തിങ്കളാഴ്ച്ച ഹർത്താൽ ദിവസം


67

തി ങ്കളാഴ്ച്ച നല്ല ദിവസം എന്നത്, ഹൈന്ദവർ മാത്രമാണോ അതോ മുഴുവൻ മലയാളികളും സങ്കൽ‌പ്പിച്ച് വിശ്വസിച്ച് പോരുന്ന ഒരു കാര്യമാണോ എന്നറിയില്ല. എന്തായാലും മലയാളിക്കിപ്പോൾ തിങ്കളാഴ്ച്ച ഹർത്താൽ ദിവസം എന്ന് തിരുത്തിപ്പറയേണ്ട അവസ്ഥയാണ്. കഴിഞ്ഞ 3 തിങ്കളാഴ്ച്ചകളെ ഉദാഹരണമാക്കി ഒന്ന് വിശകലനം ചെയ്യാം.

ഏപ്രിൽ 2 തിങ്കളാഴ്ച്ച പണിമുടക്ക് മാത്രമായിരുന്നു. എന്നിട്ടും മലയാളി ഉത്സാഹിച്ച് അതിനെ ഹർത്താൽ ആക്കി മാറ്റി വിജയിപ്പിച്ചെടുത്തു. ഏപ്രിൽ 9 തിങ്കളാഴ്ച്ച ദളിതരുടെ വിഷയത്തിൽ കേരള ഹർത്താൽ ആയിരുന്നു. അങ്ങനെ ശനി,ഞായർ, തിങ്കൾ എന്നീ മൂന്ന് ദിവസ അടുപ്പിച്ച് അവധിയാക്കി മലയാളി ശീലിച്ച് കഴിഞ്ഞിരിക്കുന്നു. അങ്ങനെ വന്നപ്പോൾ ആസിഫ വിഷയത്തിൽ ഈ തിങ്കളാഴ്ച്ചയും ഹർത്താൽ ആക്കിയാൽ ഉഷാറായില്ലേ ?

ഓൺലൈൻ കൂട്ടായ്മ എന്നവകാശപ്പെട്ടുകൊണ്ട് കുറച്ചുപേർ ഹർത്താലിന് ആഹ്വാനം ചെയ്തു. അത് പലയിടത്തും പ്രചരിച്ചു. ജനം ചിന്താക്കുഴപ്പത്തിലായി, അന്വേഷണമായി. ഹർത്താൽ ഉള്ളത് തന്നെയാണോ ?

ആസിഫ വിഷയം പൊങ്ങിവന്നത് 13നാണ്. അതായത് വെള്ളിയാഴ്ച്ച. എന്നിട്ട് ശനിയാഴ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്യാത്തത് എന്തുകൊണ്ട്, ഞായറാഴ്ച്ച ഹർത്താൽ ചെയ്താൽ പ്രതിഷേധമാകില്ലെന്നുണ്ടോ ? ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയാൽ അത് ആഘോഷമാക്കാൻ കാത്തിരിക്കുന്ന ഒരു ജനതയുടെ ഹർത്താൽ പ്രേമത്തെ പ്രതിഷേധക്കാർ മുതലെടുക്കുന്നു എന്നാണ്. 2018 ൽ ഇതുവരെ ചെറുതും വലുതുമായി 31 ഹർത്താലുകൾ കേരളത്തിൽ നടന്നുകഴിഞ്ഞു. അതിൽ 13 ഹർത്താലുകളും തിങ്കളാഴ്ച്ച ആയിരുന്നു.  ഇക്കൊല്ലം ഇതുവരെ കടന്നുപോയതാകട്ടെ 16 തിങ്കളാഴ്ച്ചകൾ മാത്രം.

ഹർത്താലിന് ആഹ്വാനം ചെയ്യുന്നവന് അവന്റെ ആവശ്യം ന്യായമായിരിക്കാം. പക്ഷെ അതിനായി അവൻ തിങ്കളാഴ്ച്ചയെ തിരഞ്ഞെടുക്കുമ്പോൾ ലക്ഷ്യമിടുന്നത് ഒരുദിവസം കൂടെ പണിയെടുക്കാതെ അറ്റാച്ച്ഡ് ഹോളിഡേ ആഘോഷിക്കാൻ കച്ചകെട്ടിയിരിക്കുന്ന മലയാളിയുടെ ദൌർബല്യത്തെയാണ്. ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ തിങ്കളാഴ്ച്ച ആഹ്വാനം ചെയ്യപ്പെടുന്ന ഹർത്താലുകാരുടെ ആത്മാർത്ഥത വെള്ളം ചേർക്കപ്പെട്ട ഒന്നായി മാറുന്നു.

