നാളെ, 2014 നവംബർ 16ന് കേരളത്തിലെ ആദ്യത്തെ മാരത്തോൺ കൊച്ചിയിൽ അരങ്ങേറുകയാണ്. 5, 8, 10, 12 കി.മീ. എന്നിങ്ങനെ കൊച്ചുകൊച്ചു ദീർഘദൂര ഓട്ടങ്ങൾ കൊച്ചിയിൽ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പൂർണ്ണ മാരത്തോൺ, അതായത് 42.2 കിലോമീറ്റർ ഓട്ടം നഗരം കാണാനും കൊച്ചിയുടെ ചരിത്രത്തിൽ രേഖപ്പെടുത്താനും പോകുന്നത്.
Soles of Cochin സംഘടിപ്പിക്കുന്ന ഈ മാരത്തോണിന് Spice Coast Marathon എന്നാണ് പേര്. 5 കിലോ മീറ്റർ ഫാമിലി ഫൺ റൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 42.2 കിലോമീറ്റർ മാരത്തോൺ, എന്നിങ്ങനെ പല ദൈർഘ്യങ്ങൾ കീഴടക്കാനാണ് കായികപ്രേമികൾ നാളെ കൊച്ചിയുടെ നിരത്തിലിറങ്ങുക.
നാൽപ്പത്തി ആറാം വയസ്സിൽ ആദ്യമായി 21.1 കിലോമീറ്റർ ഓടിക്കൊണ്ട് ഞാനും ഈ ചരിത്ര ഓട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. മദ്ധ്യവയസ്ക്കൻ ഒരാൾക്ക് പെട്ടെന്നൊരു ദിവസം നിക്കറും വലിച്ചു കേറ്റി ഓടാൻ പറ്റുന്ന ദൂരമല്ല 21.1 കിലോമീറ്റർ. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ നാളുകളായി ദീർഘദൂരം ഓടാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഓട്ടത്തിനുള്ള ബിബ്, ടീ ഷർട്ട്, റൂട്ട് മാപ്പ് എന്നിവ കിട്ടിക്കഴിഞ്ഞു. ബിബിന്റെ പിന്നിൽ ടൈമിങ്ങ് ചിപ്പ് പതിപ്പിച്ചിട്ടുണ്ട്. അതിൽ രേഖപ്പെടുത്തുന്ന സമയം പ്രകാരമായിരിക്കും വിജയികളെ നിർണ്ണയിക്കുന്നതും, വിജയികളല്ലാത്ത ഓരോരുത്തരും ഓടാനെടുത്ത സമയം കണ്ടെത്തുന്നതും. 2134 Manoj Ravi എന്ന് കാണുന്ന ബിബ് നിരക്ഷരനായ ഈയുള്ളവന്റേത് തന്നെയാണ്.
മാരത്തോൺ ഓടുന്നവർ വെളുപ്പിന് 4 മണിക്കും ഹാഫ് മാരത്തോൺ ഓടുന്നവർ 5 മണിക്കും ഫാമിലി ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ 7 മണിക്കും വില്ലിങ്ങ്ടൺ ഐലന്റിലെ പോർട്ട് ട്രസ്റ്റ് മൈതാനത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്റ്റാർട്ടിങ്ങ് പോയന്റിൽ ഹാജരാകണം.
ഈ മാരത്തോണിൽ എടുത്ത് പറയേണ്ട ഒരു കാര്യം, 42 കിലോമീറ്ററിനുള്ളിൽ ഓട്ടക്കാർ കടന്നുപോകുന്ന 42 ഇടങ്ങളെപ്പറ്റിയാണ്. ഒരു സഞ്ചാരിയെ മോഹിപ്പിക്കാൻ പോന്ന, ഓട്ടോറിക്ഷ പിടിച്ചായാലും പിന്നീടൊരു ദിവസം കടന്നുപോയാൽ കൊള്ളാമെന്ന കൌതുകം ഏതൊരാളിലും ജനിപ്പിക്കാൻ പോന്ന ആ 42 ഇടങ്ങൾ താഴെ പങ്കുവെക്കുന്നു.
