Yearly Archives: 2011

indian-flag33_26-255B1-255D

ദേശീയ ഗാനത്തിന് 100 വയസ്സ്


1911 ഡിസംബർ 27ന് ഒരു പ്രാർത്ഥനാ ഗാനമായി ആരംഭിച്ച് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറിയ രബീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന…’ എന്നു തുടങ്ങുന്ന വരികൾക്ക് 100 വയസ്സ് തികഞ്ഞിരിക്കുന്നു. അഭിമാനിക്കാൻ പോന്ന മുഹൂർത്തം തന്നെ അല്ലേ ?

പക്ഷെ, അത്രയ്ക്കങ്ങ് അഭിമാനിക്കാൻ തക്കവണ്ണം ദേശീയഗാനം ആലപിക്കപ്പെടുന്നുണ്ടോ ? ദേശീയഗാനം വല്ലാതെ അവഗണിക്കപ്പെടുന്നു, എന്ന് കരുതാൻ പോന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. സിനിമാ തീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്നേ ദേശീയഗാനം ആലപിക്കേണ്ടതല്ലേ? വടക്കേ ഇന്ത്യയിലെ പല തീയറ്ററുകളിലും അത് ചെയ്യുന്നുണ്ടല്ലോ, എന്നൊക്കെ പറഞ്ഞുകൊണ്ട് കുറച്ച് നാൾ മുൻപ് ഗൂഗിൾ ബസ്സിൽ ഞാനൊരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദേശീയഗാനം തീയറ്ററിൽ മുഴങ്ങുന്ന സമയമത്രയും, പറഞ്ഞറിയിക്കാനാവാത്ത ദേശസ്നേഹത്തോടെ എഴുന്നേറ്റ് നിൽക്കുന്നതിന്റെ ഒരു അനുഭൂതിയുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. ബസ്സിലെ ചർച്ചയിൽ പങ്കെടുത്ത പലരും കേരളത്തിലെ തീയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വാദപ്രതിവാദങ്ങൾ നടത്തുകയും വാചാലരാവുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ചെയ്യാമെങ്കിൽ എന്തുകൊണ്ട് തെക്കേ ഇന്ത്യയിലോ കേരളത്തിലോ ചെയ്യാനാകുന്നില്ല എന്ന് മാത്രമേ എനിക്ക് വാദിക്കാനുള്ളൂ. തീയറ്ററുകളിലോ അതുപോലുള്ള വ്യക്തിഗത സ്ഥാപനങ്ങളിലോ ചെയ്യുന്നില്ലെങ്കിൽ വേണ്ട, വിട്ടുപിടിക്കാം. പക്ഷെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിലെങ്കിലും ദേശീയഗാനാലാപനം നിർബന്ധമാക്കേണ്ടതല്ലേ ?

ദേശീയഗാനം നമ്മളെ പഠിപ്പിക്കുകയും, ദിവസം ഒരു പ്രാവശ്യമെങ്കിലും ആലപിക്കുകയും ചെയ്യുന്ന സ്ക്കൂളുകളിൽ ഒന്നിൽ ഈയിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, പരിപാടിയുടെ അവസാനം ദേശീയ ഗാനം ഉണ്ടായിരുന്നില്ല. പ്രസ്തുത ചടങ്ങ് ആരംഭിച്ചത് പ്രാർത്ഥനാഗാനത്തോടെ ആണെന്നത് ശ്രദ്ധേയവുമാണ്. ദേശീയഗാനം തന്നെ ഒരു പ്രാർത്ഥനാ ഗാനമായി ആലപിക്കാനുള്ള സന്മനസ്സ് പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

അച്ഛന്റെ മരണശേഷം, അദ്ദേഹത്തിന്റെ നോമിനി എന്ന നിലയിൽ ഞാൻ അംഗമായിത്തീർന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികൾ എല്ലാം ആരംഭിക്കുന്നത് പ്രാർത്ഥനാ ഗാനത്തോടെയാണ്. പക്ഷെ, ട്രസ്റ്റിന്റെ മീറ്റിങ്ങുകൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതേയില്ല. രണ്ടാമത്തെ മീറ്റിങ്ങിന് മുന്നേ തന്നെ ഇക്കാര്യം ട്രസ്റ്റിന്റെ ഉന്നത ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. കോളേജ് അദ്ധ്യാപകൻ ആയി വിരമിച്ച ട്രസ്റ്റ് ചെയർമാർ നിർദ്ദേശം സശ്രദ്ധം കേട്ടിരുന്നെങ്കിലും ഇക്കാര്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ എടുക്കുകയുണ്ടായില്ല.

“ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” എന്നായിരുന്നു ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപികയുടെ ചോദ്യം. ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

എല്ലാം വെറും തട്ട്മുട്ട് ന്യായങ്ങൾ മാത്രം. എനിക്കറിയാം ദേശീയഗാനം പാടാൻ, കൂടെ പാടാൻ ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം. ദേശീയഗാനം പാടാൻ ആർക്കും  അറിയില്ലെങ്കിൽ അതുതന്നെ വലിയൊരു അവഗണനയോ അപരാധമോ ആയി കാണേണ്ടിയിരിക്കുന്നു. ആർക്കും പാടാൻ അറിയില്ലെങ്കിൽ കൈയ്യിലുള്ള മൊബൈൽ ഫോണിലോ മറ്റോ റെക്കോഡ് ചെയ്തുകൊണ്ടുവന്ന് റീപ്ലേ ചെയ്യാനുള്ള സൌകര്യമെങ്കിലും ഏർപ്പാടാക്കാമല്ലോ ?

ഈയിടെയായി, മാസത്തിലൊരിക്കൽ പങ്കെടുക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ബോർഡ് മീറ്റിങ്ങിലും ഇതുതന്നെയാണ് അവസ്ഥ. പ്രാർത്ഥനാ ഗാനത്തോടെയാണ് തുടക്കം. പക്ഷെ, കാര്യപരിപാടികൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കപ്പെടുന്നില്ല. നിർദ്ദേശം വെച്ചിട്ടുണ്ട്, പരിഗണിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം, ഒരു പൊതുപരിപാടി ദേശീയഗാനം ആലപിച്ചുകൊണ്ട് അവസാനിക്കുന്നത് കണ്ടത് എറണാകുളത്ത് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ്. പുസ്തകോത്സവത്തിന്റെ സംഘാടകൻ ശ്രീ. നന്ദകുമാറിന് ദേശസ്നേഹത്തോടെ ഒരു സല്യൂട്ട്.

കൂടുതൽ ഇടങ്ങളിലും അവസരങ്ങളിലും ദേശീയഗാനം ആലപിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, വരും കാലങ്ങളിൽ അറ്റൻഷനിൽ എഴുന്നേറ്റ് നിന്ന് ആദരിക്കാൻ പോലും പുതിയ തലമുറ മറന്നു പോയെന്ന് വരും. റിട്ടയേഡ് കോളേജ് അദ്ധ്യാപിക പറഞ്ഞതുപോലെ ദേശീയഗാനം ആലപിക്കാൻ അറിയാത്തവർ ആരും തന്നെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉച്ഛാരണത്തിൽ എന്തെങ്കിലും പിശകുകൾ വന്നാലും, വരികളും ട്യൂണുമൊക്കെ അറിയാവുന്നവർ തന്നെയാണ് 10 ൽ ഒരാളെങ്കിലും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയാത്തവർക്കും അറിയുന്നവർക്കുമെല്ലാമായി, ഇതാ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ ചേർന്ന് വാദ്യോപകരണങ്ങളിലൂടെയും ഗാനമായും ആലപിച്ച ദേശീയഗാനത്തിന്റെ ഒരു വീഡിയോ. പിറന്നിട്ട് 100 വർഷത്തിലധികമായ സ്വന്തം ദേശത്തിന്റെ ഗാനം അഭിമാനത്തോടെയും അതിലേറെ ദേശഭക്തിയോടെയും എഴുന്നേറ്റ് നിന്ന് തന്നെ കേൾക്കാം.

ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ

വിന്ധ്യ ഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗാ

തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിഷ് മാഗേ
ഗാഹേ തവ ജയ ഗാഥാ.

ജന ഗണ മംഗളദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ

ജയ ഹേ ജയ ഹേ ജയ ഹേ
ജയ ജയ ജയ ജയ ഹേ