DSC07563

ഒരു വലിയ സല്യൂട്ട്


സ്കൂൾ, കോളേജ് തലങ്ങളിൽ പുറത്തിറങ്ങിയ സോവനീർ  പുസ്തകങ്ങളിൽ ഒന്നിലും ഈയുള്ളവന്റേതായി ഒരു ലേഖനവും അച്ചടിച്ച് വന്നിട്ടില്ല. അക്കാലത്തൊക്കെ അക്ഷരങ്ങൾ മനസ്സിൽത്തന്നെ തട്ടിത്തടഞ്ഞ് നിന്നതുതന്നെ കാരണം. 2007 ൽ നിരക്ഷരനായതിനുശേഷം, പെറുക്കിക്കൂട്ടി ചേർത്തുവെക്കാൻ ശ്രമിച്ച അക്ഷരങ്ങളിൽ അവിടവിടെയായി അല്ലറ ചില്ലറ മഷിപ്പാടുകൾ എങ്ങനൊക്കെയോ വീണിട്ടുണ്ട്. അപ്പോളൊക്കെ ഉണ്ടായതിനേക്കാൽ വലിയ സന്തോഷം, ഇക്കഴിഞ്ഞ തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിൽ പുറത്തിറക്കിയ സോവനീറിൽ ഒരു ലേഖനം അച്ചടിച്ച് വന്നപ്പോളാണ് തിരതല്ലിയത്. പഠനകാലത്ത്, ചോരത്തിളപ്പുള്ള പുഷ്ക്കരകാലത്ത്, നടക്കാതെ പോയ ഒരു കാര്യം ഇതാ മദ്ധ്യവയസ്ക്കനായപ്പോൾ സംഭവിച്ചിരിക്കുന്നു !

കെ.പി. രാമനുണ്ണി മാഷ് തുഞ്ചൻ പറമ്പിൽ വെച്ച് പ്രകാശനം ചെയ്ത സോവനീറിന്റെ കോപ്പി, ഇന്നലെ വൈകീട്ട് കൈപ്പറ്റിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെയിൽ വഴി ചർച്ചകൾ നടത്തി, ലേഖനങ്ങൾ തിരഞ്ഞെടുത്ത്, ലേഖകരുടെ അനുവാദം വാങ്ങി, ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി, പരസ്യങ്ങൾ പിടിച്ച്, ധനസമാഹരണം നടത്തി, കമ്പോസ് ചെയ്ത്, പ്രിന്റ് ചെയ്ത് പുറത്തിറക്കിയതിന്റെ പിന്നിൽ, പത്രാധിപസമിതിയിലെ ഒരുപാട് പേരുടെ മാസങ്ങളോളമുള്ള അദ്ധ്വാനത്തിന്റേയും, ഉറക്കമിളക്കലിന്റേയും, ലീവെടുത്തുള്ള പ്രവർത്തനങ്ങളുടേയുമൊക്കെ കഥകളുണ്ട്.

സ്വന്തം ലേഖനം സോവനീറിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തവരോ അതിനവസരം ലഭിക്കാതെ പോയതുമായ എത്ര ബ്ലോഗേഴ്സിന് ഇതിന്റെ പിന്നണിയിൽ നടന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകുമെന്ന് നിശ്ചയമില്ല. പക്ഷേ, കോപ്പികൾ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി ഇപ്പോഴും നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന സംഘാടകരുടെ ബുദ്ധിമുട്ടുകൾ,  എല്ലാവർക്കും വേണ്ടി സ്വന്തം സമയം മെനക്കെടുത്തി ഇത്രയൊക്കെ ചെയ്തിട്ടും അവിടന്നും ഇവിടന്നുമൊക്കെ കേട്ടുകൊണ്ടിരിക്കുന്ന പഴികൾ ഒരു പുഞ്ചിരിയോടെ നേരിടുന്നവരുടെ മനസ്സിന്റെ വലുപ്പം, അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ എനിക്കായിട്ടുണ്ട്.

ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ ഈ സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും, ഈ പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു വലിയ സല്യൂട്ട്.

——————————————————————-

സോവനീർ കോപ്പി ആവശ്യമുള്ളവർക്ക് ഈ ലിങ്ക് വഴി പോകാം.

Comments

comments

35 thoughts on “ ഒരു വലിയ സല്യൂട്ട്

  1. ഈ സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും, ഈ പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു വലിയ സല്യൂട്ട്.

  2. കഴിഞ്ഞയാഴ്ച ഞങ്ങള്‍ക്കും വന്നു ഈ പുസ്തകം. ഓഫീസില്‍ വച്ച് പാഴ്സല്‍ തുറക്കുമ്പോള്‍ തന്നെ എല്ലാവരും ചുറ്റും കൂടി. വല്ലാത്ത സന്തോഷം തോന്നി. പുസ്തകത്തിന്റെ അകംതാളിന്റെ ഗന്ധം ഒരിക്കല്‍ക്കൂടി മനസ്സ് നിറഞ്ഞാസ്വദിച്ചു. പിന്നണി പ്രവര്‍ത്തകരുടെ പേരുകളെല്ലാം കണ്ടു. നന്ദി. ഇന്റര്‍നെറ്റ് ഡൌണായാല്‍ തീരുന്ന എഴുത്തുകാരായിരുന്നു ഇതുവരെ നമ്മള്‍. ഇനി മുതല്‍ അങ്ങനെയല്ല. അച്ചടി മഷി പതിഞ്ഞ നമ്മുടെ എഴുത്തുകള്‍ പുസ്തകമായിരിക്കുന്നു. നന്ദി, ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും.

  3. എനിക്ക് കിട്ടിയിട്ടില്ല.. അയച്ചിട്ടുണ്ടെന്ന് മനോ പറഞ്ഞു.. സോവനീര്‍ കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുന്നു.. :)

  4. ഒരു ബ്ലോഗറെക്കാളുപരി മനസ്സിൽ നന്മയുള്ള ഒരു മനുഷ്യനാന് മനോജേട്ടാ നിങ്ങൾ..ഞാനുൾപെടെ ആഹ്വാനങ്ങൾ നടത്തുമ്പോൾ അത് പ്രവർത്തിച്ച് കാണിക്കുന്ന ചുരുക്കം ചിലരിലൊരാൾ..ആ ബഹുമാനം എനിക്കുണ്ട്…:)

  5. വിമര്‍ശിക്കുന്നവര്‍ക്ക് ചുമ്മാതെ ഇരുന്നു വിമര്‍ശിച്ചാല്‍ മതി ..ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന വര്‍ക്കേ അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകൂ …പ്രത്യേകിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നു കൊണ്ട് കഠിനമായ ഈ അദ്ധ്വാനം ഏറ്റെടുത്തവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍,, അതിനു വേണ്ടി അവര്‍ നടത്തിയ പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ..:)

  6. “ക്രിട്ടിക്” റോഷന്‍ മാരെ ഒന്നും മൈന്ഡ് ചെയ്യണ്ടാന്നേ ….അച്ചടി മഷി പുരണ്ടതില്‍ അഭിനന്ദനങ്ങള്‍ …
    സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും പൂച്ചെണ്ട് ആല്ല… അല്ല…. ആനണ്ട് …. ചുമ്മാ ….എല്ലാവര്ക്കും അഭിനന്ദനങ്ങള്‍

  7. സത്യത്തില്‍ ഈയെഴുത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന്റെ ചാര്‍താര്‍ത്ഥ്യം ഉണ്ട്.. ഒരു കോപ്പി ഞാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു.

  8. എന്തെങ്കിലും ഒക്കെ ചെയ്യുന്നവരെ വിമര്ശിക്കപ്പെടുന്നുള്ളൂ…..
    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കുന്നു…

  9. നമുക്ക് അഭിമാനിക്കാം.

