ഇക്കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ കെ.എ.ഷാജിയും രാജേഷ് അഷ്ടമിച്ചിറയും മുൻകൈ എടുത്ത് സംഘടിപ്പിച്ച മഴയാത്രയിലായിരുന്നു. 26 പേരോളം വരുന്ന സംഘത്തിൽ മുൻപരിചയം ഉണ്ടായിരുന്നത് ആണ്ടൂർ സഹദേവൻ സാറിനേയും രാജേട്ടനേയും(രാജൻ റോബർട്ട്) റോഷനേയും മാത്രം. അതിരപ്പിള്ളി – വാഴച്ചാൽ – തുമ്പൂർമുഴി – മലക്കപ്പാറ – വാൽപ്പാറ പ്രദേശങ്ങളിലെ രണ്ട് ദിവസത്തെ മഴയിൽ സംഘാഗങ്ങൾ എല്ല്ലാവരും അലിഞ്ഞൊന്നായി.
ബസ്സിലും കാറുകളിലുമായാണ് യാത്ര.
എപ്പോൾ എങ്ങോട്ട് പോകുമെന്നോ എന്തൊക്കെ ചെയ്യുമെന്നോ പ്രത്യേക പ്ലാനിങ്ങ് ഒന്നുമില്ലാത്ത ഒരു യാത്രയ്ക്ക് അതിന്റേതായ സുഖമുണ്ടെന്ന് പറയാതെ വയ്യ. ഒരു ചെറിയ ബസ്സിലും മൂന്ന് കാറുകളിലുമായാണ് യാത്ര. തൃശൂര് നിന്ന് യാത്ര പുറപ്പെട്ടു എറണാകുളത്തുകാരായ ഞങ്ങൾ അഞ്ച് പേർ ചാലക്കുടിയിൽ വെച്ച് യാത്രയുടെ ഭാഗമായി.
അതിരപ്പിള്ളിയും വാഴച്ചാലുമൊക്കെ മിക്കവാറും എല്ല്ലാവരും പോയിട്ടുള്ള സ്ഥലമായതുകൊണ്ടും അവധി ദിവസത്തെ തിരക്കുള്ളതുകൊണ്ടും ഇറങ്ങിക്കാണാൻ നിന്നില്ല. തുമ്പൂർമുഴി പക്ഷേ എല്ലാവരും കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ അവിടെയിറങ്ങി തൂക്കുപാലത്തിൽ കയറി നിറഞ്ഞൊഴുകുന്ന പുഴയുടെ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ പകർത്തിയും അൽപ്പനേരം ചിലവഴിച്ചു.
തുമ്പൂർമുഴി തൂക്കുപാലത്തിൽ നിന്നൊരു ദൃശ്യം.
പിന്നീടങ്ങോട്ട് കാട്ടിലൂടെയുള്ളത് എനിക്ക് പുതുവഴിയാണ്. ഇരുവശത്തും ഈറ്റയാണ് കൂടുതൽ. റോഡ് കുണ്ടും കുഴിയുമൊന്നും ഇല്ലാതെയാണ് കിടക്കുന്നതെങ്കിലും വീതി കുറവാണ്. എതിരെനിന്ന് ഒരു ബസ്സ് വന്നാൽ കടന്നുപോകാൻ നന്നെ ബുദ്ധിമുട്ടാണ്. മഴക്കാലമായതുകൊണ്ട് വഴി നീളെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളുണ്ട്. അക്കൂട്ടത്തിൽ താരതമ്യേന വലിയ വെള്ളച്ചാട്ടമായ ചാർപ്പയ്ക്ക് ഹുങ്കാരവും കുത്തൊഴുക്കും പതിവിനേക്കാൾ കൂടുതലുണ്ട്. ആ വഴി പോകുന്നവരെല്ലാം വാഹനങ്ങളിൽ നിന്നിറങ്ങി സമയം ചിലവഴിച്ച് തന്നെയാണ് പോകുന്നത്. ഫോട്ടോ എടുത്തും അല്ലാതെയും അവിടെച്ചുറ്റിക്കറങ്ങുന്നവരെ ഫ്രെയിമിൽ നിന്ന് പുറത്താക്കി കണ്ണടച്ച് നിന്ന് വേണം വെള്ളച്ചാട്ടത്തിന്റെ വന്യമായ ആ ശബ്ദം ആസ്വദിക്കാൻ.
