കേവ്ലദേവ് നാഷണൽ പാർക്ക് & ഹിന്തോൻ കോട്ട (ദിവസം # 79 – രാത്രി 10:30)


2
രാവിലെ പരപരാ വെളുക്കുന്നതിന് മുൻപ്, കിഴക്ക് വെള്ളകീറാൻ കതിരോൻ കോടാലിയുമായി പോകുന്നതിന് മുൻപ്, 9 ഡിഗ്രി തണുപ്പിൽ സൈക്കിൾ സവാരിക്ക് പോയിട്ടുണ്ടോ നിങ്ങൾ ആരെങ്കിലും? ഇല്ലെങ്കിൽ പോകണം. പറ്റുമെങ്കിൽ കേവ്ലദേവ് നാഷണൽ പാർക്കിൽ തന്നെ പോകണം.

ഇന്ന് രാവിലെ ഞാൻ ചെയ്ത ഒരു ഗംഭീര പരിപാടി അതായിരുന്നു. കേവ്ലദേവ് നാഷണൽ പാർക്ക് ഒരു പക്ഷി സങ്കേതമാണ്. ലോക പൈതൃക സ്വാഭാവിക ഇടങ്ങളുടെ പട്ടികയിൽ ഉള്ള സ്ഥലമാണ് ഈ പാർക്ക്.

അങ്ങോട്ട് പോകുന്നെങ്കിൽ സൂര്യനുദിക്കുന്നതിന് മുന്നേ പോകണമെന്ന് നിർദ്ദേശിച്ചത് പുഷ്പ ടീച്ചറാണ് CR Pushpa. എങ്കിലേ പക്ഷികൾ ഉണർന്നാലുടനെയുള്ള ശബ്ദകോലാഹലങ്ങൾ പൂർണ്ണമായും ആസ്വദിക്കാനാവൂ.

രാവിലെ 06:30 ആണ് പാർക്ക് തുറക്കുന്നതെന്ന് ഇന്നലെ രാത്രി തന്നെ അവിടെ ചെന്ന് മനസ്സിലാക്കിയിരുന്നു. ആർ.കെ. റസ്റ്റോറന്റിൽ നിന്നും 5 കിലോമീറ്റർ ദൂരമേയുള്ളൂ പാർക്കിലേക്ക്. ₹150 ആണ് പ്രവേശന ഫീസ്. 10 കിലോമീറ്റർ ദൂരം അതിനുള്ളിൽ ചുറ്റിയടിക്കാൻ ടുക്ക് ടുക്ക് ധാരാളം കിട്ടും. അതിൽ നാലുപേർക്ക് കയറാം. ₹800 ആണ് നിരക്ക്. ഞാൻ ഒരാൾക്ക് അത് വലിയ തുകയാണ്. ₹150 കൊടുത്താൽ സൈക്കിൾ കിട്ടും. എങ്കിൽപ്പിന്നെ സൈക്കിളിൽത്തന്നെ സവാരിയാകാം എന്ന് തീരുമാനിച്ചു.

100 ദിവസം കുറഞ്ഞത് 10 കിലോമീറ്റർ എങ്കിലും സൈക്കിൾ ചവിട്ടുന്ന ഒരു പരിപാടി ഓൺലൈൻ വഴി ഒരിക്കൽ ഞാൻ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ഇതുവരെ നേരിൽ കാണാത്ത ധാരാളം പേരാണ് അതിൽ പങ്കെടുത്തത്. ഒന്നാം സമ്മാനം കൊണ്ടുപോയത് പഞ്ചാബിലുള്ള ഒരു സൈക്കിളിസ്റ്റാണ്. അദ്ദേഹം എല്ലാ ദിവസവും 100 കിലോമീറ്റർ വീതം സൈക്കിൾ ചവിട്ടുമായിരുന്നു. മൊത്തം 10,000 കിലോമീറ്റർ. 3600 കിലോമീറ്ററായിരുന്നു എൻ്റെ ദൂരം.

ങ്ഹാ അതൊക്കെ ഒരു കാലം. അവസാനം സൈക്കിൾ ചവിട്ടിയത് എന്നാണെന്ന് പോലും ഓർമ്മയില്ല. പക്ഷേ അത്തരം സൈക്കിൾ സവാരികളും ഓട്ടവും കസർത്തുമൊക്കെ ആയിരിക്കണം ഇത്രയും ദിവസം അടുപ്പിച്ച് യാത്ര ചെയ്യാൻ ശാരീരികമായി എന്നെ പ്രാപ്തനാക്കിയത്.

