traffic-signs

ചില ഗതാഗത ചിന്തകൾ


1. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴ.

2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ വരെ പിഴ.

3. ഹെൽമെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 1500 രൂപ വരെ പിഴ.

4. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 1500 രൂപവരെ പിഴ.

5. തട്ടിവീഴ്‌ത്തി പാഞ്ഞുപോയാൽ 100,000 രൂപ പിഴ.

എന്നിങ്ങനെ ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള, കേന്ദ്രസർക്കാരിന്റെ അഞ്ചിരട്ടിയാക്കി പുതുക്കിയ നിരക്ക് പത്രങ്ങളിൽക്കൂടെ എല്ലാ ഡ്രൈവർമാരും അറിഞ്ഞുകാണുമല്ലോ ? തീർന്നിട്ടില്ല; നിശ്ചിത വലിപ്പത്തിൽ നമ്പർ എഴുതാതെ, ഫാൻസി നമ്പർ പ്ലേറ്റുകളുമായി ചെത്തുന്നവർക്കും പിടിവീണ് തുടങ്ങിയിരിക്കുന്നു.

ജനങ്ങളുടെ സുരക്ഷയേക്കാൾ ഉപരി ഖജനാവ് നിറയ്ക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, ഇനിയും പറഞ്ഞ് തരാം ഗതാഗതവകുപ്പിന് പണമുണ്ടാക്കാനുള്ള ഒരുപാട് മാർഗ്ഗങ്ങൾ.

1. ഒറ്റക്കണ്ണൻ (ഒരു ഹെഡ് ലൈറ്റ് മാത്രം കത്തുന്ന) വണ്ടികൾക്ക് ഓരോന്നിനും 10,000 രൂപ വീതം പിഴയടിക്കുക. എന്നിട്ട് കണ്ണ് രണ്ടും നേരെയാക്കുന്നത് വരെ വണ്ടി പിടിച്ചിടുക. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് തുല്യമാണ് ഒരു ഹെഡ് ലൈറ്റ് മാത്രം വെച്ച് വണ്ടി ഓടിക്കുന്നത്.

2. ബ്രേക്ക് ലൈറ്റ് കത്താത്ത വണ്ടികൾക്ക് 2500 രൂപ വരെ പിഴയടിക്കുക. ബ്രേക്ക് ലൈറ്റ് കത്തുന്നില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും അറിയാവുന്നതാണ്. ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ, ബാറ്ററി ലൈഫ് ദീർഘിപ്പിക്കുന്നതിനായി ബ്രേക്ക് ലൈറ്റ് വേർപെടുത്തുന്നത് നല്ലൊരു പങ്ക് പബ്ലിക് കാരിയർ വാഹനങ്ങളുടേയും പതിവാണ്.

3. ആധുനിക യുഗവും ആധുനിക വാഹനങ്ങളുമൊക്കെ ആയതുകൊണ്ട് ഇൻഡിക്കേറ്റർ ലൈറ്റ് സംവിധാനമൊക്കെ ഉണ്ടായിട്ടും അതൊന്നും പ്രകാശിക്കാത്ത/പ്രവർത്തിക്കാത്ത/പ്രവർത്തിപ്പിക്കാത്ത വണ്ടികൾക്ക് 1500 രൂപ വരെ പിഴയടിക്കുക.

4. ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് മുതലായവ പകുതിയും മുക്കാലും മറഞ്ഞിരിക്കുന്ന രീതിയിൽ വലിയ ഇരുമ്പു ചട്ടക്കൂടുകൾക്കുള്ളിൽ, സജ്ജീകരിച്ചിരിക്കുന്ന വാഹനങ്ങൾക്ക് 2500 രൂപ പിഴയടിക്കുക. ടിപ്പർ ലോറികൾ അടക്കമുള്ള ഹെവി വാഹനങ്ങളുടെ പതിവാണ് ഇത്.

5. ഏറ്റവും ചുരുങ്ങിയത് വാഹനത്തിന്റെ ഡ്രൈവർ ഭാഗത്തുള്ള കണ്ണാടി (Right Side Mirror) എങ്കിലും ഇല്ലാത്ത/ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് 1500 രൂപ പിഴയടിക്കുക. വാഹനം വാങ്ങുന്ന ദിവസം മുതൽ ഇടത്തും വലത്തുമുള്ള കണ്ണാടികൾ മടക്കിവെച്ച് ഓടിക്കുക പല ഡ്രൈവർമാരുടേയും പതിവാണ്. ആവശ്യ സമയത്ത് ഇരുവശത്തേയും കണ്ണാടികളിലൂടെ നോക്കി വാഹനം ഓടിക്കാൻ ഡ്രൈവിങ്ങ് സ്ക്കൂളുകൾ മുതൽക്കേ ഡ്രൈവർമാരെ പരിശീലിപ്പിക്കുക.

