ങളെ അറിയിക്കാവുന്നതല്ലേയുള്ള ഈ കാര്യം. അതുപിന്നെ, മാഡം നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ വ്യാപാരത്തിന്റെ ഭാഗമാണെങ്കിൽ, അങ്ങനെ പരസ്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയാനുള്ള അധികാരമോ അവകാശമോ ആർക്കുമില്ല. പക്ഷേ, നിയമലംഘനം നടത്തിക്കൊണ്ടാവരുത് മാഡത്തിന്റെ സഞ്ചാരത്തിന്റെ പെരുമ്പറ മുഴക്കുന്നതെന്ന് പറയാനുള്ള അവകാശം ഇവിടത്തെ ഓരോ പ്രജയ്ക്കുമുണ്ട്. കാരണം ഈ പാതകൾ അവർക്ക് കൂടെ അവകാശപ്പെട്ടതാണ്. ഈ മരങ്ങൾ അവർക്ക് കൂടെയുള്ള തണലാണ്. തിരക്കേറിയ ഈ പാതയുടെ ഇരുവശങ്ങളിലും എന്ത് സംഭവിക്കുന്നു എന്ന മനസ്സിലാക്കണമെങ്കിൽ ഈ ബോർഡുകൾ ഒരു മറയായി നിന്ന് അപകട സാദ്ധ്യത ഉണ്ടാക്കാൻ പാടില്ല. അങ്ങനെ ഒരപകടത്തിൽ പെടുന്ന ഒരാളെ മാഡത്തിന്റെ ആശുപത്രിൽ ചികിത്സിക്കാൻ കൊണ്ടുവരുമ്പോൾ അയാൾക്ക് ചികിത്സാ ഇളവ് കൊടുക്കുന്നതിനേക്കാൾ നല്ലത് മാഡത്തിന്റെ അനധികൃത പരസ്യം കാരണം അയാൾക്ക് അപകടം ഉണ്ടാകാതെ ശ്രദ്ധിക്കുന്നതല്ലേ ?

ബൈപ്പാസിലെ പാതകളിലെന്ന പോലെ തന്നെ കൊച്ചി മെട്രോയുടെ തൂണുകളിലും മാഡത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഈ പരസ്യ ബോർഡുകൾ നിരവധിയെണ്ണം കാണാനിടയായി. ഒരു പരസ്യ ബോർഡിന് പ്രതിമാസം 25,000 രൂപയാണ് KMRL ഈടാക്കുന്നതെന്ന് എന്നാണ് അവരുടെ പരസ്യങ്ങൾ വെക്കാൻ കോൺ‌ട്രാൿറ്റ് എടുത്തിരിക്കുന്ന വ്യക്തിയുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാനായത്. അങ്ങനെ നോക്കിയാൽ മാഡം കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് വരുന്നത് അറിയിക്കാൻ ലക്ഷങ്ങളാണ് ചിലവഴിച്ചിരിക്കുന്നത്. അത്രയും പണമുണ്ടെങ്കിൽ എത്രയോ പേർക്ക് മാഡം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലെ വീട് വെച്ച് കൊടുക്കുകയോ ചികിത്സാസഹായം നൽകുകയോ ഒക്കെ ചെയ്യാമായിരുന്നു. സർവ്വ ധൂർത്തും നടത്തിക്കഴിഞ്ഞശേഷം കൊട്ടിഘോഷിച്ച് ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വലിയ വിലകൊടുക്കാൻ എന്തുകൊണ്ടോ എന്റെ മനസ്സനുവദിക്കുന്നില്ല.

