യാത്രകൾ ആഘോഷമാക്കുന്ന യുവത്വം


77
തിനഞ്ചോ ഇരുപതോ വർഷങ്ങൾക്ക് മുൻപ് മലയാളികൾ നാട്ടിലും വിദേശത്തുമൊക്കെ സഞ്ചരിച്ചിരുന്നതിൻ്റെ പല മടങ്ങാണ് ഇപ്പോളവർ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ സാദ്ധ്യതയില്ല. യുവാക്കളാണ് ഈ സഞ്ചാരിക്കൂട്ടത്തിൻ്റെ മുൻനിരയിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? അവർ ആഘോഷിക്കുകയാണ്. ആരും മുൻപ് സഞ്ചരിച്ചിട്ടില്ലാത്ത ദൂരങ്ങൾ, വ്യത്യസ്തമായ അനുഭവങ്ങൾ നൽകാൻ പോന്ന ഇടങ്ങൾ, വ്യത്യസ്ത യാത്രാരീതികൾ എന്നിങ്ങനെ ആ യാത്രകൾ കൊഴുക്കുകയാണ്. ഇരുചക്രവാഹനത്തിലും സൈക്കിളിലും എന്തിന് സ്ക്കേറ്റ് ബോർഡിൽ പോലും ഇന്ത്യ ചുറ്റുന്ന യുവത്വം വിരലിൽ എണ്ണാവുന്ന സംഖ്യയൊന്നുമല്ല. രാജ്യങ്ങൾ സന്ദർശിക്കുക, വ്യത്യസ്തമായ സ്ഥലങ്ങൾ കാണുക, മറക്കാനാവാത്ത അനുഭവങ്ങൾ സമ്പാദിക്കുക, അവധിക്കാലം ആസ്വദിക്കുക എന്നതിനൊക്കെയപ്പുറം സാഹസികമായ യാത്രകൾ ചെയ്യുന്നതിനോടുള്ള കമ്പം യുവജനങ്ങളിൽ കൂടുതലായി കാണാനാകുന്നുണ്ട്.

മുൻകാലങ്ങളേക്കാൾ അധികമായി വന്നിരിക്കുന്ന പ്രധാന വ്യത്യാസം, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയോ അതുമല്ലെങ്കിൽ ആനുകാലികങ്ങളിലൂടെയോ ഈ യാത്രകളുടെയെല്ലാം വിവരണം അവർ എഴുതുകയും അത് മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു എന്നതാണ്. വിഖ്യാതരായ ചില സഞ്ചാരികളെ മാത്രം ആശ്രയിച്ച് നിന്നിരുന്ന നമ്മുടെ യാത്രാവിവരണ സാഹിത്യശാഖ ഇന്ന് ഏറെ സമ്പന്നമാണ്. യാത്രകൾ ചെയ്യുന്ന കാര്യത്തിൽ മുന്നോട്ട് വന്നത് പോലെ തന്നെ, യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും ഏറെ മുന്നോട്ട് വന്നിരിക്കുന്നു നമ്മുടെ സഞ്ചാരികൾ. അവനവൻ പ്രസാധനം സാദ്ധ്യമാക്കിയ സാമൂഹിക മാദ്ധ്യമങ്ങളോടാണ് ഈ കുതിച്ചുചാട്ടത്തിന് നന്ദി പറയേണ്ടത്.

2008 ഒരു ഓൺലൈൻ യാത്രാവിവരണ മത്സരം നടത്തപ്പെട്ടപ്പോൾ പത്തിൽ താഴെ എഴുത്തുകാർ മാത്രമാണ് അതിൽ പങ്കെടുക്കാനുണ്ടായത്. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം നൂറുകണക്കിന് എണ്ണംപറഞ്ഞ യാത്രാവിവരണ എഴുത്തുകാരാൽ സമ്പന്നമാണ് മലയാള ഭാഷ. ആ കൂട്ടത്തിൽ അടയാളപ്പെടുത്താൻ പോന്ന ഒരു കൂട്ടം യാത്രികരുടെ സഞ്ചാരസാഹിത്യ സമാഹാരമാണ് 8 ദേശങ്ങൾ, 8 യാത്രകൾ എന്ന ഈ ഗ്രന്ഥം. അവതാരിക എഴുതാനായി ഈ യാത്രാനുഭവങ്ങൾ വായിച്ച് തീർത്തത് തെല്ല് അസൂയയോടെ തന്നെയാണ്. അവരുടെ ഈ പ്രായത്തിൽ ഈ സ്ഥലങ്ങളിലേക്കൊന്നും പോകാനായില്ലല്ലോ, ഇനിയെന്ന് പോകാനാണ് എന്നായിരുന്നു ചിന്ത.