6. കോടതി വാഹനങ്ങളും, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടേയും മന്ത്രിമാരുടേയും വക്കീലന്മാരുടേയും വാഹനങ്ങളുമൊക്കെ നിയമം ലംഘിച്ചാൽ സാധാരണക്കാരുടെ വാഹനങ്ങൾക്കെന്ന പോലെ പിഴയടിക്കുക. നോ പാർക്കിങ്ങ് പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്ന കോടതി വാഹനങ്ങൾ എറണാകുളം നഗരത്തിൽ പലപ്പോഴും കണ്ടെത്താനാകും. എറണാകുളം കുടുംബക്കോടതി പരിസരത്ത്, നോ പാർക്കിങ്ങ് ബോർഡിനടിയിൽത്തന്നെ വാഹനം പാർക്ക് ചെയ്യുന്നത് വക്കീലന്മാരുടെ സ്ഥിരം പരിപാടിയാണ്. ഒരു നടപടിയും എടുത്ത് കാണാറില്ലെന്ന് മാത്രമല്ല, അതേ വാഹനങ്ങൾ സ്ഥിരമായി അവിടെ പാർക്ക് ചെയ്യുന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ ആ വഴിയിലൂടെ നിത്യേന പോകുന്ന ഏതൊരാൾക്കുമാകും. എറണാകുളത്ത് മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഇത്തരം ധാർഷ്ട്യങ്ങൾ. കോടതിയും വക്കീലന്മാരും വേണം നിയമം പരിപാലിക്കപ്പെടാൻ മാതൃകുയാവേണ്ടത്. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് എവിടെയെങ്കിലുമുള്ള നോ പാർക്കിങ്ങ് പ്രദേശത്ത് വാഹനം പാർക്ക് ചെയ്താൽ, 15 മിനിറ്റിനകം മഞ്ഞ സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ച് ഫൈൻ അടിക്കുന്നത് വളരെ ഫലപ്രദമായാണ് ട്രാഫിക്ക് പൊലീസുകാർ ചെയ്തുപോരുന്നത്. പക്ഷേ, ഈ പിഴയടിക്കൽ പരിപാടി സാധാരണക്കാരിൽ മാത്രമായി ഒതുക്കുന്നത് ശരിയല്ല.

ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയാണല്ലോ ഈ പിഴയടിക്കലെല്ലാം. റോഡപകടങ്ങൾ ഒഴിവാക്കാൻ ഇതിൽക്കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാരിനും ജനങ്ങൾക്കുമാവും. അതിൽ ചിലത് സൂചിപ്പിക്കട്ടെ.

1. നാലുവരിപ്പാതകളൊക്കെ ഉള്ളയിടങ്ങളിൽ സ്പീഡ് ട്രാക്ക്, സ്ലോ ട്രാക്ക് എന്നതൊക്കെ എത്തരത്തിൽ ഉപയോഗിക്കണമെന്നും ട്രാക്കുകൾ മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ബോധവൽക്കരണം ആരംഭിക്കുക. ഡ്രൈവിങ്ങ് സ്ക്കൂളുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ഇത്തരം ബോധവൽക്കരണം തുടരുക.

2. തിരക്ക് പിടിച്ച റോഡുകളാണ് ഇന്ന് കേരളത്തിൽ എമ്പാടുമുള്ളത്. പഴയ രീതിയിൽ, കൈ വെളിയിലിട്ട് മൂന്ന് വട്ടം കറക്കി സിഗ്നൽ നൽകുന്നതൊക്കെ കൈ തന്നെ നഷ്ടപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് വരും. ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക, അതേപ്പറ്റി ബോധവൽക്കരിക്കുക.

3. തെറ്റായ ഇൻഡിക്കേറ്റർ ഉപയോഗങ്ങൾ തിരുത്തിക്കൊടുക്കുക. ഉദാഹരണത്തിന്, വലതുവശത്തെ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട്, ഓവർ ടേക്ക് ചെയ്തോളൂ എന്ന് പറയുന്ന ഒരു പതിവ് ഇന്ത്യയൊട്ടുക്കുണ്ട്. തെറ്റായ ഒരു സിഗ്നൽ രീതിയാണത്. അങ്ങനെയൊരു സിഗ്നൽ ഇട്ടാൽ വാഹനം വലത്തേക്ക് തിരിക്കാൻ പോകുന്നു എന്നാണ് കൃത്യമായി സിഗ്നൽ ഉപയോഗിച്ച് ശീലമുള്ള ഒരാൾ മനസ്സിലാക്കുക. ഇതുണ്ടാക്കുന്ന ചിന്താക്കുഴപ്പങ്ങൾ ഏതെങ്കിലും അപകടത്തിൽ ചെന്ന് കലാശിച്ചെന്ന് വരാം. ഇടത്തുവശത്തെ ഇൻഡിക്കേറ്റർ പ്രകാശിപ്പിച്ചുകൊണ്ടാവണം ഓവർടേക്ക് ചെയ്യാനുള്ള സിഗ്നൽ കൊടുക്കേണ്ടത്.

4. സീബ്രാ ക്രോസിങ്ങുകൾ, കാൽനടക്കാരന് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ളതാണ്. ഒരാൾ റോഡ് ക്രോസ് ചെയ്യാനായി വരയിലേക്ക് കാലെടുത്ത് വെച്ചാൽ, അയാൾ റോഡ് മുറിച്ച് കടക്കുന്നതിന് മുന്നേ, തന്റെ വാഹനം വരയ്ക്ക് അപ്പുറം കടത്താൻ ശ്രമിക്കുക എന്നതാണ് ഈ രാജ്യത്തെ മിക്കവാറും ഡ്രൈവർമാരുടേയും സമ്പ്രദായം. അതിന് വ്യത്യാസം ഉണ്ടായേ പറ്റൂ. വാഹനം വേഗത കുറച്ച് നിറുത്തിക്കൊടുക്കാനുള്ള സന്മനസ്സ് ഓരോ ഡ്രൈവർമാരും കാണിക്കണം. കാൽനടക്കാരൻ മുഴുവൻ ദൂരവും നടന്നോ അല്ലെങ്കിൽ പ്രൈവറ്റ് ബസ്സ് പിടിച്ചോ കൂടണയാൻ ശ്രമിക്കുന്നവനാണെന്നുള്ള ബോധം, സ്വന്തം വാഹനം ഓടിക്കുന്നവർക്കെങ്കിലും ഉണ്ടാകണം. സീബ്രാ ക്രോസിങ്ങുകൾ തങ്ങളുടെ അവകാശവും അധികാരവും ആണെന്നുള്ള ബോധം കാൽനടയാത്രക്കാർക്കും ഉണ്ടാകണം. എറണാകുളം നഗരത്തിൽ തിരക്കുള്ള പലയിടങ്ങളിലേയും സീബ്രാ ക്രോസിങ്ങുകളിൽ പൊലീസാണ് കാൽനടക്കാരനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. ഈ അവസ്ഥ മാറി, സ്വയം റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാരന് പറ്റുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം.

