ഇന്നലെ രാത്രി പ്രസാദ് സാറിനൊപ്പം ഇരുന്ന് അഹമ്മദാബാദ് നഗരത്തിൽ ബാക്കി കാണാനുള്ള സ്ഥലങ്ങളുടെ കണക്കെടുപ്പ് കൂലംകഷമായി നടത്തി. ഭാഗിയുമായി നഗരത്തിലെ സവാരി നടക്കില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ഓട്ടോറിക്ഷ പിടിച്ച് കാണാനുള്ള സ്ഥലങ്ങളെല്ലാം കാണുക. നഗരത്തിൽ ഭാഗിയെ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ കിട്ടില്ല എന്നത് തന്നെ കാരണം.
ആ തീരുമാനപ്രകാരം രാവിലെ, Rapido ആപ്പ് വഴി റിക്ഷ വിളിച്ചു. നഗരത്തിൽ എനിക്ക് സഞ്ചരിക്കേണ്ട ഇടങ്ങളുടെ പട്ടിക കാണിച്ചതിനു ശേഷം എത്ര രൂപയ്ക്ക് അവിടെയെല്ലാം പോകാൻ പറ്റും എന്ന് ഡ്രൈവർ ദേവിലാൽ മോദിയോട് ചോദിച്ചു. ₹1200 രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ അഹമ്മദാബാദ് നഗരത്തിൽ ഓട്ടോയിൽ പ്രദക്ഷിണം ആരംഭിച്ചു. ആ ഇടങ്ങൾ ഓരോന്നോരോന്നായി പറയാം. ദേവിലാൽ മോദി മിടുക്കനായിരുന്നു. എന്റെ ലിസ്റ്റിൽ ഇല്ലാത്ത രണ്ടിടങ്ങളിൽ കൂടെ അദ്ദേഹം കൊണ്ടു പോയി.
സിദ്ദി സായിദ് മോസ്ക്ക്
ഇന്നലെ സിദ്ദി സായിദ് മോസ്ക്ക് വരെ ഞാൻ പോയതാണ്. പക്ഷേ അവിടെ നമസ്കാരം നടക്കുന്നത് കൊണ്ട് പടങ്ങൾ എടുക്കാതെ മടങ്ങി. എത്ര മനോഹരമാണെന്നോ അതിന്റെ ജാളികൾ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്. കല്ലിൽ കൊത്തുപണികൾ കൊണ്ട് കവിത രചിക്കുന്ന രാജസ്ഥാനിൽ പോലും ഇത്രയും ഭംഗിയുള്ള ജാളികൾ ഞാൻ കണ്ടിട്ടില്ല. രണ്ട് മരങ്ങൾ കെട്ടുപിണഞ്ഞ് നിൽക്കുന്ന ജാളികളാണ് ഇതിന്റെ ഭംഗി കൂട്ടുന്നത്.
1572-73 കാലഘട്ടത്തിൽ യമനിൽ നിന്ന് വന്ന് സുൽത്താൻ നസറുദ്ദീൻ മഹമൂദ് മൂന്നാമനെ സേവിച്ചിരുന്ന സിദ്ദി സായിദ് എന്ന വ്യക്തിയാണ് ഈ മോസ്ക്ക് ഉണ്ടാക്കിയത്.
നമസ്ക്കാര സമയം അല്ലാത്തതുകൊണ്ട് ആവശ്യത്തിന് ചിത്രങ്ങളും വീഡിയോകളും എടുക്കാൻ കഴിഞ്ഞു. ധാരാളം സന്ദർശകർ അപ്പോഴേക്കും മോസ്ക്കിലേക്ക് വന്നെത്തിയിരുന്നു.