മഞ്ഞുറഞ്ഞ ചാദറിൽ ഏഴ് ദിവസത്തെ ട്രക്കിങ്ങിന് പോകുന്ന, സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അജു ചിറക്കലിൻ്റെ ലേഖനം മേൽ സൂചിപ്പിച്ച തരത്തിലുള്ള ഒരു സാഹസിക യാത്രയുടെ അനുഭവക്കുറിപ്പാണ്. ഒരുപക്ഷേ വരുംകാലങ്ങളിൽ നിലച്ച് പോയേക്കാൻ സാദ്ധ്യതയുള്ള ഒരു ട്രക്കിങ്ങ് പരിപാടിയാണിത്. ശൈത്യകാലത്ത് സംസ്ക്കാർ വാലിയിൽ നിന്ന് കാർഗിലിലേക്കുള്ള പാതകൾ മഞ്ഞ്മൂടി അടഞ്ഞുപോകുമ്പോൾ, വെള്ളം ഘനീഭവിച്ച സംസ്ക്കാർ നദിയിലെ ഐസ് കട്ടിക്ക് മുകളിലൂടെയുള്ള കിലോമീറ്ററോളം വരുന്ന നടത്തമാണ് ചാദർ ട്രെക്കിങ്ങ്. മൈനസ് 25 വരെയുള്ള തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിക്കുപ്പായങ്ങളൊക്കെ ഇട്ടിട്ടുണ്ടെങ്കിലും, ഇടയ്ക്കെപ്പോഴെങ്കിലും പടമെടുക്കാനായി ക്യാമറ വെളിയിലെടുത്ത് ക്ലിക്ക് ചെയ്യുന്ന കുറഞ്ഞ സമയം കൊണ്ട് വിരലുകൾ മരവിച്ചറ്റുപോകാൻ (Frostbite) പാകത്തിന് മഞ്ഞുറഞ്ഞ് ഘനീഭവിച്ച ഒരു ഭൂമികയിലൂടെയാണ് അജുവിൻ്റേയും സംഘത്തിൻ്റേയും ‘ഒരു തണുത്തുറഞ്ഞ യാത്ര‘. മഞ്ഞുറഞ്ഞ ഇടങ്ങളിൽ എങ്ങനെയൊക്കെ മനുഷ്യർ നടക്കുന്നു, ജീവിക്കുന്നു എന്നതൊക്കെ അരിച്ചുകയറുന്ന തണുപ്പിനോടൊപ്പം വായനക്കാർക്ക് മനസ്സിലാക്കിത്തരുന്നു ഈ യാത്രാവിവരണം വായന പൂർത്തിയാകുമ്പോഴേക്കും ചാദറിലേക്ക് ഭാണ്ഡം മുറുക്കാൻ പാകത്തിന്, സാഹിസികരായ ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുന്ന യാത്രയാണത്.

