‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10, 11.
———————————————————–
ഉടുപ്പി ജില്ലയിലെ കാര്‍ക്കളയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. നേവിഗേറ്ററില്‍ കാര്‍ക്കളയെന്ന് അടിച്ചുകയറ്റി മൂഡബിദ്രിയില്‍ നിന്ന് യാത്ര തുടര്‍ന്നു. 13 കിലോമീറ്ററോളം ദൂരമുണ്ട് ലക്ഷ്യത്തിലേക്ക്.
കൃസ്തുമസ്സ് ദിനമാണിന്ന്. കൊച്ചിയിലായിരുന്നെങ്കില്‍ ഓരോ തെരുവുകളിലും തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത് കാണാമായിരുന്നു. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഈ ഭാഗത്തൊന്നും അങ്ങനെയൊരു അനക്കം പോലുമില്ല. ഈ ഭാഗത്തൊക്കെ സ്ക്കൂളുകള്‍ക്ക് പോലും അവധിയില്ലെന്ന് തോന്നുന്നു. യൂണിഫോമണിഞ്ഞ് പുസ്തകച്ചാക്കും പേറി പള്ളിക്കൂടത്തിലേക്ക് പോകുന്ന കുട്ടികളെ ഒരുപാട് കാണാം വഴിനീളെ.
ജൈനരാജാക്കന്മാരുടെ ഭരണകാലത്ത് പാണ്ഡ്യനഗരം എന്ന് പേരുണ്ടായിരുന്ന പട്ടണത്തിന് കാലാന്തരത്തില്‍ കാര്‍ക്കളയെന്ന് പേര് മാറ്റമുണ്ടാകാനുണ്ടായ കാരണം അങ്ങോട്ട് ചെന്നുകയറുന്നതോടെ എളുപ്പം മനസ്സിലാക്കാനാവും. കരിങ്കല്ലിനും കൊച്ചുകൊച്ച് കരിങ്കല്‍ക്കുന്നുകള്‍ക്കും ഒരു ക്ഷാമവുമില്ല കാര്‍ക്കളയില്‍ . പാണ്ഡ്യനഗരം അങ്ങനെ ‘കരിങ്കല്ല് ‘ അഥവാ കാര്‍ക്കള ആയി മാറി. ഈ ഭാഗത്തെ ജൈനക്ഷേത്രങ്ങള്‍ മുഴുവനും പണിതീര്‍ത്തിരിക്കുന്നത് തദ്ദേശത്ത് നിര്‍ലോഭം കിട്ടുന്ന ഈ കരിങ്കല്ലുകള്‍ കൊണ്ടുതന്നെയാണ്.
ചതുര്‍മുഖ ബസ്തി, ബാഹുബലി ബെട്ട എന്നിവയാണ് കാര്‍ക്കളയില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്ന 2 പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങള്‍ .
കാര്‍ക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനക്ഷേത്രമായ ചതുര്‍മുഖ ബസ്തി വലിയൊരു പാറക്കുന്നിന്റെ മുകളിലാണ് നിലകൊള്ളുന്നത്. ഒന്നുരണ്ട് കാറുകളിലായി വളരെക്കുറച്ച് മാത്രം സന്ദര്‍ശകരേ അവിടെ എത്തിയിട്ടുള്ളൂ എന്നത് എനിക്ക് സന്തോഷമുളവാക്കി. സ്വസ്ഥമായി ക്ഷേത്രം കാണാം, ഫോട്ടോകള്‍ എടുക്കാം, ആത്മീയതയുടേയോ ഏകാന്തതയുടേയോ ഒരംശമെങ്കിലും ആ അന്തരീക്ഷത്തില്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ലയിക്കാം എന്നതൊക്കെയാണ് ആ സന്തോഷത്തിന്റെ പിന്നിലെ രഹസ്യം.
