വിദേശ ഹണിമൂൺ യാത്ര കഴിഞ്ഞ് വന്നതുകൊണ്ട് ക്വാറന്റൈയ്നിൽ ഇരിക്കാൻ കളക്ടർ നിർദേശിച്ചിട്ടും അവിടന്ന് മുങ്ങി സ്വന്തം നാടായ കാൺപൂരിലേക്ക് പോയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയുടെ കല്ലുവെച്ച നുണകൾ പുറത്തുവന്നിട്ടുണ്ട്. നുണയല്ലെങ്കിൽ വിവരക്കേടായും കണക്കാക്കേണ്ടതാണ്.
നുണ 1:- ഹോം ക്വാറന്റൈയ്ൻ എന്ന് പറഞ്ഞാൽ കാൺപൂരിലെ സ്വന്തം വീട്ടിൽ പോയി ക്വാറന്റൈയ്നിൽ ഇരിക്കണം എന്ന് കരുതി പോലും !
സംശയം 1 :- പൊതു ജനസമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് ക്വാറന്റൈയ്നിൽ ഇരിക്കുന്നതെന്ന് ഈ IAS പുംഗവന് മനസ്സിലായിട്ടില്ലെന്നാണോ? കാൺപൂരിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിന് മുൻപ് അക്കാര്യം മേൽ ഉദ്യോഗസ്ഥനായ കളക്ടറെെ അറിയിക്കാത്തത് എന്തുകൊണ്ട് ?
നുണ 2:- ക്വാറന്റൈയ്ൻ കാരണം ആദ്യ ദിവസങ്ങളിൽ ഭക്ഷണം കിട്ടിയില്ല പോലും !
സംശയം 2:- ഒരു ജില്ലയിൽ സബ് കളക്ടർക്ക് ഭക്ഷണം കിട്ടിയില്ലെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും എന്ന് ചിന്തിക്കാൻ കഴിയാത്ത ഒരു സിവിൽ സർവ്വന്റിനെ ഈ രാജ്യത്തിനാവശ്യമുണ്ടോ ?
വിദേശ യാത്ര കഴിഞ്ഞുവന്ന ശേഷം ക്വാറന്റൈയ്നിൽ ഇരിക്കാതെ ജോലിയുമായി മുന്നോട്ടു പോയ ഡിജിപിയുടെ അനിയനായിട്ട് വരും ഈ സബ്കളക്ടർ.
ക്വാറന്റൈയ്നിൽ നിന്ന് ഒരു പൊലീസുകാരൻ ചാടിപ്പോയതിന്റെ വാർത്ത വന്നിട്ടുണ്ട് കഴിഞ്ഞ ദിവസം.
ക്വാറന്റൈയ്നിൽ ഇരുന്ന ബന്ധുവിനെ വിളിച്ചിറക്കി കൊണ്ടുപോന്ന ഒരു കൗൺസിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇന്ന്.
ഇജ്ജാതി മുന്തിയ ജന്മങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ സാധാരണക്കാരായ ജനങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ പറ്റുമെന്നാണ് ? എങ്ങനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുമെന്നാണ് ?
ഇന്നാട്ടുകാരൻ അല്ലാത്തതുകൊണ്ട് ശ്രീരാം വെങ്കിട്ടരാമന് കിട്ടിയത് പോലുള്ള സഹായങ്ങൾ ഈ സബ് കളക്ടർക്ക് കിട്ടണമെന്നില്ല. രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ IAS ലോബിചെയ്യില്ല എന്ന് കരുതാനും വയ്യ. എന്തായാലും തൽക്കാലം സസ്പെൻഷൻ അടിച്ച് കൊടുത്തിട്ടുണ്ട്.
വാൽക്കഷണം:- ഇജ്ജാതി പുംഗവന്മാർ ഒപ്പിക്കുന്ന നൂലാമാലകൾക്കിടയിൽ നിന്ന്, സ്വന്തം തടി രക്ഷപ്പെടുത്തിയെടുക്കുക എന്ന ഒറ്റക്കർമ്മം മാത്രമേ കാര്യഗൗരവമുള്ള മനുഷ്യർക്ക് ചെയ്യാനുള്ളൂ. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.