പഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ.
ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു.
ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. ജോലിയില്ലാത്ത സമയങ്ങളിൽ അത് കടലിൽ നങ്കൂരമിട്ട് ആടിയുലഞ്ഞ് കിടക്കും. ജോലിയുള്ളപ്പോൾ ഈ ബോട്ട് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ച് ഞങ്ങൾ അതിലേക്ക് *മങ്കി ജംമ്പിങ് നടത്തി ചാടി കയറും, ജോലിയിൽ വ്യാപൃതരാകും.
(മങ്കി ജംമ്പിങ് നീട്ടി വലിച്ച് പറയാനുള്ള മറ്റൊരു പോസ്റ്റ് തന്നെയുണ്ട്. അത് പിന്നീട് ആകാം.)
ജോലി തീരുമ്പോൾ തിരിച്ച് ബോട്ടിലേക്ക് കയറി അതിൽ വിശ്രമിക്കും. ഇങ്ങനെ രണ്ടാഴ്ചയോളം ഞങ്ങൾ ആ കടലിടുക്കിൽ ജോലി ചെയ്തു.
ഞങ്ങൾ പത്തോളം പേരാണ് ഈ ജോലിക്ക് വേണ്ടി പോയിരുന്നത്. എന്റെ കമ്പനിയിൽ നിന്ന് ഞാനടക്കം 4 പേർ. മറ്റു പല സേവനങ്ങളും നൽകാൻ വേറെ കമ്പനികളിൽ നിന്നുള്ള 5 പേർ. അതിൽ ഒരാൾ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബോർഡറിൽ നിന്നുള്ള അയ്യൂബ് ഖാൻ എന്ന വ്യക്തിയാണ്. അദ്ദേഹമായിരുന്നു ആ പ്ലാറ്റ്ഫോമിലെ ക്രെയിൻ ഓപ്പറേറ്റർ.
ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ഒരേ ജോലിക്കായി വന്നിരിക്കുന്നവർ സൗഹൃദത്തിൽ ആകുന്നത് പതിവാണ്. അത് മനുഷ്യസഹജം ആണല്ലോ. എല്ലാവരും പരസ്പരം മറ്റുള്ളവരുടെ വീട് കൂട് കൂട്ട് താൽപ്പര്യങ്ങൾ എന്നീ വിശേഷങ്ങൾ ചോദിച്ചറിയും. ജോലിയില്ലാത്ത സമയത്ത് കടലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുകയോ വെടിവട്ടം പറഞ്ഞിരിക്കുകയോ സിനിമ കാണുകയോ ചെയ്യും.
അയൂർ ഖാൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് വലിയ അഭിമാനത്തോടെ തന്നെയാണ്. അഫ്ഗാൻ ബോർഡറിൽ ഉള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിൻ്റെ മേൽ പാക്കിസ്ഥാൻ എന്ന രാജ്യത്തിന് യാതൊരു നിയന്ത്രണവും ഇല്ല. രാജ്യത്തിൻ്റെ വൈദ്യുതി അവർ ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ബില്ല് തുക അടക്കാറില്ല. അതിന്റെ പേരിൽ പാക്ക് സർക്കാർ വൈദ്യുതി വിച്ഛേദിക്കാറുമില്ല. ആയൂബ് ഖാൻ്റെ പിതാവിന് അവിടെ ഒരു തോക്ക് ഫാക്ടറി ഉണ്ട്. ഈ തോക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും ധാരാളമായി വിറ്റുപോകും. വിദേശനിർമ്മിത തോക്കുകളും അവിടെ വില്പനയ്ക്ക് വരാറുണ്ട്. ഇതൊക്കെ ആയൂബ് ഖാൻ പറയുന്ന വിശേഷങ്ങളാണ്. എത്രത്തോളം തള്ളുണ്ട് മസാലയുണ്ട് എന്നൊന്നും നിശ്ചയമില്ല.
പക്ഷേ മസാലയൊന്നും ഇല്ലാത്ത ഒന്ന് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു! അതേപ്പറ്റി പറയാം. അതാണ് എന്റെ വിഷയം.