5. അവസാനമായി വാഹനം ഓടിക്കുന്നവരോടായി ഒരു ചെറിയ കാര്യം കൂടെ സൂചിപ്പിക്കട്ടെ. കേരളമെന്നാൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന ഒരു ഷോപ്പിങ്ങ് മാൾ ആണ്. ഇപ്പറഞ്ഞ മാളിലെ ഒരു കടയിൽ നിന്ന് എതിർവശത്തുള്ള മറ്റൊരു കടയിലേക്ക് ഏത് നിമിഷം വേണമെങ്കിലും ബിഗ് ഷോപ്പറുമായി ഒരാൾ കുറുകെ ചാടിയെന്ന് വരാം. അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം.

ഇനി സർക്കാരിനോട് ഒരു ചെറിയ പരാതി. നികുതിയിനത്തിലും പിഴയിനത്തിലും പണം പിരിച്ചെടുത്താൽ മാത്രം മതിയോ ? ചിലതൊക്കെ വാഹനം ഓടിക്കുന്നവർക്കായി ചെയ്ത് കൊടുക്കേണ്ടതും ഭരണകൂടത്തിന്റെ കടമയല്ലേ ? പുതിയ വാഹനം വാങ്ങുമ്പോൾ ഓരോ വാഹനമുടമയും 15 കൊല്ലത്തെ നികുതി  ഒരുമിച്ച് അടക്കുന്നുണ്ട്. എന്നാൽ 15 കൊല്ലം മുന്നോട്ടുള്ള പുരോഗതിയോടെ റോഡുകൾ ഉണ്ടാക്കപ്പെടുന്നുണ്ടോ, നിലവിലുള്ള റോഡുകൾ പരിപാലിക്കപ്പെടുന്നുണ്ടോ ? അങ്ങനെ ചില ചെറിയ കാര്യങ്ങൾ കൂടെ വാഹനമുടമകൾക്കായി ചെയ്തു കൊടുക്കാത്തതെന്താണ് ?
.

Comments

comments

42 thoughts on “ ചില ഗതാഗത ചിന്തകൾ

  1. പത്ത് ട്രാഫിക്ക് നിർദ്ദേശങ്ങൾ വീതം ചൂണ്ടിക്കാണിക്കാനും, അത്രയും തന്നെ ഗതാഗത ചിന്തകൾ പങ്കുവെക്കാനും വാഹനമോടിക്കുന്ന ഓരോരുത്തർക്കുമാവും.

  2. വളരെ നല്ല ഒരു പോസ്റ്റ്‌
    സാക്ഷരത യജ്ഞം പോലെ ഒരു റോഡ്‌ സാക്ഷരത ഉദ്യമം സര്‍ക്കാരും സന്നദ്ധ സംഖടനകളും ചേര്‍ന്ന് നടത്തുക. അതുപോലെ ട്രാഫിക്‌ നിയമങ്ങളെ കുറിച്ചുള്ള അവബോധം സ്കുളുകളില്‍ നിന്നേ നല്‍കി തുടങ്ങുക. ഒരു പക്ഷെ അടുത്ത തലമുറയെങ്കിലും നന്നാവും

  3. ഓരോ ലിറ്റര്‍ പെട്രോളിനും റോഡ്‌ സുരക്ഷാ സെസ്‌ എന്ന പേരില്‍ എത്രയോ കോടി പിരിചെടുക്കുന്നു. അത് എവിടെ പോകുന്നു.

  4. സര്‍ക്കാരിന് കാശുണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങളായി മാത്രം ഇതിനെ കാണേണ്ട.നമുക്ക് ഒരു ട്രാഫിക് സംസ്കാരം ഉണ്ടായെപറ്റൂ.പോലീസിനെക്കാണുമ്പോള്‍ മാത്രം ഹെല്‍മറ്റ് വെയ്ക്കുന്നവര്‍,ഒരുനിയമവുംപാലിക്കാതെ വണ്ടി ഓടിക്കുന്നവര്‍ ,തണ്ണിയടിച്ചു തനിക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തി വെക്കുന്നവര്‍ ….ഇന്നത്തെ നൂറുരൂപ ഫൈന്‍ പുല്ലുപോലെ വലിച്ചെറിഞ്ഞു വീണ്ടും അതേ തെറ്റ് ആവര്‍ത്തിക്കുന്നവര്‍ …ഇവര്‍ക്കൊക്കെ ഒരു കത്രികപ്പൂട്ട് വേണ്ടേ?

    1. സർക്കാരിന് കൂടുതൽ കാശ് ഉണ്ടാക്കാം. അതോടൊപ്പം ജനങ്ങളുടെ സുരക്ഷ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യാം. അത്തരത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷ തന്നെയാണ് പ്രധാനം.