തുംഗനാഥ്, സീതാപൂർ, ഉഖീമഠ്, കേദാർനാഥ് മദ്ധ്യമഹേശ്വർ എന്നിവിടങ്ങളിലൊക്കെ ട്രക്ക് ചെയ്തശേഷമാണ് ജീന കല്യാണിയും സംഘവും രുദ്രനാഥിലെത്തുന്നത്. ഇത്രപോലും സൗകര്യങ്ങൾ ഇല്ലായിരുന്ന കാലത്ത് ആദിശങ്കരൻ നടന്ന് കയറിയ വഴികളിലൂടെയാണ് യാത്ര. ഒരു പർവ്വതം കഴിയുമ്പോൾ അടുത്തത്. മഞ്ഞിൻ്റെ തൊപ്പിയണിഞ്ഞതും പച്ചത്തോപ്പിയണിഞ്ഞതും ചാരത്തൊപ്പിയണിഞ്ഞതുമായ മലനിരകൾ നടന്നുകയറാൻ അത്രയ്ക്കൊന്നും മലകയറ്റത്തിന് സാദ്ധ്യതയില്ലാത്ത തെക്കേ ഇന്ത്യയിൽ നിന്നുള്ള യാത്രാസംഘം കഷ്ടപ്പെടുമ്പോൾ ഭാരം ചുമക്കാൻ കൂടെയുള്ളവരും ഗൈഡും എല്ലാം നിത്യാഭ്യാസി ആനയെ എടുക്കും എന്ന മട്ടിൽ അതിവേഗത്തിലാണ് കയറിപ്പോകുന്നത്. ഏതൊരു സഞ്ചാരിയുടേയും മോഹവും ആഗ്രഹവുമാണ് ഹിമാലയ യാത്ര. നമ്മൾ പലവട്ടം പലയിടത്ത് വായിച്ചിട്ടുള്ള ഹിമാലയം തന്നെ. പക്ഷേ, ജീനയടക്കം ഓരോ എഴുത്തുകാരും പകർന്നുതരുന്ന ഹിമാലയ യാത്രാനുഭവങ്ങൾ വ്യത്യസ്തങ്ങളാണ്. സാഹസികമെന്ന് തന്നെ വിശേഷിപ്പിക്കാം ജീനയുടെ രുദ്രനാഥ് യാത്രയേയും.

അബുദാബിയിൽ സ്ഥിരതാമസക്കാരിയായ കവിത സലീഷിൻ്റെ ‘ടാൻസാനിയൻ നിഴലുകൾ‘ കേട്ടറിഞ്ഞിട്ടുള്ള അവിശ്വസനീയമായ ചില സംഭവങ്ങളുടെ സത്യാവസ്ഥ തേടിയുള്ള യാത്രകൂടെയാണ്. എഴുത്തുകാരിയുടെ ഭാഷയിൽ പറഞ്ഞാൽ ടൈം മെഷീനിൽ ഒരുപാട് വർഷങ്ങൾ പിന്നോട്ട് പോകുന്നതുപോലുള്ള ഒരു യാത്ര. ടാൻസാനിയയിലൂടെയുള്ള ആ യാത്ര അവസാനിക്കുന്നതോടെ പരിഷ്ക്കാരത്തിൻ്റേയും ആധുനികതയുടേയും നിഴൽ പോലും വീഴാത്ത ഒരു ജനതയുടെ ജീവിതവും പ്രാകൃതമായ ജീവിതരീതികളും കൂടെയാണ് ഉരുക്കഴിയുന്നത്. പ്രാതലിന് പശുവിൻ്റെ കഴുത്തിലെ ചോര കുടിക്കുന്നവരാണ് ഗോത്രവർഗ്ഗക്കാരായ മസായികളെന്ന് നമ്മളിൽ പലരും വായിച്ചറിഞ്ഞിട്ടുള്ളതാണ്. അതിൻ്റെ സത്യാവസ്ഥ തിരക്കുന്ന ലേഖിക പിന്നീട് കടന്നുപോകുന്നത് അനിർവ്വചനീയമായ അനുഭവങ്ങളിലൂടെയാണ്. സമപ്രായക്കാരായ ഒരു മസായിക്ക് മറ്റൊരു മസായിയുടെ ഭാര്യയെ പ്രാപിക്കാൻ അവകാശമുണ്ട് പോലും! അതിൻ്റെ രീതികളും പരാതികളും നടത്തിപ്പുമൊക്കെ പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ചേരാത്ത അവിശ്വസനീയമായ സമ്പ്രദായങ്ങളാണ്. വായനയുടെ രസച്ചരട് ഞാനായിട്ട് പൊട്ടിക്കുന്നില്ല. ഇരുണ്ട ഭൂഖണ്ഡത്തിൻ്റെ ഒരുപാട് പ്രാകൃത രീതികളിലേക്ക് വെളിച്ചം വീശുന്ന യാത്രാനുഭവമാണ് കവിതയുടെ ടാൻസാനിയൻ നിഴലുകൾ.

