ഇന്നലെ രാത്രിയും കിഷ്ക്കിന്താകാണ്ഡം കണ്ട് തീർക്കാൻ ആയില്ല. സിനിമയുടെ കുഴപ്പമല്ല. ഉറക്കമാണ് കാരണം. ഭാഗിയിൽ യാത്ര തുടങ്ങിയതിന് ശേഷം പത്ത് മണിക്ക് ഉറങ്ങുന്നത് ഒരു ശീലമായിരിക്കുന്നു. എന്നാലല്ലേ രാവിലെ എഴുന്നേൽക്കാൻ പറ്റൂ. വെളിച്ചം വീഴുന്നതിനു മുമ്പ് എഴുന്നേറ്റാലേ പ്രഭാതകൃത്യങ്ങൾ ഭംഗിയായി നിർവഹിക്കാനാകൂ.
മത്സ്യത്തിന്റെ സ്റ്റോക്ക് തീർന്നിരിക്കുന്നത് കൊണ്ട് അത് വാങ്ങാനായി ബ്രിട്ടോ മാർക്കറ്റിലേക്ക് പോയി. ഗുഡ്ഗാവ് ഹബ്ബിൽ ഇനി ബാക്കിയുള്ളത്, നഹർ സിങ്ങ് ഗഡ് എന്ന ഒരേയൊരു കോട്ടയാണ്. 40 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്.
നഗരമദ്ധ്യത്തിൽ തന്നെ നിലകൊള്ളുന്ന നഹർ സിങ്ങ് കോട്ടയിൽ, ഞാൻ ചെന്ന് കയറുമ്പോൾ സമയം ഉച്ചയ്ക്ക് ഒരു മണി. നേരെ റസ്റ്റോറന്റിലേക്ക് കയറി ഭക്ഷണം കഴിച്ചു. പിന്നീട് കോട്ടയുടെ എല്ലാ ഭാഗങ്ങളും നടന്നുകണ്ട് പടങ്ങളും വീഡിയോകളും എടുത്തു.
* ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് ഈ കോട്ട നിലകൊള്ളുന്നത്.
* ബല്ലഭ്ഗഡ് എന്നും ഇതിനു പേരുണ്ട്.
* രാജാ നഹർ സിങ്ങിന്റെ മുൻഗാമിയായ റാവു ബൽറാം ആണ് കോട്ടയുടെ നിർമ്മാണം തുടങ്ങി വെച്ചത്. അതിനാലാണ് ബല്ലഭ്ഗഡ് എന്ന പേരിൽ കോട്ട അറിയപ്പെടുന്നത്. 1739ൽ ആണ് അധികാരത്തിൽ വന്നത്. ആയതിനാൽ അപ്പോളാണ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.
* കോട്ടയുടെ നിർമ്മാണം 1850 വരെ നീണ്ടു. അതായത് ഏകദേശം 111 വർഷത്തോളം നിർമ്മാണം തുടർന്ന് പോയി.
* രാജാ നഹർ സിങ്ങ് കൊട്ടാരം എന്നും ഇത് അറിയപ്പെടുന്നു.
* ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പഠട നയിച്ചതിന്, 1858 ജനുവരി 9ന് തൂക്കിലേറ്റപ്പെട്ട രാജാവാണ് നഹർ സിങ്ങ്.
* കുതിരപ്പുറത്ത് ഇരിക്കുന്ന മഹർ സിങ്ങിന്റെ ഒരു വലിയ പ്രതിമ കോട്ടയ്ക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
* നിലവിൽ ഇത് ഹരിയാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള റസ്റ്റോറൻ്റും ഹോട്ടലും ആണ്.
കോട്ടയുടെ പഴയ ഭാഗം എന്ന് കാര്യമായി കണ്ടെത്താനാവുന്നത് അതിന്റെ ചുറ്റുമതിൽ മാത്രമാണ്. ബാക്കിയുള്ള ഭാഗങ്ങളിൽ കാര്യമായ പുതുക്കിപ്പണി നടന്നിരിക്കുന്നു. മിക്കവാറും എല്ലാം പുതിയ ഭാഗങ്ങൾ ആയിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഇന്നത്തെ ദിവസം കൂടുതൽ കറക്കങ്ങൾക്കൊന്നും മുതിർന്നില്ല. മഹർ സിങ്ങ് കോട്ടയിൽ നിന്ന് ഗുഡ്ഗാവിലേക്ക് മടങ്ങി. ബ്രിട്ടോയ്ക്ക് ഒപ്പം ഇരുന്ന് നാളെ സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ പദ്ധതി ഉണ്ടാക്കി. നാളെ ബ്രിട്ടോയുടെ കൂടെയാണ് യാത്ര. എങ്ങോട്ടെന്ന് നാളെ പറയാം.
കിഷ്ക്കിന്ധാകാണ്ഡം കണ്ട് തീർത്തു. ഈ യാത്ര തുടങ്ങിയതിനുശേഷം ആദ്യമായി കാണുന്ന OTT സിനിമയാണ് അത്. നല്ല സിനിമ; എനിക്കിഷ്ടമായി.
ബ്രിട്ടോ മാർക്കറ്റിൽ നിന്ന് കറുത്ത ആവോലി വാങ്ങി കൊണ്ടുവന്ന് മുളകിട്ട് കറി വെച്ചിട്ടുണ്ട്. ചോറും മീൻകറിയും കഴിച്ചിട്ട് 85 ദിവസത്തിൽ അധികമാകുന്നു.
ശുഭരാത്രി.