ഇത്തരത്തിൽ തിങ്കളാഴ്ച്ച ഹർത്താൽ സിൻ‌ഡ്രോം നിലനിൽക്കുന്നതുകൊണ്ട്, ജനങ്ങൾ അവരവരുടെ കുടുംബങ്ങളിലെ വിവാഹം, വിവാഹനിശ്ചയം, ചരടുകെട്ട്, മാമ്മോദീസ, പേരിടൽ, സുന്നത്ത് കല്യാണം എന്നിങ്ങനെ എല്ലാ ചടങ്ങുകളും തിങ്കളാഴ്ച്ച ദിവസങ്ങളിൽ വെക്കാതിരുന്നാൽ അത്രേം മനസ്സമാധാനം കിട്ടും അധികജോലി ഒഴിവാക്കുകയുമാവാം. പറ്റുമെങ്കിൽ തിങ്കളാഴ്ച്ച ദിവസങ്ങളിൽ മരിക്കാതിരിക്കാൻ കൂടെ ശ്രദ്ധിക്കുക. ശവമടക്കിന് പോലും ആളെ കിട്ടിയെന്ന് വരില്ല.

ഓൺലൈനിൽ ചിലർ ചേർന്ന് ആസിഫ വിഷയത്തിൽ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ ജനവിരുദ്ധവും അംഗീകരിക്കാൻ പറ്റാത്തതുമാകുന്നത് പലതരത്തിലാണ്.

1. ഹൈക്കോടതി വിധി പ്രകാരം, ഹർത്താൽ ദിനത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കെല്ലാം ഉത്തരവാദികൾ ഹർത്താലിന് ആഹ്വാനം ചെയ്തവരാണ്. നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ഹർത്താലിന് ആഹ്വാനം ചെയ്ത പാർട്ടിയോ സംഘടനയോ ആണ്. നാശം നഷ്ടം ഉണ്ടായവന് കേസ് കൊടുത്ത് കോടതി വഴി നഷ്ടപരിഹാരം നേടിയെടുക്കണമെങ്കിൽ മറുവശത്ത് അഡ്രസ്സുള്ള ഒരു സംഘടനയോ പാർട്ടിയോ രജിസ്റ്റേർഡ് ആയ ഒരു കൂട്ടമെങ്കിലുമോ ഉണ്ടാകണം. അല്ലാതുള്ളവർ ഹർത്താൽ നടത്തി നാശനഷ്ടം ഉണ്ടായാൽ ആർക്കെതിരെ കേസ് കൊടുക്കും ? അതുകൊണ്ടുതന്നെ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്യപ്പെട്ട ഇന്നത്തെ ഹർത്താലിന് യാതൊരു സാധുതയും ഇല്ല. അത് വകവെച്ച് കൊടുക്കാൻ പോയാൽ ഏതൊരാൾക്കും ഹർത്താലിന് ആഹ്വാനം ചെയ്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കി കൈകഴുകി രക്ഷപ്പെടാം എന്നൊരു സ്ഥിതിവിശേഷം കൂടെ ഹർത്താൽ കേരളത്തിൽ കൂനിന്മേൽ കുരു എന്നപോലെ സംജാതമാകും. ആയതുകൊണ്ടുതന്നെ വഴിപോയവനും വന്നവനും അഡ്രസ്സില്ലാത്തവനും ഫേസ്ബുക്ക് അക്കൌണ്ട് ഉള്ളവനും മറ്റും ആഹ്വാനം ചെയ്യുന്ന ഹർത്താൽ യാതൊരു കാരണവശാലും അനുവദനീയമല്ല. അത് ചോദ്യം ചെയ്യപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്താൽ പരിഭവിച്ചിട്ട് കാര്യമില്ല.

2. ഏപ്രിൽ 13 ന് ആസിഫ വിഷയം പത്രമാദ്ധ്യമങ്ങളിൽ വന്നതിന് ശേഷം, കേരളത്തിലും രാജ്യത്തിൽ അങ്ങോളമിങ്ങോളവും പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നുകഴിഞ്ഞു. 13 ന് വൈകീട്ട് അഭിഭാഷകർ ഹൈക്കോർട്ട് പരിസരത്ത് പ്രതിഷേധസമ്മേളനം നടത്തി. അങ്ങനെ പലരും അവരവർക്കാവുന്ന പ്രതിഷേധങ്ങൾ പൊതുനിരത്തിൽ ഇറങ്ങി നടത്തുകയുണ്ടായി. അത്തരം എന്തെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ എന്തുകൊണ്ട് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കായില്ല. അങ്ങനെ വരുമ്പോൾ ഇത് ഒരു തിങ്കളാഴ്ച്ച ഹർത്താൽ എന്ന നിലയിലേക്ക് തരം താഴപ്പെടുകയാണ്.