ഭദ്ര കോട്ട
നഗരത്തിലെ ഒരേയൊരു കോട്ടയാണ് ഇത്. പക്ഷേ നഗരവാസികളും ഭരണാധികാരികളും ഒന്നടങ്കം കയ്യേറിയ കോട്ട കൂടെ ആണിത്. കോട്ടയുടെ ചുറ്റുവട്ടത്തിന്റെ മൂന്നിൽ രണ്ട് വശം വഴിവാണിഭക്കാർ കയ്യടക്കിയിരിക്കുന്നു. ഒരുവശം റോഡ് ആയതുകൊണ്ട് മാത്രം വഴിവാണിഭം നടക്കുന്നില്ല. പക്ഷേ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. മറ്റൊരു വശത്ത് കോടതിയും വക്കീലന്മാരുടെ ഓഫീസുകളും. പ്രധാന കവാടത്തിന്റെ ഒരു വശത്തായി ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ ഭക്തജനങ്ങളുടെ തിരക്ക്. ഇതിനിടയിൽ തിങ്ങി ഞെരിഞ്ഞ ശ്വാസംമുട്ടി നിൽക്കുന്ന കോട്ട. അതിനിടയിൽ കോട്ടമതിലിനോട് ചേർത്ത് മതില് വെച്ച് കെട്ടി കൈയേറി ഒരു കുടുംബം താമസിക്കുന്നുമുണ്ട്. ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു ഘടികാരം അടക്കമുള്ള കാര്യങ്ങൾ ഉള്ള ഒരു വലിയ കോട്ടയുടെ കാര്യമാണ് ഇപ്പറഞ്ഞത്.
* അഹമ്മദ് ഷാ സ്ഥാപിച്ചതുകൊണ്ടാണ് അഹമ്മദാബാദ് എന്ന് ഈ നഗരത്തിന് പേര് വീണത്.
* 1411ൽ അഹമ്മദ് ഷാ ആണ് ഈ കോട്ട നിർമ്മിച്ചത്.
* കോട്ടയുടെ മുൻപിൽ ഭദ്രകാളി ക്ഷേത്രം ഉള്ളതുകൊണ്ട്, നിലവിൽ ‘ഭദ്ര കോട്ട’ എന്ന് ഇത് അറിയപ്പെടുന്നു.
* കോട്ടയുടെ ആദ്യത്തെ പേര് ആർക്ക് കോട്ട എന്നായിരുന്നു. കോട്ട നിർമ്മിച്ച കാലത്ത് ഭദ്രകാളി ക്ഷേത്രം അതിന്റെ മുൻപിൽ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്.
* 1817ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കുകയും, സ്വാതന്ത്ര്യം വരെ ഒരു ജയിലായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു.
* 2014 ൽ കോട്ട പുതുക്കിപ്പണിഞ്ഞ് ഇപ്പോൾ കാണുന്ന അവസ്ഥയിൽ ആക്കിയിരിക്കുന്നു.
* കോട്ടയുടെ മുകൾഭാഗത്ത് ഒരു ഘടികാരം ഉണ്ടെങ്കിലും അത് പ്രവർത്തനക്ഷമം അല്ല.
* കോട്ടയുടെ മുകൾഭാഗത്തേക്ക് കയറി പോകാൻ പട്ടണത്തിനോട് ചേർന്ന് പടികൾ ഉണ്ടെങ്കിലും അതിലേക്കുള്ള പ്രവേശനം അനുവദിക്കുന്നില്ല.
* കോട്ടയുടെ വളരെ ചുരുക്കം പ്രദേശങ്ങളിൽ മാത്രമാണ് പ്രവേശനം ഉള്ളത്. ബാക്കിയെല്ലാം ജീവനക്കാർ ഉപയോഗിക്കുകയാണ്.
* കോട്ടയുടെ ഒരു ഭാഗം സർക്കാർ ബുക്ക് ഡിപ്പോ ആണ്. മറ്റൊരു ഭാഗം സിവിൽ സെഷൻസ് കോടതി ആണ്.
* കോട്ടയ്ക്കുള്ളിൽ ജാറം പോലെ കണ്ട ഒരു മുറിയുടെ ഇരുമ്പ് കതകിൽ ധാരാളം താഴുകൾ ഇട്ട് പൂട്ടിയിരിക്കുന്നു. എന്തോ നേർച്ചയാണ് അതെന്നാണ് മനസ്സിലാക്കാൻ ആയത്.
കുറേക്കൂടെ നല്ല നിലയിൽ സംരക്ഷിച്ച്, നഗരത്തിന്റെ മുഖമുദ്രയാക്കാൻ പറ്റുന്നറ്റുന്ന ഒരു കോട്ടയെ ഏറെക്കുറെ അവഗണിച്ചിട്ടിരിക്കുകയാണ് എന്ന് തന്നെ പറയാം.