വാഹനം ഒരു വശത്തൊതുക്കി, കുന്നിന്‍ മുകളിലേക്കുള്ള കരിങ്കല്‍ പടികള്‍ കയറാനാരംഭിച്ചു. നേഹയ്ക്ക് ഈ ക്ഷേത്രദര്‍ശനമൊന്നും അത്ര താല്‍പ്പര്യമില്ലെന്ന് മാത്രമല്ല, മുകളിലേക്കുള്ള കയറ്റങ്ങള്‍ അത്ര രസിക്കുന്നുമില്ലെന്ന് ആ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിമൊട്ടൊന്നുമില്ല. പക്ഷെ ഇതൊക്കെ എങ്ങനെയെങ്കിലും സഹിച്ചാലല്ലാതെ ഗോവയില്‍ എത്തില്ല, അവിടത്തെ ബീച്ചുകളില്‍ അര്‍മ്മാദിക്കാന്‍ പറ്റില്ല. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ പുള്ളിക്കാരി ഇതൊക്കെ സഹിക്കുന്നു.
30ല്‍ അധികം പടികളുണ്ട് കുന്നിന്‍ മുകളിലേക്ക്. കയറിച്ചെന്നപ്പോള്‍ മനസ്സൊന്ന് കുളിര്‍ത്തു. വീശിയടിക്കുന്ന കാറ്റിന് ചെറിയൊരു തണുപ്പുണ്ട്. മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന തെങ്ങിന്‍ തലപ്പുകളുടെ പച്ചപ്പ് ഹൃദയഹാരിയാണ്. എനിക്ക് കാണാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ജൈനക്ഷേത്രങ്ങളില്‍ ശ്രാവണബേളഗോളയും, കല്ലില്‍ ക്ഷേത്രവും ഒക്കെ ഇതുപോലെ കുന്നുകളുടെ മുകളില്‍ത്തന്നെയാണ്.
പടികള്‍ അവസാനിക്കുന്നിടത്ത് മതില്‍ക്കെട്ട് തുടങ്ങുകയായി. പടിപ്പുര കടന്ന് അകത്തേക്ക് വിരിച്ച പാറക്കല്ലുകളിലൂടെ ക്ഷേത്രത്തിനകത്തേക്കുള്ള പടികള്‍ കയറിയാല്‍ നേരിട്ട് ഗര്‍ഭഗൃഹത്തിലേക്ക് കടക്കാം. ചതുര്‍മുഖ ബസതിയുടെ ഗര്‍ഭഗൃഹത്തിന്റെ പ്രത്യേകത, അല്ലെങ്കില്‍ ക്ഷേത്രത്തിന്റെ തന്നെ പ്രത്യേകത എന്ന് പറയുന്നത് നാലുവശത്തും ഒരുപോലെയുള്ള പ്രതിഷ്ഠയും അതിലേക്ക് തുറക്കുന്ന വാതിലുകളുമാണ്. സമചതുരാകൃതിയിലുള്ള ക്ഷേത്രത്തിന്റെ നാലുഭാഗത്തുനിന്നും വാതിലുകളിലൂടെ ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കാനാകും.
ഗര്‍ഭഗൃഹത്തിനകത്ത് അരിനാഥ്, മല്ലീനാഥ്, മുനിസുവ്രതനാഥ്, എന്നീ തീര്‍ത്ഥങ്കരന്മാരുടെ ആള്‍പ്പൊക്കത്തിലുള്ള കറുത്ത ദിഗംബരപ്രതിഷ്ഠകള്‍ . ഇതേ പ്രതിമകളാണ് നാലുവശങ്ങളിലുമുള്ളത്. ചതുര്‍മുഖ ബസതി എന്ന പേര് വീണിരിക്കുന്നതും ഈ പ്രത്യേകത കൊണ്ടുതന്നെയാണ്. ഇത്തരമൊരു ക്ഷേത്രം ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. തുറന്നിട്ടിരിക്കുന്ന കവാടത്തിലെ തീര്‍ത്ഥങ്കരന്മാര്‍ക്ക് മുന്നില്‍ വളരെ സാധാരണമായ ഒരു മുഖക്കണ്ണാടി തൂക്കിയിട്ടിരിക്കുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകില്ല. അതൊരു രസകരമായ സംഭവമാണ്. മുന്നില്‍ ‘തൃമൂര്‍ത്തികളെ’ ദര്‍ശിക്കുന്നതിനൊപ്പം ആ കണ്ണാടിയില്‍ നോക്കിയാല്‍ എതിര്‍ദിശയിലുള്ള ബാഹുബലി ബെട്ടയിലെ ഗോമഡേശ്വര പ്രതിമയും കാണാം.