3. ഏതൊരു ഹർത്താൽ നടക്കുമ്പോഴും മറ്റൊരാളുടെ ജീവന് അത് ഭീഷണിയാകുന്നുണ്ടെങ്കിൽ, ഹർത്താലിന് കാരണഹേതുവായ ജീവനെപ്പോലെ തന്നെ വിലയുള്ളതല്ലേ അതും. വരാപ്പുഴയിൽ ശ്രീജിത്തിന്റെ ലോക്കപ്പ് മർദ്ദനങ്ങളുടെ പേരിൽ നടന്ന ഹർത്താൽ ദിനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു കൈക്കുഞ്ഞിനെ വഴിയിൽ തടയുകയും ആ കുഞ്ഞിന്റെ അച്ഛനെ പൊലീസിന്റെ മുന്നിലിട്ട് മർദ്ദിക്കുകയും ചെയ്തത് എല്ലാവരും കണ്ടതാണല്ലോ ? ശ്രീജിത്തിന്റെ ജീവനെപ്പോലെതന്നെ വിലയുള്ളതല്ലേ ആ കുഞ്ഞിന്റേയും ജീവൻ. ആസിഫയുടെ ജീവനോളം വില ആ കൈക്കുഞ്ഞിനും ഇല്ലേ ?  ദളിതർക്ക് വേണ്ടി ഈ മാസം 9ന് നടത്തിയ ഹർത്താലിൽ, ആശുപത്രിയിൽ എത്താൻ വാഹനം കിട്ടാതെ മരിച്ചത് ഒരു ആദിവാസി മൂപ്പനടക്കം രണ്ടുപേരാണ്. ആദിവാസി മൂപ്പൻ ദളിതനല്ലേ ? അദ്ദേഹത്തിന്റെ ജീവന് ഒരു വിലയുമില്ലേ ? ചികിത്സ കിട്ടാതെ മരിച്ച രണ്ടാമത്തെ ആളുടെ ജീവന് ഒരു വിലയുമില്ലേ ?

30698577_1655625397856012_8869867129990545408_n
                      ആസിഫ വിഷയത്തിൽ അഭിഭാഷകരുടെ പ്രതിഷേധം 

ആദ്യം മനുഷ്യത്ത്വമുള്ളവരാകണം. ഓരോ ജീവന്റേയും വില ഒന്നാണെന്ന് മനസ്സിലാക്കണം. അത് ഉൾക്കൊള്ളാത്തവൻ, നഷ്ടപ്പെട്ട ഒരു ജീവന് വേണ്ടി ഹർത്താൽ നടത്തി മറ്റൊരു ജീവനെടുക്കുമ്പോൾ സ്വാർത്ഥരായ  മനുഷ്യരോ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാത്തവരോ ആയി മാറുകയാണ്.

പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അത് പക്ഷേ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിക്കൊണ്ടോ അവനെ ഭീഷണിപ്പെടുത്തിക്കൊണ്ടോ അവന്റെ ജീവനെടുത്തുകൊണ്ടോ ആവരുത്. ആർക്ക് വേണമെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യാം. പക്ഷെ നിരത്തിലിറങ്ങി മറ്റുള്ളവരുടെ വാഹനങ്ങൾ തടയാൻ ആർക്കും അവകാശമില്ല. നിങ്ങളുടെ സമരവും പ്രതിഷേധവും എല്ലാവരുടേയും സമരവും പ്രതിഷേധവുമാകണമെന്ന് നിർബന്ധം പിടിക്കരുത്. എല്ലാ സമരക്കാരും നാഴികയ്ക്ക് നാൽ‌പ്പത് വട്ടം പറയുന്ന ജനാധിപത്യം എന്നൊരു വാചകമില്ലേ. അപ്പറഞ്ഞ ജനാധിപത്യം പ്രകാരം സ്വതന്ത്രമായി ഇറങ്ങി നടക്കാനും പ്രവർത്തിക്കാനുമുള്ള മനുഷ്യാവകാശം ഇവിടെയുള്ള ഓരോ പൌരനുമുണ്ട്. അത് നടപ്പിലാക്കിത്തരാൻ കഴിയാത്തവർക്ക് ജനാധിപത്യത്തെക്കുറിച്ച് വാചാലരാകാൻ യാതൊരു അവകാശമില്ല.