1. കൊച്ചിൻ പോർട്ട് ട്രസ്റ്റ്
2. കൊച്ചിൻ കസ്റ്റംസ് ഹൌസ്
3. കൊച്ചിൽ ഹാർബർ ടെർമിനസ് സ്റ്റേഷൻ
4. മട്ടാഞ്ചേരി പാലം
5. തോപ്പുംപടി ഫിഷറീസ് ഹാർബർ
6. ചെമ്പിട്ട പള്ളി (കൊച്ചങ്ങാടി ജുമാ മസ്‌ജിദ്)
7. പരദേശി സിന്നഗോഗ്
8. ജൂത തെരുവ്
9. പുരാവസ്തു വിൽപ്പന കടകൾ
10. ജൂത സെമിത്തേരി
11. ഡച്ച് പാലസ്
12. പഴയന്നൂർ ക്ഷേത്രം
13. ശ്രീ ഗോപാലകൃഷ്ണ ദേവസ്വം ക്ഷേത്രം
14. കായീസ് റഹ്മത്തുള്ള ഹോട്ടൽ (കായിക്കാസ് ബിരിയാണി)
15. കച്ച് മേമൻ ഹനാഫി മോസ്ക്ക്
16. കുര്യച്ചന്റെ നട
17. കൂനൻ കുരിശ്
18. കൊച്ചി-മുസ്‌രീസ് ബിയനാലെ കേന്ദ്രങ്ങൾ
19. സ്പൈസ് മാർക്കറ്റ്
20. അൽബുക്കുർക്ക് ബാസിൻ
21. കാൽവതി കനാൽ
22. പെപ്പർ ഹൌസ്
23. ആസ്‌പിൻ വാൾ
24. കൊച്ചി വൈപ്പിൻ ജങ്കാർ സർവീസ്
25. വാസ്ക്കോ ഹൌസ്
26. ചീന വലകൾ
27. മത്സ്യച്ചന്ത
28. ലോഡ് വില്ലിങ്ങ്ടൺ ഡ്രഡ്ജറിന്റെ ബോയ്‌ലർ
29. ഫോർട്ട് കൊച്ചി ബീച്ച്
30. ഫിഷ് ലാൻഡിങ്ങ് സെന്റർ
31. ഫോർട്ട് ഇമ്മാനുവൽ
32. ബാസ്റ്റിൻ ബംഗ്ലാവ്
33. ബിഷപ്പ് ഹൌസ്
34. സെന്റ് ഫ്രാൻസീസ് പള്ളി
35. പരേഡ് ഗ്രൌണ്ട്
36. ഡേവിഡ് ഹാൾ
37. സാന്താക്രൂസ് ബസിലിക്ക
38. ഡച്ച് സെമിത്തേരി
39. ഇൻഡോ-പോർച്ചുഗീസ് മ്യൂസിയം
40. താക്കൂർ ഹൌസ്
41. ഐ.എൻ.എസ്.ദ്രോണാചാര്യ
42. സതേൺ നേവി മാരിടൈം മ്യൂസിയം
സംഗതി കൊഴുത്തില്ലേ ? അപ്പോൾ എല്ലാം പറഞ്ഞത് പോലെ. നാളെ കിഴക്ക് വെള്ള കീറുന്നതിന് മുൻപ് റണ്ണിങ്ങ് ഷൂസുകളുടെ ശബ്ദമുയർത്തി കൊച്ചിയെ നമുക്ക് വിളിച്ചെഴുന്നേൽപ്പിക്കണം. അവളെ ഒരു പച്ച സമുദ്രമാക്കി മാറ്റണം.
സമ്മാനം ആര് വേണമെങ്കിലും കൊണ്ടുപോയ്ക്കോട്ടേ. പക്ഷേ, പച്ചക്കറി മുതൽ ചായപ്പൊടി വരെയും, പാല് മുതൽ പലവ്യജ്ഞനങ്ങൾ വരെയുമുള്ള വിഷം കലർന്ന ഭക്ഷ്യവസ്തുക്കൾ അൽപ്പാൽപ്പമായി അകത്തേക്കെടുക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയിൽ, അതിൽ നിന്ന് അൽപ്പമെങ്കിലും വിഷവും അതടിഞ്ഞ് കൂടിക്കിടക്കുന്ന മേദസ്സും പുറന്തള്ളുവാൻ, ആരോഗ്യമുള്ള ഒരു കൊച്ചിയെ വാർത്തെടുക്കുന്നതിന്റെ തുടക്കമെന്നോണം നമുക്കോടാം, സ്പൈസ് കോസ്റ്റ് മാരത്തോൺ.
കൂടുതൽ വിവരങ്ങൾക്ക് – http://www.spicecoastmarathon.com/