1586 ല്‍ ഇമ്മാടി ഭൈരവ രാജാവ് അഥവാ ഭൈരവന്‍ രണ്ടാമനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. 30 കൊല്ലമെടുത്തു ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകാന്‍ . ക്ഷേത്രത്തെപ്പറ്റിയുള്ള കൂടുതല്‍ ചരിത്രം ചോദിച്ച് മനസ്സിലാക്കാന്‍ മൂഡബദ്രിയിലെ പോലെ ഗൈഡിന്റെ സേവനമൊന്നും ഇവിടെ കിട്ടിയില്ല. ഗര്‍ഭഗൃഹത്തിനകത്ത് നില്‍ക്കുന്ന കാര്യക്കാരിയെപ്പോലെ തോന്നിച്ച സ്ത്രീയുമായി സംസാരിക്കാന്‍ ഭാഷ ഒരു തടസ്സമാകുകയും ചെയ്തു. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ ജീവിതകാലത്ത് നേഹയ്ക്കൊപ്പം കന്നഡ പഠിക്കാനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചതില്‍ അതിയായ കുണ്ഠിതം തോന്നി. ഹോഗു, എസ്തു, ചെന്നാഗിദയാ, ഹാലു തുടങ്ങിയ ചില പദങ്ങള്‍ മാത്രമാണിപ്പോള്‍ ഓര്‍മ്മയിലുള്ളത്.
ഗര്‍ഭഗൃഹത്തിനകത്ത് ഫോട്ടോഗ്രാഫി നിരോധനം എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് കുറച്ച് പണം സംഭാവന കൊടുത്തപ്പോള്‍ ആ തടസ്സം നീങ്ങിക്കിട്ടി. അത്യാവശ്യം പടങ്ങളെടുക്കാനായി. ഗര്‍ഭഗൃഹത്തിനകത്തെ മറ്റ് തീര്‍ത്ഥങ്കര പ്രതിമകളും യക്ഷി പാര്‍വ്വതിയുടെ പ്രതിമയുമൊക്കെ ചുറ്റി നടന്നുകണ്ടു. 24 തീര്‍ത്ഥങ്കര പ്രതിമകളാണ് അകത്തുള്ളത്. മുന്‍വശത്തേതൊഴികെ മറ്റ് മൂന്ന് കവാടങ്ങളും അടച്ചിട്ടിരിക്കുന്നതുകൊണ്ട് ഗര്‍ഭഗൃഹത്തിനകത്തെ അരണ്ട വെളിച്ചത്തില്‍ ഫോട്ടോഗ്രാഫി അത്ര എളുപ്പമായിരുന്നില്ല.
ക്ഷേത്രത്തിനകത്തും പുറത്തുമായി 108 തൂണുകളാണുള്ളത്. കല്ലിന് യാതൊരു ക്ഷാമവും ഇല്ലാത്തിടത്ത് നൂറോ ആയിരമോ തൂണുകളുള്ള ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നതിന് ലുബ്‌ദ്ധ് കാണിക്കേണ്ട കാര്യമില്ലല്ലോ ! മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത് പോലും നെടുനീളന്‍ കരിങ്കല്‍പ്പാളികള്‍ കൊണ്ടാണ്. കല്ലല്ലാതെ മറ്റൊന്നും ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ചുരുക്കം.