  5. പുതിയ നിയമവും ഈ പോസ്റ്റില്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശങ്ങളും സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ഇതിനോടൊപ്പം അത്യാവശ്യമായി നടപ്പാക്കേണ്ട മറ്റൊരു കാര്യം, രാത്രിയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ്‌ ഡിം ചെയ്തു കൊടുക്കാത്ത വാഹനങ്ങള്‍കൂടി പിടികൂടുക എന്നതാണ്. നാഷണല്‍ ഹൈവേകളില്‍, അതും വഴിവിളക്കുകളുള്ള റോഡുകളില്‍ പോലും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഈ ‘സൌജന്യം’ ചെയ്തുകൊടുക്കുന്നവര്‍ ഒരു ശതമാനത്തിലും താഴെയായിരിക്കും.

  6. തെറ്റായ ഭാഗത്തു കൂടി ഓവര്‍ടേക്ക് ചെയ്യല്‍, ട്രാഫിക്ക് ബ്ലോക്ക് ആയി വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ ഇടയ്ക്ക് കൊണ്ടുവന്ന് തിരികി കേറ്റല്‍, ഇന്‍ഡിക്കേറ്ററോ സിഗ്നലോ കാണിക്കാതെ തിരിക്കുക, രാത്രി കാലങ്ങളില്‍ ഡിം ലൈറ്റ് ചെയ്ത് എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് വരുത്താതിരിക്കുന്നതിലുള്ള വിമുഖത തുടങ്ങി ബോധവത്കരണം ആവശ്യമായിട്ടുള്ള പല കാര്യങ്ങളുണ്ട്. അമിത വേഗം, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിഴ ശിക്ഷ കുറെക്കൂടി വര്‍ദ്ധിപ്പിക്കണം.

  7. “കോടതി വാഹനങ്ങളും, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടേയും മന്ത്രിമാരുടേയും വക്കീലന്മാരുടേയും വാഹനങ്ങളുമൊക്കെ നിയമം ലംഘിച്ചാൽ സാധാരണക്കാരുടെ വാഹനങ്ങൾക്കെന്ന പോലെ പിഴയടിക്കുക” …. Never ever gonna happen in India….

  8. വളരെ നല്ല പോസ്റ്റ്‌, എന്നത്തേയും പോലെ. പക്ഷെ കേരളം പാറശാല മുതല്‍ മഞ്ചേശ്വരം വരെ ആണെന്ന് തിരുത്തുന്നു..നീലേശ്വരം കഴിഞ്ഞു പിന്നെയും ഒന്നര മണിക്കൂര്‍ വടക്കോട്ട് ഓടിയാലെ കേരളം തീരൂ.. ആശംസകളോടെ,

    1. ഷാനവാസ് ഇക്കാ – വായനയ്ക്കും അഭിപ്രായത്തിനും നന്ദി. പിശക് തിരുത്തിത്തന്നതിന് പ്രത്യേകം നന്ദി. ലേഖനത്തിൽ ഉടനെ തന്നെ മാറ്റി എഴുതുന്നു.

  9. ദുബായില്‍ വണ്ടി ഓടിച്ച് പരിചയിച്ചു നാട്ടില്‍ എത്തിയാല്‍ ഇവിടെ പോലെ അവിടെയും നിയമങ്ങള്‍ നോക്കി വണ്ടി ഓടിക്കാന്‍ നോക്കും. പക്ഷെ അവിടെ അതൊരു പോട്ടത്തരമായാണ് വിലയിരുത്തപ്പെടുക. അപകടം വല്ലതും പറ്റുന്നത് വരെ തോന്നിയത് പോലെ വണ്ടിയോടിക്കുന്നവന്‍ വലിയ സാമര്‍ഥ്യക്കാരനും എക്സ്പേര്‍ട്ട് ഡ്രൈവറുമായിട്ടായിരിക്കും വിലയിരുത്തപ്പെടുക. സിഗ്സാഗ് മട്ടില്‍ വണ്ടിയോടിക്കുന്നവനെ ആണ്‍ കുട്ടി എന്ന് പറഞ്ഞ് കൈയടിക്കുകയും ചെയ്യും. വല്ല അപകടവും പറ്റിയാലോ, അവന് സ്പീഡ്‌ കൂടുതലാണ്, തമരില്ലാതെയാണ് വണ്ടിയോടിക്കുക… പിന്നെ ഇല്ലാത്ത കുറ്റമില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോസ്റ്റ്‌ വീണ്ടും.

    1. ബെർളിയുടെ ബ്ലോഗിലെ ഏത് പോസ്റ്റാണ് റിജോ ഉദ്ദേശിച്ചതെന്ന് ലിങ്കിലൂടെ വ്യക്തമായില്ല. ലിങ്ക് കൃത്യമായി തരൂ.

    2. ഞാൻ ഒന്നുകൂടെ ആലോചിക്കുകയും മുകളിൽ അമീർ ഹസ്സൻ എഴുതിയ കമന്റ് വായിക്കുകയും ചെയ്തപ്പോൾ സംഭവം പിടി കിട്ടി റിജോ. ബർളിത്തരങ്ങൾ വായിച്ച് പഠിക്ക്, ആക്ഷേപഹാസ്യം എഴുതുന്നത് എങ്ങനാണെന്ന് അവിടന്ന് പഠിക്കാം എന്നല്ലേ ? ഈ ലേഖനം ആക്ഷേപഹാസ്യമല്ല. അങ്ങനെയൊരു ലേബൽ ഞാനെങ്ങും കൊടുത്തിട്ടുമില്ല. വായിച്ചപ്പോൾസർക്കാ‍സം ആയിട്ട് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് വായനയുടെ പ്രത്യേകത. ഞാൻ ഉദ്ദേശിച്ചത് ആർക്കെങ്കിലും മനസ്സിലാക്കാതെ പോയിട്ടുണ്ടെങ്കിൽ അത് എന്റെ എഴുത്തിലെ പിഴവ്.

