Monthly Archives: July 2017

കോടതിക്കെതിരെയും ഹർത്താലുകളോ ?


66

കന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അബ്ദുൾ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാളെ (26.07.2017 ബുധൻ) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു പി.ഡി.പി. എന്ന പാർട്ടി.

വൈക്കം സ്വദേശിനി അതുല്യ മതം മാറി ഫാഹിദ ആയെങ്കിലും അവരെ മാതാപിതാക്കളോടൊപ്പം പറഞ്ഞയച്ച കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ഹൈക്കോർട്ടിലേക്ക് മാർച്ച് നടത്തുകയും അത് പോലീസ് തടഞ്ഞതിനേത്തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് 2017 മെയ് മാസം 30ന് എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപനസമിതി ഹർത്താൽ ആഹ്വാനം ചെയ്തതും ആരും മറക്കാൻ സമയമായിട്ടില്ലല്ലോ.

44
ഹൈക്കോടതി പരിസരത്തെ സമരം.

കോടതി പരിസരവും പോലീസ് ആസ്ഥാനവുമൊക്കെ സമരമുഖങ്ങൾ ആക്കാൻ പാടില്ലാത്ത മേഖലകളാണ്. എന്നിട്ടും അവിടെ സമരം ചെയ്യുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്തത് നിയമലംഘനമാണ്. കോടതിവിധികൾക്ക് എതിരെ നീങ്ങണമെങ്കിൽ അത് കോടതിയിൽത്തന്നെ നിയമപരമായി വേണം. അല്ലാതെ പൊതുജനങ്ങളോടല്ല പകപോക്കേണ്ടത്.

എന്തായാലും ആ ഹർത്താൽ എറണാകുളം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങൾ നിഷ്ക്കരുണം തള്ളിക്കളഞ്ഞു. വ്യാപാരി വ്യവസായികൾ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. KSRTC ബസ്സുകൾ ഓടി. സിറ്റി ബസ്സുകൾ നല്ലൊരു പരിധിവരെ സർവ്വീസ് നടത്തി. സ്ക്കൂൾ ബസ്സുകൾ ഓടുകയും സ്ക്കൂളുകൾ പ്രവർത്തിക്കുകയും ചെയ്തു. സ്വകാര്യവാഹനങ്ങൾ പതിവിനേക്കാൾ പലമടങ്ങ് നിരത്തിലിറങ്ങിയതോടെ ആ ഹർത്താൽ
ദയനീയമായി പരാജയപ്പെട്ടു. എല്ലാ ഹർത്താലുകളും ആഘോഷമാക്കാൻ കാത്തിരിക്കുന്ന ഒരു ചെറിയ കൂട്ടം ജനങ്ങൾ മാത്രമാണ് അതിൽ സഹകരിച്ചത്.

അതേ ജനുസ്സിൽ‌പ്പെട്ട, കോടതിക്കെതിരെയുള്ള ഹർത്താലാണ് നാളെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത് കോടതിയാണ്. അക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ അത് ചോദ്യം ചെയ്യേണ്ടത് കോടതികളിൽത്തന്നെയാണ്. ഹർത്താലുകൾ കണ്ട് ഭയന്ന് കോടതി, വിധിന്യായം മാറ്റാൻ പോകുന്നില്ല. മാത്രമല്ല, ബാംഗ്ലൂർ കോടതിയുടെ വിധിക്കെതിരെ പ്രതിഷേഷിച്ച് ഹർത്താൽ നടത്തണമെങ്കിൽ അത് കർണ്ണാടകത്തിലാണ് നടത്തേണ്ടത്. മദനിയുടെ വിചാരണ നീണ്ടുപോകുന്നത് അടക്കമുള്ള വിഷയങ്ങൾ അതുമായ ബന്ധപ്പെട്ട കോടതികളിലും അതിന് മുകളിൽ സുപ്രീം കോടതി വരെയുള്ള നീതിന്യായപീഠങ്ങളിലുമാണ് ഉന്നയിക്കേണ്ടത്. അതിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഹർത്താലുകൾ ശുദ്ധ തെമ്മാടിത്തരമാണ്.