ഗര്‍ഭഗൃഹത്തില്‍ നിന്നിറങ്ങി ക്ഷേത്രത്തിന്റെ കല്‍ത്തൂണുകള്‍ നിറഞ്ഞ വരാന്തയിലൂടെ ഒരു ചുറ്റ് നടന്നു. തൂണുകളിലൊക്കെ കൊത്തുപണികള്‍ ഉണ്ടെങ്കിലും അത് ബേലൂര്‍ , ഹാളേബീഡു, മൂഡബദ്രി എന്നിവിടങ്ങളിലെ പോലെ തെളിഞ്ഞുനില്‍ക്കുന്ന തരത്തിലുള്ളതല്ല. വരാന്തയില്‍ നിന്ന്‍ ബാഹുബലി ബേട്ടയുടെ നല്ലൊരു കാഴ്ച്ച കിട്ടുന്നുണ്ട്. കുറേയധികം നേരം ആ കല്‍പ്പടവുകളില്‍ ഇരുന്നാല്‍ കൊള്ളാമെന്നെനിക്കുണ്ട്. പക്ഷെ ഇന്നത്തെ ദിവസം ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതുകൊണ്ട് തല്‍ക്കാലം ചതുര്‍മുഖ ബസ്തിയോട് വിട പറയുക തന്നെ.
പടികളിറങ്ങി വാഹനത്തില്‍ക്കയറി ബാഹുബലി ബെട്ടയെ ലക്ഷ്യമാക്കി നീങ്ങി. സാമാന്യം വലിയൊരു കുന്നിന്റെ മുകളിലാണ് ഗോമഡേശ്വരന്‍ നിലകൊള്ളുന്നത്. താഴെയുള്ള ഗേറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. മുന്നില്‍ പോയ വണ്ടിയില്‍ നിന്നൊരാള്‍ ഇറങ്ങി ഗേറ്റ് തുറന്ന് തന്നു. മുകളില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ആ വണ്ടി വേഗത്തില്‍ മുകളിലേക്ക് ഓടിച്ചുപോയി.
എനിക്കങ്ങനെ ധൃതിയില്‍ ഓടിക്കണമെന്ന് തോന്നിയില്ല. റോഡ് വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. താഴേക്കുള്ള കാഴ്ച്ച കൂടെ ആസ്വദിച്ചുകൊണ്ട്, കുന്നിന്റെ മുകളില്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടുവരെ വാഹനം കൊണ്ടുചെല്ലാം.
വാഹനത്തില്‍ നിന്നിറങ്ങി ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടന്നാല്‍ , ഗോമഡേശ്വരനെ കാണുന്നതിനുമുന്നേ തന്നെ താഴേക്ക് നോക്കിയാല്‍ ദൂരെയായി ചതുര്‍മുഖ ബസ്തിയുടെ മനോഹരമായ ഒരു ദൂരക്കാഴ്ച്ച കിട്ടും. തെങ്ങോലപ്പച്ചപ്പുകള്‍ക്കിടയിലായി തെളിയുന്ന ആ സുന്ദരദൃശ്യം നോക്കി കുറച്ചുനേരം അവിടങ്ങനെ നില്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാകില്ല.
ക്ഷേത്രത്തിന്റെ ചുറ്റുമതിലിനകത്തേക്ക് കടക്കുന്നതിന് മുന്നേതന്നെ ബ്രഹ്മദേവ സ്തംഭം കാണാം. ചുറ്റുമതിലിനകത്തേക്ക് കടക്കാതെ തന്നെ ഗോമഡേശ്വന്റെ പ്രതിമയുടെ തലഭാഗവും കാണാനാകും.