  10. വളരെ നല്ല പോസ്റ്റ്‌,
    ഇതു നമ്മുടെ മുഖ്യന്റെയും പ്രസ്തുത വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തെണ്ടേ?
    അടിസ്ഥാന സൌകര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ ചെയ്തു കൊടുക്കുകയും ഒപ്പം ഡ്രൈവിംഗ് ലൈസെന്‍സ് ഏത് കൊച്ചുകുഞ്ഞിനും കിട്ടുന്ന രീതിയില്‍ നിന്നും മാറി ഗൌരമുള്ള ഒരു കാര്യമാണ് ചെയ്യുന്നത് എന്നരീതിയിലുള്ള സമീപനം ഇരു ഭാഗത്തുനിന്നും ഉണ്ടാകേണം.
    ലൈസെന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക്‌ എല്ലാ സിഗ്നല്‍, നിയമങ്ങളെക്കുറിച്ചും നല്ല അവബോധം ഉണ്ടാകണം. റോഡുകളിലെ മാര്‍കിംഗ് ആവശ്യത്തിന് നല്‍കുകയും അതിന്റെ അര്‍ത്ഥങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് മനസിലാക്കികൊടുക്കുകയും വേണം.
    ടിപ്പര്‍ പോലുള്ള വാഹനങ്ങള്‍ക്ക് സ്പീട് ഗവര്‍ണര്‍ സംവിധാനം കോടതി നിര്‍ബന്ധമാക്കിയിട്ടുന്ടെന്കിലും നടപ്പായിട്ടില്ല. അതുകൊണ്ട് മാത്രം എത്രയോ അപകടങ്ങള്‍!!<!!

  11. ഇതെല്ലാം തീർച്ചയായും നടപ്പാക്കേണ്ട നിർദ്ദേശങ്ങളാണ്‌. അമിതവേഗം, മദ്യപാനം, ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവവ്യിൽ ഒതുങ്ങുന്നതല്ല കാര്യങ്ങൾ. വ്യക്തമായ നിരീക്ഷണങ്ങൾ.

    1. ഗംഭീരം. ഈ ഒരു ലേഖനം ബൂലോകത്തിൽ നിന്നാൽ പോരാ.എല്ലാ പത്രങ്ങളിലും വരണം.

      പിന്നെ വേലിതന്നെ വിളവുതിന്നുന്നു എന്നതാണ് നമ്മുടെ നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മയും. ആ വലിയ ഷോപ്പിങ്മാൾ എന്ന് ഉപമ അസ്സലായി മനോജേ..

  12. ഇതിപ്പോള്‍ വാഹനമോടിക്കുന്നവര്‍ക്കും സര്‍ക്കാരിനും ഉള്ള നിയമനിര്‍മ്മാണവും പിഴയും.. നടരാജ് മോട്ടോര്‍ഴ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമായി എന്തെങ്കിലും ഒക്കെ നിയമ പരിരക്ഷ ആവശ്യമായി വന്നിരിക്കുന്നു. ഏറ്റവും പ്രധാനം നഗരങ്ങളിലെ കാണകളുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബിനിടയില്‍ കാലുപെട്ടുപോയാല്‍ കാല്‍നടക്കാരന്‍ സര്‍ക്കാരിന് ഒരു 10000 രൂപയെങ്കിലും പിഴയടക്കണം എന്ന നിയമമെങ്കിലും അത്യാവശ്യം.. അതുപോലെ പ്ലേറ്റ് വാഷ് ഡിപ്പാര്‍ട്ട്മെന്റ് റോഡ് പണി തീര്‍ത്ത് കഴിയുമ്പോഴല്ലാതെ കേബിളിടുവാന്‍ കുത്തിപ്പൊളിച്ചാല്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റ് പിഴയടക്കണമെന്നും ഒക്കെ നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് കുറച്ച് കാലം കൂടെ പണ്ടേ ചാര്‍ത്തിക്കിട്ടിയ ആ മനോഹരമായ ലേബലില്‍ അങ്ങിനെ വിലസാമായിരുന്നു.. അതന്നെ.. പൊതുജനം.. കഴുത!