തീൻ ദർവാസ (3 കവാടങ്ങൾ)
പത്രാ കോട്ട ഇത് അഭിമുഖമായി ആണ് തീൻ ദർവാസ നിൽക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൂന്ന് കവാടങ്ങളാണ് അതിൽ ഉള്ളത്. പഴയ അഹമ്മദാബാദ് നഗരത്തിൽ പലയിടത്തായി പത്തോളം കവാടങ്ങൾ ഇത്തരത്തിൽ ഉണ്ട്. പക്ഷേ അതെല്ലാം ഒറ്റക്കവാടങ്ങളാണ്.
കവാടം ഉണ്ടാക്കിയ കാലം മുതൽ അതിന്റെ ചുമരിനുള്ളിൽ ഒരു കൈത്തിരി കെടാതെ കത്തിച്ച് പോരുന്നുണ്ട്. സന്ദർശകരും വിശ്വാസികളും നൽകുന്ന എണ്ണയും പണവും കൊണ്ടാണ് അത് നടത്തിപ്പോരുന്നത്. ഇപ്പോൾ അത് ചെയ്യുന്ന ഏറ്റവും പുതിയ കണ്ണി യൂണിസ് എന്ന ചെറുപ്പക്കാരനാണ്. അദ്ദേഹത്തിൻ്റെ ഉമ്മയും അവിടെ ഇരിക്കുന്നുണ്ട്. തലമുറ തലമുറയായി അവരാണ് ഈ ദീപം കെടാതെ നിലനിർത്തുന്നത്. മൂന്ന് മാസത്തിലൊരിക്കലാണ് അതിലെ തിരി പുതുക്കുന്നത്. അത്രയും നീളമുള്ള ഒരു തിരിയാണ് അത്. ഈ തിരി കത്തിക്കുന്നതിന്റെ ചരിത്രം മുന്നോട്ടുപോയാൽ കാണുന്ന ജുമാ മസ്ജിദിൽ ഉണ്ടെന്ന് യൂണിസ് പറഞ്ഞു. ഞാൻ അയാൾക്കൊപ്പം ഒരു സെൽഫി എടുത്ത് പിരിഞ്ഞു.
ജമാ മസ്ജിദ്
ഭദ്ര കോട്ടയും തീൻ ദർവാസയും ജമാ മസ്ജിദും ഒക്കെ നിൽക്കുന്നത് നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച ഭാഗത്താണ്. പല്ലു ആണിപ്പക്കാര് ഉണ്ടാക്കുന്ന ഗതാഗത കുരുക്കാണ് അവിടെ. ഒരുവശത്ത് മീൻ മാർക്കറ്റ്. മറുവശത്ത് പച്ചക്കറി മാർക്കറ്റ്. അതിനിടയ്ക്ക് വസ്ത്രങ്ങളുടെ കമ്പോളം. മീൻ മാർക്കറ്റിനടുത്ത് എത്തുമ്പോൾ മലിനജലം റോഡിലേക്ക് ഒഴുകുന്നതുകൊണ്ട്, പറയാതെ തന്നെ അവിടെ എന്ത് മാർക്കറ്റ് ആണെന്ന് മനസ്സിലാകും. ഭാഗിയുമായി ഞാൻ ആ വഴി പോയിരുന്നെങ്കിൽ ഉണ്ടാകുന്ന അവസ്ഥ ആലോചിക്കാൻ പോലും വയ്യ.
റോഡിൽ നിന്നും പടികൾ കയറി കവാടത്തിനകത്ത് കടന്നാൽ വളരെ വലിയ അങ്കണമാണ് ജമാ മസ്ജിദിന് ഉള്ളത്. പതിനായിരക്കണക്കിന് വിശ്വാസികൾക്ക് അവിടെ നമസ്കാരം നടത്താൻ പറ്റും. സങ്കടത്തിന്റെ ഒത്ത നടുക്കാണ് ശുചിയാകാൻ വേണ്ടിയുള്ള ടാങ്കും വെള്ളവും ഉള്ളത്. മസ്ജിദിന്റെ പ്രധാനഭാഗത്ത് ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. അതനുസരിച്ചില്ലെങ്കിൽ നിയമനടപടികൾ ഉണ്ടാകുമെന്നും പറയുന്നുണ്ട്. അതനുസരിച്ചു.