നാലു മണിക്കൂറോളം പാർക്കിനകത്ത് ഞാൻ സൈക്കിൾ ചവിട്ടി നടന്നു. ദേശാടനക്കിളികളുടെ സംസ്ഥാന സമ്മേളനമാണ് അതിനകത്ത്. പക്ഷി നിരീക്ഷകർക്ക് ചാകരയാണ് ഇവിടെ വന്നാൽ. എനിക്ക് ഈ പക്ഷികളുടെയൊന്നും പേര് മുൻപ് പരിചയമുണ്ടായിരുന്നില്ല. ഒരു നോർത്ത് ഈസ്റ്റ് യാത്രയിൽ, വക്കീൽ ദമ്പതിമാരായ ധന്യ – ഹരികൃഷ്ണൻ. Adv Dhanya Sreelatha Pillai എന്നിവരിൽ നിന്നാണ് കുറേയേറെ പക്ഷികളുടെ പേര് പഠിച്ചത്.

* പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചിറകളും തോടുകളും ഈ പ്രദേശവുമായി ബന്ധിപ്പിച്ചതോടെ ഇതൊരു ശുദ്ധജല ചതുപ്പ് നിലമായി മാറി.

* സ്വാഭാവികമായി താഴ്ന്ന് നിൽക്കുന്ന ഈ പ്രദേശം അതോടുകൂടി രാജാക്കന്മാർക്കും അവരുടെ അതിഥികൾക്കും പക്ഷിവേട്ടയ്ക്കുള്ള ഇടമായി മാറി.

* 1902ൽ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് കർസൺ, ഔദ്യോഗികമായി സംഘടിപ്പിച്ച ഒരു പരിപാടിയോടു കൂടി ഇത് പക്ഷിവേട്ട കേന്ദ്രമായി.

* 1956ൽ ഇതൊരു പക്ഷിസങ്കേതമായി തിരിച്ചറിയപ്പെട്ടെങ്കിലും 1965വരെ പക്ഷിവേട്ട തുടർന്നു.

* 1981ൽ കേവ്ലദേവ് ഒരു ദേശീയ ഉദ്യാനമായി ഉയർത്തപ്പെട്ടു.

* 1902ൽ ലോഡ് കർസനിൽ നിന്ന് തുടങ്ങി, 1964 ഫെബ്രുവരി 23ന് ആർമി ചീഫ് ജനറൽ ജെ. എൻ. ചൗധരി അടക്കം 50ൽപ്പരം പേർ നടത്തിയ പക്ഷി വേട്ടയുടെ ലിസ്റ്റ് പാർക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

* 2873 ഹെക്ടറിലായി ഈ പാർക്ക് പരന്നു കിടക്കുന്നു. പക്ഷേ അതിൻറെ എല്ലാ ഭാഗത്തേക്കും പ്രവേശനം അനുവദിക്കുന്നില്ല.

* പക്ഷികൾക്ക് പുറമെ മാൻ, കുരങ്ങുകൾ എന്നിവയെ ആണ് മൃഗങ്ങളായി ഇവിടെ എനിക്ക് കാണാൻ കഴിഞ്ഞത്.

* പക്ഷേ പെരുമ്പാമ്പ് അടക്കമുള്ള ഉരഗങ്ങളും ചില പ്രത്യേക ഭാഗങ്ങളിൽ ഉണ്ട്.

* ധാരാളം വാച്ച് ടവറുകൾ സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്.

* പ്രാചീന ഹനുമാൻ ക്ഷേത്രം കാന്റീനുകൾ എന്നിവയും ഉണ്ട്.

* ഇതിനൊക്കെ പുറമേ ആർ.ടി.ഡി.സി.യുടെ താമസസൗകര്യവും ഇതിനകത്തുണ്ട്.

* ചെറിയ തോണികളിൽ ഈ ശുദ്ധജല തടാകത്തിലൂടെ ചുറ്റി സഞ്ചരിക്കാനുള്ള സൗകര്യവും ഉണ്ട്.

* ദേശാടനപ്പക്ഷികൾക്ക് പുറമെ 350ൽപ്പരം പക്ഷികളുടെ ആവാസകേന്ദ്രമാണ് ഇത്.

* അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ വലിയൊരു പക്ഷി സങ്കേതമാണ് കേവ്ലദേവ്.

കുരങ്ങുകൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ സൈക്കിളിൽ പോകുമ്പോൾ അവറ്റകൾ ഉപദ്രവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല.

