ദൈവത്തിൽ വിശ്വസിക്കുന്നവരുണ്ട്. വിശ്വാസിക്കാത്തവരും ഉണ്ട്. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ് ഈയുള്ളവൻ.
ഈ രണ്ടുകൂട്ടർക്കും അവരവരുടെ ഭാഗങ്ങളും വാദങ്ങളും ചിന്തകളും കാഴ്ച്ചപ്പാടുകളും, ദേവാലയങ്ങളിലോ പൊതുവിടങ്ങളിലോ ആൾക്കൂട്ടം ഉള്ളയിടങ്ങളിലോ ഇല്ലാത്തയിടങ്ങളിലോ കമ്മ്യൂണിറ്റി ഹാളുകളിലോ സ്വകാര്യ ഇടങ്ങളിലോ, ഉച്ചഭാഷിണി വെച്ചോ വെക്കാതെയോ പ്രചരിപ്പിക്കാനും പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്.
ഒരു കൂട്ടർ അവരുടെ ഭാഗം പ്രചരിപ്പിക്കുമ്പോൾ കേട്ടിരിക്കണമെന്നുണ്ടെങ്കിൽ ഏതൊരാൾക്കും കേട്ടിരിക്കാം. താൽപ്പര്യമില്ലാത്തവർക്ക് ഒഴിഞ്ഞ് പോകുകയും ആവാം. അതിനുള്ള സ്വാതന്ത്ര്യവും ഇന്നാട്ടിലുണ്ട്. അങ്ങനെയങ്ങോട്ട് പോയാൽ ഒരു പ്രശ്നവുമില്ല ഹേ. അതിന് പകരം ഒറ്റയ്ക്കിരിക്കുന്ന ഒരാളിലേക്ക് കടന്നുകയറി സ്വന്തം വിശ്വാസമോ അവിശ്വാസമോ അടിച്ചേൽപ്പിക്കാനും ചെലുത്താനും നിൽക്കരുത്. സ്പർദ്ധ അവിടെത്തുടങ്ങുകയായി. വെറുതെ എന്തിനാണ് ചുമ്മാ ചൊറിഞ്ഞ് പുണ്ണാക്കി അതിൽ മുളകുപൊടി വിതറി രസിക്കുന്നത് ?
നാലര ബില്ല്യൺ വർഷങ്ങളായി ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ മനുഷ്യനെന്ന ജന്തുവിന് കിട്ടിയിരിക്കുന്ന ശരാശരി ആയുസ്സ് എൺപതായോ നൂറായോ കണക്കിലാക്കിയാലും മനുഷ്യൻ അൽപ്പ ജീവിയാണ്. ഈ കുറഞ്ഞ നാളുകൾ ദൈവത്തിന്റെ പേര് പറഞ്ഞ് ഇടിച്ചുകയറി പരസ്പരം പോരടിക്കാതെ ജീവിച്ചു കൂടെ ? അതേപ്പറ്റിയുള്ള പ്രചരണങ്ങളും മറുപ്രചരണങ്ങളും ആയിക്കോളൂ. പക്ഷേ, സ്വകാര്യതയിലേക്ക് കടന്നു കയറി പ്രചരിപ്പിക്കാനോ ഉണ്ടാക്കാനോ വരരുത് എന്നാണ് ഉദ്ദേശിച്ചത്.
വിശ്വാസിയല്ലെങ്കിലും, സമയവും സൗകര്യവും പോലെ രണ്ട് കൂട്ടരുടേയും പ്രചാരണങ്ങളും വാദപ്രതിവാദങ്ങളും കേട്ടിരിക്കാറുണ്ട് ഞാൻ. വിശ്വാസിയല്ലെന്ന് ക്ലബ്ബ് ഹൗസ് പ്രൊഫൈലിൽ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. എന്നുവെച്ച്, അങ്ങനെയുള്ള ഒരാളെ മെസ്സേജ് ബോക്സിലൂടെ വന്ന് ഉദ്ധരിക്കേണ്ട കാര്യമൊന്നും ആർക്കുമില്ല. അങ്ങനെ ചെയ്താൽ അത് സ്വകാര്യതയിൽ ഇടിച്ച് കയറി നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും വിശ്വാസങ്ങളും ചെലുത്തുന്ന നടപടിയായി മാറുന്നു. അതനുവദിച്ച് തരുന്ന പ്രശ്നമില്ല. പ്രത്യേകിച്ച് ഏതെങ്കിലുമൊരു അപരിചിതന്.