ജിതിൻ ജോഷിയുടെ ‘മേഘാലയ‘ യാത്രാവിവരണം വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത് ചില പരിസ്ഥിതി പ്രശ്നങ്ങൾ കൂടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഉമോങ്ങ് നദിയെ നല്ല നിലയ്ക്ക് സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുന്ന ഗ്രാമങ്ങളിലൂടെ യാത്ര കടന്ന് പോകുന്നു. നദിക്കരയിലെ ഉരുളൻ കല്ലുകൾ നീക്കി അവിടെ സഞ്ചാരികൾക്കായി ടെൻ്റുകളിൽ താമസസൗകര്യം ഒരുക്കുന്ന ഗ്രാമവാസികൾ. സത്യത്തിൽ ഈ താമസസൗകര്യമുള്ളത് നദിക്കരയിലല്ല! അതുതന്നെയാണ് ഈ യാത്രാവിവരണത്തിലെ അത്ഭുതം വിടർത്തുന്ന ഭാഗം. മാലിന്യം തോന്നിയ പോലെ വലിച്ചെറിയാതെ സംസ്ക്കരിച്ച് സ്വന്തം അന്നം മുട്ടാതെ നോക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ പലയിടത്തുമുണ്ടെന്ന് മേഘാലയ വിവരണത്തിലൂടെ ജിതിൻ കാണിച്ചു തരുന്നു. ഡൗകി ബീച്ച്, അവിടന്ന് ജലമാർഗ്ഗം ബംഗ്ലാദേശ് അതിർത്തിയിൽ ചെന്ന് നടത്തുന്ന ഷോപ്പിങ്ങ്, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും സമ്പൂർണ്ണ സാക്ഷരതയുള്ളതുമായ മൗലിന്നോങ്ങ് എന്ന ഗ്രാമം അവിടന്ന് ചിറാപ്പുഞ്ചി, അവിടത്തെ നൊകാലിയക് വെള്ളച്ചാട്ടത്തിന് ആ പേർ വീണതിന് പിന്നിലുള്ള വേദനാജനകമായ കഥ എന്നിങ്ങനെ ആയിടങ്ങൾ കാണാൻ മോഹിപ്പിക്കുന്ന തരത്തിലാണ് ജിതിൻ്റെ മേഘാലയ യാത്രാവിവരണം.

അരുൺ കളപ്പിലയുടെ വാരണാസി യാത്രാവിവരണം, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വെറുമൊരു വാരണാസി സഞ്ചാരം മാത്രമല്ല. കേരളത്തിൽ നിന്ന് കാറോടിച്ചാണ് വാരണാസിയിൽ എത്തിയിരിക്കുന്നത്. ആ യാത്രയിൽ വാരണാസി മാത്രമല്ല, ഇന്ത്യയിലെ ഒട്ടൊരുപാട് സ്ഥലങ്ങൾ വരുൺ സഞ്ചരിച്ചിട്ടുണ്ടാകുമെന്നുറപ്പ്. ഗംഗയുടെ കരയിലെ എണ്ണമല്ല ക്ഷേത്രങ്ങളും മണികർണ്ണികാ ഘാട്ടിലെ നിർത്താതെ കത്തുന്ന ചിതകളും ഗംഗയിലെ എണ്ണമറ്റ സ്നാനഘട്ടങ്ങളും പരാമർശിക്കാതെ ഒരു വാരണാസി യാത്രയും പൂർണ്ണമാകുന്നില്ല. അതിനിടയ്ക്ക് അരുൺ പരിചയപ്പെടുത്തുന്ന മുക്തി ഭവൻ എന്ന വീടാണ് ഈ യാത്രാ വിവരണത്തിൻ്റെ തിടമ്പ്. ഇഹലോക ലോകത്തിൻ്റെ വ്യഥകൾ വിട്ടൊഴിയുന്ന വിശ്വാസികൾ പരലോകത്തെ ജീവിതമെങ്കിലും ക്ലേശമറ്റതാക്കാൻ വേണ്ടി അനുഷ്ടിക്കുന്ന ചര്യകളുടെ നേർക്കാഴ്ച്ചയാണ് മുക്തി ഭവനിൽ. ഒരുപക്ഷേ വിശ്വാസികൾക്ക് ഏറെ കൗതുകവും താൽപ്പര്യവും പ്രതീക്ഷയുമൊക്കെ നൽകാൻ പോന്ന ഒരിടത്തെ അരുൺ പരിചയപ്പെടുത്തുകയാണ് ഈ വാരണാസി യാത്രാവിവരണത്തിൽ.

