ഭാഗിയുടെ ഓഫ്റോഡ് ക്ഷമത പരീക്ഷിക്കപ്പെട്ട ദിവസമായിരുന്നു ഇന്ന്; എൻ്റെ ഡ്രൈവിംഗ് വൈദഗ്ദ്ധ്യവും.
ബാരയിലെ സുമൻ ധാബയിൽ നിന്ന് ഗുഗോർ കോട്ടയിലേക്കായിരുന്നു ഇന്നത്തെ യാത്ര. അവസാനത്തെ 15 കിലോമീറ്റർ പോകാൻ 40 മിനിറ്റ് എന്ന് പറയുമ്പോൾത്തന്നെ റോഡിന്റെ അവസ്ഥ ഊഹിക്കാമല്ലോ.
സത്യത്തിൽ റോഡ് എന്നൊന്ന് ഇല്ല. ഗ്രാമത്തിലെ വെട്ടുവഴികളിലൂടെയാണ് യാത്ര. വലിയ കുണ്ടും കുഴികളും കയറിയിറങ്ങുമ്പോൾ ഭാഗിയുടെ കീഴ് വശത്തുള്ള വാട്ടർ ടാങ്ക് തറയിൽ ഇടിക്കാതെ നോക്കണം. ടാങ്ക് പൊട്ടിയാൽ അത് നന്നാക്കി തരാൻ പറ്റുന്നവർ ഈ സംസ്ഥാനത്ത് ഉണ്ടെന്ന് തോന്നുന്നില്ല. യാത്ര പൂട്ടിക്കെട്ടി മടങ്ങേണ്ടി വരും. 15 കിലോമീറ്റർ ദൂരം ഒരു വെല്ലുവിളിയായിരുന്നു.
ഇത്രയും ദൂരം സഞ്ചരിച്ച് ചെന്നിട്ട് ഗുഗോർ കോട്ടയിൽ കയറാൻ പറ്റുമോ ഇല്ലയോ എന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. 2 കിലോമീറ്റർ ദൂരെ നിന്ന് തന്നെ കോട്ട കാണാം. ഗ്രാമത്തിന്റെ ഒരു ഭാഗത്ത് മാത്രം ചെറിയൊരു മല ഉണ്ട്. ഉയരമുള്ള ഒരു പ്രദേശം കിട്ടിയാൽ അവിടെ ഒരു കോട്ട പണിഞ്ഞിരിക്കും രജപുത്രർ.
സാമാന്യം വലിയ ആ കോട്ടയുടെ അടുത്തേക്ക് എത്തുന്നതോടെ ജനവാസം കുറഞ്ഞു. ഏകാന്തത കൂടിക്കൂടി വന്നു. ഇരുചക്ര വാഹനങ്ങൾ ആണ് ആ വഴിയെ വന്നിരുന്നത്. അതുപോലും കാണാതായി. കോട്ടയുടെ കീഴ്ഭാഗത്തുനിന്ന് മുകളിലേക്ക് കുത്തനെ കയറ്റമാണ്. ആദ്യം ഞാൻ ഭാഗിയെ ഓടിച്ച് മുകളിലേക്ക് കയറ്റാൻ തുടങ്ങി. പിന്നീട് എനിക്ക് നല്ല ബുദ്ധി തെളിഞ്ഞു.
മുകളിൽ ചെന്ന് ഭാഗിയെ തിരിച്ചെടുക്കാൻ സ്ഥലമില്ലെങ്കിൽ ആ കയറ്റം മുഴുവൻ റിവേഴ്സ് ഗിയറിൽ ഇറക്കണം. ഹാൻഡ് ബ്രേക്ക് പോലും ഇല്ലാത്ത ഭാഗിക്കും എനിക്കും അത് കടുത്ത പരീക്ഷണമാകും. ആ ചെറിയ ദൂരം റിവേഴ്സിൽ ഇറങ്ങി ഞാൻ ഭാഗിയെ താഴെ ഒതുക്കിയ ശേഷം കുത്തനെ നടന്നു കയറി.
ഭാഗിയെ മുകളിലേക്ക് ഓടിച്ച് കയറ്റിയിരുന്നെങ്കിൽ ഇന്ന് ഞാൻ ചക്രശ്വാസം വലിക്കുമായിരുന്നു. മുകളിൽ വാഹനം നിർത്താനുള്ള പരിമിതമായ സ്ഥലമേ ഉള്ളൂ. കോട്ട തുറന്ന് കിടക്കുകയാണ്. അതിന് അകത്തോ പുറത്തോ ഒരു മനുഷ്യനും ഇല്ല. നട്ടുച്ച ആണെങ്കിലും ഏകാന്തത മുറ്റി ഭീതിജനകമായ അന്തരീക്ഷം. ഞാൻ പക്ഷേ, ഇതിനേക്കാൾ ഭയപ്പെടുത്തുന്ന, കർണ്ണാടകയിലെ പാവഗട കോട്ടയിലെ അനുഭവം മുൻപ് പങ്കുവെച്ചിട്ടുണ്ട്. പാവഗടയുടെ പത്തിലൊന്ന് ഭീകരാന്തരീക്ഷം ഗുഗോറില്‍ ഇല്ല.