അങ്ങനെയൊരു സംഭവം ഇന്നുണ്ടായി. അതാണ് മുകളിലെ ചിത്രത്തിലുള്ളത്. അതിന് തക്ക മറുപടി (താഴെയുള്ള ചിത്രം നോക്കൂ) കൈയോടെ നൽകുകയും ചെയ്തു.
നാസ്തികനായ സനൽ ഇടമറുകിൻ്റെ ക്ലബ്ബ് ഹൗസ് പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന വരെ ടാർഗറ്റ് ചെയ്താണ് വിശ്വാസികളുടെ ഈ നീക്കമെന്ന് ഊഹിക്കുന്നതിൽ തെറ്റില്ലല്ലോ. അദ്ദേഹം പറഞ്ഞോട്ടെ. നിങ്ങൾക്ക് പറയാനുള്ളത് പരസ്യമായി നിങ്ങളും പറയുന്നുണ്ടല്ലോ.
അവസാനമായി അൽപ്പം കൂടെ വ്യക്തത തരാം. വിശ്വാസികളും അവിശ്വാസികളും അടക്കം പലതരക്കാരുള്ള സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് നല്ല ബോദ്ധ്യമുണ്ട്. ഒരു കൂട്ടരെ മാറ്റി നിർത്തി മറ്റേ കൂട്ടർക്ക് മാത്രമായി നിലനിൽക്കാനാവില്ല. വിശ്വാസി ഓടിക്കുന്ന ബസ്സിൽ കയറില്ലെന്ന് അവിശ്വാസിയും, അവിശ്വാസിയുടെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങില്ലെന്ന് വിശ്വാസിയും തീരുമാനിച്ചാൽ സർവ്വതും അവതാളത്തിലാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതൊക്കെ വിശ്വാസികളും അവിശ്വാസികളും ചെയ്യുന്നുണ്ട്. ആ ബസ്സുകൾ തിങ്ങിനിറഞ്ഞു തന്നെ ഓടുന്നുണ്ട്. അതിന്റെ പേരിൽ ഒരു മരുന്നു കടയും ഇന്നേവരെ പൂട്ടിപ്പോയിട്ടില്ല.
അവിശ്വാസിയാണെങ്കിലും ഒരു വിശ്വാസിക്കൊപ്പം അയാളുടെ ദേവാലയത്തിൽ പോകുന്നതിനോ വിശ്വാസപരമായ ചടങ്ങിന്റെ ഭാഗമാകുന്നതിനോ അതിൽ സഹകരിക്കുന്നതിനോ വ്യക്തിപരമായി യാതൊരു എതിർപ്പോ ബുദ്ധിമുട്ടോ എനിക്കില്ല. അത് ഞാനെന്ന സമൂഹജീവി വിശ്വാസികൾക്ക് തരുന്ന ബഹുമാനമാണ്, മാന്യതയാണ്. അങ്ങനെയൊന്ന് അതേ നാണയത്തിൽ തിരിച്ച് തന്നില്ലെങ്കിലും ഇടിച്ച് കയറി വിശ്വാസം അടിച്ചേൽപ്പിക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാകണം. അഭ്യർത്ഥനയാണ്. മനസ്സിലായിക്കാണുമെന്ന് കരുതുന്നു
വാൽക്കഷണം:- ലോകത്തിലെ സകല മനുഷ്യരും ദൈവത്തിൽ വിശ്വസിക്കുകയോ ഏതെങ്കിലും പ്രത്യേക മതത്തിന്റെ ദൈവത്തിൽ വിശ്വസിക്കുകയോ ചെയ്താൽ നാളെ മുതൽ, അല്ലെങ്കിൽ വേണ്ട, ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും പട്ടിണിയും കവർച്ചകളും കൊലപാതകങ്ങളും പീഡനങ്ങളുമെല്ലാം ഒഴിഞ്ഞ് ശാന്തിയും സമാധാനവും അഭിവൃദ്ധിയും പൂണ്ട് വിളയാടുമെന്ന് ഉറപ്പ് തരാമെങ്കിൽ, മറുത്തൊന്നും പറയാതെ, നിങ്ങൾ പറയുന്ന ദൈവത്തിൽ, പറയുന്ന മതത്തിന്റെ കീഴിൽ നിന്ന് വിശ്വാസമർപ്പിക്കാൻ ഞാൻ തയ്യാറാണ്.