ചമ്പാനേറിലെ ജാമി മസ്ജിദിനെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികൾ ഉള്ള മസ്ജിദ് ഇത്. ഏറെക്കുറെ അതേ ശില്പ വേലകളാണ് ഇവിടെയും കാണാനാവുക.
1424ൽ അഹമ്മദ് ഒന്നാമന്റെ കാലഘട്ടത്തിലാണ് ഈ മസ്ജിദ് ഉണ്ടാക്കിയത്.
റാണി കാ ഹസീറ
ലാൽ മോദി എന്ന രക്ഷാ ഡ്രൈവറെ കിട്ടിയതുകൊണ്ട് മാത്രം കാണാൻ സാധിച്ച ഒന്നാണ് റാണി കാ ഹസീറ ഈ സ്മാരകം, അഥവാ സ്മൃതി മണ്ഡപം അഥവാ ഖബർ.
വലിയൊരു ഖബറിടം ആണ് അത്. അത് അല്പം പോലും വെളിയിലേക്ക് കാണാത്ത തരത്തിൽ വഴിവാണിഭക്കാർ, വഴിയും ചുറ്റുപരിസരങ്ങളും എല്ലാം കയ്യേറിയിരിക്കുന്നു. മോദി ഓട്ടോറിക്ഷ നിർത്തി അകത്തേക്ക് നോക്കാൻ പറഞ്ഞപ്പോളാണ് ഞാനതിൻ്റെ കവാടം കണ്ടത്. നടന്ന് കയറി ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയി.
ഇരുപതോളം കബറുകൾ അതിനകത്തുണ്ട്. ഏറെക്കുറെ ജമ മസ്ജിദിന്റെ മൂന്നിലൊന്ന് ഭാഗം വരുന്നുണ്ട് ഈ ഖബറിടം. കൊത്തുപണികളും തൂണുകളും കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു സ്മാരകം.
* 1445ൽ ആണ് ഈ ഖബറിടം ഉണ്ടാക്കിയതെന്ന് കരുതിപ്പോരുന്നു.
* സുൽത്താൻ അഹമ്മദ് ഷായുടെ ബീവിമാരുടെ ഖബറുകൾ ആണ് പ്രധാനമായും ഇതിനകത്ത് ഉള്ളത്.
* അഞ്ചോ ആറോ കുട്ടികളുടെ ഖബറുകളും കാണാം.
* പ്രധാന ഖബർ സുൽത്താൻ അഹമ്മദ് ഷാ രണ്ടാമൻ്റെ ബീവിയായ ബീബി മുഖളിയുടേതാണ്.
* ഖബറുകൾക്ക് മുകളിൽ വിരിക്കാനുള്ള അലങ്കാര തുണികളാണ് പ്രധാനമായും വഴിയരികിൽ കച്ചവടം നടക്കുന്നത്. മാറ്റിയിടുന്ന ആ തുണികൾ ഒരു മൂലയിൽ കുന്നുകൂടി കിടക്കുന്നുണ്ട്. പൊതുവേ വൃത്തിയില്ലാതെയാണ് ഈ ഖബറിടം നിലനിൽക്കുന്നത്.
ഹത്തേസിങ്ങ് ജൈന ക്ഷേത്രം
പഴയ അഹമ്മദാബാദ് നഗരത്തിൽ നിന്ന് അല്പം വെളിയിലായാണ് ജൈന ക്ഷേത്രം നിൽക്കുന്നത്.
രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ടയിലെ വിജയസ്തംഭത്തെ അനുസ്മരിപ്പിക്കുന്ന ഒരു സ്തംഭമാണ് ഈ ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന ആകർഷണം. പിന്നെ മിക്കവാറും എല്ലാ ജനക്ഷേത്രങ്ങളിലേതും പോലെ കല്ലിൽ കൊത്തുപണികൾ കൊണ്ടുള്ള വിളയാട്ടം. പക്ഷേ അടുത്ത് ചെന്ന് നോക്കിയാൽ കൊത്തുപണികൾ ഒന്നും ഭംഗിയിയില്ല എന്ന് മനസ്സിലാക്കാൻ പറ്റും. ഒന്നും നിർമ്മിച്ചിരിക്കുന്നത് അനുപാതത്തിൽ അല്ല. പല ശില്പങ്ങളുടെയും മുഖങ്ങൾ കൂടി വികൃതമായത്. അത് ഒറ്റക്കല്ലിൽ ചെയ്തതല്ല. സിമന്റും കട്ടയും ഉപയോഗിച്ച് പ്രധാന തൂണുകളിൽ പിടിപ്പിച്ചിരിക്കുന്നതാണ്. ചിലയിടത്ത് അതിന്റെ തേപ്പ് ഇളകിപ്പോയി വൃത്തിഹീനമായിരിക്കുന്നു. പഴയകാല ശില്പികൾ പൊറുക്കട്ടെ.
ക്ഷേത്രത്തിനകത്ത് പടമെടുക്കാൻ അനുവാദം ഇല്ലാത്തതുകൊണ്ട് അവിടത്തെ ദർശനം പെട്ടെന്ന് തന്നെ പൂർത്തിയായി. അതിനുള്ളിൽ സമൂഹവിവാഹം പോലെ ജൈനരുടെ എന്തോ ഒരു ആചാരമോ ചടങ്ങോ നടക്കുന്നുമുണ്ട്.
1848ൽ ധനാഢ്യരായ ഹത്തേസിങ്ങ് കുടുംബമാണ് ഈ ക്ഷേത്രം ഉണ്ടാക്കിയത്.
അപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായി. കൊള്ളാവുന്ന ഏതെങ്കിലും ഗുജറാത്തി താലി കഴിക്കാൻ പറ്റിയ റസ്റ്റോറന്റിലേക്ക് കൊണ്ടുപോകാൻ ഞാൻ മോദിയോട് ആവശ്യപ്പെട്ടു. അധികം കൂട്ടുകറികൾ ഒന്നുമില്ലാത്ത ഒരു ഇടത്തരം താലിയാണ് ഞങ്ങൾക്ക് കഴിക്കാൻ കിട്ടിയത്. അതിൽ കൂടുതൽ കഴിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്. മോദി, വീണ്ടും ചപ്പാത്തിയും ചോറും ആവശ്യപ്പെട്ട് കഴിക്കുന്നുണ്ടായിരുന്നു.
ബായ് ഹരീർ വാവ് (പടിക്കിണർ)
ഇനി കാണാൻ, ലിസ്റ്റിൽ ബാക്കിയുള്ളത് പ്രധാനമായും രണ്ട് പടിക്കണറുകൾ ആണ്. അതിലൊന്നാണ് ബായ് ഹരീർ വാവ്. രാജസ്ഥാനിൽ പടിക്കിണറുകളെ ബാവ്ഡി എന്നാണ് വിളിക്കുന്നത്. ഗുജറാത്തിൽ വാവ് എന്നും.
താഴേക്ക് അഞ്ച് തട്ടുകളിലായി വളരെ വലിയ ഒരു പടിക്കിണർ ആണ് ഇത്. ഒരു വശത്ത് നിന്ന് നേരെ പടികളിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലാം. മറുഭാഗത്ത് താഴെക്കിറങ്ങാൻ രണ്ട് ചുറ്റുപടികൾ ഉണ്ട്. കല്ലിൽ തീർത്ത ആ ചുറ്റുപടികൾ എത്ര മനോഹരമാണെന്നോ. പഴയകാലത്ത് ഉണ്ടാക്കിയ കാസ്റ്റ് അയേണില്‍ ഉള്ള ചുറ്റുപടികൾ കണ്ടിട്ടുണ്ടെങ്കിലും കല്ലിൽ അങ്ങനെയൊന്ന് ഞാൻ ആദ്യമായാണ് കാണുന്നത്.
