വയനാട് ഭൂമാഫിയയ്ക്കെതിരെ ഏഷ്യാനെറ്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷൻ രാവിലെ 10 മണി മുതൽ എല്ലാവരും കണ്ടുകാണുമല്ലോ ? കാണാത്തവർക്ക് ഇനിയും അവസരമുണ്ട്. മൂന്നുനാല് ദിവസമെങ്കിലും ഈ വാർത്ത കത്തിനിൽക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഈ കേസിൽ, ഏഷ്യാനെറ്റിനുവേണ്ടി, ഭൂമിക്ക് കരമടക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് നിവേദനം അയച്ച കക്ഷിയെ എനിക്കറിയാം. അദ്ദേഹത്തെപ്പറ്റി ഇടയ്ക്കിടയ്ക്ക് ഞാൻ പോസ്റ്റുകൾ ഇടാറുള്ളതാണ്. വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സാക്ഷാൽ കുഞ്ഞഹമ്മദിക്കയാണ് ആ താരം. (വാർത്തയിൽ പറയുന്ന ബ്രോക്കർ കുഞ്ഞഹമ്മദിക്കയല്ല ഈ കുഞ്ഞഹമ്മദിക്ക. ഇദ്ദേഹം ആ വാർത്തയിലെങ്ങും വരുന്നില്ല.) അദ്ദേഹത്തിന് തിരുവനന്തപുരത്തുനിന്ന് ലഭിച്ച മറുപടിയുടെ പകർപ്പ് രണ്ടാമത്തെ കമന്റിൽ കാണാം. അത് ഏഷ്യാനെറ്റ് വാർത്തയിലും കാണിക്കുന്നുണ്ട്.
ഈ വിവാദത്തിനും വരാൻ പോകുന്ന അന്വേഷണത്തിനുമൊക്കെ പുറമെ, നിലവിൽ കുഞ്ഞഹമ്മദിക്ക നേരിട്ടുകൊണ്ടിരിക്കുന്നതും കൂടുതലായി നേരിടാൻ പോകുന്നതുമായ ഒന്നുണ്ട്. പാർട്ടിക്കാരുടേയും ഭൂമാഫിയയുടേയും ഭാഗത്തുനിന്നുള്ള ഭീഷണികളാണത്. ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണയുകയോ അദ്ദേഹത്തിനെതിരെ എന്തെങ്കിലും ആക്രമണം നടക്കുകയോ ചെയ്താൽ അതിനുത്തരവാദികൾ ആരായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?
ഒരു പാർട്ടിയുടേയും പിന്തുണയില്ലാത്ത, ആദിവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ ഒരാൾക്ക് വേണ്ടിയും കാത്തുനിൽക്കാത്ത കുഞ്ഞഹമ്മദിക്ക, അവർക്കവകാശപ്പെട്ട ഭൂമി, പണക്കാരും പാർട്ടിക്കാരും ഭൂമാഫിയയും ചേർന്ന് കൊള്ളയടിക്കുന്നത് കണ്ട് സഹിക്കാതായപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ എന്നുറച്ച് ഏഷ്യാനെറ്റിന്റെ ഈ സ്റ്റിങ്ങ് ഓപ്പറേഷനിൽ പങ്കാളിയാവുകയായിരുന്നു. ഏഷ്യാനെറ്റിനും കുഞ്ഞഹമ്മദിക്കയ്ക്കും അഭിവാദ്യങ്ങൾ !!!
പാർട്ടിക്കാരുടേയും ഭൂമാഫിയയുടേയും ഉദ്യോഗസ്ഥരുടെയും ഈ കളികൾ നാള് കുറേയായി കുഞ്ഞഹമ്മദിക്ക വഴി കേട്ടുകൊണ്ടിരിക്കുന്നതിനാൽ വാർത്ത കണ്ടപ്പോൾ എനിക്കൊരു ഞെട്ടലുമുണ്ടായിട്ടില്ല. മൂന്നാറിൽ സംഭവിച്ചത് പോലെ, നല്ല വെടിപ്പായിട്ട് ഇതും തൂത്തുമായ്ച്ച് കളയുമായിരിക്കും. പക്ഷെ ഇതിന്റെ പിന്നിലൊന്നും ഒരു സത്യവുമില്ലെന്ന് മാത്രം ആരും ധരിക്കരുത്.
വാൽക്കഷണം:- ഈ വാർത്ത വിശ്വസിക്കാൻ മൂന്ന് ദിവസം കാത്തിരിക്കേണ്ട ആവശ്യമെനിക്കില്ല. ഇപ്പറഞ്ഞ ‘കള്ളച്ചാരായം‘ വാറ്റുന്നതിന്റെ സമസ്തവിവരങ്ങളും അറിയുന്ന കുഞ്ഞഹമ്മദിക്കയുമായി ആഴ്ച്ചയിൽ 2 പ്രാവശ്യമെങ്കിലും സംവദിക്കുന്നയാളാണ് ഞാൻ. ഇത്രയെങ്കിലും പുറത്തുവന്നത് ഇന്നാണെന്ന് മാത്രം.