ഒരു പാരീസ് യാത്ര ആരാണ് കൊതിക്കാത്തത്. ആ കൊതി ഇരട്ടിപ്പിക്കുക തന്നെ ചെയ്യും രമ്യ എസ്. ആനന്ദിൻ്റെ ‘പ്രകാശത്തിൻ്റെ നഗരം‘ എന്ന പാരീസ് യാത്രാവിവരണം. ലൂവർ മ്യൂസിയം മുതൽ ഈഫൽ ടവർ വരെയും ഫ്രഞ്ച് എഴുത്തുകാരനും ചിന്തകനുമായിരുന്ന വോൾട്ടയറിൻ്റെ വീടും ആർക്ക് ദേ ട്രയംഫും സെയ്ൻ നദിയും ഡയാന രാജകുമാരിയുടെ മരണം സംഭവിച്ച തുരങ്കപാതയടക്കം പ്രധാനപ്പെട്ട എല്ലാ പാരീസ് കാഴ്ച്ചകളും കടന്നുവരുന്നതിനൊപ്പം നിയമം ലംഘിച്ച് കുടിയേറിയിരിക്കുന്നവരുടെ ജീവിതത്തിലേക്കും എഴുത്തികാരി ശ്രദ്ധ തിരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല പാരീസ് നഗരം എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ഇരുൾ വീണാൽ പോക്കറ്റടിക്കാർ വിഹരിക്കാൻ സാദ്ധ്യതയുള്ള തെരുവുകൾ പോലും പരമാവധി ആസ്വദിക്കുകയാണ് എഴുത്തുകാരി. അന്യദേശങ്ങളിൽ യാത്രചെയ്യുമ്പോൾ സംഭവിച്ചേക്കാവുന്ന പിഴവുകളെപ്പോലും എങ്ങനെ നമുക്കനുകൂലമാക്കാം എന്ന് പ്രത്യക്ഷത്തിൽത്തന്നെ വെളിപ്പെടുത്തുന്നു ബഡ്ജറ്റ് യാത്രകളുടെ തോഴിയായ രമ്യ. രാത്രി വെളിച്ചം വാരിവിതറി നിൽക്കുന്ന ഈഫൽ ടവറിനെപ്പറ്റിയുള്ള വർണ്ണനയ്ക്കൊപ്പം അതേപ്പറ്റിയുള്ള പഴയ തലമുറയുടെ താഴ്ത്തിക്കെട്ടലും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടിൽ. ‘വലിയ ഭംഗിയൊന്നുമില്ലാത്ത ഒരസ്ഥിപഞ്ചരം‘ എന്ന നിലയ്ക്കുള്ള പരാമർശങ്ങൾ ഈഫലിനെപ്പറ്റി വായിക്കാത്ത മലയാളികൾ കുറവായിരിക്കും. മാറിയ കാലത്ത് ഈഫലിനെക്കുറിച്ച് ആരെങ്കിലും അത്തരത്തിൽ ഇകഴ്ത്തിപ്പറയില്ലെന്ന് രമ്യയുടെ വിവരണം അടിവരയിടുന്നു. ഒരിക്കൽ ഈഫൽ സന്ദർശിച്ചിട്ടുള്ള ഈയുള്ളവനും അത് തന്നെയാണഭിപ്രായം.

