
രണ്ട് പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകളാണ് ചിത്രത്തിലുള്ളത്.
ഒന്നുകിൽ ഇംഗ്ലീഷ് എഴുതണം; അല്ലെങ്കിൽ മലയാളം എഴുതണം. ഇതിൽ ഏത് ഭാഷ എഴുതിയാലും വെടിപ്പായിട്ട് എഴുതണം. ‘മസറ്റ് ‘ പോലും.
വ്യാകരണം അഥവാ ഗ്രാമർ എന്ന് പറയുന്ന ഒരു സാധനം ഉണ്ട് എല്ലാ ഭാഷയിലും. ഒരു പത്രസ്ഥാപനത്തിൽ പണിയെടുക്കുന്നവർക്ക് അതുപോലും അറിയില്ല എന്നതിന്റെ തെളിവാണ് ‘വന്നും’ എന്ന് രണ്ടാമത്തെ വാർത്തയിൽ കാണുന്നത്.
ഇതൊക്കെയാണ് പത്രക്കാരുടെ അവസ്ഥ.
ഇനി രണ്ടു ദിവസം മുൻപ് കാണാനിടയായ ഒരു സാരിയുടെ പരസ്യത്തിലെ വനിതാരത്നം പറയുന്ന വാചകങ്ങൾ താഴെ ചേർക്കുന്നു.
“ഇന്ന് ഞാൻ wear ചെയ്തേക്കുന്ന ഈ സാരി ഉണ്ടല്ലോ, different ആയിട്ട് നിൽക്കുന്ന ഒരു സാരിയാണ്. അതും budget friendly range ല്. Beautiful ആയിട്ട് നിൽക്കുന്ന yellow യുടേം green ൻ്റേം combination ല്. അതും നല്ല pastel tone ല് വന്നേക്കുന്ന green ആണ്. ഒരു olive touch ല് വന്നേക്കുന്ന green shade ആണ്.”
ഇതിൽ മലയാളം എവിടെ? എന്ന് ചോദിച്ചാൽ, ചോദിച്ചവൻ തന്തവൈബുകാരൻ ആകും. അപ്പോൾ ഈ സാരിയുടെ പരസ്യത്തിൽ വന്ന് ഇത്രയും പറഞ്ഞിട്ട് പോയ 50കാരി ഏത് ബൈബുകാരി ആകുമെന്നാണ് പിടികിട്ടാത്തത്?
എന്തായാലും ശ്രേഷ്ഠമലയാളം മെരിച്ചു. ശവമടക്ക് എന്നാണെന്ന് അറിഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ല. ശ്രേഷ്ഠമലയാളത്തിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പണ്ടേ മെരിച്ചതാണ്.
മരണവിവരം നേരത്തേ അറിയിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുകയും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
എന്ന്…….
കുഴിമാടത്തിലേക്ക് ശവശരീരം എടുത്തുകൊണ്ട് പോയ കയറ്റിറക്ക് തൊഴിലാളികൾ.
(ആത്മഗതം:- ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നെങ്കിൽ നോക്ക് കൂലി വാങ്ങിപ്പോരേണ്ട കേസില് ശരിക്കും പണി എടുക്കേണ്ടി വന്നു.)