പി.ഡി.പി. എന്ന പാർട്ടി  മദനിയുടെ വിഷയങ്ങളിലും അവരുടേതായ ചില സ്ഥാപിത താൽ‌പര്യങ്ങൾക്കും വേണ്ടിയല്ലാതെ പൊതുജനങ്ങളുടെ  നീറുന്ന ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും കാര്യമായ നീക്കങ്ങളോ ഇടപെടലുകളോ ഉണ്ടാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ടോ ? എണ്ണത്തിൽ കുറവാണെങ്കിലും, ഇത്തരം ചെറുകിട പാർട്ടികളും വോട്ട് ബാങ്കുകളായതുകൊണ്ട് ഭരണത്തിൽ കയറിയിറങ്ങുന്ന മുന്നണികൾ സമയാസമയത്ത് അവരെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ കാര്യമായ ഒരു സ്ഥാനവുമില്ലാത്ത പി.ഡി.പി. ആഹ്വാനം ചെയ്യുന്ന ഹർത്താലിന്റെ ദുരിതങ്ങൾ അനുഭവിക്കാൻ നിന്നുകൊടുക്കേണ്ട ഒരു കാര്യവും കേരളജനതയ്ക്കില്ല.

ആയതിനാൽ നാളത്തെ ദിവസം കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പതിവുപോലെ പ്രവർത്തിദിവസമാക്കി മാറ്റി കോടതിക്കെതിരെയുള്ള ഈ ഹർത്താലിനെ തള്ളിക്കളയുക. നമുക്കതിനായാൽ കേരളത്തിലാദ്യമായി സംസ്ഥാന അടിസ്ഥാനത്തിൽ ആഹ്വാനം ചെയ്യപ്പെടുകയും പൂർണ്ണപരാജയമാകുകയും ചെയ്ത ഹർത്താൽ എന്ന നിലയ്ക്കാകും ഇതറിയപ്പെടാൻ പോകുന്നത്. ഹർത്താലുകൾക്കെതിരെയുള്ള മുന്നേറ്റത്തിൽ അതൊരു വലിയ ചുവടുവെപ്പ് കൂടെ ആയിരിക്കും.

55

വ്യാപാരി വ്യവസായി ഈ ഹർത്താലിൽ സഹകരിക്കില്ലെന്ന് ഇതിനകം ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. സ്ക്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സ്ക്കൂൾ അധികൃതർ തയ്യാറായാൽ പൊളിയാവുന്ന ഹർത്താലുകൾ മാത്രമേ ഇന്നാട്ടിലുള്ളൂ. ഒരു സ്കൂൾ ബസ്സിനേയും സ്ക്കൂൾ കുട്ടികളേയും തൊട്ടുകളിക്കാനുള്ള ധൈര്യം ഇന്നാട്ടിലൊരു പാർട്ടിക്കാരനുമില്ല. അങ്ങനെയുണ്ടായാൽ അതാ പാർട്ടിയുടെ അന്ത്യമാണ്. ഹർത്താൽ എന്ന ഈ വിഷവിത്ത് കുട്ടികൾക്കിടയിൽ നിന്നെങ്കിലും പെറുക്കിമാറ്റിയില്ലെങ്കിൽ കേരളസംസ്ഥാനം ഒരുകാലത്തും രക്ഷപ്പെട്ടെന്ന് വരില്ല.

45

കേരളത്തിൽ ഈ വർഷം ഇതുവരെയുണ്ടായ ഹർത്താൽ കണക്കുകൾ കൂടെ ബോധിപ്പിച്ചുകൊണ്ട് ചുരുക്കുന്നു. 2017ൽ ഇതുവരെ 88 ഹർത്താലുകൾ. അതിൽ ഒരെണ്ണം സ്റ്റേറ്റ് ഹർത്താൽ; ബാക്കിയെല്ലാം പ്രാദേശിക ഹർത്താലുകൾ. ഈ മാസം ഇതുവരെ 15 ഹർത്താലുകൾ. ഇതിൽ നിന്നൊരു മോചനം വേണമെന്ന് തോന്നുന്നില്ലേ ? എങ്കിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ഇനിയും വൈകിയിട്ടില്ല. Say No To Harthal.