ചാർപ്പ വെള്ളച്ചാട്ടത്തിന് മുന്നിൽ
തോട്ടാപുര വ്യൂ പോയന്റിൽ നിന്ന് നോക്കിയാൽ ദൂരെ ഡാമിനെ മറച്ചുകൊണ്ട് മഴപെയ്തിറങ്ങുന്നത് കാണാം. ഇടയ്ക്ക് വെളിച്ചത്തിന്റെ ഒരു തളികപോലെ ക്യാച്ച്മെന്റിലെ ജലപ്പരപ്പ് വെട്ടിത്തെളിഞ്ഞുവരും. പെട്ടെന്ന് വീണ്ടുമതിനെ മഴ മറയ്ക്കും. ഈ റൂട്ടിൽ മഴക്കാലത്ത് മാത്രം കിട്ടുന്ന ചില ദൃശ്യങ്ങളാണത്.
തോട്ടാപുര വ്യൂ പോയന്റിൽ നിന്നുള്ള ദൃശ്യം.
വൈകീട്ട് ആറ് മണി കഴിഞ്ഞാൽ കേരളത്തിന്റെ ചെക്ക് പോസ്റ്റ് വിട്ട് കാട്ടിലേക്ക് യാത്ര അനുവദിക്കില്ല വനപാലകന്മാർ. തമിഴ്‌നാട്ടിൽ നിന്ന് ഇങ്ങോട്ടും ഈ സമയക്രമം ബാധകമാണ്. ഉച്ചയോടെ തന്നെ ഞങ്ങൾ ചെക്ക് പോസ്റ്റ് കടന്നു. കാട്ടിലേക്ക് കടന്നാൽപ്പിന്നെ വാഹനം നിർത്താതെ ഓടിച്ച് പോകണമെന്നാണ് ചട്ടം. പക്ഷേ വാഹനത്തിൽ കരുതിയിട്ടുള്ള ഉച്ചഭക്ഷണം കഴിക്കാൻ നിർത്തുക തന്നെ ചെയ്തു. കലുങ്കിനടിയിലൂടെ ഒഴുകുന്ന തെളിവെള്ളത്തിൽ അതിനിടയ്ക്ക് ഞങ്ങൾ ചിലർ നല്ലൊരു നീരാട്ടിനുള്ള സമയം കണ്ടെത്തി.
ഇരുട്ട് വീണതോടെ വാൽപ്പാറയിലെത്തി അവിടെത്തങ്ങി. മഴ കുറവാണെങ്കിലും കേരളത്തേക്കാൾ തണുപ്പുണ്ടവിടെ. സംഘത്തിൽ പത്രപ്രവർത്തകർ ധാരാളമുണ്ടായിരുന്നതുകൊണ്ട് മാദ്ധ്യമ രംഗത്തെ രസകരമായ കഥകൾക്ക് ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. പാട്ടും ബഹളവും പിന്നാമ്പുറ കഥകളുമൊക്കെയായി രാത്രി ഏറെ നീണ്ടുപോയി.
മഴ അന്വേഷിച്ചും നനയാനുമായി ഇറങ്ങിത്തിരിച്ചതുകൊണ്ടാകാം മഴവെള്ളത്തേയും നദികളേയും തടഞ്ഞുനിർത്തിയിരിക്കുന്ന ചില ഡാമുകളിലൂടെയും യാത്ര കടന്നുപോയി. സീപേജ് അളക്കാൻ മാത്രമൊന്നുമില്ല്ലാത്ത ദരിദ്രനാരായണന്മാരായ ഡാമുകളാണ് പശ്ചിമഘട്ടത്തിന് അപ്പുറത്ത്.
കൂട്ടത്തിലൊരു അണക്കെട്ടായ വാൽപ്പാറയിലെ ലോവർ നീരാർ ഡാമിന്റെ അകത്തേക്ക് കടന്നുചെല്ലാനും അവസരമുണ്ടായി. ഏതെങ്കിലും ഒരു ഡാമിന്റെ ഇൻസ്പെൿഷൻ ഗാലറി എന്ന തുരങ്കത്തിൽ കയറുന്നത് ഇതാദ്യമാണ്. ഫോട്ടോ എടുക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ക്യാമറക്കണ്ണുകൾ യഥേഷ്ടം അടഞ്ഞു തുറന്നു. പുറത്തേക്കിറങ്ങാൻ അമാന്തമുണ്ടായപ്പോൾ ഉള്ളിലെ ഇത്തിരിപ്പോന്ന വെളിച്ചമണച്ച് വിരട്ടിക്കളഞ്ഞു കൂടെവന്ന തമിഴ് കാവൽക്കാരൻ.