കാര്‍ക്കള ഭരിച്ചിരുന്ന പ്രശസ്തനായ വീരഭൈരവ രാജാവിന്റെ മകനായ വീരപാണ്ഡ്യനാണ് അദ്ദേഹത്തിന്റെ ഗുരുവായ ലളിതകീര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം 1432 ഫെബ്രുവരി 13ന് ബാഹുബലി പ്രതിമ ഈ മലയുടെ മുകളില്‍ സ്ഥാപിച്ചത്. 1436 ല്‍ വീരപാണ്ഡ്യന്‍ തന്നെ ബ്രഹ്മസ്തംഭവും സ്ഥാപിക്കുകയുണ്ടായി.
അകത്തേക്ക് കടന്നപ്പോള്‍ ഞാന്‍ ശരിക്കും നിരാശനായി. ബാഹുബലിയെ ശരിക്കും കാണാനാകുന്നില്ല. അറ്റകുറ്റപ്പണികള്‍ക്കായി ചുറ്റിലും മുളകള്‍ വെച്ചുകെട്ടിയിരിക്കുന്നു. പ്രതിമ തേച്ച് മിനുക്കുന്ന ജോലിയുമായി നാലഞ്ചുപേര്‍ അതിന്റെ മുകളില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് കാര്യമായ നിറം മാറ്റം വന്നിരിക്കുന്നു. ശ്രാവണബേളഗോളയില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന ഗോമഡേശ്വരനെ കണ്ടത് ഇന്നലെയെന്ന പോലെ എനിക്കോര്‍മ്മയുണ്ട്.
കാര്‍ക്കള പട്ടണത്തിന്റെ ഒരു ചിഹ്നമെന്നപോലെ നിലകൊള്ളുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലി പ്രതിമയുടെ കിളരം 42 അടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ ശ്രാവണബേളഗോളയിലെ ബാഹുബലിയുടേതാണ്. അതിന്റെ ഉയരം 57 അടിയോളമാണ്.
ഉണക്കമീന്‍ കൊണ്ട് അടികിട്ടിയ നായയെപ്പോലെ കുറച്ചുനേരം ഞാനാ പ്രതിമയ്ക്കു ചുറ്റും കിടന്ന് കറങ്ങി. ബാഹുബലിയെ മനസ്സുനിറയെ ഒന്ന് കാണാതെ കുന്നിറങ്ങുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യ.
ചിന്ത പെട്ടെന്ന് വേറൊരു വഴിക്ക് തിരിഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടെ ഇതുവഴി വരാന്‍ ഇതൊരു കാരണമാക്കാമല്ലോ ! മഹാവീര ബസതി, ചന്ദ്രനാഥസ്വാമി ബസതി, ആദിനാഥസ്വാമി ബസതി, അനന്ദനാഥ ബസതി, ഗുരു ബസതി, പത്മാവതി ബസതി, എന്നുതുടങ്ങി 18ല്‍പ്പരം ജൈനക്ഷേത്രങ്ങളാണ് കാര്‍ക്കളയിലുള്ളത്. ഞങ്ങളതില്‍ കണ്ടിരിക്കുന്നത് ആകെ 2 ബസ്തികള്‍ മാത്രം. ഈ വഴി ഇനിയും വരാതെ തരമില്ല. വരും, വന്നേ പറ്റൂ. തല്‍ക്കാലം കാര്‍ക്കളയോട് വിട.
അടുത്ത ലക്ഷ്യമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് 114 കിലോമീറ്ററോളം ദൂരമുണ്ട്. മൂകാബിക ക്ഷേത്രത്തിലേക്ക് പോകാന്‍ നമ്മള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നാണ് കേട്ടിരിക്കുന്നത്. ദേവി സ്വയം തീരുമാനിക്കാതെ ആര്‍ക്കും ആ ദര്‍ശനം സാദ്ധ്യമാകില്ലത്രേ !! നടക്കല്‍ വരെ ചെന്നിട്ടും കാണാന്‍ പറ്റാതെ പോന്നവരുമുണ്ട്. നിരക്ഷരന്മാര്‍ക്ക് നാലക്ഷരത്തിനുള്ള സരസ്വതീ കടാക്ഷം വകയിരുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ ആ സന്നിധിയിലേക്ക് പോകാതെ പറ്റില്ലല്ലോ. പോയി നോക്കുക തന്നെ.