ഒരു ദിവസം പതിവുപോലെ എല്ലാവരും വളഞ്ഞിരുന്ന് സംസാരിക്കുമ്പോൾ, അയൂബ് ഖാൻ തൻ്റെ പാക്കിസ്ഥാൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു പാക്കിസ്ഥാൻ പാസ്പോർട്ട് കാണാനുള്ള കൗതുകത്തിന്, അനുവാദം വാങ്ങിക്കൊണ്ടു തന്നെ ഞാൻ ആ പാസ്പോർട്ട് പരിശോധിച്ചു. അസ്വാഭാവികത ഒന്നുമില്ലാത്ത ഒരു സാധാരണ പാകിസ്ഥാൻ പാസ്പോർട്ട്.
അടുത്ത നിമിഷം ആയൂബ്ഖാൻ ഒരു ഇന്ത്യൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. അത് തുറന്ന് നോക്കാൻ എന്നോട് ആവശ്യപ്പെട്ടു.
അയൂബ്ഖാൻ എന്ന അതേ പേരിൽ ആ മനുഷ്യന്റെ തന്നെ ഫോട്ടോ ഒട്ടിച്ച, മുംബൈ അഡ്രസ്സിൽ ഉള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ആയിരുന്നു അത്. (മുംബൈയിലെ അഡ്രസ്സ് കൃത്യമായി ഞാനിപ്പോൾ ഓർക്കുന്നില്ല.)
ഞാൻ ശരിക്കും ഞെട്ടിയെങ്കിലും ഞെട്ടൽ പുറത്ത് കാണിച്ചില്ല. അയൂബ് ഖാൻ മെല്ലെ ആ ഇന്ത്യൻ പാസ്പോർട്ടിന്റെ കഥയിലേക്ക് കടന്നു.
അയാൾ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആ രണ്ട് വിവാഹങ്ങളിലുമായി നാല് പെൺമക്കളും ഉണ്ട്. പക്ഷേ ഒരു ആൺകുട്ടിക്ക് വേണ്ടി അയാൾ വല്ലാതെ കൊതിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ആരോ ഒരാൾ അയാളോട് പറഞ്ഞു, ‘നീ ഇന്ത്യയിൽ പോയി ഒരു കല്യാണം കഴിക്കൂ; അവിടെ നിനക്ക് ഒരു ആൺകുഞ്ഞ് പിറക്കും.’
അയൂബ് ഖാൻ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വിസയും പൊല്ലാപ്പും ഒക്കെയായി ഇന്ത്യയിൽ വന്ന് കല്യാണം കഴിക്കുന്നത് വലിയ കഷ്ടപ്പാടാണ്. സ്ഥിരമായി ഇന്ത്യക്കാരനായാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാം, പോകാം. അയാൾ പണം വാരി എറിഞ്ഞ് മുംബൈയിൽ നിന്ന് ഒരു ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചു. ആ പാസ്പോർട്ട് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്.
രണ്ടു പ്രാവശ്യം ഇതിനകം അയാൾ ഇന്ത്യയിൽ വന്ന് മടങ്ങിക്കഴിഞ്ഞു. ദുബായിൽ നിന്ന് മുംബൈയിലേക്ക് വന്നതിൻ്റേയും പോയതിന്റേയും സ്റ്റാമ്പുകൾ ആ പാസ്പോർട്ടിലുണ്ട്.
ഒരു നിക്കാഹിനുള്ള ചുറ്റുവട്ടങ്ങൾ ഒക്കെ മുംബൈയിൽ തയ്യാറായിട്ടുണ്ട്. അടുത്ത ഇന്ത്യൻ സന്ദർശനത്തിൽ, അയൂബ് ഖാൻ്റെ നിക്കാഹ് ഉണ്ടാകും. അതിൽ തനിക്കൊരു ആൺകുഞ്ഞ് ഉണ്ടാകുമെന്നും അയൂബ്ഖാൻ പ്രതീക്ഷിക്കുന്നു.