    ഇതൊരു തുടക്കം മാത്രം.

    എഴുത്തിന്റെ ലോകത്ത് പുതിയൊരു പാതയിലെ സഞ്ചാരികളാണ് നാം.

    മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്!

  10. ഈ പുസ്തകം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല..വായിക്കാതെ നിരൂപിക്കുമോ..?കേട്ടുകേള്‍വിയില്ല…എങ്കിലും ഈ സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും എന്റെയും ഒരു വലിയ സല്യൂട്ട്………

  11. അർപ്പണമനോഭാവത്തോടെയുള്ള നല്ല അദ്ധ്വാനം ഈ സൊവനീർ ഇറക്കുന്ന കാര്യത്തിന്റെ ആലോചന മുതൽ ഇത് പുസ്തകരൂപത്തിലായി ആളുകളുടെ മുന്നിൽ എത്തിക്കാൻ ഇപ്പോൾ നടക്കുന്ന പ്രവർത്തനം വരെ എല്ലാറ്റിനും പിന്നിൽ അർപ്പണമനോഭാവത്തോടെയുള്ള നല്ല അദ്ധ്വാനം നടന്നിട്ടുണ്ട്. പലരും പരസ്പരം കാണാതെയാണ് ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത് എന്നു കൂടി ഓർക്കുമ്പോൾ അതിശയകരവും ഒപ്പം ആവേശകരവും തന്നെ!നിരക്ഷർജി സന്തോഷിക്കുമ്പോലെ എനികുമുണ്ട് മറ്റൊരു സന്തോഷം. എന്റെ ഒരു കുഞ്ഞിക്കവിത അതിനുള്ളിൽ ഒരു ഓരം പറ്റി കിടപ്പുണ്ട്. ഒരുപാട് ബ്ലോഗ്ഗർമാരുടെ സൃഷ്ടികൾ ആവാഹിച്ച് അച്ചടി മഷിപുരട്ടി ഈ പുസ്തകത്തിൽ ഇടാൻ കഴിഞ്ഞത് വലിയ കാര്യം തന്നെ. ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടത്താൻ ബൂലോകത്തിനു കഴിയട്ടെ!

  12. മനോജിനും മറ്റ്‌ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു പഴയകാല പ്രസിഡന്റ്‌ സ്കൗട്ടിന്റെ സല്യൂട്ട്‌…

  13. അക്ഷര കേരളത്തിന്റെ സൈബര്‍ സ്പര്‍ശത്തിനു എന്റെയും ഒരു ബിഗ്‌ സല്യൂട്ട്

  14. മനോജ്,
    എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഒരു പോസ്റ്റുണ്ട്. അതൊന്നു നോക്കുക.

  15. മനോജ്,
    എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഒരു പോസ്റ്റുണ്ട്. അതൊന്നു നോക്കുക.

  16. സാധാരണ ഒരു പുസ്തകം പ്രസാധനം ചെയ്യുന്നതിൽനിന്നെത്രെയോ വ്യത്യസ്തമാൺ അനന്തമായി പരന്ന് കിടക്കുന്ന മലയാളം “ഭൂലോഗത്തു”നിന്നൊരു പുസ്തകം ജനിപ്പിച്ചെടുക്കുന്നത്. വർഷങ്ങളായി വായിക്കുന്ന ഒട്ടനവധി ബ്ളോഗുകളിൽ മികച്ചതിൽ മികച്ചതിനെ വേർതിരിക്കാനാവാതെ കുഴങ്ങുന്ന വായനക്കാർക്ക് ഒരമൂല്യ നിധിയായിരിക്കട്ടെ ഈ സുവനീർ. എല്ലാ ഭാവുകങ്ങളും.

  17. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… എന്നാണല്ലോ! ;)

    ഇങ്ങനെ ഒരു സോവനീറിനെ കുറിച്ചറിയില്ലെങ്കിലും, ഇപ്പോള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ വകയും ഒരു സല്യൂട്ട് കൊടുക്കണമെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>