  13. മനോജേട്ടാ നല്ല നിർദ്ദേശങ്ങൾ. എനിക്ക് തോന്നിയ ചിലകാര്യങ്ങൾ കൂടി എഴുതട്ടെ.
    ബസ്സിൽ യാത്രചെയ്യുമ്പോൾ പലപ്പോഴും ഏറ്റവും അരോചകമാകുന്നത് എയർ ഹോൺ ഉപയോഗമാണ്. മനുഷ്യന്റെ ചെവിക്കല്ല് പൊട്ടുന്നതരത്തിൽ എയർ ഹോൺ അടിച്ചാണ് പലരും ബസ്സ് ഓടിക്കുന്നതുതന്നെ. ഇത്തരത്തിൽ എയർ ഹോൺ / നിർദ്ദിഷ്ട അളവിലും വളരെ കൂടിയ ശബ്ദത്തിലുള്ള ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് ആദ്യം ഒരു മാസത്തേക്കെങ്കിലും റദ്ദ് ചെയ്യുക. ഇത്തരം ഹോണുകൾ ഘടിപ്പിച്ചിരിക്കുന്ന വാഹന‌ഉടമകളിൽ നിന്നും 5000/- രൂപയെങ്കിലും പിഴ ഈടക്കുക. വീണ്ടും ഈ ഹോൺ ഘടിപ്പിച്ചതായി കണ്ടാൽ വാഹനത്തിന്റെ പെർമിറ്റ് തന്നെ റദ്ദാക്കുക. അതുപോലെ വീണ്ടും ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസെൻസ് ആറു മാസത്തേയ്ക്കും, പിന്നെയും കുറ്റം ആവർത്തിച്ചാൽ ജയിൽ ശിക്ഷയും നൽകുക. ഇത്തരം ഹോണുകൾ വിൽക്കുന്ന സ്ഥപനങ്ങളിൽ നിന്നും ഹോണുകൾ പിടിച്ചെടുക്കുകയും, പിടിച്ചെടുക്കുന്ന ഓരോ ഹോണിന്റേയും പരമാവധി വില്പന വിലയുടെ അഞ്ചിരട്ടി പിഴയായി ഈടാക്കുകയും ചെയ്യുക. നിയമം മൂലം ഇത്തരം ഹോണുകളുടെ ഉപയോഗം നിരോധിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവ വില്പനയ്ക്ക് വെയ്ക്കേണ്ട ആവശ്യം ഇല്ലല്ലൊ.

  14. അപ്പോള്‍ നമ്മുടെ സര്‍ക്കാരും രണ്‌ടും കല്‍പിച്ച്‌ തന്നെയാണ്‌.

    ലൈറ്റ്‌ ഇടാതെ വണ്‌ടിയോടിച്ചാല്‍ 500 റിയാലാണ്‌ സൌദിയില്‍ പിഴ. (6500 രൂപയോളം) ഈ പിഴ തന്നെയാണ്‌ ഇണ്റ്റിക്കേറ്ററില്ലാതെയും, ഒറ്റ ഹെഡ്‌ ലൈറ്റുമായും, ബ്രേക്ക്‌ ലൈറ്റില്ലാതെയുമെല്ലാം വാഹനമോടിച്ചാല്‍…

  15. ഗംഭീരം. ഈ ഒരു ലേഖനം ബൂലോകത്തിൽ നിന്നാൽ പോരാ.എല്ലാ പത്രങ്ങളിലും വരണം.

    പിന്നെ വേലിതന്നെ വിളവുതിന്നുന്നു എന്നതാണ് നമ്മുടെ നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മയും. ആ വലിയ ഷോപ്പിങ്മാൾ എന്ന് ഉപമ അസ്സലായി മനോജേ..

  16. നമ്മുടെ നാട്ടില്‍ വണ്ടിയോടിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന ഒരു കാര്യമാണ് വെറുതെ ഹോണ്‍ അടിക്കുക. . ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ പരിമിതമായി മാത്രമേ ആളുകള്‍ ഹോണ്‍ അടിക്കു . ഹോണ്‍ അടിക്കുന്നത് തന്നെ വളരെ അത്യാവശ്യം ഉള്ളപ്പോഴോ അല്ലെങ്കില്‍ മറ്റുള്ളവര്‍ തെറ്റായി എന്തെങ്കിലും ചെയ്യുംബോലോ മാത്രമാണ്.. ശബ്ദ ശല്യം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ നിരോധിക്കണം. ഹോണ്‍ ഉപയോഗം തന്നെ കുറക്കണം.

    1. ഹോൺ അടിയുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ കാര്യം വില്ലേജ് മാൻ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ റോഡിൽ എന്തെങ്കിലും മിസ്റ്റേക്ക് കാണിക്കുന്ന അവസരത്തിലാണ് മറ്റ് വിദേശ രാജ്യങ്ങളിലും എതിർ വാഹനങ്ങൾ ഹോൺ അടിക്കുന്നത്. അതാണ് അവിടത്തെ ഹോൺ അടിയുടെ സംസ്ക്കാരം. ഈ സംസ്ക്കാരം നമ്മുടെ നാട്ടിൽ നടപ്പാക്കണമെങ്കിൽ അതിന് മുന്നേ നാം ചെയ്യേണ്ട മറ്റ് പല കാര്യങ്ങളും ഉണ്ട്. ഞാൻ പറഞ്ഞുവരുന്നത് ഇതിന്റെ ഒരു മറുവശം മാത്രമാണ്, ന്യായീകരണം അല്ല. ഇനി വിഷയത്തിലേക്ക് വരാം.