ഈ ഇന്ത്യൻ പാസ്പോർട്ട് എങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് അയൂബ് ഖാനോട് ഉണ്ട്. പണം വാരി എറിഞ്ഞാൽ എത്ര ഇന്ത്യൻ പാസ്പോർട്ട് വേണമെങ്കിലും മുംബൈയിൽ കിട്ടും എന്നായിരുന്നു അയാളുടെ മറുപടി.
“അപ്പോൾ PCC (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) പോലുള്ള പ്രശ്നങ്ങൾ ഇല്ലേ?”… എന്നായി എന്റെ ചോദ്യം.
“അതിനല്ലേ പൊലീസുകാർക്ക് പണം വാരി എറിയുന്നത്. കൈക്കൂലി കൊടുത്താൽ നടക്കാത്ത എന്ത് കാര്യമാണ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഉള്ളത്? “…. ഒരു മറുചോദ്യമായിരുന്നു അയൂബ് ഖാൻ്റെ മറുപടി.
ഇനി എൻ്റെ ഈ അനുഭവത്തിൽ നിന്ന് നമുക്ക് വിഷയത്തിലേക്ക് മടങ്ങി വരാം. ആയൂബ് ഖാൻ അപകടകാരിയായ ഒരു പാക്കിസ്ഥാനി ആണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ കയ്യിൽ ധാരാളം പണമുണ്ട്. ഇന്ത്യയിൽ വന്ന് ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹം പണമെറിഞ്ഞ് വളഞ്ഞ വഴിയിലൂടെ അയാൾ നടപ്പിലാക്കുന്നു. മറ്റൊരു ദുരുദ്ദേശവും അയാൾക്ക് ഉണ്ടാകണമെന്നില്ല.
ആയൂബ് ഖാന് ഒരു ഇന്ത്യൻ പാസ്പോർട്ട് മുംബൈയിൽ സംഘടിപ്പിക്കാൻ ആകുമെങ്കിൽ, എത്രയോ തീവ്രവാദികൾക്ക് ഇതേപോലെ പണമെറിഞ്ഞ് സ്വന്തം പേരിലോ കള്ളപ്പേരിലോ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാക്കാൻ സാധിക്കില്ലേ? അങ്ങനെ ഇന്ത്യൻ പൗരന്മാരായ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ നമ്മുടെ പ്രധാന നഗരങ്ങളിൽ വിലസുന്നുണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ എന്ത് മാർഗ്ഗമാണ് നമുക്കുള്ളത്? അവരോടെല്ലാം ഇന്ത്യ വിട്ട് പോകൂ എന്ന് എങ്ങനെ പറയാൻ സാധിക്കും? അവരുടെ കയ്യിൽ ഇന്ത്യൻ പാസ്പോർട്ട് ഇരിക്കുകയല്ലേ?
സ്ലീപ്പർ സെല്ലുകൾ പോലെ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലെ നഗരങ്ങളിൽ അവസരം പാർത്ത് ജീവിക്കുന്നുണ്ടാകാം?! രേഖാമൂലം എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിട്ടു പോയാലും എത്രയോ പാക്കിസ്ഥാനികൾ ഇന്ത്യയിൽത്തന്നെ കാണുമെന്ന് എനിക്കുറപ്പാണ്.
ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സർക്കാർ ജീവനക്കാരുടെ കൈക്കൂലി സമ്പ്രദായം; അഥവാ ധനത്തോടുള്ള അവരുടെ ആർത്തി. അത് അവസാനം ചെന്നെത്തി നിൽക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ആയിട്ടാണ്.
കൂടുതൽ എന്തു പറയാൻ? പറഞ്ഞിട്ട് എന്ത് കാര്യം? അതുകൊണ്ട് തൽക്കാലം നിർത്തുന്നു. പക്ഷേ, കേരളത്തിലെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥന്മാരെപ്പറ്റി ചിലത് തീർച്ചയായും പറയാനുണ്ട്. വൈകാതെ അതും പറയാം.