എന്തായാലും കൊച്ചി മെട്രോയുടെ തൂണുകളിൽ ലക്ഷങ്ങളുടെ പരസ്യബോർഡ് നേരായ വഴിയിലൂടെ തന്നെ തൂക്കിയതിന് മേൽ‌പ്പറഞ്ഞത് പോലുള്ള ഒരു ചെറിയ ആക്ഷേപമുണ്ടെന്നല്ലാതെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് കടുപ്പിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അതിന് കാരണമുണ്ട്. കൊച്ചി മെട്രോ ലാഭത്തിലോടുന്ന ഒരു പ്രസ്ഥാനമൊന്നുമല്ല. നാളേറെക്കഴിയും അതൊന്ന് കരപറ്റാൻ. പരസ്യങ്ങൾ തന്നെയാണ് ടിക്കറ്റ് വരുമാനത്തേക്കാൾ കൂടുതലായി അവരുടെ നിലനിൽ‌പ്പിന് ആധാരം. അങ്ങനെ നോക്കിയാൽ മാഡം ഈ പരസ്യം വഴി അവർക്ക് നൽകുന്ന ലക്ഷങ്ങൾ അവരുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ സഹായിക്കുകയെങ്കിലും ചെയ്യും. ആ‍യതിനാൽ ആ പണം, അഗതികൾക്ക് വീടായും ചികിത്സയായും കൊടുക്കാൻ പറ്റിയില്ലെങ്കിലും KMRL എന്ന ഒരു അഗതിയ്ക്ക് മാഡം ചെയ്യുന്ന ഒരു സഹായമായി കണക്കാക്കാവുന്നതാണ്.

എന്തൊക്കെയായാലും ഇടപ്പള്ളി ബൈപ്പാസ് ഹൈ വേയിൽ നിരത്തിയിട്ടുള്ള മാഡത്തിന്റെ ആ പരസ്യ ബോർഡുകൾ നിയമ വിരുദ്ധമാണ്. അതെടുത്ത് മാറ്റി മാതൃക കാണിക്കാൻ മാഡം തയ്യാറാകണം. ഞാനിത് പറഞ്ഞതുകൊണ്ട് മാഡത്തിന്റെ അനുയായികൾ എന്നോട് ചൊരുക്കൊന്നും കാണിക്കരുതെന്നും അപേക്ഷയുണ്ട്. മാഡത്തിനെപ്പോലെ തന്നെ ജനങ്ങളും നാടും നന്നാകണം അവർക്കാരോഗ്യമുണ്ടാകണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തി മാത്രമാണ് ഞാൻ. പാർട്ടി നേതാക്കന്മാർ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കുമ്പോളും ഞാനിത് പോലെ വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നീക്കം മാത്രമായേ ഇതിനേയും കാണാൻ പാടുള്ളൂ.

* – മാഡം എന്ന് മുകളിൽ എല്ലായിടത്തും അഭിസംബോധന ചെയ്തത് ഒരു സ്ത്രീ എന്ന നിലയ്ക്ക് നൽകേണ്ട എല്ലാ ബഹുമാനവും നൽകിക്കൊണ്ട് തന്നെയാണ്. അതിൽ മറ്റ് ദുരുദ്ദേശമോ മോശം ചിന്തയോ ഒന്നുമില്ല. എനിക്ക് ഒരമ്മ ഉണ്ട്. ഒന്നിലധികം അമ്മമാർ എന്ന സങ്കൽ‌പ്പത്തോട് താൽ‌പ്പര്യവും വിശ്വാസവും ഇല്ലാത്തതുകൊണ്ടും ആത്മീയതയിൽ അൽ‌പ്പം പോലും വിശ്വാസമില്ലാത്തതുകൊണ്ടുമാണ് ആ വിശേഷണത്തിന് മുതിരാതിരുന്നത്. തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നു.

ചുരുക്കുന്നു, നിറുത്തുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു.

സസ്നേഹം
നിരക്ഷരൻ
(അന്നും എന്നും എപ്പോഴും)

വാൽക്കഷണം:- ബഹുമാനപ്പെട്ട ഹൈക്കോടതിയോടും ഒരു കാര്യം സൂചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിക്കാരും മറ്റ് സ്ഥാപനങ്ങളുമൊക്കെ അനധികൃത പരസ്യബോർഡുകൾ ഫ്ലക്സായും അല്ലാതെയും തൂക്കുമ്പോൾ ശാസിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നത് പോലെ തന്നെ ആത്മീയ നേതാക്കളേയും ശാസിച്ച് നിലയ്ക്ക് നിറുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>