      നമ്മുടെ നാട്ടിൽ ഈയടുത്ത കാലത്താണ് റോഡിന് നടുക്ക് വെളുത്ത വര വന്ന് തുടങ്ങിയത്. വര വന്നിട്ടും ഇടത്തുവശത്തും വലതുവശത്തുമുള്ളവൻ അവരവരുടെ വശം ചേർന്ന് പോകുന്നില്ല. മിക്കവാറും ജനങ്ങൾ വെളുത്ത വരയുടെ ഇരുവശവും വാഹനത്തിന്റെ ചക്രങ്ങൾ വരുന്ന വിധത്തിലാണ് ഓടിക്കുക. ഇങ്ങനെ പോകുന്ന ഒരാൾ ഒരു വളവെത്തുമ്പോൾ ‘ഞാൻ ദാ വരുന്നുണ്ടേ‘ എന്ന് കാണിക്കാൻ ഹോൺ അടിച്ചേ പറ്റൂ. അല്ലെങ്കിൽ അപ്പുറത്തുനിന്ന് റോഡിന്റെ നടുഭാഗത്തൂടെ വരുന്ന വേറൊരു വണ്ടിയുമായി കൂട്ടിയിടിച്ചിരിക്കും. ഡ്രൈവിങ്ങ് പഠന കാലത്ത് വളവിലെത്തുമ്പോൾ ഹോൺ അടിച്ചില്ലെങ്കിൽ ആശാന്റെ വായിലിരിക്കുന്ന തെറി മുഴുവനും കേട്ട് വാഹനം ഓടിക്കാൻ പരിശീലിച്ചവരാണ് നമ്മുടെ ഡ്രൈവേർസ്. അവർ ആ ശീലം ഒഴിവാക്കണമെങ്കിൽ ആദ്യം റോഡുകൾക്ക് വീതി ഉണ്ടാകണം, ഓവർടേക്ക് ചെയ്യുന്ന സമയം ഒഴിച്ചുള്ള അവസരത്തിലെല്ലാം അവരവരുടെ വശങ്ങളിലൂടെ വണ്ടി ഓടിക്കണം, ഹോണടിച്ചില്ലെങ്കിലും വളവുകളിൽ വണ്ടികൾ തമ്മിലിടിക്കില്ല എന്ന് ഉറപ്പ് വരുത്തണം, ഇതിനായുള്ള ബോധവൽക്കരണങ്ങൾ ഒക്കെ നടത്തണം. ഒക്കെയും നമ്മുടെ ശീലങ്ങളുടെ കൂടെ കുഴപ്പമാണ്. അന്താരാഷ്ട്ര നിലവാരത്തിൽ പല കാര്യങ്ങളും ചെയ്യിപ്പിക്കേണ്ടിയിരിക്കുന്നു. ഉദാഹരണം ലേഖനത്തിൽ സിഗ്നലിന്റെ (3) കാര്യം പറഞ്ഞിരിക്കുന്നത്.

      ഇനിയുമുണ്ട് അനാവശ്യ ഹോണടി സന്ദർഭങ്ങൾ. നമുക്ക് നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഇല്ല. മുൻപിൽ ഒരു കാൽനടക്കാരനോ സൈക്കിൾ യാത്രക്കാരനോ പോകുന്നുണ്ടെങ്കിൽ ‘എന്റെ വാഹനം ദാ താങ്കളെ ഓവർടേക്ക് ചെയ്യാൻ പോകുന്നു, പെട്ടെന്ന് വെട്ടിക്കാനും വളക്കാനുമൊന്നും ശ്രമിക്കരുത് ‘ എന്ന് മുന്നറിയിപ്പ് കൊടുക്കുന്നത് ഹോൺ അടിച്ചിട്ടാണ്. അല്ലെങ്കിൽ അപകടം ഉറപ്പ്. അങ്ങനെയാണ് ആശാന്മാർ പഠിപ്പിക്കുന്നത്. ഇത് ഇല്ലാതാകണമെങ്കിൽ സൈക്കിൾ ട്രാക്കുകളും ഫുട്ട്പാത്തുകളും എല്ലാ റോഡുകളിലും ഉണ്ടായേ പറ്റൂ. കേരളം പോലൊരു ജനസാന്ദ്രമായ സംസ്ഥാനത്ത് അതൊക്കെ ഇനിയങ്ങോട്ട് നടപ്പാക്കാൻഅത്ര എളുപ്പവുമല്ല.

      എന്തായാലും എയർ ഹോണുകൾ നിരോധിക്കണം എന്ന കാര്യത്തിലും ഹോൺ അടി കുറയ്ക്കണം എന്ന കാര്യത്തിലും തർക്കമില്ല.

  17. നിയമപാലകർ നിയമം തെറ്റിച്ചാൽ കൂടുതൽ പിഴ നൽകണം. നാട്ടിലെത്തിയാൽ ഒരാഴ്ച്ച റോഡിലിറങ്ങാൻ പേടിയാണ്, നിയമങ്ങളോടൊപ്പം റോഡുകൾ കൂടി നവീകരിക്കണം.

  18. പിഴ കൂട്ടിയതുകൊണ്ട് സര്‍ക്കരിന് വരുമാനം കൂടും എന്നൊരു ഗുണമേയുള്ളൂ. പോലീസുകാര്‍ക്ക് കിംബളത്തിന്റെ റേറ്റും കൂടിക്കിട്ടും.

    എനിക്കൊരു സംശയം. ഈ നിയമങ്ങളൊന്നും ധനികര്‍ക്ക് ബാധകമല്ലേ? പതിനായിരം രൂപ പിഴയൊക്കെ ഒരുളുപ്പുമില്ലാതെ പോക്കറ്റില്‍നിന്നെടുത്തുകൊടുക്കാന്‍ പ്രാപ്തിയുള്ള ബഹുസഹസ്രം യേമാന്മാര്‍ റോഡുകള്‍ ഉപയോഗിക്കുന്നുണ്ട്. നല്ലൊരു വക്കീല്‍ കയ്യിലുണ്ടെങ്കില്‍ (മിക്ക ബിസിനസ്സുകാര്‍ക്കും അങ്ങനൊരാള്‍ ഉണ്ടാകും) ഇത്തരം കേസൊക്കെ കോടതിയില്‍ കിടന്നു കറങ്ങുകയേയുള്ളൂ.

    ഈ കാര്‍ക്കശ്യമൊക്കെ ബാധിക്കുന്നത് അന്നാന്നത്തെ അരിക്ക് നെട്ടോട്ടമോടുന്ന സാധാരണക്കാരനെ മാത്രം.