ആദ്യമായി ഒരു ഡാമിന്റെ ഇൻസ്പെൿഷൻ ഗാലറിയിൽ.
മഴയാത്ര ആയിരുന്നതുകൊണ്ടുതന്നെ കുട എടുക്കില്ലെന്ന് നിശ്ചയിച്ചിരുന്നു. ക്യാമറയുമായുള്ള ബന്ധവും ഈയിടെയായി വളരെ കുറവാണ്. അപ്പോൾപ്പിന്നെ കുട വർജ്ജിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അവസരം കിട്ടിയിടത്തൊക്കെ നനഞ്ഞു. ഒഴുക്ക് കണ്ടിടത്തെല്ലാം ഊഷ്മാവ് കുറഞ്ഞ വെള്ളത്തിൽ ശരീരത്തെ മുക്കിക്കുതിർത്തു.
20 ഡിഗ്രിയിൽ കോച്ചി നിന്നുപോയതാണ്.
പിന്നങ്ങോട്ട് നനഞ്ഞിറങ്ങി, കുതിർന്ന് കിടന്നു.
കാട്ടിലേക്ക് അധികമൊന്നും നടന്നു കയറിയില്ലെങ്കിലും പലർക്കും ചെഞ്ചോര മുത്തങ്ങൾ നൽകി അട്ടകൾ. പകരം ഞങ്ങളവർക്ക് പള്ളനിറയെ ഉപ്പുവെള്ളം കൊടുത്തു. മദ്യക്കുപ്പികൾക്കും പ്ലാസ്റ്റിക്ക് മാലിന്യത്തിനും ക്ഷാമമൊന്നുമില്ല കാട്ടിൽ. കൂട്ടത്തിൽ ചെറിയ കുട്ടികളുടെ ‘അപ്പിപ്പൊതി‘കളും. കാട്ടിൽ അവയൊക്കെ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നുള്ള ബോർഡുകൾ ധാരാളമുണ്ട്. പക്ഷേ ശിക്ഷകളൊന്നും ഉണ്ടാകാറില്ലല്ലോ. ഇക്കാര്യത്തിൽ നമ്മളിനി എന്നാണാവോ സാക്ഷരരാവുക ?
മടക്കയാത്രയിൽ ഇരുട്ടുവീണ കാട്ടുവഴിയിൽ മരം ഒരെണ്ണം വീണ് വഴിമുടക്കി. പൊക്കിമാറ്റാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത മുള്ളുമുരിക്ക്. സഹദേവൻ സാറിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ……“നിങ്ങൾ പോകരുതേ എന്ന വിലാപത്തോടെയാണ് മുരുക്ക് വീണത്. കാടിന് ഞങ്ങളെ വളരെ ഇഷ്ടമായി എന്നതിന് വേറെ തെളിവ് ആവശ്യമില്ല. “ എന്നിട്ടും മനസ്സ് കാട്ടിലുപേക്ഷിച്ച് നഗരത്തിലേക്ക് വിട്ടുപോരേണ്ടി വന്നു.
ഒരു ചെറിയ വെള്ളച്ചാട്ടം. ഡോ.ദീപ പകർത്തിയത്
മഴയാത്ര എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ ഇതാണ് മറുപടി. പശ്ചിമഘട്ടത്തിനപ്പുറം മഴയ്ക്ക് നൂൽ വണ്ണമേയുള്ളൂ. ദൈർഘ്യവും കുറവ്. അധികം താമസിയാതെ ആ ശോഷണം ഇപ്പുറത്തേക്കും കടന്നെന്ന് വരാം. സംഗതികളുടെ കിടപ്പും പോക്കുമൊക്കെ അങ്ങനെയാണ്. അതിന് മുൻപ് കഴിയുന്നത്ര മഴ നനയുക. കഴിയുന്നത്ര ഒഴുക്കിൽ അലിയുക. ആ നിമിഷങ്ങൾ ഉള്ളിലേക്കാവാഹിക്കുക. മഴ ഒരു കാണാക്കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
————————————————
ചിത്രങ്ങൾക്ക് കടപ്പാട്:- ശ്യാം പ്രസാദ്, സിബി പുൽപ്പള്ളി, ഡോ:ദീപ, എസ്.ആനന്ദൻ, രാജേഷ്.