ഒന്നുകൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ആസിഫയോട് ചെയ്ത ക്രൂരതയ്ക്കും ദളിതരോട് ചെയ്തതിനും ഒക്കെ പ്രതിഷേധമുള്ള ഒരാൾ തന്നെയാണ് ഞാനും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ക്രൂരതകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. നമ്മളത് കാണുന്നുമുണ്ട്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ ഹർത്താൽ നടത്തിയ ലോകത്തെ ഏക ജനത മലയാളി മാത്രമാണ്. ഇറാക്കിൽ‌പ്പോലും അന്ന് ഹർത്താൽ നടന്നിട്ടില്ല. അതുപോലെ രാജ്യത്തും ലോകത്തും നടക്കുന്ന എല്ലാ ദുര്യോഗങ്ങൾക്കുമെതിരെ പ്രതികരിക്കാൻ ഹർത്താൽ എന്ന ജനദ്രോഹപരമായ സമരമുറ മാത്രം ഉപയോഗിക്കാൻ തുടങ്ങിയാൽ 365 ദിവസവും ഹർത്താൽ നടത്താനേ നമുക്ക് നേരമുണ്ടാകൂ. പകരം എല്ലാ വിഷയത്തിലും സമാധാനപരമായും ആശയപരമായും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലും നമുക്ക് പ്രതികരിച്ചുകൂടെ ? ഏറ്റവും കൂടുതൽ ആൾക്കാരെ സംഘടിപ്പിച്ച് പ്രതികരിക്കുന്നത് ഏറ്റവും വലിയ പ്രതികരണമായി വിലയിരുത്തപ്പെടില്ലേ ? നമുക്ക് പ്രതിഷേധമുണ്ടെങ്കിൽ പുറത്തിറങ്ങിയല്ലേ അത് പ്രകടിപ്പിക്കേണ്ടത്. ഹർത്താൽ നടത്തി അടച്ച്പൂട്ടി ഇരുന്നാൽ ഓരോ വിഷയങ്ങളിലും ആരൊക്കെ ശരിക്കും പ്രതികരിച്ചെന്ന് നമ്മളെങ്ങനെ അറിയും, ജനങ്ങളെങ്ങനെ അറിയും, അധികാരികളെ എങ്ങനെ ബോദ്ധ്യപ്പെടുത്തും. ഹർത്താലിലൂടെ പ്രതികരിക്കുമ്പോൾ ജനങ്ങൾ ഒഴിവുദിവസം ആസ്വദിക്കുകയാണെന്നും, പണിയെടുക്കാതെ ശമ്പളം വാങ്ങാനുള്ള കുറേപ്പേരുടെയെങ്കിലും ലക്ഷ്യത്തെ മുതലെടുക്കുകയാണെന്നും ആർക്കാണ് അറിയാൻ പാടില്ലാത്തത്. ആയതുകൊണ്ട്, ലോകത്തെ ഏറ്റവും വലിയ പ്രതിഷേധക്കാർ മലയാളിയാണെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാരെ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ് വേണ്ടത്. അടച്ചുപൂട്ടി വീട്ടിലിരുന്ന് പ്രതിഷേധിക്കുന്നത് കാപട്യമാണ്, ഷണ്ഡത്വമാണ്.

വാൽക്കഷണം:- മലയാളിക്ക് എങ്ങനെയെങ്കിലും തിങ്കളാഴ്ച്ച അവധി കിട്ടിയേ പറ്റൂ എന്നാണെങ്കിൽ സർക്കാർ ഇടപെട്ട് തിങ്കളാഴ്ച്ച സംസ്ഥാന ഹർത്താൽ ദിവസമാക്കി പ്രഖ്യാപിക്കണം. പാർട്ടിക്കാരും സംഘടനകളും അതങ്ങ് വീതിച്ചെടുത്ത് സൌകര്യം പോലെ ആഘോഷിക്കട്ടെ. മറ്റ് ദിവസങ്ങളെയെങ്കിലും വെറുതെ വിടൂ. അങ്ങനെ ചെയ്താൽ‌പ്പോലും വർഷത്തിൽ കുറഞ്ഞത് 48 ഹർത്താലുകൾ ആഘോഷിക്കാൻ കിട്ടും.

Comments

comments

2 thoughts on “ തിങ്കളാഴ്ച്ച ഹർത്താൽ ദിവസം

  1. വളരെ യാദൃശ്ചികമായിട്ടാണ് സാക്ഷരതയുടെ ഈ ഉമ്മറപടിയിൽ ഞാൻ എത്തിയത് ….അത്ഭുതം എന്നേ പറയാനുള്ളു…എത്ര മനോഹരം ….വായനയുടെ പുതിയലോകം….!!!!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>