ഇവ, മരിയ എന്നീ ജൂത ഇരട്ടകൾക്ക് നാസികളുടെ പോളണ്ടിലുള്ള ഓഷ്വിറ്റ്സ് സൈനിക പീഡന ക്യാമ്പിൽ എന്തുസംഭവിച്ചു എന്ന വേദനിപ്പിക്കുന്ന ചരിത്രദൈന്യതയിൽ നിന്നാണ് ജിനു സാമുവലിൻ്റെ ‘ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ‘ എന്ന പോളിഷ് യാത്രാവിവരണം ആരംഭിക്കുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യത്വത്തിൻ്റെ കണികയെങ്കിലും ഉള്ളിലവശേഷിക്കുന്ന ആർക്കാണ് ആ കോൺസണ്ട്രേഷൻ ക്യാമ്പുകളെപ്പറ്റി ഓർമ്മിക്കാൻ ആഗ്രഹമുണ്ടാകുക. സ്ത്രീകൾ, ഗർഭിണികൾ, കുട്ടികൾ, ഇരട്ടകൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ മനുഷ്യനെ വെവ്വേറെ തിരിച്ച് ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയനാക്കിയിരുന്ന കൂരനായ ഡോ: ജോസെഫ് മെൻഗലെയുടെ പരീക്ഷണകഥകൾ, ആ പീഡനത്തിനുപയോഗിച്ച സാമഗ്രികളുടെ പ്രദർശനം. അതിൽ കൊല്ലപ്പെട്ടവരുടെ ചാരവും അസ്ഥികളും അടക്കമുള്ള ഭൗതിക അവശേഷിപ്പുകളുള്ള മ്യൂസിയം. നാസികളുടെ കോൺസണ്ട്രേഷൻ ക്യാമ്പുകളിലെ പീഡനങ്ങളെപ്പറ്റി എവിടെ വായിച്ചുകഴിഞ്ഞാലും അരിച്ചിറങ്ങുന്ന ഒരു ഭീതിയും മരവിപ്പും തന്നെയാണ് ജിനു സാമുവലിൻ്റെ യാത്രാവിവരണവും ബാക്കിയാക്കുന്നത്. എന്നിരുന്നാലും മനുഷ്യകുലം എന്തുകൊണ്ടിവിടങ്ങൾ തിരഞ്ഞുപിടിച്ച് സന്ദർശിക്കുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകാൻ വഴിയുള്ളൂ. ഇനിയും ഇത്തരം കാര്യങ്ങൾ ലോകത്ത് ആവർത്തിക്കാതിരിക്കാൻ. വംശവെറിയുടേയും ജാതിമതവൈരത്തിൻ്റേയും ഫലമായി ഉരുത്തിരിയുന്ന വെറുപ്പിൻ്റേയും തിന്മയുടേയും കൊലപാതകങ്ങളുടേയും പീഡനത്തിൻ്റേയും പാഠങ്ങൾ തിരസ്ക്കരിക്കാൻ. നാസികൾ നടത്തിയ ജൂതനരനായാട്ടിൻ്റെ കണക്കും കഥകളും നിരത്തി ജിനുവിൻ്റെ ഓഷ്വിറ്റ്സ് യാത്രാവിവരണം പറഞ്ഞുവെക്കുന്നതും മറ്റൊന്നല്ല.