    താങ്കളുടെ നിര്‍ദ്ദേശങ്ങളൊക്കെ നന്ന്. എല്ലാവരും സ്വമേധയാ അങ്ങനെയൊക്കെ ചെയ്യുമെങ്കില്‍ രക്ഷപെട്ടു.

    1. താങ്ങള്‍ പറഞ്ഞത് ശരി തന്നെ . ഇതൊന്നും പണക്കാര്‍ക്ക് ബാധകം അല്ല .. ഒരു ബെന്‍സോ B M W വോ തടഞ്ഞു നിര്‍ത്തി ചെക്ക്‌ ചെയ്യാന്‍ എതവനെങ്കിലും ധൈര്യം കാണിക്കുമോ ?? ഈ പറഞ്ഞതെല്ലാം സാധാരണക്കാര്‍ ഓടിക്കുന്ന ഇരു ചക്ര വാഹനങ്ങള്‍ക്കും ഓട്ടോ ക്കാര്‍ക്കും പിന്നെ സാദാ മാരുതി ALTO ക്കാര്‍ക്കും ബാധകം … അതാണ് കേരളം… ദൈവത്തിന്റെ സ്വന്തം നാടേ ………

  19. ഇപ്പൊ ആഫ്രിക്കയില്‍ ആയതു കൊണ്ട് ഇവിടത്തെ ഒരു രീതി പറയാം . ഇവിടെ യു.എസ് മാതൃകയില്‍ ജംഗ്ഷനുകളില്‍ റൌണ്ട് അബൌട്ടുകളാണ് . ഒരു വാഹനം സര്‍ക്കിളിനകത്ത് ഉണ്ടെങ്കില്‍ ആ വാഹനത്തിന്റെ വശത്തെക്കുള്ള വാഹനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു മറ്റു വാഹനങ്ങള്‍ അത് പോവുന്നതിനു വേണ്ടി ലൈനില്‍ കാത്തു നില്‍ക്കും . ഇത് ഡ്രൈവര്‍ മാര്‍ക്കും കാല്‍ നടക്കാര്‍ക്കും തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് . കൂടുതല്‍ വിവരങ്ങള്‍ ഇവിടെ http://en.wikipedia.org/wiki/Roundabout

    1. ഇത് ആഫ്രിക്കയിലെ മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളിലെയൊക്കെ റൌണ്ട് എബൌട്ട് ഗതാഗത മര്യാദയാണ്. എറണാകുളത്ത് അത്തരത്തിൽ എടുത്ത് പറയാവുന്ന ഒരു റൌണ്ട് എബൌട്ട് ഉള്ളത് പാലാരിവട്ടം ജൺഗ്ഷനിലാണ്. അതിലേക്ക് ഒന്ന് വാഹനം പ്രവേശിപ്പിച്ച് നോക്കിയാൽ ഭയങ്കര തമാശയാണ്.

  20. നാട്ടിലെ ഡ്രൈവിങ് പ്രശ്നങ്ങള്‍ ഒരു 80% അറിവില്ലായ്മ കൊണ്ടാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എങ്ങിനെയാണ് round about ഉപയോഗിക്കേണ്ടത് എന്നു എത്ര പേര്‍ക്കറിയാം?

    അന്യ സംസ്ഥാന driving license ഒരു പ്രശ്നം ആയി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. 500 രൂപ അയച്ചു കൊടുത്താല്‍ ബീഹാറില്‍ നിന്നും driving license പോസ്റ്റില്‍ വരും. പിന്നെ ബോധവല്‍ക്കരണം എങ്ങിനെ നടക്കും?

    നിയമത്തിന്റെ കാഠിന്യം കൂട്ടുന്നതിനെക്കാള്‍, ഉള്ള നിയമങ്ങള്‍ 100% നടപ്പിലാക്കുക എന്നതാണ് നല്ലത്.

  21. നല്ല പൊസ്റ്റ്. ചേട്ടനല്ല, ശരിക്ക് നിരക്ഷരൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ടും അറിയാതെ പോകുന്ന, അറിയില്ലെന്ന് നടിക്കുന്ന ജനങ്ങളാണ്. എനിക്കെന്തായാലും പുതിയ ഒരു അറിവ് കിട്ടി. ഇന്ത്യയൊട്ടുക്കും, ഓവർടേക്ക് ചെയ്തോളാൻ അനുമതി ഇൻഡിക്കേറ്ററിട്ട് കൊടുക്കുന്ന ഒരു ശീലമുണ്ട്. അതെന്തായാലും നന്നായി ഹാ ഹാ ഹാ . നല്ല പൊസ്റ്റ്. ആശംസകൾ.

  22. അപ്പൊ എന്നെ ആരാ ഓവര്‍ ട്ടെക്കിംഗ് സിഗ്നല്‍ പഠിപ്പിച്ചത് ആവൊ …….ഇപ്പോഴാ അറിഞ്ഞത് അങ്ങനെ ഒരു സിഗ്നല്‍ ഇല്ലെന്നു .നന്ദി നിരക്ഷരാ

    1. @ ചെങ്ങളായി – ഓഹോ അപ്പോൾ ഇപ്പറഞ്ഞ ഓവർ‌ടേക്കിങ്ങ് സിഗ്നൽ ഔദ്യോഗികമായി പഠിപ്പിക്കുന്നുണ്ട് അല്ലേ ? അപ്പോൾപ്പിന്നെ ഓടിക്കുന്നവനെ പറഞ്ഞിട്ട് വലിയ കാര്യമില്ല. ഡ്രൈവിങ്ങ് സ്കൂളുകാരെ പറഞ്ഞാൽ മതിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>