ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന ഈ ഭാരത പര്യടനം, ഇന്ന് 5 മാസം തികച്ചിരിക്കുന്നു. ഇത് തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര.
ഇന്ന് രാവിലെ അഹാനയ്ക്കും ആഷയ്ക്കും Asha Revamma സതീഷിനും Sathees Makkoth ഒപ്പം സൂറത്തിൽ നിന്നും 73 കിലോമീറ്റർ ദൂരത്തുള്ള ബറൂച്ച് കോട്ടയിലേക്കാണ് പുറപ്പെട്ടത്. ഒന്നര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. ഇന്ന് ഭാഗിക്ക് അവധി കൊടുത്ത് സതീഷിന്റെ കാറിലായിരുന്നു സഞ്ചാരം. ഇത്രയും ദിവസത്തിനിടയ്ക്ക് ഞാൻ ഡ്രൈവ് ചെയ്യാതെ പോകുന്ന ആദ്യത്തെ കോട്ടയാണ് ബറൂച്ച്.
കോട്ട എന്ന് പറയാൻ അവിടെ കാര്യമായി ഒന്നും അവശേഷിക്കുന്നില്ല. കോട്ട മതിൽ എന്നാണ് ഇൻ്റർനെറ്റിലും സൂചിപ്പിക്കുന്നത്.
നഗരത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ ചെന്ന് കയറുന്നത് ചെറിയൊരു മൈതാനത്താണ്. അവിടെ കോട്ടയുടേതായി ചില മതിൽക്കെട്ടുകൾ കാണാം. വീഴാറായി നിൽക്കുന്ന ചില കെട്ടുകൾ വേറെയും. അതിന് വെളിയിൽ നർമ്മദാ നദിക്കരയോട് ചേർന്ന് കാട് പിടിച്ച് കിടക്കുന്നത് പണ്ട് കോട്ടയ്ക്ക് ചുറ്റും ഉണ്ടായിരുന്ന കിടങ്ങിന്റെ ഭാഗങ്ങൾ ആണെന്ന് ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാക്കാം. ആ കാടിന്റെ ഇടയിലുള്ള ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇപ്പോൾ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു.
ഇതുവരെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ മറ്റ് പല കോട്ടകളേയും പോലെ, ചുറ്റുമുള്ള ഗ്രാമം വളരുകയും അതൊരു പട്ടണം ആവുകയും ചെയ്തപ്പോൾ അപ്രസക്തമായിപ്പോയ ഒരു കോട്ട.
* സോളങ്കി രാജവംശത്തിലെ സിദ്ധരാജ ജയ്സിംഹ ആണ് ഈ കോട്ട നിർമ്മിച്ചത്.
* മൽബാറി, കട്ടോപോർ, സദേശ്വരി എന്നീ കവാടങ്ങൾ ഈ കോട്ടയ്ക്ക് ഉണ്ടായിരുന്നു.
* മുഴുവൻ ബറൂച്ച് നഗരത്തേയും ഈ കോട്ട സംരക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു.
* പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ചെങ്കിസ്ഖാൻ ആണ് ബറൂച്ച് ഭരിച്ചിരുന്നത്.
* 1534ൽ ഹുമയൂൺ, ബറൂച്ച് കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
എന്തായാലും കോട്ടയുടേത് എന്ന് പറയാൻ കൂടുതൽ ഭാഗങ്ങൾ ഒന്നും നഗരത്തിൽ ഇപ്പോൾ അവശേഷിക്കുന്നില്ല. കപ്പലണ്ടിയുടെ വ്യാപാരം കേമമായി നടക്കുന്ന സ്ഥലമാണ് ബറൂച്ച്. ഈ കപ്പലണ്ടികൾ കൃഷി ചെയ്യപ്പെടുന്നത് പൂർണ്ണമായും ബറൂച്ചിൽ അല്ലെങ്കിലും അതിന്റെ വ്യാപാരം ഇവിടെയാണ് നടക്കുന്നത്.
ബറൂച്ചിൽ നിന്ന് പിന്നീട് പോയത് ഒരു ഗ്ലാസ് ഫാക്ടറിയിലേക്കാണ്. സുരക്ഷാ കാരണങ്ങളാൽ ഈ ഗ്ലാസ് ഫാക്ടറിയുടെ പേര് വിവരങ്ങൾ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നില്ല.
