കഥ

ക്ലബ്ബ് ഹൗസ് (മിനിക്കഥ)


11
ജിം, ഷട്ടിൽ കോർട്ട്, സ്നൂക്കർ റൂം, ക്ലബ് ഹൗസ്, സ്വിമ്മിങ്ങ് പൂൾ, എന്നിങ്ങനെ മിക്കവാറും സൗകര്യങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലാണ് രാജ്, പോൾ എന്നീ സുഹൃത്തുക്കൾ കുടുംബസമേതം താമസം. പോൾ ഒരു ടെക്കിയാണ്. രാജ് ഒന്നാന്തരമൊരു പ്ലാൻ്ററും.

അടുത്ത സുഹൃത്തുക്കളാണെങ്കിലും കൊറോണ വന്നതിൽപ്പിന്നെ മേൽപ്പറഞ്ഞ പൊതുവിടങ്ങളിൽ വെച്ച് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത് വിരളമാണ്. കഴിഞ്ഞ ഒരാഴ്ചയായി പോളിനെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല. വാട്ട്സ് ആപ്പ് മെസ്സേജുകൾക്കും മറുപടിയില്ല. രാജിന് അസ്വസ്ഥത കൂടിക്കൂടി വന്നു. പോളെങ്ങാനും ഇനി കോവിഡ് പോസിറ്റീവ് ആയോ ?

പെട്ടെന്നതാ ഫ്ലാറ്റിന്റെ ലോബിയിൽ പോൾ ! രാജിന്റെ ആശങ്കകളെല്ലാം ഒഴിഞ്ഞു. രണ്ടുപേരും പരസ്പരം നടന്നടുത്തു. ഇരട്ട മാസ്ക്കിനുള്ളിലൂടെ സംസാരിച്ച് തുടങ്ങിയത് രാജ് ആണ്.

“ തന്നെ ഈയിടെയായി കാണാനേയില്ലല്ലോ ? കോവിഡിനെ പേടിച്ച് അടച്ചുപൂട്ടി ഇരിക്കുകയാണെങ്കിലും ഫോൺ എടുത്തുകൂടെ? വാട്ട്സ്ആപ്പ് മേസ്സേജുകൾക്ക് ഒരു മറുപടി തന്നൂടെ ? “

“ സോറി രാജ്… ഞാൻ കുറച്ചുദിവസമായി ക്ലബ് ഹൗസിൽ തിരക്കിലായിരുന്നു.“

“ താൻ എന്ന് മുതലാടോ ഇത്ര വലിയ നുണകൾ പറയാൻ തുടങ്ങിയത് ? പെയിന്റിങ് നടക്കുന്നതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി വാച്ച്മാനും പെയിന്റിങ് ജോലിക്കാരുമല്ലാതെ ആരും തന്നെ ക്ലബ് ഹൗസിൽ കയറിയിട്ടേയില്ല.

പോൾ എന്തെങ്കിലും മറുപടി നൽകാൻ തുടങ്ങുമ്പോഴേക്കും രാജ് ദേഷ്യത്തിൽ തിരിച്ച് നടന്നുകഴിഞ്ഞിരുന്നു.

(ശുഭം)