തണുത്ത കാലാവസ്ഥയിലുള്ള ആ സൈക്കിൾ സവാരി തന്ന ഊർജ്ജം ചില്ലറയൊന്നുമല്ല. എനിക്ക് നന്നായി വിശക്കുകയും ചെയ്തു. കാന്റീനിൽ നൂഡിൽസ് അല്ലാതെ മറ്റൊന്നും ഇല്ല. നൂഡിൽസ് എങ്കിൽ നൂഡിൽസ്. അത് വാങ്ങി കഴിച്ച്, സോവനീയറായി ഫ്രിഡ്ജ് മാഗ്നെറ്റും വാങ്ങി പക്ഷേ സങ്കേതത്തിൽ നിന്നിറങ്ങി. നീലകണ്ഠൻ എന്നൊരു പക്ഷിയുടേതാണെന്ന് തോന്നുന്നു ഒരു തൂവലും വീണുകിട്ടി. മയിലിന്റേയും പരുന്തിന്റേയും ഒക്കെ ചേർത്ത് 6 തൂവലുകൾ ഇപ്പോൾ ഭാഗിയുടെ ഡാഷ്ബോർഡിൽ ഉണ്ട്.

പക്ഷി സങ്കേതത്തിന് ശേഷം ഒരു കോട്ട സന്ദർശനം കൂടെ ഇന്ന് പദ്ധതി ഇട്ടിരുന്നു. 80 കിലോമീറ്റർ ദൂരെയുള്ള ഹിന്തോൻ കോട്ടയിലേക്ക് 01:45 മണിക്കൂർ യാത്രയുണ്ട്. മറ്റൊരു വഴിയിലൂടെ പോയാൽ 100 കിലോമീറ്റർ. അപ്പോഴും സമയം അത്ര തന്നെ മതി. ഒന്ന് ഗ്രാമത്തിലൂടേയും മറ്റൊന്ന് ദേശീയപാതയിലൂടേയും ആണെന്ന് എനിക്ക് മനസ്സിലായി. ഗ്രാമങ്ങൾ കാണാൻ കൂടെയാണല്ലോ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 80 കിലോമീറ്റർ ദൂരത്തിലൂടെ കോട്ടയിലേക്ക് തിരിച്ചു.

കോട്ടയിലേക്കുള്ള അവസാനത്തെ അര കിലോമീറ്റർ ദൂരം വഴി ഇടുങ്ങി. പട്ടണത്തിലെ തിങ്ങിനിറഞ്ഞ തെരുവിലൂടെ മുന്നോട്ട് പോകാൻ ഭാഗി കഷ്ടപ്പെട്ടു. ഇതെനിക്ക് മുൻപും അനുഭവമുള്ളതാണ്. ഞെരുക്കം കൂടുന്തോറും ചെല്ലുന്നിടത്ത് കോട്ട ഉണ്ടാകില്ല. അങ്ങനെയാണ് ആ അനുപാതം.

ഇവിടെയും അതുതന്നെ സംഭവിച്ചു. കോട്ട എന്നുപറയാൻ ഒരു ലക്ഷണവും അവശിഷ്ടങ്ങളും കാണുന്നില്ല. തെരുവിൽ പരിചയപ്പെട്ട ഒരു സഹൃദയനോട് ചോദിച്ചപ്പോൾ… “നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് കോട്ടയ്ക്കുള്ളിൽ തന്നെയാണ്.” എന്നായിരുന്നു മറുപടി.

ഇൻ്റർനെറ്റിൽ നിന്ന് കിട്ടിയ ചില പടങ്ങൾ അദ്ദേഹത്തെ കാണിച്ച് കൊടുത്തു. കോട്ടയുടെ കവാടത്തിന്റെ ചിത്രങ്ങൾ അതിലുണ്ട്.

“കുറെനാൾ മുമ്പ് വരെ അതൊക്കെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് അതെല്ലാം ഇടിഞ്ഞുവീണു. ഇപ്പോൾ ദാ ആ കാണുന്ന വാട്ടർടാങ്ക് നിൽക്കുന്നത് കോട്ടയുടെ കവാടം നിന്നിരുന്ന സ്ഥലത്താണ്.” …… അദ്ദേഹം ദൂരേക്ക് ചൂണ്ടിക്കാണിച്ചു.

ഇന്റർനെറ്റിലുള്ള കോട്ടയുടെ ചിത്രങ്ങൾ മുൻപും എന്നെ ചതിച്ചിട്ടുണ്ട്.