ആദ്യമായാണ് ഒരു ഗ്ലാസ് ഫാക്ടറി സന്ദർശിക്കുന്നത്. സിലിക്ക അടക്കമുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ച് അതിൽ നിന്ന് പലതരം കുപ്പികൾ ഉണ്ടാക്കുന്ന പ്രക്രിയ കണ്ടു മനസ്സിലാക്കി വരണമെങ്കിൽ, കടുത്ത ചൂടിലൂടെ കടന്ന് പോകേണ്ടതുണ്ട്. ഹെൽമറ്റ്, സേഫ്റ്റി ഷൂ, താടി നെറ്റ്, ഫേസ് മാസ്ക്ക് എന്നിവ ധരിച്ച് ഫാക്ടറിക്ക് ഉള്ളിലൂടെ ഒരു മണിക്കൂറോളം സഞ്ചരിച്ചു. 1500 മുതൽ 2000 ഡിഗ്രി വരെ ചൂടുള്ള ഫർണസിൻ്റെ അടുത്തുകൂടെ പോകുമ്പോൾ സത്യത്തിൽ ഉള്ള് പിടക്കുന്നുണ്ടായിരുന്നു. ചുരുക്കം ചില ഭാഗങ്ങളിൽ ഫോട്ടോഗ്രഫി അനുവദിച്ചത് ഇവിടെ പങ്കുവെക്കുന്നു.
മടക്കവഴിയിൽ, ചായ കുടിക്കാനും ബജ്ജി കഴിക്കാനുമായി ഗ്രാമപ്രദേശത്തെ ഒരു ചെറിയ ചായക്കടയിൽ വാഹനം നിർത്തി. പല ദിവസങ്ങളായി കഴിക്കണമെന്ന് കരുതിയിരുന്ന റതാലു പൂരി അവിടെനിന്ന് കഴിക്കാൻ കിട്ടി. കാച്ചിൽ ബജ്ജിയെ ആണ് റതാലു പൂരി എന്ന് പറയുന്നത്. തക്കാളിയും ബജ്ജിയും ഇവിടെ ലഭ്യമാണ്.
രാംചന്ദ്ര പട്ടേൽ എന്ന വ്യക്തിയുടേതാണ് ആ ചായക്കട. സത്യത്തിൽ ആ ചായക്കട, 18ൽപ്പരം ഏക്കറിൽ അദ്ദേഹം ചെയ്യുന്ന കൃഷിയുടെ ഭാഗമായുള്ള മൂല്യ വർദ്ധിത പരിപാടിയാണ്. ജൈവകൃഷിയാണ് അദ്ദേഹം ചെയ്യുന്നത്. അവിടെ നിന്നുള്ള ഫലവർഗ്ഗങ്ങൾ ഈ ചായക്കടയിൽ പലഹാരങ്ങളായി വിറ്റഴിക്കുന്നു. കൂടാതെ സ്ട്രോബെറി, പേരക്ക മുതലായ ജ്യൂസുകളും, കാച്ചിൽ മധുരക്കിഴങ്ങ് എന്നിവ കൊണ്ടുള്ള ചിപ്സുകളും, വിൽക്കുന്നുണ്ട്.
കേരളത്തിൽ നിന്ന് വരുന്ന സഞ്ചാരികൾ ആണെന്ന് മനസ്സിലാക്കിയപ്പോൾ, അദ്ദേഹം ഞങ്ങൾക്ക് അതെല്ലാം രുചിച്ച് നോക്കാൻ മാത്രമല്ല, വലിയ പാക്കറ്റുകൾ തന്നെ സൗജന്യമായി തന്നു. ഞങ്ങൾ നിർബന്ധപൂർവ്വം പണം കൊടുക്കാൻ ശ്രമിച്ചെങ്കിലും, “ആപ്പ് കോൻ ഹേ ദേനേവാല? ദേത്താ ഹേ ഊപ്പർ വാല.” എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
കേരളത്തിൽ അദ്ദേഹം വന്നിട്ടുണ്ട്. ആലുവയിൽ നടന്ന ജൈവ കർഷകരുടെ സമ്മേളനത്തിൽ ഒരു മണിക്കൂറോളം അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. വലിയ ആദരവോടെ അദ്ദേഹം എന്നും സ്മരിക്കപ്പെടും.
ആഷയും സതീഷും, ഗുജറാത്തിലെ തനതായ ഭക്ഷ്യ വിഭവങ്ങൾ പരമാവധി എനിക്ക് രുചിക്കാൻ ഇടയുണ്ടാക്കിത്തന്നു, ഇക്കഴിഞ്ഞ ദിവസങ്ങളിൽ. അധികം വൈകാതെ അതിൽ ചില ഇനങ്ങളുടെ വീഡിയോകൾ ഞാൻ പങ്കുവെക്കാം. ആഷയ്ക്കും സതീഷിനും ഒരുപാട് നന്ദി.
നാളെ ഞാൻ സൂറത്തിനോട് വിട പറയുകയാണ്. ഗുജറാത്തിൽ മൂന്ന് കോട്ടകൾ കൂടെ കാണാനുണ്ട്. അത് കഴിഞ്ഞാൽ കേന്ദ്രഭരണ പ്രദേശമായ ദമൻ. അതിന് ശേഷം കേരളത്തിലേക്ക് മടക്കം. അങ്ങനെയാണ് നിലവിലെ പദ്ധതി.
ശുഭരാത്രി.