മാദ്ധ്യമ സ്വാതന്ത്ര്യവും അന്തിച്ചർച്ചയും


11

“യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ഞങ്ങൾ കണ്ടെത്തി. ആയതിനാൽ ചാനലുകൾ പൂ‍ർവ്വസ്ഥിതിയിലാക്കി.“

ഏഷ്യാനെറ്റ് മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ നേരത്തേക്ക് നിരോധിക്കാൻ തീരുമാനിക്കുകയും ആ സമയം ആകുന്നതിന് മുന്നേ നിരോധനം പിൻ‌വലിക്കുകയും ചെയ്തതിന്, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ്ങ് മിനിസ്റ്റർ പ്രകാശ് ജാവദേക്കർ നൽകിയ വിശദീകരണമാണിത്. പക്ഷേ, ചില ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ചിലത് മന്ത്രിയോടും. ചിലത് ഈ രണ്ട് ചാനലുകളോടും.

ചോദ്യം 1:- നിരോധിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്താൻ ഒരു ശ്രമവും നിങ്ങൾ നടത്താറില്ലേ ?

ചോദ്യം 2:- രാവിലെ എഴുന്നേൽക്കുമ്പോൾ ചുമ്മാ കുറച്ച് ചാനലുകൾ നിരോധിച്ചേക്കാം എന്ന് തീരുമാനിക്കുകയും പിന്നീട് യാഥാർത്ഥ്യം കണ്ടെത്തി ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ ചാണക രീതി ?

ചോദ്യം 3:- നിങ്ങൾ പിന്നീട് കണ്ടെത്തിയെന്ന് പറയുന്ന ഈ യാഥാർത്ഥ്യം എന്താണ് ? പൊലീസ് കലാപബാധിതരുടെ സഹായത്തിനെത്തിയില്ല. വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ മണിക്കൂറുകൾ വൈകി. പൊലീസിന്റെ സഹായത്തോടെയും ഒത്താശയോടും കൂടെ നടന്ന കലാപമാണിത്. എന്ന് ചാനലുകാർ പറഞ്ഞ കാര്യങ്ങൾ തന്നെയാണോ യാഥാർത്ഥ്യങ്ങൾ ?

ചോദ്യം 4:- മാദ്ധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന സാമാന്യ ചിന്തയുള്ളവരാണ് നിങ്ങളെന്ന് ഈ ട്വീറ്റിൽ പറയുന്നുണ്ടല്ലോ ? അങ്ങനെയുള്ള മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൊടുക്കുന്ന സാമാന്യ മര്യാദ ഇതാണോ ? ഇങ്ങനെ മതിയെന്നാണോ തീരുമാനിച്ചിരിക്കുന്നത് ?

ചോദ്യം 5 ചാനലുകളോട്:‌- ഇന്നത്തെ അന്തിച്ചർച്ചയിൽ ഇതൊരു വിഷയമാക്കാൻ നിങ്ങൾ തയ്യാറാണോ ? അതോ ഇങ്ങനൊന്ന് സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, തോട്ടണ്ടിയുടെ വില കുറഞ്ഞതിനെപ്പറ്റിയുള്ള കൂലംകഷമായ ചർച്ചയാണോ പ്ലാൻ ചെയ്തിരിക്കുന്നത് ? പല വിഷയങ്ങളിലും നിങ്ങളോട് എതിർപ്പുണ്ടായിട്ടും ഇക്കാര്യത്തിൽ നിങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച വലിയൊരു സമൂഹത്തോട് നിങ്ങളെങ്ങനെ മറുവാക്ക് പറയുന്നു എന്നറിയാനുള്ള കൌതുകം ഇശ്ശി ഉള്ളതുകൊണ്ടാണ് ഇത് ചോദിക്കുന്നത്.

അവസാന ചോദ്യം ഏഷ്യാനെറ്റിനോട്:- കാല് നക്കിയോ ഷൂ പോളിഷ് ചെയ്തോ ഒക്കെയാണ് 48 മണിക്കൂറിന് മുന്നേ നിങ്ങൾ പ്രക്ഷേപണം തിരിച്ചുപിടിച്ചതെന്ന് ആരോപണവും ആക്ഷേപവും പലഭാഗത്തുമുണ്ട്. അന്തിച്ചർച്ച ഇന്നുണ്ടാകുമെന്നും, മേൽപ്പറഞ്ഞതിനെല്ലാം ചേർത്ത് മറുപടിയുണ്ടാകും ആ ചർച്ചയിൽ എന്നും പ്രതീക്ഷിക്കാമല്ലോ അല്ലേ ?

വാൽക്കഷണം:- അന്തിച്ചർച്ച നടത്തുന്നതും ഒഴിവാക്കുന്നതുമെല്ലാം ഈ രണ്ട് ചാനലുകളുടെ യുക്തി പോലെ. പക്ഷേ, ചർച്ച നടത്തിയില്ലെങ്കിൽ, ‘പുലി വരുന്നേ പുലി‘ എന്നൊരു പഴങ്കഥയുടെ ഗുണപാഠം മനസ്സിലാക്കി വെക്കുന്നത് നന്നായിരിക്കും. മറ്റ് ചർച്ചകളിൽ എത്ര ഊർജ്ജസ്വലരായി വിനുവും കൂട്ടരുമൊക്കെ പ്രത്യക്ഷപ്പെട്ടാലും ഈ ചർച്ച നടത്താത്തതിന്റെ ഒരു ചളിപ്പും ചമ്മലും ചേർത്തേ മേൽപ്പറഞ്ഞ സുന്ദര കോമള വദനങ്ങൾ കാലാകാലം പ്രേക്ഷകർ ഉള്ളിലേക്കെടുക്കൂ. നിങ്ങളുടെ നിലനിൽപ്പിനേയും സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തിന്റെ നാലാം തൂണിനേയുമൊക്കെ ബാധിച്ച ഈ വിഷയത്തിൽ ചർച്ച നടത്തിയില്ലെങ്കിൽപ്പിന്നെ വരും കാലങ്ങളിൽ നിങ്ങൾ നടത്താൻ പോകുന്ന ചർച്ചകൾക്കൊന്നും പുല്ല് വിലപോലുമുണ്ടാകില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>