വ്യത്യസ്തമായ അനുഭവങ്ങൾ തേടിപ്പോകുന്ന ജനുസ്സിൽപ്പെടുത്താം, അത്തറിനും പനിനീറിനുമൊക്കെ പേരുകേട്ട ഇന്ത്യയുടെ സുഗന്ധനഗരിയായ കനൗജിലേക്കുള്ള നിധികുര്യൻ്റെ യാത്രയെ. വൈവിദ്ധ്യമാർന്ന ഭക്ഷണവും രുചികളും തേടിയുള്ള യാത്രകൾ നമ്മൾ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തികളെത്തേടിയുള്ള യാത്രകളും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി, വ്യത്യസ്തമായ മണം തേടിയുള്ള സഞ്ചാരമാണ് ‘മഴയുടെ മണമുള്ള അത്തർ‘ എന്ന യാത്രവിവരണം പകരുന്നത്. അത്തറുണ്ടാക്കുന്ന സ്ഥലത്തെ തെരുവുകളിലേക്കാണ് ചെന്ന് കയറിയിരിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഓടകളിൽ നിന്നുയരുന്നത് ഏതൊരു സാമാന്യ ഇന്ത്യൻ തെരുവുകളിൽ നിന്നെന്ന പോലുള്ള ദുർഗ്ഗന്ധം തന്നെയാണ്. നിധി തിരക്കിപ്പോകുന്നത് ഏറെ വ്യത്യസ്ഥമായ, മഴയുടെ അഥവാ പുതുമഴ മണ്ണിൽ വീഴുമ്പോളുള്ള മണത്തിൻ്റെ അത്തർ ഉണ്ടാക്കുന്നത് കാണാനും വാങ്ങാനുമാണ്. മുല്ലപ്പൂ, ഊദ് എന്നിവയിൽ നിന്നുള്ള അത്തറുകളും പനിനീരുമൊക്കെ ഉണ്ടാക്കുന്നത് കൂടാതെ മണ്ണിൻ്റെ പോലും ചെറുകുപ്പികളിലേക്ക് ആവാഹിക്കുന്ന നിർമ്മാണ രീതി വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നുണ്ട് നിധി. ഇതൊക്കെയാണെങ്കിലും വലിയ ഫാക്ടറിയുടേതായ കെട്ടും മട്ടുമൊന്നും ഇല്ലാത്ത ഇടങ്ങളിലാണ് അത്തർ നിർമ്മാണം. അന്വേഷിച്ച് ചെല്ലുന്ന കാര്യം അത്ര എളുപ്പത്തിൽ നടക്കുന്നില്ല എന്ന വ്യഥ വരികളിലൂടെ പങ്കുവെക്കുകയും അവസാനം അത് നേടിയെടുക്കുന്നതിൻ്റെ ആഹ്ളാദം വായനക്കാരിലേക്ക് കൃത്യമായി പകരുകയും ചെയ്യുന്നുണ്ട് എഴുത്തുകാരി.

വൈവിദ്ധ്യമാർന്ന എട്ട് യാത്രാവിവരണങ്ങൾ വായിച്ചതിൻ്റെ സന്തോഷം, ആ ഇടങ്ങളിലേക്ക് എന്നെങ്കിലും യാത്രപോകണമെന്ന ആഗ്രഹം, ഇതൊന്നും നടന്നില്ലെങ്കിലും വിവരണങ്ങളിലൂടെയെങ്കിലും അത്രയും സ്ഥലങ്ങളെപ്പറ്റി മനസ്സിലാക്കാൻ പറ്റിയതിൻ്റെ സംതൃപ്തി, വായനക്കാർക്ക് അതുറപ്പ് നൽകുന്നുണ്ട് ഈ എട്ടംഗ സംഘത്തിൻ്റെ 8 ദേശങ്ങൾ, 8 യാത്രകൾ എന്ന യാത്രാവിവരണ ഗ്രന്ഥം. തുടർന്നും യാത്രകൾ ഗംഭീരമാകട്ടെ, യാത്രാവിവരങ്ങൾ ഇനിയുമിതുപോലെ സഞ്ചാരസാഹിത്യത്തെ സമ്പന്നമാക്കട്ടെ. എല്ലാ സഞ്ചാരികൾക്കും അഭിവാദ്യങ്ങൾ, ആശംസകൾ !!

- നിരക്ഷരൻ

33
28.01.2023 ന് എറണാകുളത്ത് വെച്ച് പുസ്തകം പ്രകാശനം ചെയ്തപ്പോൾ.

Comments

comments

One thought on “ യാത്രകൾ ആഘോഷമാക്കുന്ന യുവത്വം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>