പടിക്കിണറിനോട് ചേർന്ന് ബായ് ഹരീർ മസ്ജിദും ഉണ്ട്. അതിൻറെ ശില്പ വേലകളും നിർമ്മിതിയും ജമാ മസ്ജിദിനെപ്പോലെ തന്നെ. ഈ മസ്ജിദിൽ ഫോട്ടോകൾ എടുക്കാം, പക്ഷേ വീഡിയോ എടുക്കാൻ പാടില്ല.
* 1500 ൽ നിർമ്മിച്ചതാണ് ഈ പടിക്കിണർ.
* സുൽത്താൻ മെഹമൂദ് ബെഗ്ടയുടെ കൊട്ടാരത്തിലെ സ്ത്രീകൾക്കായുള്ള കെട്ടിടത്തിന്റെ ചുമതലയുണ്ടായിരുന്ന ബായ് ഹരീർ സുൽത്താനിയുടെ പേരിലാണ് ഈ മസ്ജിദും പടിക്കിണറും ഉള്ളത്.
* പടിക്കണറിന്റെ കുറെ ഭാഗങ്ങൾ തകർന്നു വീണിരിക്കുന്നു.
ലിസ്റ്റിൽ ഇനി ബാക്കിയുള്ളത് അദലാജ് പടിക്കിണർ ആണ്. മോദി ഓട്ടോറിക്ഷയെ അങ്ങോട്ട് നയിച്ചു.
അദലാജ് പടിക്കിണർ
നഗരത്തിൽ നിന്ന് 15 കിലോമീറ്ററോളം വെളിയിലായി ഗാന്ധിനഗറിന് അടുത്താണ് ഈ പടിക്കിണർ. വേണമെങ്കിൽ, എനിക്ക് ഭാഗിയുടെ കൂടെ പോകാമായിരുന്നു. പക്ഷേ മോദിയുമായി റിക്ഷയുടെ നിരക്ക് പറഞ്ഞ് ഉറപ്പിച്ചിട്ടുള്ളതാണ്. ഭാഗിക്ക് ഒരു ദിവസം വിശ്രമം ആയിക്കോട്ടെ. ഡ്രൈവ് ചെയ്യണ്ട എന്ന നിലയ്ക്ക് എനിക്കും ചെറിയ വിശ്രമം തന്നെ.
* 1498ൽ റാണ വീർ സിങ്ങിന്റെ ഓർമ്മയ്ക്കായാണ് ഈ പടിക്കിണർ ഉണ്ടാക്കിയത്.
* അഞ്ച് നിലകളിലായി താഴേക്ക് പോകുന്നു ഈ പടിക്കിണർ.
* ബായ് ഹരീർ വാവിനേക്കാളും അല്പം കൂടെ വലുതാണ് ഇത്.
* ഇത് നന്നായി സംരക്ഷിച്ചിട്ടുണ്ട്. കിണർ വൃത്തിയായി സൂക്ഷിച്ചിട്ടുള്ളത് കൊണ്ട് കെട്ടിക്കിടക്കുന്ന വെള്ളത്തിന് നല്ല പച്ച നിറമാണ്.
* സന്ദർശകർ പക്ഷേ വെള്ളത്തിലേക്ക് നാണയത്തുട്ടുകൾ എറിയുന്നുണ്ട്. നാണയം അറിഞ്ഞാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമത്രേ! ചിലയിടങ്ങളിൽ അങ്ങനെയും ഉണ്ടല്ലോ വിശ്വാസം.
* ഇവിടെ 25 രൂപ പ്രവേശന ഫീസ് ഉണ്ട്. വിദേശികൾക്ക് 400 രൂപയും. അങ്ങനെയൊരു തരം തിരിവ് ശരിയല്ല എന്നാണ് എൻ്റെ പക്ഷം.
ദണ്ഡി പാലം.
രണ്ടുപ്രാവശ്യം സബർമതി ആശ്രമത്തിൽ പോയിട്ടും ഞാൻ കാണാതെ പോയ ഒരു കാഴ്ച്ച, ഇന്ന് മടക്ക യാത്രയിൽ മോദി എന്നെ കാണിച്ചു തന്നു.