രാജസ്ഥാനിൽ 6 തരം കോട്ടകൾ ആണ് ഉള്ളത്. അതേപ്പറ്റി പിന്നീട് വിശദമായി കുറിക്കാം.

“തൊട്ടടുത്ത് തന്നെ ‘ജാച്ച്ച്ച കി ബാവ്ടി’ എന്ന പടിക്കിണർ ഉണ്ട്. പിന്നെ ഗ്രാമത്തിലെ ഒന്ന് രണ്ട് ക്ഷേത്രങ്ങൾ. ഇതല്ലാതെ കാര്യമായിട്ടൊന്നും ഹിന്തോൻ പട്ടണത്തിൽ ഇല്ല.” … ഞാൻ ദൂരദേശത്ത് നിന്നും വന്നിരിക്കുന്ന സഞ്ചാരി ആണെന്ന് മനസ്സിലാക്കി അദ്ദേഹം കാര്യങ്ങൾ കൃത്യം കൃത്യമായി ബോധിപ്പിച്ചു.

എന്തായാലും 80 കിലോമീറ്റർ സഞ്ചരിച്ച് ഈ വഴി വന്നതല്ലേ. പടിക്കിണർ പോയി കണ്ടു. ശോചനീയമാണ് അതിൻ്റേയും അവസ്ഥ. അതിനോട് ചേർന്നുള്ള രാജകീയമായ കെട്ടുകളുള്ള ഒരു മുറിയിൽ ആരോ കൈയേറി താമസിക്കുന്നുണ്ട്. ഞാൻ ഏതോ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് കരുതിയിട്ടാകണം എന്നെ കണ്ടപ്പോൾ അയാൾ പതുങ്ങി ഒളിച്ചു.

പടിക്കിണറിന്റെ ഒരു വശത്ത് ശ്മശാനം എന്നതുപോലെ ചില കല്ലറകൾ കാണാം. അതിലൊന്ന് രണ്ടെണ്ണം ഖബറുകൾ ആണ്. അതിനിടയിലൂടെ എല്ലാം ഞാൻ കയറി ഇറങ്ങുന്നത് കയ്യേറ്റക്കാരൻ ഒളിഞ്ഞ് നോക്കുന്നുണ്ട്. കോട്ടയും കൊട്ടാരവും പടിക്കണറും ഖബറുകളും എല്ലാം അന്യാധീനപ്പെടുകയും നശിച്ച് ഇല്ലാതാവുകയും ചെയ്തു. ഈ നഗരം തന്നെ ആ കോട്ടയുടെ ചുറ്റിനും രൂപാന്തരപ്പെട്ടതാണ്. ഇന്ന് പക്ഷേ ആ കോട്ടയില്ല.

പടിക്കിണറിൽ കൈയേറി താമസിക്കുന്നവന്റെ ചങ്കിടിപ്പ് കൂട്ടാൻ നിൽക്കാതെ ഞാൻ അവിടന്ന് ഇറങ്ങി. 100 കിലോമീറ്റർ സഞ്ചരിച്ച് ദേശീയപാതയിലൂടെ ഭരത്പൂരിൽ എത്തി.

നാളെ ഒറ്റ ദിവസം കൊണ്ട് രണ്ട് കോട്ടകൾ കാണാൻ പറ്റുമെന്ന് കരുതുന്നു. അതോടെ ഭരത്പൂർ എന്ന ഹബ്ബ് അവസാനിക്കുകയാണ്. രാജസ്ഥാനിലെ തന്നെ സഞ്ചാരവും ഇതോടെ തീരുകയാണ്.
ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 10% വരുന്ന ഏറ്റവും വലിയ സംസ്ഥാനത്തിന്റെ 70%
ഭാഗങ്ങൾ ഞാൻ കണ്ട് കഴിഞ്ഞു. 120ൽപ്പരം ദിവസങ്ങളാണ് അതിനുവേണ്ടി സഞ്ചരിച്ചത്.

ചുരുക്കം ചില ജില്ലകളിൽ ഇനിയും പോയിട്ടില്ല. അവിടെ കോട്ടകൾ ഇല്ല; അഥവാ സന്ദർശിക്കാൻ പോന്ന മറ്റെന്തെങ്കിലും ഒരു കാര്യം ഇല്ല. അല്ലെങ്കിലും ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ മുക്കും മൂലയും കണ്ട് തീർക്കാൻ ഒരു മനുഷ്യജന്മം ഒട്ടും പോരെന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>