കാടുപിടിച്ച് കിടക്കുന്ന കോട്ടയിൽ ഒരുപാട് സമയമെടുത്ത് ഞാൻ ചുറ്റിയടിച്ചു.
* ഖീച്ചി ഭരണാധികാരികളാണ് ഗുഗോർ കോട്ട നിർമ്മിച്ചത്.
* പാർവ്വൻ നദിയുടെ കരയിലാണ് കോട്ട നിലകൊള്ളുന്നത്. കോട്ടയുടെ ഉയരമുള്ള ഭാഗത്ത് നിന്ന് നോക്കിയാൽ നദി കാണാം.
* മുഗളന്മാർ കോട്ട ആക്രമിച്ച സമയത്ത് റാണിമാർ നദിയിലെ വെള്ളത്തിൽ ചാടി ജോഹർ അനുഷ്ഠിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
* ക്ഷേത്രത്തിനകത്ത് പൊട്ടിപ്പൊളിഞ്ഞ രണ്ട് അമ്പലങ്ങളും പ്രതിഷ്ഠകളുമുണ്ട്. അവിടെ ആരാധന നടക്കുന്നതായും കാണാം. അതുകൊണ്ടാകാം ആർക്കും കയറാൻ പാകത്തിന് കോട്ട തുറന്ന് കിടക്കുന്നത്.
* കോട്ടയ്ക്ക് 800 വർഷം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
നെഞ്ചൊപ്പം ഉയരത്തിൽ കാടുപിടിച്ച് കിടക്കുന്നുണ്ട് കോട്ട, എങ്കിലും കുറച്ചുനേരം അതിനകത്ത് കറങ്ങി നടന്നതോടെ എനിക്ക് ധൈര്യം വർദ്ധിച്ചു. കോട്ടയുടെ പറ്റാവുന്ന ഭാഗങ്ങളിലും കൊത്തളങ്ങളിലുമെല്ലാം ഞാൻ പൊത്തിപ്പിടിച്ച് കയറി. ഏതെങ്കിലും ഇഴജന്തുക്കൾ മാത്രമേ പ്രശ്നം ഉണ്ടാക്കാൻ സാദ്ധ്യതയുള്ളൂ.
രാവിലെ ഭാഗിയുടെ അടുക്കളയിൽ ഒരു നൂഡിൽസ് ഉണ്ടാക്കി കഴിച്ചിട്ട് ഇറങ്ങിയതാണ്. മൂന്നു മണി കഴിഞ്ഞിട്ടും മറ്റൊന്നും കഴിക്കാൻ കിട്ടിയിട്ടില്ല. ഒരു റെസ്റ്റോറൻ്റോ ബേക്കറിയോ ധാബയോ പോലുമില്ലാത്ത അത്രയും ഉൾനാടൻ ഗ്രാമമാണ് ഇത്.
ഞാൻ തിരിച്ച് സുമൻ ധാബയിലേക്ക് തന്നെ പുറപ്പെട്ടു. പക്ഷേ ആ ഗ്രാമത്തിൽ നിന്ന് പുറത്ത് കടക്കാൻ ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെക്കാൾ ബുദ്ധിമുട്ടി. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരാൾ ഗൂഗിൾ മാപ്പ് ഇട്ട് ആ കോട്ടയിലേക്ക് പോകുന്നതും പുറത്ത് കടക്കുന്നതും. ഗ്രാമത്തിലെ സകല ഇടവഴികളിലൂടെയും ഗൂഗിൾ എന്നെ കയറ്റിയിറക്കി. അങ്ങോട്ട് പോയ വഴിയിലൂടെ എന്തുകൊണ്ട് ഗൂഗിളിന് എന്നെ പുറത്ത് കൊണ്ടുവരാൻ കഴിയുന്നില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. “നിനക്ക് ഗാന്ധിജിയെപ്പോലെ ഇന്ത്യൻ ഗ്രാമങ്ങൾ കാണണമെന്നല്ലേ നിരക്ഷരാ പറഞ്ഞത്. കണ്ടോളൂ, അനുഭവിച്ചോളൂ.” പരിഹസിക്കാൻ കിട്ടിയ അവസരം അന്തരംഗം പാഴാക്കിയില്ല.
നാലര മണിക്ക് സുമൻ ധാബയിൽ എത്തി ഉച്ചഭക്ഷണം കഴിച്ച് അല്പനേരം ഭാഗിയിൽ കിടന്നുറങ്ങി.
ബാര ഹബ്ബിൽ, ഷേർഗഡ് എന്ന കോട്ട മാത്രമാണ് ഇനി അവശേഷിക്കുന്നത്. അത് നാളെ കാണാമെന്ന് കരുതുന്നു.
ശുഭരാത്രി.