മംഗലാപുരത്തുകാരനായ സുഹൃത്ത് അനൂപ് നായിക്‍ വഴി, കൊല്ലൂരില്‍ താമസിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നത് സാമാന്യം ഭേദപ്പെട്ട ഒരു സത്രമാണ്. നേവിഗേറ്ററില്‍ സത്രത്തിന്റെ പേര് തെളിഞ്ഞ് വന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജനത്തിരക്കുള്ള സ്ഥലങ്ങളെല്ലാം ശരിക്കും മാപ്പ് ചെയ്യിരിക്കുന്നു ‘മാപ്പ് മൈ ഇന്ത്യ’.
സത്രത്തിലെ ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കിയതിനുശേഷം ദേവീസന്നിധിയിലേക്ക് നടന്നു. ഒഴിവുദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ജനങ്ങളെല്ലാം മൂകാംബികയിലേക്ക് ഒഴുകും. ഒരു യുദ്ധത്തിനുള്ള ജനമുണ്ട് ക്ഷേത്രപരിസരത്ത്. അത്രയ്ക്ക് തന്നെയുണ്ട് ജനങ്ങളെ നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പൊലീസുകാരും. ചെരുപ്പൊക്കെ പുറത്തൊരു റാക്കില്‍ വെച്ച് ക്ഷേത്രത്തിനകത്തേക്കുള്ള ക്യൂവില്‍ നിന്നു.
ദേവി ശരിക്കും പരീക്ഷിച്ചുകളഞ്ഞു. രണ്ടര മണിക്കൂറാണ് ആ നടയിലെത്താനായി ക്യൂവില്‍ നില്‍ക്കേണ്ടി വന്നത്. വിരസതയുടെ നെല്ലിപ്പലക കണ്ട നേഹയെ സമാധാനിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടിവന്നു. പഠിക്കുന്ന കുട്ടികള്‍ മൂകാംബികയില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ , നന്നായി പഠിക്കാനുള്ള അനുഗ്രഹം ദേവി തരും എന്നൊക്കെ പറഞ്ഞത് എത്രത്തോളം ആ കുഞ്ഞുമനസ്സില്‍ പതിഞ്ഞെന്ന് എനിക്കറിയില്ല.
ഇത്രയ്ക്കും തിരക്കുണ്ടായിട്ടും, മറ്റ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ കാണുന്നതിനേക്കാളൊക്കെ നന്നായിട്ട് തന്നെ ദേവിയെ കണ്ടു. പഞ്ചലോഹം കൊണ്ടാണിവിടുത്തെ വിഗ്രഹം തീര്‍ത്തിരിക്കുന്നത്. പച്ചമരതകക്കല്ല് ദേവിയുടെ മാറില്‍ എടുത്തുകാണിക്കുന്നുണ്ട്. തൊഴുതു, നന്നായിട്ടുതന്നെ തൊഴുതു. ഏത് ദേവാലയത്തിലെത്തിയാലും മനസ്സില്‍ ഉണ്ടാകാറുള്ള ഒരു സ്ഥിരം നിശബ്ദ പ്രാര്‍ത്ഥനമാത്രം ഇവിടേയും.
ക്ഷേത്രമതിലിന് പുറത്തേക്ക് നടക്കുമ്പോള്‍ നേഹയോട് മുഴങ്ങോടിക്കാരി ചോദിച്ചു.
“മോളെന്താ പ്രാര്‍ത്ഥിച്ചത് ദേവിയോട് ?”
ഉത്തരം വളരെപ്പെട്ടെന്ന് തന്നെ വന്നു.
“ഞങ്ങള്‍ടെ ചെരുപ്പൊക്കെ വെളിയില്‍ത്തന്നെ ഉണ്ടാകണേ ദേവീ”
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.