സബർമതി ആശ്രമത്തിനോട് ചേർന്ന് നദിക്ക് സമാന്തരമായി ഒരു മരപ്പാലം ഉണ്ട്. 1930 മാർച്ച് 12ന് സബർമതി ആശ്രമത്തിൽ നിന്ന് ഐതിഹാസികമായ ദണ്ഡി യാത്ര തുടങ്ങിയപ്പോൾ ബാപ്പുജി ആദ്യം കടന്ന് പോയ പാലമാണ് ഇത്. സാധാരണ വൈകുന്നേരങ്ങളിലും ഗാന്ധിജി സ്ഥിരമായി അതിലൂടെ നടക്കുമായിരുന്നു. ദണ്ഡി പാലം എന്ന് അതിന് പേര് വന്നതിന്റെ കാരണം പ്രത്യേകം വിശദമാക്കേണ്ടതില്ലല്ലോ? പിന്നീട് വലിയ കോൺക്രീറ്റ് പാലങ്ങൾ അതിന് സമാന്തരമായി വരുകയും ഈ മരപ്പാലം ക്ഷയിച്ച് പോവുകയും ചെയ്തു. പക്ഷേ ഗാന്ധിജി നടന്നിരുന്ന പാലമായതുകൊണ്ടും ദണ്ഡി യാത്രയുടെ ചരിത്രം അതിനോട് ഇഴചേർന്ന് നിൽക്കുന്നതിനാലും, സർക്കാർ അതിനെ മരത്തിൽത്തന്നെ പുനർനിർമ്മിച്ച് നിലനിർത്തിയിരിക്കുകയാണ്.
മോദിക്ക് ഒപ്പം സഞ്ചരിച്ചത് കൊണ്ട് മാത്രമാണ് ആ പാലം കാണാനായത്. പറ്റുമെങ്കിൽ അഹമ്മദാബാദ് വിടുന്നതിന് മുൻപ് ഒരിക്കൽ കൂടെ സബർമതി ആശ്രമ പരിസരത്ത് ചെന്ന് ദണ്ഡി പാലത്തിലൂടെ ഒന്ന് നടക്കണം. എനിക്ക് നൂറ് വർഷം മുൻപ് ജനിച്ച ആ മഹാത്മാവ് ഒപ്പം നടക്കുന്നുണ്ട് എന്ന ചിന്തയോട് കൂടി.
ലോ പാർക്ക്
നഗരമദ്ധ്യത്തിലുള്ള ലോ പാർക്കിന്റെ പരിസരത്ത് എവിടെയെങ്കിലും എന്നെ ഇറക്കി വിടാനാണ് മോദിയോട് പറഞ്ഞിട്ടുള്ളത്. ലോ കോളേജിന്റെ പരിസരത്താണ് ഈ പാർക്ക്. വൈകുന്നേരം ആയാൽ പാർക്കിന്റെ ഒരു വശത്ത് ഭോജനശാലകൾ ചക്രങ്ങളിൽ ഉരുണ്ടെത്തും. പോലീസ് പലവട്ടം അത് ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും അതിനൊരു കുറവുമില്ല. അത് അഹമ്മദാബാദിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാണ്.
പാർക്കിലിരുന്ന് ഇത് അത്രയും ഞാൻ എഴുതി തീർത്തു. തെരുവിലൂടെ കുറേനേരം തണുപ്പ് കാഞ്ഞ് നടന്നു. ഒരു സ്വെറ്റർ പോലും എടുത്തിട്ടില്ലായിരുന്നു. പകൽ അതിന്റെ ആവശ്യമില്ല. രാത്രിയാകട്ടെ നല്ല സുഖമുള്ള തണുപ്പും. കമ്പിളി പുതച്ച് എന്തിന് അതിനെ ഇല്ലാതാക്കണം.
ഡക്കാത്തലൺ സ്റ്റോറിൽ കുറച്ചുനേരം ചിലവഴിച്ചു. തെരുവിൽ നിന്ന് ഭക്ഷണം കഴിച്ചു. അല്പം കൂടെ ഈ തെരുവിലൂടെ നടന്ന ശേഷം, ഓട്ടോ പിടിച്ച് പ്രസാദ് സാറിന്റെ ഫ്ലാറ്റിലേക്ക് മടങ്ങണം.
ശുഭരാത്രി.