സർക്കാർ ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്, നല്ല ലക്ഷണമായാണ് അഥവാ നല്ല സംസ്ക്കാരമായാണ് കാണേണ്ടത്. അവർക്കെതിരെ നടപടി എടുക്കും എന്നുള്ള സർക്കാരിന്റെ നിലപാട് ശോചനീയമാണ്.
എന്തുകൊണ്ടാണ് ജീവനക്കാർ സെക്രട്ടറിയേറ്റിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കാൻ ആദ്യം ശ്രമിക്കണം. സെക്രട്ടറിയേറ്റിലെ ഒരു കുപ്പത്തൊട്ടിയിൽ അല്ലേ അവർ മാലിന്യം നിക്ഷേപിക്കുന്നത്? അവരത് നിരത്തിൽ എവിടെയെങ്കിലും കൊണ്ടുപോയി കളയുന്നില്ല എന്നതൊരു നല്ല കാര്യമല്ലേ?
അവർ ജീവിക്കുന്ന ഇടങ്ങളിൽ കൃത്യമായി മാലിന്യ സംസ്ക്കരണമോ മാലിന്യ ശേഖരണമോ നടക്കാത്തത് കൊണ്ടായിരിക്കാം അവർ സ്വന്തം വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരുന്നത്; അവിടെയുള്ള ഒരു കുപ്പത്തൊട്ടിയിൽ ആ മാലിന്യം നിക്ഷേപിക്കുന്നത്.
അവർ മാലിന്യം നിക്ഷേപിക്കുന്ന കുപ്പയ്ക്കരുകിൽ ക്യാമറ സ്ഥാപിച്ച് ‘കുറ്റക്കാരായ’ ജീവനക്കാരെ കണ്ടെത്താൻ സർക്കാർ കാണിക്കുന്ന ശുഷ്കാന്തിയുടെ നാലിലൊന്നു മതി, അവരുടെ മാലിന്യ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ. ക്യാമറ വാങ്ങാനുള്ള പണച്ചിലവും ഒഴിവാക്കാം. (ഓ മറന്നു…. ക്യാമറകൾ വാങ്ങിക്കൊണ്ടിരുന്നാലല്ലേ കമ്മീഷനുകളും അഴിമതിയും കൊഴുത്ത് പടർന്ന് പന്തലിക്കൂ.)
ഇതെല്ലാം എടുത്തു കാണിക്കുന്നത്, അഞ്ഞൂറോ ആയിരങ്ങളോ പണിയെടുക്കുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ മാലിന്യം പോലും കൈകാര്യം ചെയ്യാൻ ഇനിയും നമ്മുടെ ഭരണകൂടത്തിന് കഴിയുന്നില്ല, അതിനുള്ള സംവിധാനമില്ല എന്നാണ്.
എവിടന്ന് കൊണ്ടുവന്നിട്ടായാലും, ഏതെങ്കിലുമൊരു കുപ്പത്തൊട്ടിയിൽ മാലിന്യം നിക്ഷേപിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന് ആരെങ്കിലും പറഞ്ഞ് തന്നിരുന്നെങ്കിൽ!
ബ്രഹ്മപുരത്തെ തീയും ഒച്ചപ്പാടും ബഹളങ്ങളും അഴിമതിയും കഴിഞ്ഞു. പുതിയ ഏതെങ്കിലും മാലിന്യ കൂമ്പാരത്തിന് തീ പിടിക്കുമ്പോൾ നമുക്ക് വീണ്ടും ചൂടൻ ചർച്ചകൾക്ക് തുടക്കമിടാം.
വാൽക്കഷണം:- അവനവന്റെ മാലിന്യം കൈകാര്യം ചെയ്യാനോ സംസ്ക്കരിക്കാനോ പറ്റാത്ത ഒരു ജനതയേയും അവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തേയും പരിഷ്കൃതസമൂഹമായി ഒരിക്കലും കണക്കാക്കാൻ ആവില്ല.